This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടബന്ധകലശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടബന്ധകലശം

ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠാസന്ദര്‍ഭങ്ങളില്‍ പ്രകൃതി പുരുഷഭാവേന പീഠബിംബങ്ങളെ യോജിപ്പിക്കുന്നതിന് ഉപയോഗിച്ച 'അഷ്ടബന്ധം' ജീര്‍ണമാകുന്ന ഘട്ടങ്ങളില്‍ പീഠബിംബങ്ങളുടെ ബന്ധം പുനഃസ്ഥാപിച്ച് ദേവചൈതന്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നിര്‍വഹിക്കപ്പെടുന്ന താന്ത്രിക ക്രിയകള്‍ക്കെല്ലാംകൂടിയുള്ള പേര്. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍: ശംഖുപൊടി ആറുഭാഗം, കോലരക്ക് നാലുഭാഗം, കടുക്ക രണ്ടുഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരല്‍ ഒരുഭാഗം, പേരാറ്റുമണല്‍ ഒരുഭാഗം, പഞ്ഞി ഒരുഭാഗം, നെല്ലിക്ക രണ്ടുഭാഗം.

പഞ്ഞി ഒഴികെയുള്ള അഷ്ടബന്ധദ്രവ്യങ്ങള്‍ ഇടിച്ച് ശീലപ്പൊടിയാക്കി എള്ളെണ്ണയില്‍ കുഴച്ച് കരിങ്കല്ലില്‍വച്ച് ഭാരമേറിയ കൊട്ടുവടികൊണ്ട് മര്‍ദിച്ചാണ് ഈ കൂട്ടു തയ്യാറാക്കുന്നത്. ഇടിയുടെ ചൂടുകൊണ്ട് മരുന്നുകള്‍ എല്ലാം അയഞ്ഞ് യോജിച്ചുകഴിഞ്ഞാല്‍ അതു തണുക്കാന്‍ വയ്ക്കുന്നു. ശരിയായി തണുത്ത മരുന്ന് വീണ്ടും ഇടിക്കുന്നു. ഈ പ്രിക്രിയ 30-40 ദിവസങ്ങള്‍ ആര്‍ത്തിച്ചു കഴിയുമ്പോഴാണ് ശരിയായ അഷ്ടബന്ധക്കൂട്ടു ലഭിക്കുന്നത്. ഒരുവിധത്തിലുള്ള കാലപരിഗണനകളും കൂടാതെ ഉത്തരായന ദക്ഷിണായന ഭേദമോ ശുക്ളകൃഷ്ണപക്ഷഭേദമോ നോക്കാതെ അഷ്ടബന്ധം നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ പുതിയതായി അതു സ്ഥാപിക്കണമെന്നത് നിര്‍ബന്ധമാണ്. അങ്ങനെ ചെയ്യാതിരുന്നാല്‍ ദേവചൈതന്യം നഷ്ടപ്പെട്ടുപോകുമെന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃതി പുരുഷഭാവനയിലുള്ള പീഠബിംബങ്ങളുടെ ബന്ധം വിടുന്നതിനാലും അഭിഷേകജലം, നിര്‍മാല്യവസ്തുക്കള്‍ എന്നിവ നാളത്തില്‍ കിടന്നു ദുഷിച്ച് കൃമികീടങ്ങള്‍ ഉണ്ടായി ബിംബത്തില്‍ സ്പര്‍ശിക്കുമെന്നതിനാലും പ്രതിഷ്ഠയ്ക്ക് ചൈതന്യക്ഷയം ഉണ്ടാകുമെന്നു തന്ത്രശാസ്ത്രം പറയുന്നു.

അഷ്ടബന്ധകലശം സംബന്ധിച്ച് ദേവപ്രതിഷ്ഠയ്ക്കുള്ളതുപോലെതന്നെ താന്ത്രിക ക്രിയകളുമുണ്ട്. ക്ഷേത്രത്തിന്റെ പുഷ്ടിക്കും വിഭവസമാഹരണശേഷിക്കും അനുസരിച്ച് (നിമിത്തവിത്താന്യുപപത്തിഭേദൈഃ) മൂന്നു മുതല്‍ പതിനൊന്നുദിവസംവരെ നീണ്ടുനില്ക്കുന്ന താന്ത്രിക ക്രിയകള്‍ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് അനുഷ്ഠിക്കപ്പെട്ടുവരുന്നു. ഈ ക്രിയകളിലെ സുപ്രധാനഘട്ടമായ അഷ്ടബന്ധം ചാര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ദേവദര്‍ശനം ചെയ്യുന്നത് ഇഷ്ടഫലപ്രാപ്തിക്കു പര്യാപ്തമാണെന്ന് ആസ്തികന്മാര്‍ വിശ്വസിക്കുന്നു.

(ദേവന്‍ നാരായണന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍