This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടപദിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടപദിയാട്ടം

ജയദേവകൃതിയായ ഗീതഗോവിന്ദം അവലംബമാക്കിയുള്ള ഒരു കേരളീയ നൃത്ത്യവിശേഷം. ഗീതഗോവിന്ദം കേരളത്തില്‍ പരക്കെ അഷ്ടപദി എന്ന പേരിലറിയപ്പെട്ടിരുന്നതുകൊണ്ട് അത് 'ആടുക' എന്ന അര്‍ഥത്തിലാണ് ഈ നൃത്യവിശേഷത്തിന് അഷ്ടപദിയാട്ടം എന്ന പേര് ലഭിച്ചത്. ഈ ജയദേവകൃതി അതിന്റെ ജന്‍മനാടായ ബംഗാളില്‍ പ്രചാരത്തില്‍ വന്ന കാലത്തോടടുത്തുതന്നെ കേരളത്തിലും വിപുലമായ പ്രചാരവും ആദരവും നേടി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും മാരാന്മാര്‍ 'കൊട്ടിപ്പാടിസേവയ്ക്ക്' ഇന്നും പാടിവരുന്നത് അഷ്ടപദിയാട്ടം തന്നെയാണ്. ദൃശ്യവേദിയിലേക്കുള്ള അഷ്ടപദിയുടെ രംഗപ്രവേശനത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും കാലത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്.

കഥകളിക്കു പ്രേരകമായി ഭവിച്ച കൃഷ്ണനാട്ടം രചിക്കുവാന്‍ കൊ.വ. 1013-ല്‍ ചരമമടഞ്ഞ മാനവേദന്‍ സാമൂതിരിക്കു കെല്പുണ്ടായത് ഗുരുവായൂര്‍ അമ്പലത്തില്‍ പതിവായി അഷ്ടപദിയാട്ടം കാണുവാന്‍ ഇടയായതുകൊണ്ടാണെന്ന് ഒരു പക്ഷമുണ്ട്. അങ്ങനെ വരുമ്പോള്‍ കഥകളിക്കും കൃഷ്ണനാട്ടത്തിനും മുന്‍പ് അഷ്ടപദിയാട്ടം പ്രചാരത്തിലെത്തിയിരിക്കണം. എന്നാല്‍ അങ്ങനെയല്ല, കഥകളിയുടെ രീതി പിടിച്ചാണ് അഷ്ടപദിയാട്ടത്തിനു രൂപം നല്കിയതെന്നും, കഷ്ടിച്ച് ഒരു നൂറ്റിമുപ്പതു വര്‍ഷത്തെ പഴക്കമേ അതിനുള്ളുവെന്നും മറ്റൊരു പക്ഷമുണ്ട്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുവാനുള്ള ഒരു ന്യായം ഇടപ്പള്ളി രാജാവിന്റെ കല്പനപ്രകാരം അഷ്ടപദിയാട്ടം നിര്‍മിച്ച ഒരു രാമവര്‍മന്‍ തിരുമുല്പാടിന്റെ തന്നെ കൃതിയായി ഒരു അഷ്ടപദി ആട്ടപ്രകാരം പ്രചാരത്തിലുണ്ടെന്ന വസ്തുതയാണ്. തിരുമുല്പാടിന്റെ അഷ്ടപദിയാട്ടം കൊ.വ. 1019-ാമാണ്ടിലാണ് ആദ്യമായി അരങ്ങേറിയതെന്നും കരുതപ്പെടുന്നു. അതുകൊണ്ട് അതിനു മുന്‍പ് മറ്റ് അഷ്ടപദിയാട്ടങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. തന്നെയുമല്ല തിരുമുല്പാടിന്റെ കൃതിയായി പറയപ്പെടുന്ന അഷ്ടപദിയാട്ടത്തിന് ഇടപ്പള്ളിക്കു പുറത്ത് പ്രചാരമുണ്ടായിട്ടുള്ളതായും പരാമര്‍ശങ്ങളില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ അഷ്ടപദിയാട്ടത്തെ ആസ്പദമാക്കി രചിച്ചതായിക്കൂടായ്കയില്ല.

തിരുമുല്പാടിന്റെ അഷ്ടപദിയാട്ടപ്രകാരത്തില്‍ ഗീതഗോവിന്ദപ്രബന്ധത്തെ കഥകളിയുടെ ചുവടുപിടിച്ച് നാട്യാനുഗുണമായി മൂന്നു ദിവസത്തെ ആട്ടത്തിനു പാകമായവിധം വിഭജിച്ചിട്ടുണ്ട്. ഒന്നാം ദിവസം രാധാവിരഹവും രണ്ടാം ദിവസം രാധാസന്ദേശവും മൂന്നാം ദിവസം രാധാസമാഗമവുമായിട്ടാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രധാനവേഷങ്ങള്‍ ശ്രീകൃഷ്ണനും രാധയുള്‍പ്പെടെ നാലു ഗോപസ്ത്രീകളുമാണ്. ശ്രീകൃഷ്ണന് ഓടക്കുഴലും വനമാലയും സ്ത്രീവേഷങ്ങള്‍ക്കു ഹ്രസ്വോത്തരീയവും ചാമരവുമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. മേളങ്ങള്‍ കഥകളിയുടേതുപോലെതന്നെ. പ്രസവസംബന്ധമായ വാലായ്മ ഉള്ള കാലത്ത് കൃഷ്ണന്റെ വേഷം കെട്ടരുതെന്നു വിലക്കുണ്ട്. മുടിതൊടുവാന്‍ ശരീരശുദ്ധിയും ആവശ്യമാണ്. തിരുമുല്പാടിന്റെ ആട്ടപ്രകാരത്തില്‍ പഴയ അഷ്ടപദിയാട്ടം രംഗത്തു കൂടുതല്‍ ശോഭിക്കുന്നതിനുള്ള ചില പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നതില്‍നിന്നുതന്നെ ഈ ആട്ടപ്രകാരം തിരുമുല്പാട് രചിച്ചത് പഴയ അഷ്ടപദിയാട്ടത്തെ ആസ്പദമാക്കിയാണെന്നു വ്യക്തം.

അഷ്ടപദിയാട്ടത്തില്‍ ഉപയോഗിക്കുന്ന മുദ്രയ്ക്ക് അടിസ്ഥാനം ചാക്യാന്മാരുടെ അഭിനയസമ്പ്രദായമാണെന്നതുകൊണ്ടും, സംസ്കൃതനാടകകൃതികള്‍ അവലംബമാക്കിയുള്ള ദൃശ്യപ്രബന്ധങ്ങള്‍ ചാക്യാന്‍മാര്‍ രംഗത്തവതരിപ്പിച്ചു വന്നിരുന്നതുകൊണ്ടും, ആ പതിവനുസരിച്ച് ഗീതഗോവിന്ദവും അവര്‍ തന്നെ രംഗപ്രയോഗക്ഷമമാക്കിയതാണ് അഷ്ടപദിയാട്ടം എന്ന അഭ്രിപായത്തിനു പ്രസക്തിയുണ്ട്. അഷ്ടപദിയാട്ടത്തിനു ചെണ്ട ഉപയോഗിക്കാറില്ല; മദ്ദളം, ഇടയ്ക്ക മുതലായവയാണ് ഉപയോഗിക്കുക. ഈ വക കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഏതാണ്ട് ഒരു നാനൂറു കൊല്ലത്തെ പഴക്കമെങ്കിലും ഇതിന് അവകാശപ്പെടാം. ഗീതഗോവിന്ദത്തിന്, തുടക്കത്തിലേ അഖിലഭാരതപ്രചാരം ആര്‍ജിക്കുവാന്‍ കഴിഞ്ഞു. അതിന്റെ ഉള്ളടക്കത്തിന്റെയും രചനയുടെയും ആകര്‍ഷകത അതിനെ ദൃശ്യവേദിയില്‍ കൊണ്ടെത്തിച്ചു. അസം, മണിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രാധാ-കൃഷ്ണ-ഗോപീജനവേഷങ്ങളണിഞ്ഞ് ഗീതഗോവിന്ദ ചരണങ്ങള്‍ യഥാക്രമം ആലപിച്ച് ഭവനങ്ങള്‍തോറും കയറിയിറങ്ങി നടക്കുന്ന ഒരു പതിവ് വളരെക്കാലമായി ചില വൈഷ്ണവോത്സവ വേളകളില്‍ നടന്നുവരുന്നുണ്ടെങ്കിലും ചിട്ടപ്പെട്ട ഒരു ദൃശ്യകലാരൂപമായി ഗീതഗോവിന്ദം രംഗവേദിയിലേക്കു കടക്കുന്നത് അഷ്ടപദിയാട്ടം എന്ന നൃത്യവിശേഷമായി കേരളത്തില്‍ മാത്രമാണ്. നോ: അഷ്ടപദി

(ജി. ഭാര്‍ഗവന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍