This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടച്ഛാപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടച്ഛാപ്

15-16ശ.-ങ്ങളില്‍ ഹിന്ദി സാഹിത്യത്തില്‍ ഭക്തിപ്രസ്ഥാനത്തിനു ബീജാവാപം ചെയ്യുകയും അതിനെ വികസിപ്പിക്കുകയും ചെയ്ത എട്ടു കവികളെ സൂചിപ്പിക്കുന്ന പദം. ഹിന്ദി സാഹിത്യത്തിലെ സുവര്‍ണകാലമാണ് ഭക്തികാലം. നിര്‍ഗുണഭക്തി, സഗുണഭക്തി എന്നു രണ്ടുതരത്തില്‍ തിരിക്കാവുന്ന ഈ കാലത്തിലെ കൃഷ്ണഭക്തിപ്രസ്ഥാനത്തെ വികാസദശയിലേക്കു നയിച്ചത് വല്ലഭാചാര്യനാണ്. അദ്ദേഹത്തിന്റെ ഭക്തിപദ്ധതി വളര്‍ത്തിയെടുത്തവരില്‍ കുംഭന്‍ദാസ്, സൂര്‍ദാസ്, പരമാനന്ദദാസ്, കൃഷ്ണദാസ് (ഇവര്‍ വല്ലഭാചാര്യരുടെ ശിഷ്യന്മാരാണ്.), ഗോവിന്ദസ്വാമി, നന്ദദാസ്, ഛീതസ്വാമി, ചതുര്‍ഭുജദാസ് (ഇവര്‍ ആചാര്യപുത്രനായ ഗോസ്വാമി വിഠല്‍നാഥിന്റെ ശിഷ്യന്മാരാണ്) എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. ഒരേ പ്രസ്ഥാനത്തില്‍പ്പെട്ട ഈ എട്ടു കവികളുടെ സമൂഹത്തെ 'അഷ്ടച്ഛാപ് കവികള്‍' എന്നു പറഞ്ഞുവരുന്നു. 'പുഷ്ടിമാര്‍ഗം' എന്ന ഭക്തിപദ്ധതിയിലെ അനുയായികളായ ഭക്തകവികളും വിശ്രുതഗായകന്‍മാരുമായിരുന്നു ഇവര്‍. ശ്രീനാഥക്ഷേത്രത്തില്‍വച്ച് സ്വയം രചിച്ച കീര്‍ത്തനങ്ങളാണ് അവര്‍ പാരായണം ചെയ്തിരുന്നത്. വ്രജഭാഷയ്ക്ക് കാവ്യരൂപം നല്കി സമൃദ്ധമാക്കിയത് ഈ കവികളാണ്. ഇവരില്‍ അന്ധകവിയായ സൂര്‍ദാസ് (1488-1583) മുന്‍പന്തിയില്‍ നില്ക്കുന്നു. നിര്‍വ്യാജഭക്തിയുടെ സജീവവും സ്വാഭാവികവുമായ ചിത്രീകരണം സൂര്‍ദാസിന്റെ കാവ്യത്തെ ഉത്കൃഷ്ടമാക്കുന്നു. സൂര്‍സാഗര്‍ എന്ന വിശിഷ്ടഗ്രന്ഥം ഹിന്ദി ഭക്തിസാഹിത്യത്തിന്റെ സാരസ്വതസര്‍വസ്വമാണെന്നുതന്നെ പറയാം. കാവ്യസൌന്ദര്യവും ഭക്തിപരിമളവും നിറഞ്ഞുതുളുമ്പുന്ന ഒരു അപൂര്‍വഗ്രന്ഥമാണിത്. സൂര്‍സാഗര്‍, സാഹിത്യലഹരി, സൂര്‍സാരാവലി എന്നിവയാണ് സൂര്‍ദാസിന്റെ പ്രധാനകൃതികള്‍.

അഷ്ടദിക്പാലകന്മാര്‍:ബ്രഹ്മാവിനും അനന്തനുമൊപ്പം

പ്രായപരിഗണനപ്രകാരം അഷ്ടച്ഛാപിന്റെ നേതൃത്വം വഹിക്കുന്നത് കുംഭന്‍ദാസാണ് (1468-1593). ഇദ്ദേഹത്തിനു സൂര്‍ദാസിനെക്കാള്‍ പത്തു വയസ്സ് കൂടുതല്‍ പ്രായമുണ്ടായിരുന്നു. പരമഭക്തനായ ഈ കവി ശ്രീനാഥക്ഷേത്രത്തില്‍ ആയുഷ്കാലം മുഴുവന്‍ കീര്‍ത്തനങ്ങള്‍ പാടി കഴിച്ചുകൂട്ടി. ഇദ്ദേഹം സ്വയം നിര്‍മിച്ചു പാടിയിരുന്ന ഈ കീര്‍ത്തനങ്ങള്‍ ഭക്തിരസസമ്പൂര്‍ണങ്ങളാണ്. ലോകത്ത് ശ്രീകൃഷ്ണന്‍ മാത്രമാണ് സത്യമെന്നും മറ്റെല്ലാം മിഥ്യയാണെന്നും ഉള്ള ഭക്തിതത്ത്വം ഇദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. കീര്‍ത്തനസംഗ്രഹത്തില്‍ കുംഭന്‍ദാസിന്റെ ഗാനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

അഷ്ടച്ഛാപില്‍ സൂര്‍ദാസ് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കവി പരമാനന്ദദാസാണ് (1493-1584). ഇദ്ദേഹത്തിന്റെ ആദ്യകാലരചനകള്‍ മുഴുവന്‍ വിരഹഗീതങ്ങളായിരുന്നു. വല്ലഭാചാര്യരുടെ ഉപദേശപ്രകാരമാണ് ഇദ്ദേഹം കൃഷ്ണഭക്തിഗീതങ്ങള്‍ രചിച്ചുതുടങ്ങിയത്. പരമാനന്ദസാഗര്‍, ദാനലീല, ഉദ്ധവലീല എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ഇവയില്‍ പരമാനന്ദസാഗര്‍, സൂര്‍സാഗര്‍ പോലെതന്നെ ഔത്കൃഷ്ട്യമുള്ള ഒരു കൃതിയാണ്.

കൃഷ്ണദാസിന്റെ (1496-1579) കൃതികള്‍ ശൃംഗാരരസപ്രാധാനങ്ങളാണ്. ഭ്രമര്‍ഗീത്, പ്രേമതത്ത്വനിരൂപണ്‍, വൈഷ്ണവനന്ദ എന്നിങ്ങനെയുള്ള ഏഴോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. രാധാകൃഷ്ണപ്രേമമാണ് എല്ലാറ്റിന്റെയും പ്രതിപാദ്യം.

ഗോവിന്ദസ്വാമി (1505-85) ധനാഢ്യനായ ഒരു ബ്രാഹ്മണനായിരുന്നു. സംഗീതത്തില്‍ അപാരപാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം അനുഗൃഹീതനായ ഒരു കവിയും ഗായകനുമായിരുന്നു. രാധാകൃഷ്ണലീലകള്‍ അത്യന്തം ഹൃദയസ്പൃക്കായി ഇദ്ദേഹം വര്‍ണിച്ചിട്ടുണ്ട്.

നന്ദദാസ് (1512-83) തുളസീദാസിന്റെ പിതൃസഹോദരപുത്രനായിരുന്നു. ബാല്യത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനാല്‍ ഗോസ്വാമി വിഠല്‍നാഥ് ആശ്രയം നല്കി. വിഠല്‍നാഥിന്റെ സമ്പര്‍ക്കം ഇദ്ദേഹത്തെ ഒരു ഭക്തകവിയാക്കിത്തീര്‍ത്തു. അനേകാര്‍ഥഭാഷ, ജോഗലീല, ഭംവര്‍ഗീത്, രാസപഞ്ചാധ്യായി തുടങ്ങിയ പതിനാറോളം കൃതികള്‍ നന്ദദാസ് രചിച്ചിട്ടുണ്ട്. ഇവയില്‍ രാസപഞ്ചാധ്യായിയാണ് ഇദ്ദേഹത്തിന്റെ കവിയശസ്സിനെ അനശ്വരമാക്കിയ കൃതി.

ഛീതസ്വാമി (1516-89) വാസനാസമ്പന്നനായ ഒരു ഗായക കവിയായിരുന്നു. അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ആധുനിക കാലത്തും പ്രചാരത്തിലിരിക്കുന്നു.

ചതുര്‍ഭുജദാസ് (1518-85) കുംഭന്‍ദാസിന്റെ പുത്രനാണ്. വിഠല്‍നാഥിന് ഇദ്ദേഹത്തോട് സീമാതീതമായ വാത്സല്യം ഉണ്ടായിരുന്നു എന്ന് രണ്ടുപേരുടെയും കവിതകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയും. കൃഷ്ണചരിതത്തെ ആധാരമാക്കി ധാരാളം കവിതകള്‍ ചതുര്‍ഭുജദാസ് രചിച്ചിട്ടുണ്ട്. നോ: ഭക്തിസാഹിത്യപ്രസ്ഥാനം; ഹിന്ദിസാഹിത്യം

(തങ്കമ്മ മാലിക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍