This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടകലാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടകലാശം

കഥകളി അവതരണത്തില്‍ പദാഭിനയങ്ങളുടെ അവസാനത്തില്‍ നടന്‍ കരചരണവിന്യാസങ്ങള്‍ താളമേളാനുസൃതമായി 'കലാശി' (അവസാനി)പ്പിക്കുന്ന പ്രക്രിയ. പലതരത്തിലുള്ള കലാശങ്ങളുള്ളതില്‍ 'അഷ്ടകലാശം' വളരെ സങ്കീര്‍ണവും നിഷ്കൃഷ്ടമായ ശിക്ഷണത്തിന്റെയും നിരന്തരമായ പരിശീലനത്തിന്റെയും ഫലമായി മാത്രം വിജയകരമായി അവതരിപ്പിക്കാന്‍ കഴിയുന്നതുമായ ഒന്നാണ്. ഇതില്‍ ഓരോ അക്ഷരകാലവും മാറിയെടുത്തുകൊണ്ട് എട്ടു കലാശങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഒരു നടന്‍ ചവിട്ടേണ്ടതായുണ്ട്. സാധാരണ 'ചമ്പ' (ഝംഭ) താളത്തിലാണ് ഇതു പ്രദര്‍ശിപ്പിക്കപ്പെട്ടു വരാറുള്ളതെങ്കിലും മറ്റുചില താളങ്ങളിലും ഇത് എടുക്കാവുന്നതാണ് എന്നു ചില ആചാര്യന്‍മാര്‍ പറയുന്നു. അഷ്ടകലാശത്തില്‍ ഓരോന്നും മാറി അടുത്തതിലേക്കു പ്രവേശിക്കുമ്പോള്‍ മുന്‍പിലുള്ളതിലെ ഓരോ ലഘുക്കള്‍കൂടി മാറ്റുന്നു. ഉദാഹരണമായി ആദ്യത്തെ കലാശത്തിലെ വായ്ത്താരി.

'ത, ത, കിടതികിത, തക്കിടകിടതികിത കിടതകി തക്കുതിക്കു തക്കിട്ടേ തക്കിടകിടതകിത'

എന്നായിരിക്കുമ്പോള്‍, രണ്ടാമത്തേതിലേത്.

'തകിട കിടതകി - 1 കൂടി താം' എന്നു നിര്‍ത്തി ബാക്കിയുള്ളവ ചവിട്ടി അവസാനിപ്പിക്കുകയാണു വേണ്ടത്; ഇങ്ങനെ പിന്നീട് വരുന്ന ഓരോന്നിലെയും എട്ടാമത്തെ കലാശം അവസാനിപ്പിച്ചുകഴിഞ്ഞാല്‍, പിന്നത്തെ ചമ്പതാളാവര്‍ത്തനത്തിന്റെ ഒടുവില്‍വരെ പുറകോട്ടു കാല്‍ രണ്ടും മാറ്റിമാറ്റി വച്ച് ഇറങ്ങി 'വലിയകലാശം' എടുത്ത് അഷ്ടകലാശം സമാപിപ്പിക്കുന്നു. നോ: കലാശം

ചില ചിട്ടകളുടെയും ചടങ്ങുകളുടെയും വഴക്കങ്ങളുടെയും നാലതിരുകളില്‍ തികച്ചും ഒതുങ്ങി നില്ക്കുന്ന കഥകളിയില്‍ ഇന്നിന്ന വേഷങ്ങള്‍ക്ക് ഇന്നിന്ന 'പദ'ങ്ങളിലേ അഷ്ടകലാശം ആകാവൂ എന്ന ഒരു അലിഖിതനിയമംതന്നെ ഉണ്ട്. കല്യാണസൌഗന്ധികത്തില്‍ ഭീമന്റെ 'ശൌര്യഗുണനീതിജലധേ' എന്ന പദത്തിന്റെ അവസാനത്തിലും കാലകേയവധത്തില്‍ അര്‍ജുനന്റെ 'സുകൃതികളില്‍ മുമ്പനായ് വന്നേന്‍' എന്ന പദത്തിന്റെ മധ്യത്തിലും ആയിരുന്നു സര്‍വസാധാരണമായ അഷ്ടകലാശ സന്ദര്‍ഭങ്ങള്‍. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്‍, സുഭദ്രാഹരണത്തില്‍ ബലഭദ്രന്‍ എന്നീ കഥാപാത്രങ്ങളും പിന്നീട് അഷ്ടകലാശം എടുക്കുവാന്‍ തുടങ്ങി. ഈ ആട്ടക്കഥാകൃതികളെ അനുകരിച്ച് ചമ്പതാളത്തിലും കാംബോജി-മധ്യമാവതി രാഗങ്ങളിലും പില്ക്കാല ദൃശ്യകാവ്യകര്‍ത്താക്കള്‍ പല 'പദ'ങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവയ്ക്ക് അഷ്ടകലാശ സന്ദര്‍ഭങ്ങളെന്ന നിലയില്‍ സാര്‍വത്രികാംഗീകാരം ലഭിച്ചിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍