This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമംഗല്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 26 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഷ്ടമംഗല്യം

എട്ടു മംഗലവസ്തുക്കള്‍ ചേര്‍ന്നത്: കുരവ, കണ്ണാടി, ദീപം, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വര്‍ണം എന്നിവയാണ് അവ. വിവാഹാദിമംഗളാവസരങ്ങളില്‍ താലത്തില്‍ വച്ചുകൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന അരി, നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവയ്ക്കും അഷ്ടമംഗല്യം എന്നു പറയാറുണ്ട്. എട്ടു പ്രകാരത്തിലുള്ള മംഗലദ്രവ്യങ്ങള്‍ ഏതെല്ലാം എന്നതിനെക്കുറിച്ച് ബൃഹന്നന്ദികേശ്വര പുരാണത്തിലെ ദുര്‍ഗോത്സവ പദ്ധതിയില്‍ പ്രസ്താവിക്കുന്നുണ്ട്. ഇതനുസരിച്ചു സിംഹം, കാള, ആന, കലശം, വ്യജനം, കൊടി, ഭേരി, ദീപം എന്നിവയാണ് അവ. എന്നാല്‍ ശുദ്ധിതത്ത്വത്തില്‍ പറയുന്നതനുസരിച്ച് ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്യ്, സൂര്യന്‍, ജലം, രാജാവ് എന്നിവയാണ് എട്ടു മംഗള വസ്തുക്കള്‍. തന്ത്രവിഷയകമായ ക്രിയാദീപികയില്‍ ശാസ്താവ്, ഗണപതി, ദുര്‍ഗ, വിഷ്ണു, ശങ്കരനാരായണന്‍, ശിവന്‍, സ്കന്ദന്‍ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കള്‍ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം. കണ്ണിനും കരളിനും സുഖമണയ്ക്കുന്ന ഈ വിശിഷ്ടവസ്തുക്കളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പൗരാണിക സങ്കല്പങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍