This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമിരോഹിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടമിരോഹിണി

ചിങ്ങ (ശ്രാവണം, ആഗ.-സെപ്.) മാസത്തില്‍ കൃഷ്ണപക്ഷാഷ്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം. മഹാവിഷ്ണു പൂര്‍ണകലയോടുകൂടി കൃഷ്ണനായി അവതരിച്ചത് അഷ്ടമിരോഹിണിനാളില്‍ അര്‍ധരാത്രിയിലായിരുന്നു എന്നു ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. ഗോകുലാഷ്ടമി, കൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

ഒരു വ്രതമെന്ന നിലയില്‍ ഹിന്ദുക്കള്‍ ഈ ദിനം ആചരിച്ചു വരുന്നു. അവതാരനാളില്‍ ദേവാദികള്‍ വ്രതമെടുത്ത് ലോകരക്ഷയ്ക്കും ആത്മരക്ഷയ്ക്കുമായി ഭഗവാനെ ഭജിച്ചതുപോലെ മറ്റുള്ളവരും ചെയ്യണമെന്നാണ് അഷ്ടമിരോഹിണീവ്രതത്തിന്റെ അര്‍ഥവാദം. അവതാരസമയമെന്നു വിശ്വസിക്കപ്പെടുന്ന അര്‍ധരാത്രിവരെ പാനാശനശയനാദികള്‍ ഉപേക്ഷിച്ചും ശ്രീകൃഷ്ണകഥാഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും സ്ത്രീപുരുഷന്മാര്‍ വ്രതമിരിക്കുകയും അതിന്റെ അവസാനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുകയും ചെയ്തതിനുശേഷം പാരണവീട്ടുക എന്നതാണ് ഇതിന്റെ ചടങ്ങ്. കൃഷ്ണപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ അന്നു വിശേഷാല്‍ പൂജകളും കലാപരിപാടികളും നടത്താറുണ്ട്. ക്ഷേത്രങ്ങളില്‍ അന്നത്തെ ഏറ്റവും മുഖ്യമായ നിവേദ്യസാധനങ്ങള്‍ പാല്പായസം, നെയ്യപ്പം, ഇളനീര്‍ (കരിക്ക്) എന്നിവയാണ്. തീര്‍ഥസ്നാനം, ഉപവാസം, ദാനം, പൂജ എന്നിവയും ചിലയിടങ്ങളില്‍ പതിവുണ്ട്.

കൃഷ്ണന്റെ ജനനസ്ഥലമെന്നു കരുതപ്പെടുന്ന മഥുരയിലും ക്രീഡാരംഗമായിരുന്ന വൃന്ദാവനത്തിലും ഈ ദിവസം ആര്‍ഭാടമായി ആഘോഷിച്ചുവരുന്നു; അവിടങ്ങളില്‍ പുഷ്പഫലാദികള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയും വാതിലുകളില്‍ ചന്ദനം പൂശുകയും ചെയ്യാറുണ്ട്. കമ്പുകള്‍ നാട്ടി അവയില്‍ പാല്‍ നിറച്ച കുടങ്ങള്‍ തൂക്കി അടിച്ചു പൊട്ടിക്കുന്നത് കൃഷ്ണന്റെ ബാലലീലകളുടെ അനുസ്മരണമാണ്. ഇതിനെ അനുകരിച്ച് കേരളത്തിലെ ചില പ്രദേശങ്ങളില്‍ നടത്തിവരുന്ന ആഘോഷമാണ് 'ഉറിയടി'. അര്‍ധരാത്രി പാല്പായസമുണ്ടാക്കി പടിഞ്ഞാറ്റയില്‍ വയ്ക്കുന്ന പതിവും ഉണ്ട്. കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പായസം കഴിക്കുമെന്നാണ് വിശ്വാസം. കൃഷ്ണന്‍ വന്നതിന്റെ അടയാളമായി ഗൃഹാങ്കണം മുതല്‍ പടിഞ്ഞാറ്റവരെ അരിപ്പൊടി കലക്കിയ വെള്ളംകൊണ്ട് കാലടികള്‍ വരച്ചുവയ്ക്കുന്നു. വ്രതത്തിനു പുറമേ കൃഷ്ണനെ പ്രസവിക്കാന്‍ ദേവകി ശയിച്ചിരുന്നതുപോലെ ഒരു മുറിയെ ഈറ്റില്ലമായി സങ്കല്പിച്ച് സ്ത്രീകള്‍ കിടക്കുന്ന ഒരു ഏര്‍പ്പാടും ചിലയിടങ്ങളില്‍ പതിവുണ്ട്.

ശ്രീകൃഷ്ണവിഗ്രഹം പുഷ്പമാലാലംകൃതമാക്കി തൊട്ടിലില്‍ കിടത്തി പാട്ടുപാടി ആട്ടുന്ന പതിവ് ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ചടങ്ങാണ്. അവിടെ അഷ്ടമിരോഹിണിനാള്‍ ജനിക്കുന്ന ആണ്‍കുട്ടികളെ മുന്‍കാലങ്ങളില്‍ അമ്മമാര്‍ വധിച്ചിരുന്നുവത്രെ. കൃഷ്ണനെപ്പോലെ ഈ ശിശുവും മാതുലഘാതകനായിത്തീരുമെന്നുള്ള മൂഢവിശ്വാസമായിരുന്നു അതിനു പിന്നിലുള്ള പ്രേരണ.

അടുത്തകാലത്തായി ഇന്ത്യയിലെങ്ങും നടന്നുവരുന്ന ഒരു അഷ്ടമിരോഹിണി ആഘോഷമാണ് ശോഭായാത്ര. ബാലികാബാലന്മാര്‍ ശ്രീകൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷം കെട്ടി നടത്തുന്ന ഘോഷയാത്രയാണിത്.

അസുരന്മാരുടെ ആക്രമണം സഹിക്കാതെ വലഞ്ഞിരുന്ന ദേവന്മാര്‍ക്ക് വ്രതാനുഷ്ഠാനവേളയില്‍ കൃഷ്ണന്‍ ദര്‍ശനം നല്കിയതുപോലെ അഷ്ടമിരോഹിണീവ്രതം ആചരിക്കുന്നവര്‍ക്ക് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

(യജ്ഞസ്വാമി ശര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍