This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്അരിയാ സിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്അരിയാ സിദ്ധാന്തം

Ash'ariyyah Theology

ഇസ്ലാമിക ദൈവശാസ്ത്രജ്ഞനായ അബുല്‍ഹസന്‍ അലി അല്‍-അഷ്അരി (873-935) രൂപം നല്കിയ ആധ്യാത്മിക ചിന്താപ്രസ്ഥാനം. പില്ക്കാലത്ത് പണ്ഡിതന്‍മാരായ ധാരാളം അനുയായികളെ ആകര്‍ഷിച്ച ഈ മതചിന്താസരണി 'അഷ്അരിയ' അഥവാ 'അഷാ ഇറ' എന്ന പേരില്‍ അറിയപ്പെടുന്നു.

912-'13-നോടടുപ്പിച്ച് 'മുഉത്സില' (ഇസ്ലാമിലെ തീവ്രയുക്തിവാദം) സിദ്ധാന്തം തിരസ്കരിച്ച് 'അഹ്ലുസ്സുന്നത്തിലേക്കു(നബിയുടെ ഉപദേശങ്ങളെയും നടപടികളെയും ചോദ്യം ചെയ്യാതെ സ്വീകരിക്കണമെന്നു വാദിക്കുന്ന സംഘം) പരിവര്‍ത്തനം ചെയ്യപ്പെട്ട അല്‍-അഷ് അരി ഇസ്ലാമിക മതതത്ത്വചിന്താപ്രസ്ഥാനത്തില്‍ ഗണനീയമായൊരു സ്ഥാനം വഹിക്കുന്നു. മുഉ്തസില, മാതുരീദീയ തുടങ്ങിയ നിരവധി ചിന്താപ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നബിചര്യകളെയും ഉപദേശങ്ങളെയും മുറുകെ പിടിക്കുവാനും തീവ്രയുക്തിവാദം ഉപേക്ഷിക്കുവാനും അല്‍-അഷ്അരി തന്റെ അനുയായികളെ ഉപദേശിച്ചു. എങ്കിലും ഇദ്ദേഹം യാഥാസ്ഥിതിക മതപ്രസ്ഥാനക്കാരുടെ അമിതവാദങ്ങളെ ഉപേക്ഷിക്കുകയും മുഉ്തസിലയുക്തിവാദം ഒരു പരിധിവരെ സ്വീകരിക്കുകയും ചെയ്തു.

അഷ്അരിയാപ്രസ്ഥാനത്തെ വളരെവേഗം മുസ്ലിം സമൂഹം സ്വാഗതം ചെയ്തില്ല. 10-ഉം 11-ഉം ശ.-ങ്ങളില്‍ ഈ പ്രസ്ഥാനത്തിനു എതിരാളികളില്‍നിന്ന് വമ്പിച്ച എതിര്‍പ്പ് സഹിക്കേണ്ടിവന്നു. ബുവൈഹിയ ഭരണകാലത്തെ (945-1055) മര്‍ദനംമൂലം അഷ്അരി പണ്ഡിതന്മാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിന്നിച്ചിതറിപ്പോയി. സെല്‍ജുക്ക് ഭരണകര്‍ത്താക്കളായ അല്‍പ് അര്‍സ്ലാന്റെയും മാലിസക്ഷായുടെയും (1063-92) പ്രധാനമന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക്കിന്റെ ഔദ്യോഗിക പിന്തുണ മുഖേന അഷ്അരിയാക്കള്‍ക്കു ബാഗ്ദാദിലെ പ്രസിദ്ധമായ നിസാമിയ അക്കാദമിയില്‍ പ്രധാനസ്ഥാനം കരസ്ഥമാകുകയും തത്ഫലമായി അഷ്അരിയാ സിദ്ധാന്തം വളരെവേഗം ഇസ്ലാമിക സാമ്രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്വീകരിക്കപ്പെടുകയും ഉണ്ടായി.

അഷ്അരിയാ പ്രസ്ഥാനത്തിന്റെ പ്രമുഖവക്താക്കള്‍

അല്‍-ബാഖില്ലാനീ (?-1013), അല്‍-ഇസ്ഫറാ ഈനി (?-1040), അല്‍-ജുവൈനീ (?-1041), അല്‍-ഷഹ്റസ്താനി (?-1153), അല്‍-ഗസ്സാലി (1058-1111), ഫഖ്റുദ്ദീന്‍ റാസി (1166-1222) എന്നിവരാണ്.

അല്‍-അഷ്അരിയുടെ സിദ്ധാന്തങ്ങള്‍ അഷ്അരിയപ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി അംഗീകരിക്കപ്പെട്ടുവെങ്കിലും കാലക്രമത്തില്‍ അവ പ്രകടമായ മാറ്റങ്ങള്‍ക്കു വിധേയമായി. അല്ലാഹുവിന്റെ ദാത്ത് (സത്ത), സിഫാത്ത് (ഗുണങ്ങള്‍) എന്നിവ ചോദ്യം ചെയ്യാതെ സ്വീകരിക്കപ്പെടണമെന്ന അല്‍-അഷ്അരിയുടെ സിദ്ധാന്തത്തിന്, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പുതിയ വ്യാഖ്യാനം നല്കുകയുണ്ടായി. അല്ലാഹുവിന്റെ കൈകളെ അധികാരത്തിന്റെയും ഭൂമുഖത്തെ നിലനില്പിന്റെയും പ്രതീകങ്ങളായി അവര്‍ വ്യാഖ്യാനിച്ചു. അതുപോലെതന്നെ മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ദൈവത്തിന്റെ നിയന്ത്രണത്തിനു വിധേയമാണെന്നും, ഒരു പ്രത്യേക പ്രവര്‍ത്തനത്തിനുള്ള കഴിവ് (കസബ്) അവന്‍ സമ്പാദിക്കണമെന്നും ഉള്ള ഉദ്ബോധനവും മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം (ഇഖ്തിയാര്‍) ഉണ്ടെന്നുള്ള സിദ്ധാന്തവും ഈ വ്യാഖ്യാനങ്ങളില്‍ അന്തര്‍ഹിതമായിരിക്കുന്നു.

11-ാം ശ.-ത്തില്‍ അഷ്അരിയാ സിദ്ധാന്തങ്ങള്‍ക്കു രൂപപരിണാമങ്ങള്‍ വീണ്ടും സംഭവിച്ചു. അല്‍ഗസ്സാലിയുടെ സംഭാവനകളായിരുന്നു ഇവയ്ക്ക് ഉറവിടം. തത്ത്വചിന്തകന്മാരുടെ സിദ്ധാന്തങ്ങള്‍ തിരസ്കരിച്ച് തികച്ചും സൂഫി ചിന്താഗതിയില്‍ നിന്നുടലെടുത്ത വാദഗതികള്‍ ഉള്‍ക്കൊള്ളിച്ച് ഇദ്ദേഹം ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അഷ്അരിയ സിദ്ധാന്തങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങളും ഉള്‍ക്കാഴ്ചയും നല്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നിമിത്തമാണ് അദ്ദേഹത്തെ 'ആധുനികന്‍' എന്ന് ഇബ്നുഖല്‍ദുന്‍ വിശേഷിപ്പിച്ചത്.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍