This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടമംഗലപ്രശ്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടമംഗലപ്രശ്നം

ജ്യോതിഷവിധിപ്രകാരം ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ജീവിതകാലം, പ്രതിസന്ധികള്‍, ഭാഗ്യം, ഉപാസന, പ്രവൃത്തികള്‍, ലാഭം, ധനവ്യയം, പതനം എന്നീ കാര്യങ്ങളെല്ലാം സൂക്ഷ്മനിരൂപണം ചെയ്ത് ഫലപ്രവചനം നടത്തുന്നതിനായി ഫലഭാഗവിശ്വാസികള്‍ ജ്യോത്സ്യന്മാരെക്കൊണ്ട് ചെയ്യിക്കുന്ന ഒരു പ്രവചനക്രിയ. അഷ്ടമംഗലപ്രശ്നം വയ്ക്കുന്നതിനായി, ജ്യോത്സ്യന്‍ കുളിച്ച് ഈശ്വരപ്രാര്‍ഥനാദികളോടെ സ്വസ്ഥമായി ഇരുന്ന് പ്രശ്നത്തിനുവേണ്ട നിലവിളക്ക്, നിറപറ, പുഷ്പങ്ങള്‍, പൂജാപാത്രം, കവടിവയ്ക്കാനുള്ള പലക, ഭസ്മം, ഒരുകോല്‍ നീളമുള്ള ദണ്ഡ് തുടങ്ങിയ സാധനങ്ങള്‍ ഒരു ദൂതനെക്കൊണ്ട് സജ്ജമാക്കുന്നു. ദണ്ഡ് ഉപയോഗിച്ച് ദൂതന്‍തന്നെ രാശിചക്രം (Zodiac) വരയ്ക്കുകയും ജ്യോത്സ്യന്‍ കിഴക്കോട്ടു തിരിഞ്ഞിരുന്ന് ഇഷ്ടദേവതാപ്രാര്‍ഥനാദികളോടെ 108 കവടികള്‍ പ്രത്യേകംവച്ച് മൂന്നുഭാഗങ്ങളായി തിരിക്കയും ചെയ്യുന്നു. ദൂതന്‍ രാശിചക്രത്തിലെ മേടം മുതല്‍ മീനംവരെയുള്ള ഏതെങ്കിലും രാശിയില്‍ സ്വര്‍ണവും പുഷ്പാക്ഷതങ്ങളും വയ്ക്കുന്നു. ദൂതന്റെ ഈ പ്രവൃത്തി ജ്യോത്സ്യന്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ലക്ഷണവിധിപ്രകാരം പിന്നീട് വ്യാഖ്യാനിക്കുകയും ചെയ്യും. കൂടാതെ ഉദയം, ആരൂഢം, ഛത്രം എന്നീ രാശികളും നവഗ്രഹങ്ങളും ജീവന്‍, രോഗം, മൃത്യു, നക്ഷത്രം, മഹാസൂത്രം എന്നീ പഞ്ചസൂത്രങ്ങളും ഗഗനം, ചന്ദ്രന്‍, ഗുളികന്‍ എന്നീ സ്ഫുടങ്ങളും ഗണിച്ചുണ്ടാക്കുന്നു. പിന്നീട് മൂന്നു ഭാഗങ്ങളായി തിരിച്ചുവച്ചിരുന്ന കവടികള്‍ എട്ടെട്ടെണ്ണം മാറ്റി, മൂന്നു സ്ഥാനങ്ങളിലും ശേഷിക്കുന്ന കവടികളുടെ എണ്ണങ്ങള്‍ കുറിച്ചുവയ്ക്കും. ഇത്രയും കാര്യങ്ങള്‍ ഫലഭാഗവിധിപ്രകാരം ജ്യോത്സ്യന്‍ വ്യാഖ്യാനിച്ച് ഫലപ്രവചനം നടത്തുന്നു.

(എം. കൃഷ്ണന്‍പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍