This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വപ്രദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വപ്രദര്‍ശനം

Horse show

കുതിരകളെ തരംതിരിച്ചോ ജോടിചേര്‍ത്തോ വില്പനയ്ക്കായി കമ്പോളസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന പ്രക്രിയ. എന്നാല്‍ വില്പനക്കുവേണ്ടിയല്ലാതെ തന്നെ മെച്ചപ്പെട്ട ഉരുക്കളുടെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കാനും അശ്വപ്രദര്‍ശനങ്ങള്‍ നടത്തിവന്നു. പ്രത്യേകം പരിശീലനം നല്കിയിട്ടുള്ള കുതിരകളെക്കൊണ്ടു പൊതുസ്ഥലങ്ങളില്‍ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുന്നതും കുതിരയോട്ടം, കുതിരച്ചാട്ടം എന്നിവയിലുള്ള മത്സരങ്ങള്‍ നടത്തുന്നതും അശ്വപ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രീയമായ ശിക്ഷണം ലക്ഷ്യബോധത്തോടെ നല്കപ്പെട്ടിട്ടുള്ള കുതിരകളെക്കൊണ്ട് പട്ടാളം, പൊലീസ് തുടങ്ങിയ സൈനികവും അര്‍ധസൈനികവുമായ സേവനത്തുറകളിലെ അശ്വാരൂഢസേനാവിഭാഗങ്ങള്‍ നടത്താറുള്ള അഭ്യാസപ്രകടനങ്ങളും അശ്വപ്രദര്‍ശനത്തിന്റെ പരിധിക്കുള്ളില്‍ വരുന്നു. ഇതിനോടു സാദൃശ്യമുള്ള അശ്വപ്രദര്‍ശനങ്ങള്‍ സര്‍ക്കസ് കൂടാരങ്ങളിലും നടത്തിവരുന്നുണ്ട്.

ചരിത്രം. കുതിരകള്‍ മനുഷ്യജീവിതത്തിലെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നതോടെ അവയുടെ ക്രയവിക്രയങ്ങള്‍ ആവശ്യമായിവന്നു. അതോടൊപ്പം തന്നെ അതിനുള്ള കമ്പോളങ്ങള്‍ രൂപപ്പെടുകയും അവിടെ അശ്വപ്രദര്‍ശനങ്ങള്‍ സ്വാഭാവികമായിത്തീരുകയും ചെയ്തു. വളരെ പ്രാചീനകാലം മുതല്‍ യൂറോപ്പിലും ഏഷ്യയിലും അശ്വപ്രദര്‍ശനങ്ങള്‍ പ്രചരിച്ചിരുന്നു.

യൂറോപ്പില്‍, പ്രത്യേകിച്ച് ബ്രിട്ടീഷ് ദ്വീപുകളില്‍ വര്‍ഷംതോറും വലിയ ഉത്സവമേളകള്‍ സംഘടിപ്പിക്കുകയും അവയോടു ചേര്‍ന്നുള്ള വാണിഭസ്ഥലങ്ങളില്‍ കുതിരകളെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി കൊണ്ടുവരികയും ചെയ്യുക പതിവായിരുന്നു. ഇത്തരം ഒരു ഉത്സവവാണിഭരംഗം 1855-ല്‍ റോസാബോണ്‍ ഫ്യൂര്‍ ചിത്രീകരിച്ചു. കുതിരച്ചന്ത (Horsefair) എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ചിത്രം ഇന്നു വിശ്വവിഖ്യാതമായിട്ടുണ്ട്. യു.എസ്സില്‍ കൗബോയികള്‍ (cowboys) കുതിരകളെക്കൊണ്ട് വിവിധതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും വിചിത്രതരമായ കുതിരസവാരി സമ്പ്രദായങ്ങളും നടത്തി ആഘോഷിക്കാറുണ്ട്. ഇതും അശ്വപ്രദര്‍ശനത്തില്‍ ഉള്‍​പ്പെടുത്താവുന്നതാണ്.

ഗതാഗതസൗകര്യങ്ങള്‍ ഇന്നത്തെപ്പോലെ ഇല്ലാതിരുന്ന കാലത്ത് ഏതാണ്ട് ഒരു നൂറ്റാണ്ടുമുന്‍പുവരെയും അമേരിക്കയിലും യൂറോപ്പിലും സാധാരണക്കാരന്റെ വാഹനവും ഗതാഗതവും കുതിരയുമായി ബന്ധപ്പെട്ടിരുന്നു. അമേരിക്കന്‍ വിപ്ലവകാലത്ത് എല്ലാത്തരം യാത്രയും കുതിരയുടെ സഹായത്തോടെയാണ് നിര്‍വഹിച്ചിരുന്നത്. അതായത് കുതിരപ്പുറത്തോ, കുതിരവലിക്കുന്ന വണ്ടിക്കകത്തോ ഇരുന്നുള്ള യാത്രായാണ് അന്നു സര്‍വസാധാരണമായിരുന്നത്. കൃഷിസ്ഥലങ്ങള്‍ ഉഴുന്നതിനു കൃഷിക്കാരും, കാലികളെ മേയ്ക്കുന്നിടത്ത് കാവല്‍ നില്ക്കുന്നതിനു കൗബോയികളും, രോഗികളെ സന്ദര്‍ശിക്കുന്നതിനു ഭിഷക്കുകളും, ദൂരസ്ഥലങ്ങളായ കുടുംബദേവാലയങ്ങളില്‍ പോകുന്നതിന് ഗൃഹസ്ഥന്മാരും, കുതിരകളെ ഉപയോഗിച്ചിരുന്നു. അക്കാലത്ത് അഗ്നിശമനയന്ത്രങ്ങള്‍ വലിച്ചുകൊണ്ടു പോയിരുന്നതും കുതിരകളായിരുന്നു.

ഇങ്ങനെ കൃഷി, ഗതാഗതം, യുദ്ധം തുടങ്ങിയ രംഗങ്ങളില്‍ കുതിരകളുടെ ഉപയോഗം വര്‍ധിച്ചുവന്നതോടെ ഓരോ ആവശ്യത്തിനും ഏറ്റവും പറ്റിയ ഇനം ഉരുക്കളെ ഉത്പാദിപ്പിക്കുവാനുള്ള പരിശ്രമങ്ങളും ഉണ്ടായി. ഭാരം വഹിക്കുക, അതു വലിച്ചുകൊണ്ടുപോകുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക എന്നിവയ്ക്കു വേണ്ടത്ര കഴിവും കരുത്തും ഉള്ള ഉരുക്കളെ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ഒരു മത്സര മനോഭാവം തന്നെ ഉയര്‍ന്നുവന്നു. അതുപോലെ വേഗത്തില്‍ ഓടുവാനും ഉയരത്തില്‍ കുതിച്ചുചാടുവാനും കുതിരകള്‍ക്കുള്ള കഴിവ് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കുതിരപ്പന്തയങ്ങള്‍ ലോകത്തെവിടെയും ഉണ്ടായതോടെ അതിലേക്കു യോജിച്ച പന്തയക്കുതിരകളെ ഉത്പാദിപ്പിക്കേണ്ടതും ആവശ്യമായിവന്നു. പലതരത്തിലുള്ള സങ്കരപ്രക്രിയകളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉരുക്കളുടെ സവിശേഷതകള്‍ തെളിയിക്കുന്നതിനും, ആ രംഗത്തുണ്ടായിക്കൊണ്ടിരുന്ന വികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും ഓരോരുത്തരും അവരവര്‍ക്ക് ഉത്പാദിപ്പിക്കുവാന്‍ കഴിഞ്ഞ മെച്ചപ്പെട്ട ഉരുക്കളെ പ്രദര്‍ശിപ്പിച്ചുതുടങ്ങി. അതിനുവേണ്ടി വര്‍ഷംതോറും അനുയോജ്യമായ കാലാവസ്ഥയില്‍ സൗകര്യപ്രദമായ സ്ഥലത്ത് ഉത്സവമേളകളുടെ ഭാഗമായും അല്ലാതെയും അശ്വപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന പതിവും നിലവില്‍വന്നു.

യൂറോപ്പില്‍ ഒട്ടുമിക്ക രാജ്യങ്ങളിലും അശ്വപ്രദര്‍ശനം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലവില്‍വന്നു. അറബിക്കുതിരകള്‍ക്കു ലോകമെങ്ങും പ്രിയം വര്‍ധിച്ചതോടെ മധ്യപൂര്‍വദേശത്തും കുതിരക്കമ്പോളങ്ങള്‍ നടപ്പിലായി. അതിന്റെ ഫലമായി കുതിരകളെ ഇനംതിരിച്ചും ജോടിചേര്‍ത്തും ചമയങ്ങള്‍ അണിയിച്ചൊരുക്കി ആകര്‍ഷകമാംവിധം കമ്പോളങ്ങളില്‍ പ്രദര്‍ശിപ്പിച്ചുവന്നു. ഇത്തരം അശ്വപ്രദര്‍ശനങ്ങളാണ് പ്രാചീനകാലങ്ങളില്‍ നിലവിലുണ്ടായിരുന്നത്. പില്ക്കാലത്ത് കുതിരകളുടെ അഭ്യാസങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ക്കു കൂടുതല്‍ പ്രചാരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് അശ്വപ്രദര്‍ശനങ്ങളുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഇന്നു കുതിരകളുടെ സ്ഥാനം യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ കവര്‍ന്നെടുത്തുകഴിഞ്ഞിട്ടുണ്ടെങ്കിലും വിനോദപ്രധാനമായ ഒരു നാഗരികദൃശ്യമായി അശ്വപ്രദര്‍ശനങ്ങള്‍ നിലനിന്നുവരുന്നു.

പ്രചാരം. കുതിരപ്രദര്‍ശനങ്ങളും കുതിരയോട്ട മത്സരങ്ങളും എല്ലാ രാഷ്ട്രങ്ങളിലും ഇന്നു നടത്തപ്പെടാറുണ്ട്. പ്രമുഖനഗരങ്ങളില്‍ എല്ലാംതന്നെ ചൂതുകളിയോടൊപ്പം കുതിരപ്പന്തയങ്ങളും ഒരു ധനാഗമമാര്‍ഗമായും വിനോദമാധ്യമമായും വികസിച്ചുവന്നിട്ടുണ്ട്. ഇന്ന് കൂടുതല്‍ ജനങ്ങള്‍ കുതിരപ്പന്തയങ്ങളില്‍ താത്പര്യം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള കുതിരപ്പന്തയവും പ്രദര്‍ശനങ്ങളും യൂറോപ്പില്‍നിന്നും ആണ് അമേരിക്കയിലേക്കും ഏഷ്യയിലേക്കും കടന്നുചെന്നിട്ടുള്ളത്. 1880-നോടടുപ്പിച്ചാണ് അമേരിക്കയില്‍ ആദ്യത്തെ കുതിരപ്പന്തയവും അശ്വപ്രദര്‍ശനവും നടന്നത്. അന്നുമുതല്‍ അതിന് അവിടെ പൊതുജനങ്ങളുടെ അംഗീകാരം ലഭിച്ചു. ഇന്ന് വര്‍ഷംതോറും വലുതും ചെറുതുമായ ഏതാണ്ട് ആയിരത്തിലധികം അശ്വപ്രദര്‍ശനങ്ങള്‍ അവിടെ നടന്നുവരുന്നുണ്ട്. ഏഷ്യയില്‍ 19-ാം ശ.-ത്തിന്റെ ആരംഭകാലത്തുതന്നെ കുതിരയോട്ടമത്സരങ്ങള്‍ക്കും കുതിരപ്പന്തയങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിരുന്നു. ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരും പ്രഭുക്കന്‍മാരും അവരുടെ ഒരു പ്രധാനവിനോദമായി കുതിരവളര്‍ത്തലും അശ്വപ്രദര്‍ശനങ്ങളും നടത്തിവന്നിരുന്നു. ഇന്ന് ഇത്തരം പ്രദര്‍ശനങ്ങള്‍ക്കു പ്രാധാന്യം കുറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും ജയ്പൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ അശ്വപ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, മൈസൂര്‍, ബാംഗ്ലൂര്‍, മുംബൈ, പൂണെ, ചെന്നൈ, ഊട്ടി എന്നിവിടങ്ങളില്‍ അനുയോജ്യ കാലാവസ്ഥകളില്‍ കുതിരപ്പന്തയങ്ങളും നടത്തിവന്നിരുന്നു.

മത്സരങ്ങള്‍. പ്രാചീന യൂറോപ്പില്‍ അശ്വപ്രദര്‍ശനങ്ങള്‍ക്കു പ്രസിദ്ധി നേടിയത് ഗ്രീസ് ആണ്. ഇന്ന് ഒളിമ്പിക്സ് മത്സരങ്ങളില്‍ കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായികമത്സരങ്ങള്‍ നടത്തിവരുന്നു. ഈ മത്സരങ്ങള്‍ക്ക് ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഫെഡറേഷന്‍ ഇക്വസ്ത്രേ ഇന്റര്‍നാഷണല്‍ (Federation Equestre International:F.E.I) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍വച്ച് അശ്വപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു നടത്താറുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും മറ്റുചില സംസ്ഥാനങ്ങളിലും വച്ചു നടത്തിവരാറുള്ള ദേശീയ അശ്വപ്രദര്‍ശനത്തിന്റെ ഭാഗമായി പലതരം മത്സരങ്ങളിലും കുതിരകളെ പങ്കെടുപ്പിക്കാറുണ്ട്. ഒളിമ്പിക് മത്സരങ്ങളിലും ചാട്ടം ഇനത്തില്‍​പ്പെട്ട പലതരം മത്സരങ്ങളില്‍ അദ്ഭുതാവഹമായ അഭ്യാസങ്ങള്‍ കുതിരകള്‍ക്കു പ്രകടിപ്പിക്കുവാന്‍ കഴിയുമെന്നു തെളിയിച്ചിട്ടുണ്ട്. വെളിംപുറമത്സരങ്ങളില്‍ കുതിരകളെ സാധാരണയായി ഡ്രസ്സേജ് ടെസ്റ്റ് (Dressage test), ക്രോസ് കണ്‍ട്രി (Cross country), സ്റ്റീപ്പിള്‍ ചേസ് പെര്‍ഫോര്‍മന്‍സ് (Steeple chase performance) എന്നിവ ഉള്‍​പ്പെടെയുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (Endurance test), ജംമ്പിങ് ടെസ്റ്റ് (Jumping test) എന്നീ ഇനങ്ങളിലാണ് പങ്കെടുപ്പിക്കുക.

ബല്‍ജിയത്തിലെ ബ്രസല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന (F.E.I)-യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സൈനിക പ്രദര്‍ശനങ്ങളൊഴിച്ചാല്‍ ഇന്നു യൂറോപ്പില്‍ അശ്വപ്രദര്‍ശനങ്ങള്‍ പ്രായേണ ക്ഷയിച്ചുകൊണ്ടാണിരിക്കുന്നത്. ഈ പ്രദര്‍ശനത്തില്‍ ഫ്രാന്‍സ്, ഹോളന്‍ഡ്, ജര്‍മനി, സ്വീഡന്‍, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി, അയര്‍ലണ്ട്, സ്പെയിന്‍, യു.എസ്., കാനഡ, മെക്സിക്കോ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ പലയിനം മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. യൂറോപ്പിലുള്ള വന്‍കിട അശ്വപ്രദര്‍ശനങ്ങളെക്കാള്‍ പ്രാധാന്യം ബ്രിട്ടീഷ് ദ്വീപസമൂഹങ്ങളിലെ അശ്വപ്രദര്‍ശനങ്ങള്‍ നേടിയിരുന്നു. 'കുതിരകളുടെ രാജ്യ'മെന്ന കീര്‍ത്തി നേടിയിട്ടുള്ള ബ്രിട്ടനില്‍ മെച്ചപ്പെട്ട പല കുതിരപ്രദര്‍ശനങ്ങളും നടന്നുവരുന്നു. വര്‍ഷംതോറും അവിടെ ഒളിമ്പിയായില്‍ നടത്തിയിരുന്ന അന്താരാഷ്ട്ര കുതിരച്ചാട്ടമത്സരം ഇക്കൂട്ടത്തില്‍​പ്പെട്ട ഒരു പ്രധാന ഇനമായി അംഗീകരം നേടിയിട്ടുള്ളതാണ്. അടുത്തകാലത്ത് വൈറ്റ് സ്റ്റേഡിയത്തിലും ഇത്തരം മത്സരം നടത്തിവരുന്നുണ്ട്.

സംഘടനകള്‍. അശ്വപ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമാനുശാസനങ്ങളോ അവ നടപ്പാക്കുന്നതിനു ചുമതലപ്പെട്ട സമിതികളോ ഇംഗ്ലണ്ടിലില്ല. എന്നാല്‍ ബ്രിട്ടീഷ് ഹോഴ്സ് സൊസൈറ്റി , ബ്രിട്ടീഷ് പോണി ക്ലബ് (British Pony Club), ഹാക്നി ഹോഴ്സ് സൊസൈറ്റി ഒഫ് ഇംഗ്ലണ്ട് (Hackney Horse Society of England) എന്നീ സംഘടനകള്‍ അശ്വപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏതാണ്ടൊരു നിലവാരം ഉണ്ടാക്കുന്നുണ്ടെന്നു പറയാം. അയര്‍ലണ്ടിലെ ഡബ്ലിനില്‍വച്ചു നടത്തിവരാറുള്ള 'ഐറിഷ് ഹണ്ടര്‍' (Irish Hunter) അശ്വപ്രദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അമേരിക്കന്‍ ഹോഴ്സ് ഷോ അസോസിയേഷന്റെ റൂള്‍ ബുക്ക് (Rule Book) അവലംബമാക്കി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു സംഘടന കാനഡയിലും ഉണ്ട്. കാനഡാ ഹോഴ്സ് ഷോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി അശ്വപ്രദര്‍ശനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറിയ പങ്കും കാനഡയിലെ കിഴക്കന്‍ നഗരങ്ങളിലാണ് നടത്താറുള്ളത്. ടൊറന്റോയിലെ റോയല്‍ വിന്റര്‍ ഫെയര്‍ ഇതിനൊരുദാഹരണമാണ്. സാധാരണ അശ്വപ്രദര്‍ശനങ്ങളില്‍ അവതരിപ്പിക്കാറുള്ള പ്രകടനങ്ങള്‍ കൂടാതെ അന്താരാഷ്ട്ര അടിസ്ഥാനത്തിലുള്ള കുതിരച്ചാട്ട മത്സരങ്ങളും ഇവിടെ നടത്താറുണ്ട്.

ഇംഗ്ലണ്ടിലെ ഒരു അശ്വപ്രദര്‍ശനത്തിന്റെ ഭാഗമായുള്ള കുതിരപ്പന്തയം

അമേരിക്കയില്‍ അശ്വപ്രദര്‍ശനങ്ങള്‍ ഏറിയപങ്കും അമേരിക്കന്‍ ഹോഴ്സ്ഷോ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചുവരുന്നത്. എല്ലായിനം കുതിരകളെയും എല്ലാ പ്രദേശങ്ങളെയും പ്രതിനിധാനം ചെയ്യുമാറ് 50 ഡയറക്ടര്‍മാര്‍ ഈ അസോസിയേഷനുണ്ട്. ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ മത്സരങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കി നടപ്പില്‍ വരുത്തുക, മാനേജുമെന്റും പ്രദര്‍ശകരും ജഡ്ജിമാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, നിയമലംഘനം നടത്തുന്നവരെ ശിക്ഷിക്കുക, മത്സരം സംബന്ധിച്ച രേഖകള്‍ വേണ്ടവണ്ണം സംരക്ഷിക്കുക, പ്രദര്‍ശനങ്ങള്‍ക്കു നിര്‍ദിഷ്ട ദിവസങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുക എന്നിവയാണ്. അംഗീകൃത പ്രദര്‍ശനങ്ങള്‍ക്ക് ബാധകമായ റൂള്‍ ബുക്ക് വര്‍ഷംതോറും അച്ചടിച്ച് പുനഃപ്രകാശനം ചെയ്യുന്നതും ഈ സംഘടനയാണ്. എല്ലാത്തരം പ്രതിസന്ധികളെയും നേരിടുന്നതിനുള്ള വകുപ്പുകള്‍ ഇതില്‍ ഉള്‍​ക്കൊള്ളിച്ചിരിക്കും. വിജയചിഹ്നമായി റിബണുകളും ട്രോഫികളും നല്കുന്നതുകൂടാതെ പണമായും സമ്മാനങ്ങള്‍ നല്കാറുണ്ട്.

ഐറിഷ് ഹണ്ടര്‍ അശ്വപ്രദര്‍ശനം

അമേരിക്കന്‍ ഹോഴ്സ് ഷോ അസോസിയേഷന്റെ അംഗീകാരം കൂടാതെയും നിരവധി അശ്വപ്രദര്‍ശനങ്ങള്‍ നടക്കാറുണ്ട്. അവ പ്രായേണ ഒറ്റ ദിവസംകൊണ്ട് തീരുന്നവയും സ്വന്തമായ നിയമങ്ങള്‍ അനുസരിച്ച് നടത്തപ്പെടുന്നവയുമാണ്; ഇവയ്ക്ക് ദേശീയാംഗീകാരമില്ല.

വര്‍ഗീകരണം. പ്രദര്‍ശനത്തിനുള്ള കുതിരകളെ വിവിധ ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഹണ്ടര്‍ (Hunter), ജമ്പര്‍ (Jumper), സാഡില്‍ഡ് (Saddled), റോഡ്സ്റ്റര്‍ (Roadster), ഹാര്‍നസ് (Harness), ഷെറ്റ്ലാന്‍ഡ് (Shetland), പോളോ (Polo), പരേഡ് (Parade), വെസ്റ്റേണ്‍ (Western), പാലോമിനോ (Palomino), അറേബ്യന്‍ (Arabian), വാക്കിംഗ് (Walking), മോര്‍ഗണ്‍ (Morgan), ഡ്രാഫ്റ്റ് (Draft) എന്നിങ്ങനെയാണ് ഈ തരംതിരിക്കല്‍. ഇവയില്‍ത്തന്നെ ചില ഇനങ്ങളെ പുനര്‍വിഭജനം ചെയ്തിട്ടുണ്ട്. ഹണ്ടര്‍ വിഭാഗത്തില്‍​പ്പെട്ടവയെ അവയുടെ ഭാരോദ്വഹനശേഷിയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിട്ടുള്ളത്. 165 പൗണ്ടുവരെ ലഘുഭാരോദ്വഹന ഇനത്തിലും 185 വരെ മധ്യമഭാരോദ്വഹന ഇനത്തിലും 205 വരെ അതീവ ഭാരോദ്വഹന ഇനത്തിലും പെടുന്നതായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ജമ്പര്‍ എന്ന ഇനത്തില്‍​പ്പെട്ട കുതിരകളെ, ചാട്ടത്തില്‍ അവ കാണിക്കുന്ന കഴിവിന്റെ അടിസ്ഥാനത്തിലാണ് വിഭജിക്കുക. ഹാര്‍നസ് ഇനത്തില്‍ ഹാക്നി കുതിരകള്‍, ഹാക്നി പോണികള്‍, ഹാര്‍നസ് പോണികള്‍ ഇങ്ങനെ മൂന്നുഭാഗങ്ങള്‍ ഉള്‍​പ്പെടുന്നു.

കുതിരകളുടെ ഈ വര്‍ഗീകരണംപോലെതന്നെ കുതിരകളെക്കൊണ്ടുള്ള പ്രകടനങ്ങളുടെ കാര്യത്തിലും ചില വകഭേദങ്ങള്‍ നിലവിലുണ്ട്. പതുക്കെ നടത്തുക, അടിവച്ചടിവച്ച് നടത്തുക, അതിവേഗം ഓടിക്കുക തുടങ്ങിയവ ഓട്ടമത്സര പ്രദര്‍ശനങ്ങളിലും, വിവിധ ഉയരങ്ങളില്‍ പടുത്തുയര്‍ത്തിയിട്ടുള്ള മാര്‍ഗതടസ്സങ്ങള്‍ ചാടിച്ചുകടത്തുക, കത്തിക്കാളുന്ന അഗ്നിവളയങ്ങളില്‍കൂടി ചാടിക്കുക, വിവിധ വീതികളിലുള്ള കിടങ്ങുകള്‍ക്ക് കുറുകെ ചാടിക്കുക തുടങ്ങിയവ ചാട്ടമത്സരങ്ങളിലും സാധാരണ കണ്ടുവരാറുള്ള ഇനങ്ങളാണ്. കുതിരയുടെ കഴിവുപോലെതന്നെ കുതിരപ്പുറത്തിരിക്കുന്ന ആളിന്റെ കഴിവും മത്സരവിധേയമാക്കിയിട്ടുണ്ട്. അതും അശ്വപ്രദര്‍ശനങ്ങളുടെ ഒരു വിഭാഗമായി അംഗീകരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ വേഗത്തില്‍ ഓടിവരുന്ന കുതിരയുടെ പുറത്തിരുന്നുകൊണ്ട് കൈയെത്താവുന്ന ഉയരത്തില്‍ വച്ചിട്ടുള്ള തൂവാല കുതിരയുടെ വേഗത കുറയ്ക്കാതെ തന്നെ എടുക്കുക, നിലത്ത് നിര്‍ത്തിയിട്ടുള്ള കുറ്റികള്‍ ഓരോന്നായി കുതിരപ്പുറത്തിരിക്കുന്ന ആള്‍ കൈയില്‍ വഹിച്ചിട്ടുള്ള കുന്തംകൊണ്ട് കുത്തി ഇളക്കുക തുടങ്ങിയവ ഇക്കൂട്ടത്തില്‍​പ്പെടുന്നു.

യന്ത്രയുഗത്തിന്റെ ആവിര്‍ഭാവത്തോടുകൂടി കുതിരകള്‍ മനുഷ്യജീവിതത്തില്‍ നിന്നകന്നുകഴിഞ്ഞുവെങ്കിലും വിനോദത്തിനും വ്യായാമത്തിനും ഉതകുന്ന അശ്വപ്രകടനങ്ങള്‍ ഇന്നും ജനസാമാന്യത്തില്‍ ഒരു നല്ല പങ്കിനെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

വാര്‍ഷിക കാര്‍ഷികമേളകളും അശ്വപ്രദര്‍ശനവും. വര്‍ഷംതോറും സൗകര്യപ്രദമായ ഒരു നിശ്ചിതകാലത്തും സ്ഥലത്തും കാര്‍ഷികോത്പന്നങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട കന്നുകാലികളുടെയും മറ്റും പ്രദര്‍ശനം ഏതാണ്ട് ഒരു ഉത്സവക്കൊഴുപ്പോടെ നടത്തിവരുന്ന പതിവ് വളരെ പണ്ടുമുതലേ എല്ലാ ജനപദങ്ങളിലും നിലവിലുണ്ടായിരുന്നു. ഇത്തരം പ്രദര്‍ശനങ്ങളുടെ ഒരു ഭാഗമായിട്ടാണ് കുതിരച്ചന്തയും അശ്വപ്രദര്‍ശനവും നടപ്പില്‍വന്നത് എന്നൊരഭിപ്രായമുണ്ട്. ഇവയില്‍ ഇന്നും നിലനില്‍ക്കുന്നവ ഇവയാണ്:

1. ഡബ്ലിന്‍. റോയല്‍ ഡബ്ലിന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1864-ല്‍ ഡബ്ലിനില്‍ വച്ച് നടത്തപ്പെട്ട അന്താരാഷ്ട്ര അശ്വപ്രദര്‍ശനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രാചീനമായത്. ഇക്കാലത്ത് എല്ലാ വര്‍ഷവും ആഗ. മാസത്തില്‍ ബാള്‍സ് ബ്രിഡ്ജി(Balls Bridge)ല്‍ ഇതു നടത്തപ്പെട്ടുവരുന്നു. ഹണ്ടേര്‍സ് (Hunters), ഇയര്‍ ലിങ്സ് (Year Lings), ബ്രൂഡ് മെയേഴ്സ് (Brood-mares), ഫോള്‍സ് (Foals), സ്റ്റാലിയണ്‍സ് (Stallions), ഹാക്സ് (Hacks), റൈഡിങ് കോബ്സ് (Riding-cobs), പോണീസ് (Ponies) തുടങ്ങി വിവിധതരം കുതിരകളുടെ ഒരു പൊതുപ്രദര്‍ശനമായിട്ടാണ് ഇതിനെ കരുതിവരുന്നത്. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ഈ പ്രദര്‍ശനകാലത്ത് കുതിരയോട്ടം, കുതിരച്ചാട്ടം എന്നിവയില്‍ അന്താരാഷ്ട്രമത്സരങ്ങള്‍ നടത്തുന്നതുകൂടാതെ കുട്ടികള്‍ക്കായുള്ള മത്സരങ്ങളും ലേലം വിളിച്ചുള്ള വില്പനകളും നടത്തുന്നുണ്ട്.

2. ന്യൂയോര്‍ക്ക്. 1883-ല്‍ ആണ് ഇത് ആരംഭിച്ചത്. ഇവിടെ ബഗ്ഗീസ് (Buggies), സ്റ്റ്രീറ്റ്കാര്‍ ഹോഴ്സസ് (Streetcar horse), ഡെലിവറി വാഗണ്‍സ് (Delivery Wagons), ഷെട്‍ലാന്‍ഡ് പോണീസ് (Shetland ponies), പൊലീസ്മെന്‍സ് മൗണ്ട്സ് (Policemens mounts), ത്രീ ഗെയിറ്റഡ് (Three Gaited), ഫൈവ് ഗെയിറ്റഡ് (Five Gaited) കുതിരകള്‍, ഡ്രാഫ്റ്റ് കുതിരകള്‍ (Draft horses) തുടങ്ങി തറോബ്രഡ്സ് (Thoroughbreds), ട്രോട്ടേഴ്സ് (Trotters) വരെയുള്ള കുതിരകളെ പ്രദര്‍ശിപ്പിച്ചുവരുന്നു. എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഈ പ്രദര്‍ശനം മാഡിസന്‍ സ്ക്വയറിലാണ് വര്‍ഷംതോറും നടത്തിവരുന്നത്. വിവിധ ഇനങ്ങളില്‍​പ്പെട്ട 120 മത്സരങ്ങള്‍ ഈ മേളയില്‍ ഉള്‍​പ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്താരാഷ്ട്ര മിലിട്ടറി ജമ്പിങ് (International Military Jumping) ആണ്.

അമേരിക്കന്‍ ഐക്യസംസ്ഥാനങ്ങളുടെ ഉത്തരപ്രദേശങ്ങളിലും ദക്ഷിണ സംസ്ഥാനങ്ങളുടെ പശ്ചിമഭാഗങ്ങളിലും ചെറിയ തോതിലുള്ള വിവിധതരം അശ്വപ്രകടനപരിശീലനങ്ങള്‍ നടത്തിവരുന്നുണ്ട്. ബ്രിട്ടനില്‍ പലസ്ഥലത്തും കുതിരകളുടെയും പോണിക പ്രദര്‍ശനങ്ങള്‍ വര്‍ഷംതോറും നടത്തിവരുന്നു. റിച്ച്മൗണ്ട് അശ്വപ്രദര്‍ശനം ലണ്ടനിലെ 'ഇന്റര്‍നാഷണലി'ലും പ്രാധാന്യം അര്‍ഹിക്കുന്നു.

3. കാനഡ. 1922-ല്‍ ആരംഭിച്ച ദ് റോയല്‍ എക്സിബിഷന്‍. ഈ പ്രദര്‍ശനം വര്‍ഷംതോറും ടൊറന്റോയില്‍ ശൈത്യകാല കാര്‍ഷിക മേളയുടെ ഒരു ഭാഗമായിട്ടാണ് നടത്തിവരുന്നത്. ഇവിടെ നടക്കുന്ന മത്സരങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഇനം അന്താരാഷ്ട്ര കുതിരച്ചാട്ടമത്സരമാണ്.

കാര്‍ഷികമേളയോടനുബന്ധിച്ചുള്ള ഒരു അശ്വപ്രദര്‍ശനം

4. ആസ്റ്റ്രേലിയ. രാജകീയ കാര്‍ഷിക സമിതി(Royal Agriculture Society)യില്‍ ഒരു വാര്‍ഷിക പരിപാടിയായി ആസ്റ്റ്രേലിയാക്കാര്‍ അശ്വപ്രദര്‍ശനം ഇന്നും നടത്തിവരാറുണ്ട്.

ഇതുപോലെ വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തിവരാറുള്ളവയാണ് വെറോണായിലെ കാര്‍ഷിക-അശ്വപ്രദര്‍ശനങ്ങള്‍, റോമിലെ പിയാസാ ഡിസിനാ (Piazza Disiena) എന്നിവ. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും കൂടെക്കൂടെ അശ്വപ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഇക്കൂട്ടത്തില്‍ അര്‍ജന്റീനയിലെ ബ്യൂനസ് അയര്‍സില്‍ ജൂലായ് മാസത്തില്‍ നടത്താറുള്ള ശൈത്യകാലപ്രദര്‍ശനമാണ് പ്രധാനപ്പെട്ടത്. മോസ്കോയില്‍ സാമ്പത്തിക നേട്ടങ്ങളുടെ പ്രദര്‍ശമേളയില്‍ (Exhibition of Economic Achieve-ment in Moscow) കുതിരകള്‍ക്കായുള്ള പവലിയന്‍ റഷ്യയിലെ അശ്വപ്രദര്‍ശനത്തിന്റെ സ്ഥാനം വഹിക്കുന്നു. മറ്റു രാജ്യങ്ങളില്‍ കുതിരപ്പന്തയങ്ങളുടെ സമാപനത്തെ കുറിക്കുവാനും തുണിത്തരങ്ങളുടെയും വേഷവിധാനങ്ങളുടെയും പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കുവാനും അനൗപചാരികമായ സാമൂഹികമേളകളുടെ ഭാഗമായി കുതിരപ്രദര്‍ശനം വര്‍ഷംതോറും സംഘടിപ്പിക്കാറുണ്ട്. നോ: അശ്വാരൂഢമത്സരങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍