This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടഗ്രഹയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടഗ്രഹയോഗം

ജ്യോതിഷവിധിപ്രകാരം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളില്‍ ആദ്യത്തെ ഏഴെണ്ണവും രാഹുകേതുക്കളിലൊന്നും മേടം ആദിയായ ഏതെങ്കിലുമൊരു രാശിയില്‍ സമ്മേളിക്കുന്നതിനാണ് അഷ്ടഗ്രഹയോഗം എന്നു പറയുന്നത്. രാഹുവും കേതുവും ആറു രാശി (180) അകലത്തിലല്ലാതെ നില്ക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ട് നവഗ്രഹയോഗം സംഭവിക്കുവാന്‍ ന്യായമില്ല. അഷ്ടഗ്രഹയോഗം ഏകദേശം 60 കൊല്ലത്തിലൊരിക്കല്‍ സംഭവിക്കാനിടയുണ്ടെന്നു ജ്യൗതിഷികര്‍ തെളിയിച്ചിട്ടുണ്ട്. 1962 ഫെ.-ല്‍ സൂര്യന്‍ തുടങ്ങിയ ഏഴു ഗ്രഹങ്ങളും കേതുവുംകൂടി മകരം രാശിയില്‍ സമ്മേളിച്ചു; 48 മണിക്കൂറോളം ഈ യോഗം ഉണ്ടായിരുന്നു.

സൂര്യചന്ദ്രന്മാരുടെ ഭ്രമണപഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് രാഹുവും കേതുവും. ഈ ഗോളശാസ്ത്രയുക്തിയുടെ വെളിച്ചത്തില്‍ അഷ്ടഗ്രഹയോഗം സപ്തഗ്രഹയോഗമേ ആകുന്നുള്ളു. ജ്യോതിഷത്തിലെ ഫലഭാഗം വിസ്തരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങളില്‍ അഷ്ടഗ്രഹയോഗത്തെപ്പറ്റി പ്രസ്താവിച്ചുകാണാത്തതിന് ഇതാണ് കാരണം. സപ്തഗ്രഹയോഗത്തെ 'ഗോളയോഗം' എന്നാണ് ജാതകാദേശം എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഗോളയോഗത്തില്‍ ജനിക്കുന്നവരുടെ കഷ്ടഫലങ്ങളും ഈ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്; എന്നാല്‍ ഈ യോഗം ലോകനാശത്തിനിടയാക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

ആകാശത്ത് വിദൂരസ്ഥമായ വിഭിന്നവിതാനങ്ങളില്‍ സഞ്ചരിക്കുന്ന കുജാദിഗ്രഹങ്ങള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി സ്ഥിതി ചെയ്യുമ്പോള്‍ ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ക്ക് അവ ഒരേ രാശിയില്‍ ഒരുമിച്ചു നില്ക്കുന്നതായി തോന്നും. ഇതാണ് 'ഗ്രഹയുദ്ധം'. ഭൂമിയില്‍ പല ആപത്തുകളും ഗ്രഹയുദ്ധം സൃഷ്ടിക്കുമെന്ന് ബൃഹത് സംഹിത എന്ന ജ്യോതിഷഗ്രന്ഥത്തില്‍ പറയുന്നു. ഗ്രഹയുദ്ധത്തിന്റെ അനിഷ്ടഫലങ്ങളെ കണക്കിലെടുത്താണ് ഇത്തരം യോഗങ്ങളും ലോകവിനാശഹേതുക്കളാണെന്നു സാധാരണയായി പറയുന്നത്.

(പ്രൊഫ. എസ്.കെ. പെരിനാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍