This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമി (വൈക്കം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടമി (വൈക്കം)

വൈക്കംമഹാദേവക്ഷേത്രത്തിലെ ഒരു 'ആട്ടവിശേഷം' - 'വൈക്കത്തഷ്ടമി' എന്നു സാധാരണ വ്യവഹാരം.

വൃശ്ചികമാസത്തിലും കുംഭമാസത്തിലും വൈക്കത്ത് അഷ്ടമി ആഘോഷിക്കാറുണ്ട്. എന്നാല്‍, വൃശ്ചികത്തിലെ അഷ്ടമിക്കുള്ള ആഡംബരങ്ങളൊന്നും കുംഭാഷ്ടമിക്കില്ല. വ്യാഘ്രപാദമഹര്‍ഷിക്ക് ശിവന്‍ ദര്‍ശനം കൊടുത്ത പുണ്യദിനമാണ് വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി എന്നത്രെ ഐതിഹ്യം. വൈക്കം ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതും പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയതും അഷ്ടമി കൊണ്ടാടുന്നതിന് ഏര്‍പ്പാടുകള്‍ ചെയ്തതും പരശുരാമന്‍ ആണെന്നാണ് ഹിന്ദുക്കളുടെ വിശ്വസം. അഷ്ടമി ദിവസം ഉദയത്തിനു മുന്‍പ്-വിശേഷിച്ച് വ്യാഘ്രപാദനു ദര്‍ശനം നല്കിയ ഏഴര വെളുപ്പിന്-ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് മഹാവ്യാധികളില്‍നിന്നു മുക്തിയും ഐശ്വര്യവും മരണാനന്തരം ശിവലോകവും സിദ്ധിക്കുന്നതാണെന്നു ഭക്തര്‍ വിശ്വസിക്കുന്നു. അഷ്ടമിദിവസം ശിവദര്‍ശനത്തിനുശേഷം ഉദയനാപുരത്തപ്പനെയും വന്ദിക്കേണ്ടതുണ്ട്. അന്നേദിവസം സുഭിക്ഷമായ അന്നദാനം നടത്താനുള്ള നിര്‍ദേശവും പരശുരാമന്‍ നല്കിയിട്ടുണ്ടത്രെ.

രാവിലെ ശിവദര്‍ശനവും ഉച്ചയ്ക്കു സദ്യയും രാത്രിയില്‍ ഉദയാനാപുരത്തപ്പന്റെ എഴുന്നള്ളത്തുമാണ് വൈക്കത്തഷ്ടമിയുടെ സവിശേഷതകള്‍. അഷ്ടമിദിവസം ചതുര്‍വിധവിഭവങ്ങളോടുകൂടി അന്നദാനം നടത്തുന്നുണ്ടെങ്കിലും ശ്രീപരമേശ്വരന്‍ മാത്രം വ്രതനിഷ്ഠയോടെ നിരാഹാരനായി കഴിയുന്നു. താരകാസുരനെയും ശൂരപദ്മനെയും വധിക്കാന്‍ ദേവസേനകളെ നയിച്ചുകൊണ്ട് ശക്തിവേലുമായി പുറപ്പെട്ട പ്രിയപുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചും മകനെ കാത്തും ശിവന്‍ വസിക്കയാണെന്നാണ് സങ്കല്പം. ശത്രുസംഹാരം നടത്തി ദേവന്മാരുടെയും ദേവിമാരുടെയും അകമ്പടിയോടെ ജൈത്രയാത്ര നടത്തി പിതാവിന്റെ സവിധത്തിലെത്തുന്ന സുബ്രഹ്മണ്യനെ ശ്രീപരമേശ്വരന്‍ സ്വീകരിക്കുന്നതും 'കൂടിപ്പിരിയല്‍' എന്ന ചടങ്ങോടുകൂടി മകന്‍ പിതാവിനോടു യാത്ര ചോദിച്ചു പിരിയുന്നതുമാണ് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തിന്റെ അടിസ്ഥാന സങ്കല്പം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍