This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വവംശം

Equidae

ഒരു സസ്തനികുടുംബം. പെരിസോഡാക്ടൈല (Perissodactyla) ഗോത്രത്തിലെ ഒരു കുടുംബമാണ് ഇത്. കുതിര, കഴുത, ഒനഗര്‍ (Onager), സീബ്ര തുടങ്ങിയവ ഈ കുടുംബത്തില്‍പ്പെടുന്നു. പരിണാമഫലമായി മറ്റെല്ലാ സസ്തനികളെയുംകാള്‍ ഏറ്റവും പരിപൂര്‍ണമായ ഫോസ്സില്‍ ചരിത്രമുള്ളത് അശ്വവംശത്തിനാണ്. ഉദ്ദേശം അന്‍പതു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാരംഭിച്ച അശ്വപരിണാമചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഏതാണ്ടു വിശദമായിത്തന്നെ ഫോസ്സിലുകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കുടുംബത്തിലെ നിലവിലുള്ള അംഗങ്ങളെയെല്ലാം ഇക്വസ് (Equus) എന്ന ഒരേയൊരു ജീനസ്സിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വംശനാശം ഭവിച്ച 19 ജീനസ്സുകളെങ്കിലും ഇതില്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.

പാലിയോതേറിയം മാഗ്നം

അശ്വകുടുംബത്തില്‍ ഇന്ന് ആറു സ്പീഷീസാണുള്ളത്. വ്യത്യസ്ത സ്പീഷീസ് പരസ്പരം ഇണചേരുക അസാധാരണമല്ലെങ്കിലും അതിന്റെ ഫലമായുണ്ടാകുന്ന സങ്കരതലമുറയ്ക്കു (ഉദാ. കുതിരയും കഴുതയും പരസ്പരം ഇണചേര്‍ന്നുണ്ടാകുന്ന കോവര്‍കഴുത) പൂര്‍ണമായും പ്രത്യുത്പാദനശേഷി ഇല്ലാത്തതിനാല്‍ ഇവ തികച്ചും വ്യതിരിക്ത സ്പീഷീസുകളായിത്തന്നെ പരിഗണിക്കപ്പെട്ടുവരുന്നു.

പാലിയോതീറുകളാണ് (Palaeotheres) കുതിരയുടെ ഏറ്റവും അടുത്ത പൂര്‍വികരെന്നാണു കരുതപ്പെട്ടിട്ടുള്ളത്. യൂറോപ്പിലും ഏഷ്യയിലും കാണപ്പെട്ടിരുന്ന കുളമ്പുള്ള പ്രാകൃതസസ്തനികളായിരുന്നു ഇവ. ഉദ്ദേശം മൂന്നരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പാലിയോതീറുകള്‍ മണ്‍മറഞ്ഞുപോയി. ടൈറ്റാനോതീറുകളും (Titanotheres) ചാലിക്കോതീറുകളും (Chalicotheres) ആണ് കുതിരകളുടെ മണ്‍മറഞ്ഞുപോയ മറ്റു ബന്ധുക്കള്‍.

ഇക്വസ് കബാലസ് (Equus Caballus) എന്ന ശാസ്ത്രനാമമുള്ള വളര്‍ത്തുകുതിരകളും അവയുടെ ബന്ധുക്കളുമാണ് ആധുനിക അശ്വവംശത്തിലെ ഏറ്റവും പ്രമുഖാംഗങ്ങള്‍. വളര്‍ത്തുകുതിരകളുടെ വന്യജാതികള്‍ ഇന്നു കാണപ്പെടുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ വന്യജാതി 'പെഷ്വാല്‍സ്കി കുതിര' (Prjevalsky's horse) എന്നാണറിയപ്പെട്ടിരുന്നത്. വരയന്‍ കുതിരയുടേതുപോലെ ചെറുതും നിവര്‍ന്നതുമായ കുഞ്ചിരോമങ്ങളുള്ള, വലുപ്പംകുറഞ്ഞ ഒരിനം കുതിരയായിരുന്നു അത്. വളര്‍ത്തു കുതിരകളെപ്പോലെ നീണ്ട കുഞ്ചിരോമങ്ങളോടുകൂടിയ മറ്റൊരിനമാണ് 'ടാര്‍പന്‍' (Tarpan). വളര്‍ത്തുകുതിരകളുമായി ഇവ ഇണചേരുക സാധാരണമായിരുന്നതിനാല്‍ ഒരു പ്രത്യേക ഇനമായി ടാര്‍പന്‍ ഇന്നു നിലനില്ക്കുന്നില്ലെങ്കിലും തീര്‍ത്തും ഇല്ലാതെയായി എന്നു പറയാന്‍ വയ്യ. അവധാനതയോടെ തിരഞ്ഞെടുത്തു വര്‍ഗോത്പാദനം നടത്തി (selective breeding) പുനരുത്പാദിപ്പിക്കപ്പെട്ട ടാര്‍പാന്‍ യു.എസ്സിലും യൂറോപ്പിലുമുള്ള വലിയ മൃഗശാലകളില്‍ ഇന്നുമുണ്ട്.

ഇക്വസ് ഹെമിയോണസ് (Equus hemionus) എന്ന ശാസ്ത്രനാമമുള്ള ഒനഗര്‍, വലിയ ചെവികളും ചെറിയ കുഞ്ചിരോമങ്ങളുമുള്ള ഒരിനം കുതിരയാണ്. ഏഷ്യയില്‍ പലസ്തീന്‍ മുതല്‍ ചൈന വരെ ഇവ കാണപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയും ഏതാണ്ടു വംശനാശത്തിന്റെ വക്കിലാണ്. പുരാതന മെസോപ്പൊട്ടേമിയയില്‍ ആയിരം വര്‍ഷങ്ങളോളം ഇതൊരു വളര്‍ത്തുമൃഗമായിരുന്നു. എന്നാല്‍ കഴുതകളും ആധുനികകുതിരകളും കൂടുതല്‍ ഉപയോഗത്തിലായിത്തുടങ്ങിയതോടെ ഒനഗറിന്റെ പ്രിയം കുറയുകയാണുണ്ടായത്.

ഇന്നത്തെ കഴുതകളുടെ പൂര്‍വികനായി കണക്കാക്കപ്പെടുന്നത് ഇക്വസ് അസിനസ് (Equus hemionus) എന്ന കാട്ടുകഴുതയാണ്. വലിയ ചെവികളും ചെറിയ കുഞ്ചിരോമങ്ങളും ഉള്ള ഇവ വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ ധാരാളമായി കാണപ്പെട്ടിരുന്നു എങ്കിലും ഇന്നു വംശനാശഭീഷണിയിലാണ്.

നിലവിലുള്ള മറ്റ് ഇക്വിഡുകള്‍ എല്ലാംതന്നെ ശരീരത്തില്‍ വരകളുള്ളവയാണ്. ഇവയ്ക്കു പൊതുവേ സീബ്രകള്‍ എന്നാണു പറയാറ്. ഇതിലെ സ്പീഷീസുകളുടെ എണ്ണം തര്‍ക്കവിഷയമാണ്. ഇക്വസ് സീബ്ര (Equus zebra), ഇക്വസ് ഗ്രേയി (Equus greyi) ഇക്വസ് ക്വാഗാ (Equus quagga) എന്നീ മൂന്നു സ്പീഷീസുള്ളതില്‍ മൂന്നാമത്തേതു വിരളമായിക്കഴിഞ്ഞു. ആഫ്രിക്കയാണു സീബ്രകളുടെ തറവാട്. മനുഷ്യന്റെ ആധിപത്യംമൂലം ഇവയുടെ അംഗസംഖ്യ അടിക്കടി കുറഞ്ഞുവരികയാണ്.

പരിണാമചരിത്രം. കശേരുകി(Vertebrate)കളുടെ പരിണാമത്തില്‍ പൂര്‍ണമായ വംശചരിത്രം (Phylogeny) ലഭ്യമായിട്ടുള്ള അപൂര്‍വം ജന്തുക്കളില്‍ ഒന്നാണു കുതിര. ഉദ്ദേശം അഞ്ചുകോടി വര്‍ഷംമുമ്പ്, ഇയോസീന്‍ (Eocene) യുഗത്തിലാണ് അശ്വവംശത്തിന്റെ ആരംഭം. അശ്വകുടുംബത്തിന്റെ പൂര്‍വികതലമുറകളെപ്പറ്റി വ്യക്തമായ രേഖകളില്ലെങ്കിലും കോണ്ടിലാര്‍ത്ര (Condylrthra) വിഭാഗത്തില്‍പ്പെട്ട ഏതോ ഒന്നില്‍നിന്നാകണം ഇതിന്റെ ഉദ്ഭവമെന്നു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അശ്വപരിണാമത്തിന്റെ നല്ലപങ്കും വടക്കേ അമേരിക്കയിലാണു സംഭവിച്ചതെന്നത്രെ ഫോസ്സില്‍രേഖകള്‍ തെളിയിക്കുന്നത്. സീനോസോയിക് (Zenozoic) മഹാകല്പത്തില്‍ ഇവ അവിടെ ധാരാളമുണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ഇക്വസ്-ന്റെ വിവിധ സ്പീഷീസുകള്‍ ആസ്റ്റ്രേലിയ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഭൗമചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളിലൊന്നാണ് ഇത്.

ഇയോഹിപ്പസ്

ഇയോഹിപ്പസ് (Eohippus). നാല്‍ക്കുളമ്പന്‍ കുതിര എന്നു വിളിക്കപ്പെടാവുന്ന ഇതാണ് അശ്വപരിണാമപരമ്പരയിലെ ആദ്യഅംഗം. ചെറിയ നായ്ക്കുട്ടിയുടെ വലുപ്പമുള്ളവ മുതല്‍ ചെറുകുതിരയുടെ വലുപ്പമുള്ളവ വരെ ഉള്‍പ്പെടുന്ന ഇയോഹിപ്പസിന്റെ പല സ്പീഷീസ് ഇയോസീന്റെ ആരംഭഘട്ടങ്ങളില്‍ വടക്കേ അമേരിക്കയിലും യൂറോപ്പിലും ധാരാളം ഉണ്ടായിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ട്. 'ഉദയാശ്വം' (dawn-horse) എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇയോഹിപ്പസിന് 45 സെ.മീറ്ററോളം നീളമുണ്ടായിരുന്നു. അമേരിക്കയുടെ പശ്ചിമഭാഗങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെട്ട ഫോസ്സിലുകളില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമുണ്ട്. കോണ്ടിലാര്‍ത്തുകളോടു സാദൃശ്യം വഹിക്കുന്ന ഇതിന്റെ പ്രാകൃതത്വം കാരണം ഇതു കുതിരയുടെ പൂര്‍വികനാണെന്നു മനസ്സിലാക്കാന്‍ താമസം നേരിട്ടു. നീണ്ടതെങ്കിലും ചെറിയ മുഖവും അസ്ഥികളാല്‍ പൂര്‍ണമായി ആവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത നേത്രകുഹരങ്ങളും (eye sockets) ഉള്ള ഇവയ്ക്കു കുതിരയോടെന്നതിനെക്കാള്‍ കോണ്ടിലാര്‍ത്തുകളോടാണു സാദൃശ്യം. സസ്തനി പരിണാമത്തിന്റെ പ്രാഥമികഘട്ടത്തിന്റെ പ്രത്യേകതയായ 44 പല്ലുകളും ഇതിനുണ്ടായിരുന്നു. (എന്നാല്‍ ആണ്‍കുതിരയ്ക്കു 40-ഉം പെണ്‍കുതിരയ്ക്കു 36-ഉം പല്ലുകളാണുള്ളത്). ഇലകളും മറ്റും ഭക്ഷിക്കുന്നതിനുമാത്രമുതകുന്ന ചെറിയ പല്ലുകളായിരുന്നു ഇവ. പുല്ലു പ്രധാനാഹാരമായ ഇന്നത്തെ കുതിരകളുടേതില്‍നിന്നു വളരെ വ്യത്യസ്തമായ ഒരു സവിശേഷതയായിരുന്നു ഇത്. ഇന്നത്തെ കുതിരകളുടെ നിവര്‍ന്ന മുതുകില്‍നിന്നും വ്യത്യസ്തമായി ഇയോഹിപ്പസിന്റെ മുതുക് വില്ലുപോലെ വളഞ്ഞതായിരുന്നു (arched). ഇവയുടെ കാലുകള്‍ വളരെ ചെറുതായിരുന്നു എങ്കിലും നീളം വയ്ക്കാനുള്ള പ്രവണത അവയില്‍ പ്രകടമായിരുന്നു. മുന്‍കാലുകളില്‍ നാലും പിന്‍കാലില്‍ മൂന്നും വിരലുകളാണുണ്ടായിരുന്നത്. ഓരോ വിരലിന്റെയും അറ്റത്തു ചെറിയൊരു കുളമ്പുണ്ടായിരുന്നു. ആധുനിക ഒപ്പോസ(opossum)ത്തിന്റെ തലച്ചോറിനോളം മാത്രം വലുപ്പമുണ്ടായിരുന്ന മസ്തിഷ്കം അല്പവികസിതമായിരുന്നു. ആകൃതിയിലും പ്രകൃതിയിലും ഇവ പൊതുവേ ട്രാഗുലിന ഉപഗോത്രത്തില്‍പ്പെടുന്ന ചെറുകസ്തൂരിമാനിനെയോ (chevrotam) കൂരനെയോ (mouse deer) പോലെ ആയിരുന്നെങ്കിലും ബുദ്ധിശക്തിയില്‍ വളരെ പിന്നിലായിരുന്നു.

ഓറോഹിപ്പസും എപ്പിഹിപ്പസും. അശ്വപരിണാമ ചരിത്രത്തിലെ പ്രഥമഘട്ടം കാലുകളുടെ ഘടനയിലുണ്ടായ വ്യത്യാസമാണെങ്കില്‍ ദ്വിതീയഘട്ടം പല്ലുകളുടെ വിശേഷവത്കരണമാണ്. ഇയോസീന്‍യുഗത്തിന്റെ അവസാനമായപ്പോഴേക്കും ഓറോഹിപ്പസ് (Orohippus), എപ്പിഹിപ്പസ് (Epihippus) എന്നീ കുതിരകള്‍ രൂപമെടുത്തു കഴിഞ്ഞിരുന്നു. പല്ലുകളുടെ പ്രത്യേകതയൊഴിച്ചാല്‍ അണപ്പല്ലുകളില്‍ ചര്‍വണകങ്ങളും അഗ്രചര്‍വണകങ്ങളും (molars & premolars) ഒരുപോലെയിരിക്കുന്ന ആധുനിക കുതിരകളെപ്പോലെതന്നെയായിരുന്നു ഇവയും. ഇവ ശരിക്കും ഇയോഹിപ്പസിനെപ്പോലെതന്നെയായിരുന്നു. എന്നാല്‍ ഒളിഗോസീന്‍ കാലഘട്ടം ആയപ്പോഴേക്കും ഇവ ഏതാണ്ട് ആധുനിക കുതിരകളായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരുന്നു.

മീസോഹിപ്പസ് (Mesohippus). അശ്വപരിണാമത്തിലെ തൃതീയഘട്ടം എന്ന് ഈ ഇനത്തെ വിശേഷിപ്പിക്കാം. ശരീരത്തിന്റെ വലുപ്പത്തില്‍ വന്ന വര്‍ധനവ്, കൂടുതല്‍ നേരെയായിത്തീര്‍ന്ന മുതുക്, കൂടുതല്‍ നീളമുള്ള കാലുകള്‍ എന്നിവയായിരുന്നു പൂര്‍വികരെയപേക്ഷിച്ച് ഇതിനുണ്ടായിരുന്ന പ്രത്യേകതകള്‍. ഇതോടൊപ്പം മുന്‍കാലിലെ ഒരു വിരല്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ രണ്ടുജോഡികളിലും വിരലുകളുടെ എണ്ണം മൂന്നായി ചുരുങ്ങി. പല്ലുകളുടെ മോളറീകരണവും (Molarization) ഏതാണ്ടു പൂര്‍ണമായിക്കഴിഞ്ഞിരുന്നു. വടക്കേ അമേരിക്കയില്‍നിന്നു കണ്ടെടുക്കപ്പെട്ട മീസോഹിപ്പസ് ഫോസ്സിലുകളില്‍ ഈ പ്രത്യേകതകളെല്ലാം പ്രകടമാണ്. ഇതിന് ഏകദേശം ഒരു മീറ്ററോളം നീളമുണ്ടായിരുന്നു.

മയോഹിപ്പസ് (Miohippus). ഒളിഗോസീന്‍ (oilgocene) കാലഘട്ടത്തിന്റെ അന്ത്യത്തോടടുത്തപ്പോഴേക്കും മയോഹിപ്പസ് രൂപംകൊണ്ടുകഴിഞ്ഞു. ആധുനിക അശ്വപരിണാമത്തിലേക്ക് ഒരു പടികൂടി മുന്നേറിയ രൂപഘടനയായിരുന്നു ഇതിന്റേത്. ഇന്നത്തെ കുതിരകളില്‍നിന്നു വ്യത്യസ്തമായി ഇലകളും മറ്റുമായിരുന്നു ഇവയുടെ ഭക്ഷണം. ഡയസ്റ്റീമ (diastema = പല്ലുകളുടെ ഇടയ്ക്കുള്ള വിടവ്) കൂടുതല്‍ വികാസം പ്രാപിച്ചുതുടങ്ങിയിരുന്നെങ്കിലും പല്ലുകളുടെയും കാലുകളുടെയും ഘടന ഇവയുടെ പ്രത്യേക ഭക്ഷണരീതിക്കു തെളിവാണ്. മയോഹിപ്പസ് വരെയുള്ള അശ്വപരിണാമത്തെ ഋജുവായ പരിണാമം എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

മയോഹിപ്പസിനുശേഷമുള്ള അശ്വപരിണാമചരിത്രം കുറേക്കൂടി സങ്കീര്‍ണമാണ്. മയോഹിപ്പസിന്റെ അനന്തരഗാമികളായ കുറെ അംഗങ്ങള്‍ക്കു ഘടനയിലും മറ്റും വലിയ വ്യത്യാസമൊന്നുമില്ലാതെ വലുപ്പംമാത്രം വര്‍ധിക്കാന്‍ തുടങ്ങി. അങ്ങനെയുണ്ടായതാണ് ആഞ്ചിതേറുകള്‍ (Angitheres). ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ആഞ്ചിതേറിയം (Angitherium) ആണ്. വടക്കേ അമേരിക്കയില്‍ ഉദ്ഭവിച്ച ഇവ യൂറോപ്പിലേക്കും വ്യാപിക്കയുണ്ടായി. ഹൈപ്പോഹിപ്പസ് (Hypohippus), മെഗാഹിപ്പസ് (Megahippus) എന്നിവയും അറിയപ്പെടുന്ന ആഞ്ചിതേറുകള്‍ തന്നെ. ഒരു കോടിവര്‍ഷം മുമ്പ്, പ്ലയോസീന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ ആഞ്ചിതേറുകള്‍ വംശം അറ്റുപോയി.

പാരാഹിപ്പസ് (Parahippus). മയോഹിപ്പസ്-ന്റെ മറ്റുചില പിന്‍മുറക്കാര്‍ ആഞ്ചിതേറുകളെക്കാള്‍ കുറേക്കൂടി വിജയകരമായ ജീവിതം നയിക്കാന്‍ കഴിവുള്ളവയായിരുന്നു. മയോസീന്‍ കാലഘട്ടങ്ങളില്‍ വടക്കേ അമേരിക്കയിലെ സമതലങ്ങളില്‍ പുല്ലു ധാരാളമുണ്ടായിരുന്നു. ഇതു തിന്നു കഴിയാനാവശ്യമായ പ്രത്യേകതകള്‍ പല്ലിനുണ്ടായ ആദ്യജീവികളില്‍ ചിലതാണ് പാരാഹിപ്പസും, മെറിക്ഹിപ്പസും (Merychippus). ഇവയുടെ നീളംകൂടിയ, പ്രിസത്തിന്റെ ആകൃതിയാര്‍ന്ന പല്ലുകള്‍ ഒരു ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചാലും തേഞ്ഞുതീരാത്തവയായിരുന്നു.

സിമന്റ് ആവരണമുള്ള, ആഴമേറിയ ഇനാമല്‍ റിഡ്ജുകള്‍ ഈ പല്ലുകളുടെ പ്രത്യേകതയായിരുന്നു. ഡയസ്റ്റീമ നന്നായി രൂപംപ്രാപിച്ചിരുന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. പല്ലുകള്‍ക്കുണ്ടായ ഈ രൂപവ്യതിയാനങ്ങളോടൊപ്പം മുഖത്തിന്റെ ആകൃതിയിലും മാറ്റമുണ്ടായി. നീണ്ടുതുടങ്ങിയ മുഖത്തിന്റെ പകുതിക്കു പിന്നിലായിട്ടായിരുന്നു കണ്ണുകളുടെ സ്ഥാനം. ഫ്രോണ്ടല്‍ (frontal) അസ്ഥിയില്‍നിന്നുള്ള ഒരു വളര്‍ച്ച (process), കണ്ണുകളെ ഭാഗികമായി ആച്ഛാദനം ചെയ്യാനാരംഭിച്ചു. പാരാഹിപ്പസിന്റെ കാലുകള്‍ പരിണാമത്തിന്റെ അടുത്തഘട്ടം കുറിക്കുന്നു. വശങ്ങളിലെ വിരലുകള്‍ രണ്ടും ലോപിച്ച്, വേഗത്തില്‍ ഓടുമ്പോള്‍ അവ നിലംതൊടാത്ത അവസ്ഥയിലെത്തിച്ചേര്‍ന്നു. കാട്ടില്‍ ഇലകളും മറ്റും തിന്നു കഴിഞ്ഞിരുന്ന കുതിരകള്‍ക്കും പുല്ലുമേയുന്ന ഇന്നത്തെ കുതിരകള്‍ക്കും മധ്യേയുള്ള ഒരു പരിണാമഘട്ടത്തെയാണ് പാരാഹിപ്പസ് പ്രതിനിധാനം ചെയ്യുന്നത്.

മെറിക്ഹിപ്പസ് (Merychippus). പാരാഹിപ്പസില്‍ നിന്നും നേരിട്ടു രൂപകൊണ്ടതാണിത്. മയോസീന്‍ യുഗത്തിന്റെ അവസാനഘട്ടങ്ങളിലെ ഫോസ്സിലുകളില്‍നിന്ന് ഇതിനെപ്പറ്റി നമുക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആധുനിക കുതിരകളുടെ പൂര്‍വികനാണിത്.

മെറിക്ഹിപ്പസിന്റെ പില്ക്കാല സ്പീഷീസില്‍ ദന്തസംവിധാനം ഏതാണ്ട് ആധുനിക കുതിരകളുടേതുപോലെതന്നെയായിരുന്നു. ഒന്നരക്കോടിവര്‍ഷംമുന്‍പുണ്ടായ മെറിക്ഹിപ്പസിന്റെ കാലുകളില്‍ മൂന്നു വിരലുകള്‍ വീതമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഇന്നത്തെ കുതിരകളുമായി ഇവയ്ക്കു പറയത്തക്ക വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ആധുനിക കുതിരകള്‍ ഇതിന്റെ നേര്‍പിന്‍ഗാമികളാണ്.

മെറിക്ഹിപ്പസിന്റെ അനന്തരഗാമിയായ പുല്ലു തിന്നുന്ന കുതിരകള്‍ മയോസീന്റെ അവസാനത്തോടെ ആറുശാഖകളായി പിരിഞ്ഞുവെന്നു കരുതപ്പെടുന്നു. ഇവയില്‍ മിക്കതും പരിണാമപരമായി പരാജയപ്പെട്ടുവെങ്കിലും രണ്ടു ശാഖകള്‍ പ്രതിലോമശക്തികളെ അതിജീവിച്ചു. കാലില്‍ മൂന്നു വിരലുകളും, സുവികസിതങ്ങളായ പല്ലുകളും (high-crowned teeth) ഉള്ള, പുല്ലുതിന്നുന്ന കുതിരയുടെ പ്രതിനിധിയാണ് ഒന്ന്. ഹിപ്പാരിയോണ്‍ (Hipparion) ഇതിനുദാഹരണമാണ്. പ്ലയോസീന്‍ കാലഘട്ടത്തിന്റെ അവസാനത്തോടെ ഹിപ്പാരിയോണ്‍ പരമ്പര അസ്തമിച്ചുവെങ്കിലും സ്റ്റൈലോഹിപ്പാരിയോണ്‍ (Stylohipparion) എന്നറിയപ്പെടുന്ന, ഇതിനോടടുത്തബന്ധമുള്ള മറ്റൊരു ജീനസ് ആഫ്രിക്കയിലുണ്ടായിരുന്നു. പ്ളീസ്റ്റോസീന്‍ വരെ ഇവ ജീവിച്ചിരിക്കുകയും ചെയ്തു. വ. അമേരിക്കയില്‍ രൂപംകൊണ്ട ഹിപ്പാരിയോണ്‍ അലാസ്ക വഴി ഏഷ്യയിലേക്കും അവിടെനിന്നു യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വ്യാപിക്കയുണ്ടായി.

പ്ലയോഹിപ്പസ് (Pliohippus). മെറിക്ഹിപ്പസില്‍ നിന്നുദ്ഭവിച്ച് ജീവിതവിജയം കൈവരിച്ച രണ്ടാമത്തെ ഇനമാണിത്. ആധുനിക കുതിരകളുടെ നേര്‍പൂര്‍വികന്‍ എന്നിതിനെ വിശേഷിപ്പിക്കാം. മുന്‍ഗാമികളിലുണ്ടായിരുന്ന മൂന്നു കാല്‍വിരലുകളില്‍ വശങ്ങളിലേതു രണ്ടും അപ്രത്യക്ഷമായത് ഇവയുടെ പരിണാമചരിത്രത്തിലെ ഒരു അതിപ്രധാന സംഭവമാണ്. ഏതാണ്ട് അമ്പതു ലക്ഷം മുതല്‍ ഒരു കോടി വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ളയോസീന്റെ തുടക്കത്തിലും മധ്യകാലഘട്ടത്തിലുമായാണ് പ്ലയോഹിപ്പസ് വടക്കേ അമേരിക്കയില്‍ വിഹരിച്ചിരുന്നത്. ഇതിന്റെ ആദ്യകാല പ്രതിനിധികളില്‍ കാലുകളിലെ പാര്‍ശ്വവിരലുകളുടെ അംശം ഉണ്ടായിരുന്നുവെങ്കിലും അവ തറയില്‍ തൊട്ടിരുന്നില്ല. എന്നാല്‍ കുറേക്കൂടി പരിണമിച്ച ജീവികളില്‍ ഈ വിരലുകളുടെ സ്ഥാനത്ത് ചെറിയ എല്ലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവ തന്നെയും കാലിന്റെ അഗ്രത്തോടടുത്ത് ചര്‍മത്തിനുള്ളില്‍ മറഞ്ഞിരുന്നു. ഈ പ്രത്യേകതയുള്ള പ്ളയോഹിപ്പസിനെ ഇക്വസ്-ല്‍ നിന്നു വേര്‍തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.

മീസോഹിപ്പസ്
ഹിപ്പിഡയോണ്‍

ഉദ്ദേശം പത്തുലക്ഷം വര്‍ഷംമുന്‍പ് പ്ലിയോസീന്റെ അവസാനത്തോടെയാണ് പ്ലയോഹിപ്പസില്‍ നിന്ന് ഇക്വസ് ആവിര്‍ഭവിച്ചത്. ആസ്റ്റ്രേലിയ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും അവ വ്യാപിക്കുകയും ചെയ്തു. (ആസ്റ്റ്രേലിയ മറ്റു വന്‍കരകളില്‍ നിന്നു സമുദ്രങ്ങളാല്‍ വേര്‍പെട്ടു കിടന്നിരുന്നതിനാലാണ് ഇവയ്ക്ക് അത് അപ്രാപ്യമായത്.) ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്ളീസ്റ്റോസീന്‍ ശേഖരങ്ങളില്‍ ഇതിന്റെ ഫോസ്സിലുകള്‍ ധാരാളമായി കാണാം.

പ്ലിയോസീനിന്റെ അവസാനമായപ്പോഴേക്കും പനാമാ കരയിടുക്കിലൂടെ പ്ലയോഹിപ്പസ് ആദ്യമായി തെക്കേ അമേരിക്കയിലെത്തി. ഇങ്ങനെയെത്തിയ പ്ലയോഹിപ്പസിന്റെ ചില സ്പീഷീസ് അവിടെ മാത്രമായി ചില പ്രത്യേകയിനം കുതിരകള്‍ക്കു രൂപംകൊടുത്തു. ഹിപ്പിഡയോണ്‍ (Hippidion) ഇതിനുദാഹരണമാണ്. ഒറ്റക്കുളമ്പന്മാരായിരുന്ന ഇവയ്ക്ക് ഇക്വസിനോടു അടുത്തബന്ധം ഉണ്ടായിരുന്നില്ല. പ്ലീസ്റ്റോസീന്‍ ആയതോടെ ഇക്വസ് തെക്കേ അമേരിക്കയിലെത്തിച്ചേര്‍ന്നു. പരിണാമപരമായി മികച്ച ഇക്വസ്, ഹിപ്പിഡയോണ്‍ പരമ്പരയെ അനായാസം പിന്‍തള്ളി സ്വയം മുന്നേറി.

അശ്വപരിണാമചരിത്രത്തിലെ അഞ്ചുകോടി വര്‍ഷം മുഴുവന്‍ വടക്കേ അമേരിക്കയില്‍ കഴിഞ്ഞ കുതിരകള്‍ പതിനായിരം വര്‍ഷംമുന്‍പ് പെട്ടെന്നു തിരോഭവിച്ചു. ഇതിന്റെ കാരണം ഇന്നും വ്യക്തമല്ല. പില്ക്കാലത്ത് യൂറോപ്യന്മാര്‍ അമേരിക്കയിലേക്കു ധാരാളമായി കുതിരകളെ ഇറക്കുമതി ചെയ്തപ്പോള്‍ അവ അവിടത്തെ പ്രകൃതിയോടു വളരെ വേഗം താദാത്മ്യം പ്രാപിച്ചു വര്‍ധിച്ചതില്‍ നിന്നും കുതിരകളുടെ വംശനാശത്തിനുപോത്ബലകമായ പ്രകൃതിസാഹചര്യങ്ങളൊന്നും ഇന്നത്തെ നിലയ്ക്ക് അവിടെയില്ലെന്നു വ്യക്തമാണ്.

ചരിത്രാതീത മനുഷ്യനു കേവലം മാംസാഹാരത്തിന്റെ ഒരു സ്രോതസ്സു മാത്രമായിരുന്നു കുതിര. ക്രിസ്തുവിനുമുമ്പ് രണ്ടായിരമാണ്ടോടെ അവര്‍ കുതിരയെ ഇണക്കി വളര്‍ത്താനാരംഭിച്ചു. ക്രമേണ യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇതു പതിവായിത്തീര്‍ന്നു. ഇന്നു കാണപ്പെടുന്ന വിവിധയിനം കുതിരകള്‍ ശതാബ്ദങ്ങളായി അവധാനതയോടെ നടത്തപ്പെട്ട തെരഞ്ഞെടുത്തുള്ള പ്രത്യുത്പാദനത്തിന്റെ ഫലമാണ്. യാന്ത്രികയുഗത്തിനു മുമ്പുവരെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട ഒരു സമ്പത്തും സഹായിയുമായിരുന്നു കുതിര. മനുഷ്യജീവിതത്തിന്റെ പല തുറകളിലും കുതിര അതിപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

നോ: കുതിര

(ഫിലിപ്പോസ് ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍