This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടപുഷ്പിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടപുഷ്പിക

എട്ടു പുഷ്പങ്ങളുടെ സമാഹാരം. അഷ്ടപുഷ്പി, അഷ്ടപുഷ്പങ്ങള്‍ എന്നെല്ലാം പറയാറുണ്ട്. ഏതെല്ലാമാണ് അഷ്ടപുഷ്പങ്ങള്‍ എന്നതിനെക്കുറിച്ചു ഭിന്ന അഭിപ്രായങ്ങളും ഉണ്ട്. ചെമ്പകം, മല്ലിക, മന്ദാരം, പാരിജാതം, താമര, ആമ്പല്‍, എരിക്ക്, തുമ്പ എന്നിവയാണെന്ന് ഒരുപക്ഷമുണ്ട്. ശബ്ദതാരാവലിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അഷ്ടപുഷ്പങ്ങള്‍ പുന്ന, വെള്ളെരുക്ക്, ചെമ്പകം, നന്ത്യാര്‍വത്തം (നന്ത്യാര്‍വട്ടം), നീലോത്പലം, പാതിരിപ്പൂവ്, അലരി (അരളി), ചെന്താമര എന്നിവയാണ്. ഇഷ്ടദേവതാര്‍ച്ചനത്തിനു വിധിച്ചിട്ടുള്ളവയാണ് ഈ പുഷ്പങ്ങള്‍.

പൂജാദ്രവ്യം എന്ന വിപുലമായ അര്‍ഥത്തിലും അഷ്ടപുഷ്പിക എന്ന പദം വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. പഞ്ചഭൂതങ്ങളുടെയും മനോബുദ്ധ്യഹങ്കാരങ്ങളായ അന്തഃകരണവൃത്തികളുടെയും പേരുകളോടു ബന്ധിപ്പിച്ചുകൊണ്ടുള്ള പുഷ്പങ്ങളാണ് ശബ്ദതാരാവലിയില്‍ കാണുന്നത്. പാര്‍ഥിവം (പൃഥിവി), അപ്യം (അപ്പ്), തൈജസം (തേജസ്സ്), വായവീയം (വായു), ആകാശീയം (ആകാശം), മാനസം, ബൌദ്ധം, ആഹംകാരികം എന്നിങ്ങനെ എട്ടു തരമാണ് ആ പുഷ്പങ്ങള്‍. ചന്ദനം തുടങ്ങിയ ഗന്ധപ്രധാനമായ വസ്തുക്കള്‍ പാര്‍ഥിവം; അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, അഭിഷേകം എന്നീ രസപ്രധാനമായവ ആപ്യം; പ്രദീപം, ഉജ്ജ്വലങ്ങളായ ആഭരണങ്ങള്‍ എന്നീ രൂപപ്രധാനമായവ തൈജസം; കളഭം മുതലായ സ്പര്‍ശപ്രധാനമായവ വായവീയം; ശബ്ദപ്രധാനമായ നൃത്തഗീതവാദ്യാദികള്‍ ആകാശീയം; മനസ്സിനെ സംബന്ധിച്ചുള്ള അനുധ്യാന രൂപത്തിലുള്ള പുഷ്പം മാനസം. ഈശ്വരന്‍ സര്‍വവ്യാപിയാണെന്നുള്ള ദൃഢസങ്കല്പത്തിലുറച്ച ബുദ്ധി ബൌദ്ധം; 'ഞാന്‍ തന്നെ ഈശ്വരന്‍' എന്ന ഭാവന ആഹംകാരികം; പഞ്ചഭൂതാത്മകമായ പ്രപഞ്ചവും താനും സര്‍വേശ്വരനായി ശ്രദ്ധാപൂര്‍വം അര്‍പ്പിക്കുക എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ പരിണത ഫലമായി വന്നു ഭവിക്കുന്നത്.

പൂജാദ്രവ്യം എന്ന വിപുലമായ അര്‍ഥത്തില്‍ അഷ്ടപുഷ്പങ്ങള്‍ക്ക് ഒരു വ്യത്യസ്ത പരിഭാഷ അഗ്നിപുരാണത്തിലെ പുഷ്പാധ്യാത്തില്‍ (അധ്യായം 202) കാണുന്നുണ്ട്. വാരുണം (ജലം), സൗമ്യം (പാല്‍, തയിര്‍, നെയ്യ്), പ്രാജാപത്യം (അന്നം മുതലായവ), ആഗ്നേയം (ധൂപം, ദീപം), വാനസ്പത്യം (പൂവ്, കായ്), പാര്‍ഥിവം (ദര്‍ഭ മൂലാദികള്‍), വായവ്യം (ഗന്ധചന്ദനാദികള്‍), ശ്രദ്ധ (വിഷ്ണുപുഷ്പം) എന്നിവയാണ് എട്ടു പുഷ്പങ്ങള്‍.

ഈ വ്യാഖാനങ്ങളെക്കാള്‍ ഉജ്ജ്വലമായ മറ്റൊന്ന് അഷ്ടപുഷ്പങ്ങള്‍ക്ക് അഗ്നിപുരാണത്തില്‍ നല്കപ്പെട്ടിരിക്കുന്നു. ബാഹ്യമായ ആരാധനയെക്കാള്‍ ആന്തരമായ ആരാധനയ്ക്കാണ് കൂടുതല്‍ ശക്തിയും ലക്ഷ്യപ്രാപ്തിക്ഷമതയും ഉള്ളതെന്ന ചിന്താഗതിയാണ് ഇതില്‍ പ്രകാശിക്കുന്നത്. ഇതുപ്രകാരം എട്ടു മനോഭാവങ്ങളാണ് അഷ്ടപുഷ്പങ്ങള്‍. അഹിംസ, ഇന്ദ്രിയജയം, ഭൂതദയ, ശാന്തി, ശമം, തപസ്സ്, ധ്യാനം, സത്യം എന്നിവയാണ് എട്ടു ഭാവപുഷ്പങ്ങള്‍; ഈ പുഷ്പങ്ങള്‍കൊണ്ട് വിഷ്ണു സന്തോഷിക്കുന്നു എന്നതാണ് ഈ പദ്യങ്ങളുടെ സാരം.

പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള 'അഷ്ടപുഷ്പിക'യില്‍ പുഷ്പങ്ങള്‍ക്കു വൈവിധ്യമുണ്ടെങ്കിലും എട്ട് എന്ന സംഖ്യയ്ക്കു വ്യത്യാസം കാണുന്നില്ല.

(യജ്ഞസ്വാമി ശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍