This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വമേധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വമേധം

പ്രാചീനഭാരതത്തില്‍ സാര്‍വഭൗമന്മാരും മഹാരാജാക്കാന്‍മാരും നടത്തിയിരുന്ന ഒരു മഹായജ്ഞം. മസ്തകത്തില്‍ ജയപത്രം ബന്ധിച്ചു വിട്ടശേഷം യഥേഷ്ടം സഞ്ചരിച്ചു മടങ്ങിവന്ന കുതിരയെ ബലികഴിക്കുകയാണ് ഇതിന്റെ മുഖ്യചടങ്ങ്. ഋഗ്വേദത്തില്‍ (മണ്ഡലം-162, 163) അശ്വമേധത്തെ അധികരിച്ചു രണ്ടു സൂക്തങ്ങള്‍ ഉണ്ട്. വേദകാലത്തിന് വളരെ മുന്‍പു മുതല്‍ ഈ യജ്ഞം നിലവിലിരുന്നുവെന്ന് വ്യക്തം. ശതപഥബ്രാഹ്മണത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഇതിനെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കാത്യായനന്‍, ആപസ്തംബന്‍, ആശ്വലായനന്‍, സാംഖ്യായനന്‍ തുടങ്ങിയവരുടെ ശ്രൗതസൂത്രങ്ങളിലും ഏതദ്വിഷയകമായ വിവരങ്ങള്‍ കാണാം. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ ദശരഥന്‍ നടത്തിയ അശ്വമേധത്തെപ്പറ്റിയും മഹാഭാരതം ആശ്വമേധികപര്‍വത്തില്‍ കൗരവോന്‍മൂലനശേഷം യുധിഷ്ഠിരന്‍ നടത്തിയ അശ്വമേധത്തെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. സര്‍വാഭീഷ്ടപ്രദവും സര്‍വോത്കര്‍ഷസാധകവും സര്‍വപാപഹരവുമായ ഒരു കര്‍മമായി ഇതു പരിഗണിക്കപ്പെട്ടിരുന്നു. എല്ലാ ആഗ്രഹങ്ങളും സാധിക്കാനും എല്ലാ വിജയങ്ങളും നേടാനും എല്ലാ ഐശ്വര്യങ്ങളും പ്രാപിക്കാനും ഇച്ഛിക്കുന്നയാള്‍-രാജാവ്-അശ്വമേധയാഗം കഴിക്കണം എന്ന് ആശ്വലായനന്‍ പറയുന്നു. 'അശ്വമേധം രാജരാജ സര്‍വപാതകപാവനം അതു ചെയ്താല്‍ പാപമറ്റോനാകുംനീ, യില്ല സംശയം' എന്നാണ് വ്യാസന്‍ യുധിഷ്ഠിരന് നല്കിയ ഉപദേശം. മറ്റു മതപരമായ യാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു രാജകീയ യജ്ഞമാണ് അശ്വമേധം. രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു.

പരിപാടികള്‍. ഒരു സംവത്സരത്തില്‍പ്പരം കാലം നീണ്ടുനില്ക്കുന്ന പരിപാടികളാണ് ഈ യാഗത്തിനുള്ളത്. വസന്തകാലത്തോ ഗ്രീഷ്മകാലത്തോ ആണ് ഇത് ആരംഭിക്കുക. ചൈത്രമാസത്തിലെ പൗര്‍ണമിനാളാണ് അത്യുത്തമം. ദശരഥന്റെയും യുധിഷ്ഠിരന്റെയും അശ്വമേധങ്ങള്‍ ഈ ദിവസമാണ് തുടങ്ങിയത്. വിധിപ്രകാരം ഒരു യജ്ഞവാടം നിര്‍മിക്കുകയും പുരോഹിതന്മാരെ വരുത്തുകയും ലക്ഷണയുക്തമായ ഒരു യാഗാശ്വത്തെ തിരഞ്ഞെടുക്കുകയുമാണ് ആദ്യത്തെ ചടങ്ങ്. ഹോതാവ്, അധ്വര്യു, ബ്രഹ്മന്‍, ഉദ്ഗാതാവ് ഇങ്ങനെ നാലുപേരാണ് മുഖ്യ പുരോഹിതന്മാര്‍. യാഗാശ്വം വട്ടപ്പുള്ളിയും ശ്വേതവര്‍ണവും ഗതിവേഗവും ഉള്ളതായിരിക്കണം; മുന്‍ഭാഗം കറുത്തതും ബാക്കിഭാഗം വെളുത്തതും ആയിരുന്നാലും മതി; കറുത്ത കുഞ്ചിരോമമുള്ള വെള്ളക്കുതിരയും സ്വീകാര്യമാണ്. പുരോഹിതന്മാര്‍ക്ക് ബ്രഹ്മൗ‌ദനവും ദക്ഷിണയും നല്കി യജമാനന്‍ (യാഗകര്‍ത്താവ്) അവരെ ഉപചരിക്കുന്നു. നാലു നാഴിയും നാലു കൈക്കുമ്പിളും നാലു പിടിയും അരിയിട്ടു വേവിച്ച നെയ്ച്ചോറാണ് ബ്രഹ്മൗദനം. ആയിരം പശുക്കളും നൂറുപലം സ്വര്‍ണവുമാണ് ഓരോ പുരോഹിതനും കൊടുക്കേണ്ട പ്രാരംഭദക്ഷിണ. അഗ്നിമൂര്‍ധാവിനെയും പൂപാവിനെയും ഉദ്ദേശിച്ചു രണ്ട് ഇഷ്ടികള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകും.

യജമാനന്‍ പുതിയ വസ്ത്രങ്ങളും സ്വര്‍ണാഭരണവും ധരിച്ച് മൗനവ്രതം ആചരിക്കുന്നു. രാജദാരങ്ങളായ മഹിഷി (മുഖ്യ ഭാര്യ), വാവാത (ഇഷ്ടഭാര്യ). പരിവൃക്തി (അവഗണിതഭാര്യ), പാലാഗലി (ശൂദ്രജാതിയിലുള്ള ഭാര്യ) എന്നിവര്‍ യഥാക്രമം രാജപുത്രികളാലും ക്ഷത്രിയപുത്രികളാലും സൂതപുത്രികളാലും സംഗ്രഹീതൃപുത്രികളാലും പരിസേവിതരായി അദ്ദേഹത്തിന്റെ അടുത്തു ചെല്ലുന്നു. അദ്ദേഹം യാഗശാലയില്‍ പ്രവേശിച്ച് ഗാര്‍ഹപത്യാഗ്നിയുടെ പ.ഭാഗത്ത് വടക്കോട്ടു മുഖംതിരിച്ച് ഇരിക്കും. പ്രധാന പുരോഹിതന്മാര്‍ നാലുപേരും യാഗശാലയില്‍ കി., തെ., പ., വ. ഇങ്ങനെ നാലു ദിക്കിലായി നിലയുറപ്പിക്കും. അവര്‍ക്കു ചുറ്റും അതാതു ദിക്കില്‍ യഥാക്രമം നൂറു രാജാക്കന്‍മാരും രാജത്വമില്ലാത്ത നൂറ് ഉഗ്രന്മാരും (ക്ഷത്രിയനു ശൂദ്രസ്ത്രീയില്‍ ജനിച്ചവര്‍) ഗ്രാമത്തലവന്മാരും കൊട്ടാരം വിചാരിപ്പുകാരും നില്ക്കും. യാഗാശ്വം കി.നിന്നും തുടങ്ങി വേദിചുറ്റി പ്രദക്ഷിണം വയ്ക്കുമ്പോള്‍ അതിന്റെ പുറത്ത് പുരോഹിതന്മാര്‍ തീര്‍ഥജലം തളിക്കും. അനന്തരം അതിനെ കൊണ്ടുപോയി ഒരു ജലാശയത്തില്‍ ഇറക്കും. ഒരു ആയോഗവന്‍ (വൈശ്യസ്ത്രീയില്‍ ശൂദ്രനു ജനിച്ചവര്‍) അഥവാ ഒരു മദോന്മത്തന്‍ സിദ്ധ്രക (കൂവള) മുസലംകൊണ്ട് അടിച്ചു കൊന്ന നാലു കണ്ണുകള്‍ (രണ്ടു ശരിയായ കണ്ണും അവയ്ക്കു മീതേ രണ്ടു കുഴികളും) ഉള്ള ഒരു പട്ടിയുടെ ജഡം കാട്ടുചൂരലിന്റെ അറ്റത്തു കുരുക്കിട്ടുകെട്ടി കുതിരയുടെ കീഴില്‍ കൂടി ഒഴുക്കും. അതുകഴിഞ്ഞ് കുതിരയെ യാഗാഗ്നിക്കടുത്ത് കൊണ്ടുവന്നു നിര്‍ത്തും. അതിന്റെ ദേഹത്തുനിന്നും വെള്ളം നിശ്ശേഷം വാര്‍ന്നുപോകുന്നതുവരെ അഗ്നിയില്‍ ഓരോ ആഹൂതികള്‍ നടന്നുകൊണ്ടിരിക്കും. മുഞ്ഞപ്പുല്ലോ ദര്‍ഭപ്പുല്ലോ പന്ത്രണ്ടോ പതിമൂന്നോ മുഴം മീളത്തില്‍ പിരിച്ചുണ്ടാക്കിയ ഒരു രശന, ബ്രഹ്മൗദനത്തിനുപയോഗിച്ചതില്‍ ബാക്കിയുള്ള നെയ്യ്പുരട്ടി, 'ഇമാംഅഗൃഭ്ണം രസനാം ഋതസ്യ' എന്നു മന്ത്രം ചൊല്ലി പവിത്രമാക്കി അതുകൊണ്ട്, ബ്രഹ്മപുരോഹിതന്റെ അനുമതിയോടുകൂടി, കുതിരയെ ബന്ധിക്കുന്നു. പുരോഹിതന്മാര്‍ മന്ത്രോച്ചാരണപൂര്‍വകം അതിന്റെമീതെ തീര്‍ഥം തളിക്കുകയും യജമാനന്‍ അതിന്റെ കാതില്‍ കുതിരയുടെ എല്ലാ പര്യായങ്ങളും ഉച്ചരിക്കുകയും ചെയ്തുകഴിഞ്ഞാല്‍, 'അഷ്ടദിക്പാലകന്മാരേ, ഈ കുതിരയെ രക്ഷിച്ചുകൊള്ളേണമേ' എന്ന പ്രാര്‍ഥനയോടുകൂടി, അതിനെ രാജ്യംചുറ്റി സഞ്ചരിച്ചു വരുവാന്‍ വിടുകയായി. 400 രക്ഷികള്‍ കുതിരയ്ക്കു അകമ്പടി സേവിക്കും. അവരില്‍ 100 പേര്‍ യജമാനനൊപ്പമിരിക്കാന്‍ അര്‍ഹതയുള്ള രാജാക്കന്‍മാരാണ്. അവര്‍ പടച്ചട്ടയും ബാക്കിയുള്ളവര്‍ അവരവരുടെ അവസ്ഥപോലെ വാളും അമ്പും വില്ലും ഗദയും മറ്റും ധരിച്ചിരിക്കും. ഒരു കൊല്ലം കുതിരയ്ക്കു ഇഷ്ടംപോലെ എവിടെയും ചുറ്റി സഞ്ചരിക്കാം. എന്നാല്‍ പെണ്‍കുതിരകളുമായി സമ്മേളിക്കുന്നതിനോ വെള്ളത്തിലിറങ്ങുന്നതിനോ അതിനു അനുവാദമില്ല. രക്ഷികള്‍ ഈ കാലമത്രയും ബ്രാഹ്മണരോടു ഭക്ഷണം വാങ്ങി കഴിച്ചുകൊള്ളണം. അവര്‍ക്കു രഥശില്പികളുടെ ഭവനങ്ങളില്‍ താമസിക്കാം.

സവിത്യ-ഇഷ്ടികള്‍. കുതിര ഇങ്ങനെ ഊരുചുറ്റുന്നകാലത്ത് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി യാഗശാലയില്‍ സവിതാവിനെ സത്യപ്രസവന്‍, പ്രസവിതാവ്, ആസവിതാവ് എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടുള്ള മൂന്നു സവിതൃ-ഇഷ്ടികള്‍ നടത്തുന്നു. ഓരോ ഇഷ്ടിയിലും ആഹവനം കഴിയുമ്പോള്‍ പുരോഹിതന്മാരില്‍ പെടാത്ത ഒരു ബ്രാഹ്മണന്‍ വീണാവാദനത്തോടുകൂടി അയാള്‍ സ്വയം നിര്‍മിച്ച മൂന്നു രാജപ്രശംസാഗാഥകള്‍ ചൊല്ലും. രാജാവു ചെയ്ത യുദ്ധങ്ങളെയും യാഗങ്ങള്‍കൊണ്ടു നേടിയ വിജയങ്ങളെയും പ്രകീര്‍ത്തിച്ച് ഒരു ക്ഷത്രിയവൈണികനും മൂന്നു ഗാനങ്ങള്‍ ആലപിക്കും. എല്ലാ ദിവസവും സവിതൃ-ഇഷ്ടിക്കുശേഷം ഹോതാവ് ആഹവനീയാഗ്നിയുടെ തെ.വശത്ത് സ്വര്‍ണമയമായ ഒരു പീഠോപധാനത്തില്‍ ഇരുന്നുകൊണ്ട്, സചിവന്മാരാലും പുത്രന്മാരാലും പരീതനായ രാജാവിനോട് ഒരു പുരാണകഥ അഖ്യാനം ചെയ്യും. പാരിപ്ളവം എന്നാണ് അതിന്റെ പേര്, അതു തുടങ്ങാറാകുമ്പോള്‍ ഹോതാവ് 'അധ്വര്യോ' എന്നു സംബോധന ചെയ്യും. നാല് കാലുള്ള ഒരു സുവര്‍ണപീഠത്തില്‍ ഇരിക്കുന്ന അധ്വര്യു 'ഹോയി ഹോത' എന്നു പ്രതിവചിക്കും. മറ്റു പുരോഹിതന്മാര്‍ പീഠോപധാനങ്ങളിലോ പീഠങ്ങളിലോ ഇരിക്കും. വീണാപാണികളായ ഗായകന്മാര്‍ തെ.വശത്തിരുന്നു രാജാവിന്റെയും അദ്ദേഹത്തിന്റെ പൂര്‍വികന്മാരുടെയും അപദാനങ്ങള്‍ പാടിപ്പുകഴ്ത്തും. 10 ദിവസംകൊണ്ട് ഒരു വട്ടമെത്തുന്ന തരത്തിലാണ് പാരിപ്ളവ പരിപാടി. ഒരു കൊല്ലം പൂര്‍ത്തിയാകുന്നതുവരെ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒന്നാംദിവസം ഹോതാവ് പറയും 'മനു വിവസ്വാന്റെ പുത്രനാണ്; മനുഷ്യരാണ് മനുവിന്റെ പ്രജകള്‍; അതാ അവര്‍ അവിടെ ഇരിക്കുന്നു' എന്ന്. യാഗശാലയില്‍ ഇരിക്കുന്ന ഗൃഹികളെ ചൂണ്ടിക്കാണിക്കും. തുടര്‍ന്ന് ഋഗ്വേദത്തില്‍നിന്നും ഒരു സൂക്തം ചൊല്ലും. 2-ാം ദിവസത്തെ ആഖ്യാനത്തില്‍ യമനാണ് അധിനായകന്‍; 3-ാം ദിവസം വരുണന്‍, ഗന്ധര്‍വന്മാര്‍; 4-ാം ദിവസം സോമന്‍, അപ്സരസ്സുകള്‍; 5-ാം ദിവസം അര്‍ബുദകാദ്രവേയന്‍, സര്‍പ്പങ്ങള്‍; 6-ാം ദിവസം കുബേരവൈശ്രവണന്‍; 7-ാം ദിവസം അസിതധാന്വന്‍; 8-ാം ദിവസം മത്സ്യസാമദന്‍; 9-ാം ദിവസം താരക്ഷ്യന്‍; 10-ാം ദിവസം ധര്‍മഇന്ദ്രന്‍-ഇതാണ് ആഖ്യാനത്തിനു പാത്രീഭവിക്കുന്നവരുടെ ക്രമം.

ഒരു സംവത്സരക്കാലം എല്ലാ ദിവസവും വൈകീട്ട് 'ധൃതി' എന്ന പേരില്‍ ആഹവനീയാഗ്നിയില്‍ 4 ഹവനങ്ങള്‍ നടക്കും. 1-ാം ദിവസം 49 പ്രക്രമഹോമങ്ങള്‍ ഉണ്ടാവും. 'ഹിങ്കരായ സ്വാഹാ' എന്നുച്ചരിച്ചുകൊണ്ടാണ് ഹവ്യാര്‍പ്പണം തുടങ്ങുക. ഇങ്ങനെ സവിതൃ-ഇഷ്ടികളും ഗാനങ്ങളും പാരിപ്ളവങ്ങളും ധൃതിഹോമങ്ങളും തുടര്‍ന്നുപോകുന്നു. യജമാനന്‍ രാജസൂയത്തിലെപ്പോലെയുള്ള അനുഷ്ഠാനങ്ങള്‍ ചെയ്യണം. ഹോതാവിനും അധ്വര്യുവിനും ഗായകന്മാര്‍ക്കും വമ്പിച്ച വേതനങ്ങള്‍ കൊടുക്കണം. രാജാവ് യജമാനനായിരിക്കുന്ന കാലത്ത് അധ്വര്യുവാണ് രാജാവായി ഭരണം നടത്തുക. 'ബ്രാഹ്മണരേ, പ്രഭുക്കന്‍മാരേ, ഈ അധ്വര്യുവാണ് നിങ്ങളുടെ രാജാവ്; നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ചുവന്ന ബഹുമതി ഇനിമേല്‍ ഇദ്ദേഹത്തില്‍ അര്‍പ്പിക്കുക. ഇദ്ദേഹം എന്തു ചെയ്യുന്നുവോ അതു ഞാന്‍ ചെയ്തതായി വിചാരിച്ചുകൊള്ളുക' എന്നു യഥാവസരം രാജാവ് പ്രഖ്യാപിച്ചിരിക്കും.

കുതിര ചത്തുപോവുകയോ രോഗബാധിതമാവുകയോ ചെയ്യുന്നപക്ഷം പല പ്രതിശാന്തികര്‍മങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ശത്രുക്കള്‍ കുതിരയെ പിടിച്ചുകൊണ്ടുപോകുന്നപക്ഷം അശ്വമേധം നിഷ്ഫലമായിപ്പോകും.

ബലികള്‍. പര്യടനം വിജയപൂര്‍വം സാധിച്ച കുതിരയെ വര്‍ഷാവസാനത്തില്‍ തിരിച്ചുകൊണ്ടുവന്ന് ലായത്തില്‍ കെട്ടുന്നു. അപ്പോള്‍ യജമാനന്‍ ദീക്ഷിതനാകുന്നു. ദീക്ഷ ഏറ്റുകഴിഞ്ഞാല്‍ പിന്നെ രാജാവ് ദേവതുല്യനായി പ്രകീര്‍ത്തിക്കപ്പെടുന്നു. അവഭൃഥേഷ്ടിയുടെയും മറ്റും സമയത്ത് അദ്ദേഹത്തിനു പ്രജാപതിയുടെ പദവിയാണുള്ളത്. പ്രധാനയാഗം 3 ദിവസം ഉണ്ടാകും. ആദ്യദിവസം വളരെയധികം ജന്തുക്കളെ യൂപങ്ങളില്‍ ബന്ധിച്ചശേഷം ബലികഴിക്കുന്നു. യാഗശാലയില്‍ 21 മുഴം ഉയരമുള്ള 21 യൂപങ്ങള്‍ നാട്ടിയിരിക്കും. യൂപങ്ങള്‍ ഇന്നയിന്ന മരംകൊണ്ടുള്ളതായിരിക്കണമെന്ന വിധിയുണ്ട്. നടുക്കു രജുതാലമോ ശ്ലേഷ്മാടകമോ ആണു വേണ്ടത്. വശങ്ങളില്‍ പൈന്‍, ബില്വം, ഖദിരം, പലാശം എന്നീ മരങ്ങളും; ഓരോ ദേവന്മാരെ ഉദ്ദേശിച്ച് മൃഗങ്ങള്‍ക്കു പുറമേ ജലജന്തുക്കള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവയും ബലികഴിക്കപ്പെടുന്നു.

ബ്രഹ്മോദ്യം, അശ്ലീലസംവാദം മുതലായ വിശേഷപ്പെട്ട ഇനങ്ങള്‍ അടങ്ങിയ രണ്ടാംദിവസത്തെ പരിപാടികളാണ് ഏറ്റവും ശ്രദ്ധേയം. യാഗാശ്വത്തെ ഒരു രഥത്തില്‍ പൂട്ടി അതില്‍ അധ്വര്യുവും യജമാനനും കയറി ഇരിക്കും. രഥം ഓടിച്ചുകൊണ്ടുപോയി കുതിരയെ ഒരു ജലാശയത്തിലിറക്കും. കുതിര യജ്ഞശാലയില്‍ മടങ്ങിയെത്തുമ്പോള്‍ പട്ടമഹിഷിയും വാവാതയും പരിവൃക്തിയും യഥാക്രമം അതിന്റെ മുന്‍ഭാഗത്തും മധ്യഭാഗത്തും പിന്‍ഭാഗത്തും പുതിയ വെണ്ണപുരട്ടും. 101 സ്വര്‍ണമണികള്‍ 'ഭൂഃ, ഭുവഃ, സ്വഃ' എന്നീ മന്ത്രങ്ങള്‍ യഥാക്രമം ഉച്ചരിച്ചുകൊണ്ട് തലയിലും കുഞ്ചിരോമത്തിലും വാലിലും കെട്ടും. കഴിഞ്ഞ ദിവസത്തെ ഹവ്യോച്ഛിഷ്ടങ്ങള്‍ അതിനു തിന്നാന്‍ കൊടുക്കും. തിന്നുന്നില്ലെങ്കില്‍ അവ വെള്ളത്തില്‍ കളയും. യൂപത്തിനടുത്ത് ഹോതാവും ബ്രഹ്മനും തമ്മില്‍ ഒരു സംവാദമുണ്ട് ഈ ഘട്ടത്തില്‍. ഋഗ്വേദസൂക്തംകൊണ്ട് (മണ്ഡലം 1-163) യാഗാശ്വം വാഴ്ത്തപ്പെടുന്നു. പുല്‍ത്തറയില്‍ ഒരു വസ്ത്രവും അതിന്‍മേല്‍ ഒരു കംബളവും വിരിച്ച് അതില്‍ ഒരു സ്വര്‍ണക്കഷണം നിക്ഷേപിച്ചിട്ട് കുതിരയെ അതിന്റെ പുറത്തു കിടത്തി ശ്വാസം മുട്ടിച്ചു കൊല്ലുന്നു. രാജപത്നികള്‍ ചത്ത കുതിരയുടെ ചുറ്റും 'ഗണാനാംത്വാ' എന്നുച്ചരിച്ചുകൊണ്ട് ഇടത്തുനിന്നു വലത്തോട്ടും, 'പ്രിയാനാംത്വാ' എന്നുച്ചരിച്ചുകൊണ്ട് വലത്തുനിന്നും ഇടത്തോട്ടും 'നിധീനാംത്വാ' എന്നുച്ചരിച്ചുകൊണ്ടു വീണ്ടും ഇടത്തുനിന്നു വലത്തോട്ടും 3 പ്രാവശ്യം നടക്കുകയും വസ്ത്രാഞ്ചലംകൊണ്ട് അതിനെ വീശുകയും ചെയ്യും. ഈ സമയത്ത് അവരുടെ വലതുവശത്തെ മുടി മേലോട്ടു കെട്ടിവച്ചിരിക്കും. ഇടതുവശത്തേത് അഴിച്ചിട്ടിരിക്കും. അവര്‍ തങ്ങളുടെ വലത്തെ കൈകൊണ്ട് ഇടത്തെ തുടയ്ക്ക് അടിക്കും.

അടുത്തത് എത്രയും അശ്ലീലമായ ഒരു കര്‍മമാണ്. പട്ടമഹിഷി ചത്ത കുതിരയുടെ സമീപം കിടക്കുന്നു. അധ്വര്യു താഴത്തെ കംബളത്തിന്റെ ഒരുഭാഗം വലിച്ച് അവരെ മൂടുന്നു. അപ്പോള്‍ മഹിഷി കുതിരയുമായി സംയോഗത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് സങ്കല്പം. വേദിക്കു പുറത്തു നില്ക്കുന്ന ഹോതാവ് മഹിഷിയെ അശ്ലീലഭാഷയില്‍ അധിക്ഷേപിക്കുന്നു. അവളും അവളെ പരിചരിക്കുന്ന രാജകുമാരിമാരും ചേര്‍ന്നു തിരിച്ചടിക്കുന്നു. ബ്രഹ്മപുരോഹിതനും വാവാതയും തമ്മില്‍ ഇതുപോലൊരു അശ്ലീലസംവാദം നടത്തുന്നു. എല്ലാ മുഖ്യപുരോഹിതന്മാരും കൊട്ടാരം വിചാരിപ്പുകാരും ഈ അസഭ്യവാക്സമരപരിപാടിയില്‍ പങ്കെടുക്കും. പരിചരണത്തിനു നില്ക്കുന്ന രാജകുമാരിമാരിലൊരാള്‍ പട്ടമഹിഷിയെ പിടിച്ച് എഴുന്നേല്പിക്കും. അടുത്തത് കുതിരയെ വെട്ടിമുറിക്കുന്ന ചടങ്ങാണ്. മഹിഷി സ്വര്‍ണക്കത്തികൊണ്ടും വാവാത വെള്ളിക്കത്തികൊണ്ടും പരിവൃത്തി ഇരുമ്പുകത്തികൊണ്ടും അതിനെ വെട്ടിക്കണ്ടിച്ച് 'വപ' (മേദസ്സ്; നെയ്വല) എടുക്കുന്നു. കുതിരയുടെ രക്തം പചിച്ച് മറ്റുഹവനങ്ങളുടെ ഒടുവില്‍ 'സ്വിഷ്ടകൃത്തിനു' ഹോമിക്കുന്നു.

അവഭൃഥേഷ്ടി. മൂന്നാംദിവസം സമാപനച്ചടങ്ങായ 'അവഭൃഥേഷ്ടി' ആണ്. ഇഷ്ടിയുടെ അവസാനത്തില്‍ പിംഗലവര്‍ണമായ അക്ഷിഗോളങ്ങളും ഉന്തിച്ച പല്ലും കഷണ്ടിയും പാണ്ടും ഉള്ള ഒരുവന്‍ വെള്ളത്തില്‍ മുങ്ങും. അവന്റെ തലയ്ക്കുമീതെ 'ജംബുകസ്വാഹാ' (ജംബുകന്‍ എന്നാല്‍ വരുണന്‍ എന്നര്‍ഥം) എന്നുച്ചരിച്ചുകൊണ്ടുള്ള ഒരു ബലിയര്‍പ്പിക്കലുണ്ട്. ഈ 'ജംബുകസ്വാഹാഹൂതി'യാണ് അശ്വമേധത്തിലെ അവസാനത്തെ ആഹൂതി.

ഉപകര്‍മങ്ങള്‍ പലതിനും പറഞ്ഞിട്ടുള്ള ദാനങ്ങള്‍ക്കു പുറമേ, യാഗത്തിന്റെ 1-ാം ദിവസവും 3-ാം ദിവസവും യജമാനന്‍ 1,000 പശുക്കളെ ദാനം ചെയ്യണം. 2-ാം ദിവസം തന്റെ രാജ്യത്തിലുള്ള ഒരു ജനപദത്തിലെ അബ്രാഹ്മണരുടെ വക സകല സ്വത്തും ദാനം ചെയ്യണം. അല്ലെങ്കില്‍ പിടിച്ചടക്കിയ കിഴക്കന്‍രാജ്യങ്ങളിലെ സ്വത്ത് ഹോതാവിനും, തെക്കന്‍ രാജ്യങ്ങളിലെ സ്വത്ത് ബ്രഹ്മനും, പടിഞ്ഞാറന്‍ രാജ്യങ്ങളിലേത് അധ്വര്യുവിനും, വടക്കന്‍ രാജ്യങ്ങളിലേത് ഉദ്ഗാതാവിനും അവരുടെ സില്‍ബന്തികള്‍ക്കുമായി ദാനം ചെയ്യണം. അതുമല്ലെങ്കില്‍ കുറഞ്ഞപക്ഷം ഓരോ മുഖ്യ പുരോഹിതനും 48,000 വീതവും ഹോതാവ്, ബ്രഹ്മന്‍, അധ്വര്യു, ഉദ്ഗാതാവ് എന്നിവരുടെ മൂന്നുപേരടങ്ങിയ സംഘത്തിന് 24,000, 12,000, 6,000 എന്നീ കണക്കിനും പശുക്കളെ ദാനം ചെയ്യണം. നാലുദിക്കിലും കീഴടക്കിയ രാജ്യങ്ങളിലെ ബ്രാഹ്മണേതരരുടെ ഭൂമിയും മനുഷ്യരും ഒഴികെയുള്ള സര്‍വസ്വത്തും ദാനം ചെയ്യേണ്ടതാണെന്ന് ആശ്വലായനന്‍ പറയുന്നു. രാജകളത്രങ്ങളും അവരുടെ ദാസിമാരും ദേയസാധനങ്ങളില്‍പ്പെടും.

അതിപ്രാചീനകാലങ്ങളില്‍ത്തന്നെയും ഈ യാഗം വളരെ ചുരുക്കമായേ നടന്നിട്ടുള്ളു. തൈത്തിരീയ ബ്രാഹ്മണത്തിലും ശതപഥബ്രാഹ്മണത്തിലും 'ഉത്സന്ന' (ലുപ്തപ്രചാരം) കര്‍മമായിട്ടാണ് ഇതിനെപ്പറ്റിയുള്ള പരാമര്‍ശം. യുധിഷ്ഠിരന്‍ നടത്തിയതുപോലെ ഒരു അശ്വമേധം ഒരു രാജാവും നടത്തിയിട്ടില്ലത്രെ. കുരുക്ഷേത്രയുദ്ധത്തില്‍ ഗുരുജനങ്ങള്‍ ഉള്‍പ്പെടെ ലക്ഷോപലക്ഷംപേരെ കൊന്നതുകൊണ്ടുണ്ടായ പാപം പരിഹരിക്കാന്‍ വ്യാസന്റെ ഉപദേശപ്രകാരം നടത്തിയ മഹാക്രതുവാണത്. സൂര്യവംശത്തില്‍ സഗരനും രഘുവും ദശരഥനും ശ്രീരാമനും അശ്വമേധം നടത്തിയതായി പുരാണങ്ങളില്‍ പറഞ്ഞുകാണുന്നു. ചാലൂക്യചക്രവര്‍ത്തിയായ പുലകേശി അശ്വമേധാന്ത്യത്തിലെ അവഭൃഥസ്നാനംകൊണ്ട് പുണ്യം നേടിയതായി എ.ഡി. 757-ലെ ഒരു ശിലാരേഖയുണ്ട്. 18-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ അംബറിലെ രാജാവായ സവായിജയസിംഗ് നടത്തിയ അശ്വമേധത്തെപ്പറ്റി കൃഷ്ണകവി ഈശ്വരവിലാസകാവ്യത്തില്‍ വര്‍ണിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍