This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വത്ഥാമാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വത്ഥാമാവ്

ഭാരതീയ പുരാണപ്രസിദ്ധരായ ഏഴു ചിരംജീവികളിലൊരാള്‍. ('അശ്വത്ഥാമാ ബലിര്‍ വ്യാസോ ഹനുമാംശ്ച വിഭീഷണഃ കൃപഃ പരശുരാമശ്ച സപ്തൈതേ ചിരംജീവിനഃ')

ദ്രോണാചാര്യര്‍ക്കു കൃപിയില്‍ ജനിച്ച പുത്രനാണ് അശ്വത്ഥാമാവ്. പിറന്നുവീണപ്പോള്‍ ഇന്ദ്രാശ്വമായ ഉച്ചൈശ്രവസ്സിനെപ്പോലെ ശബ്ദം പുറപ്പെടുവിക്കയാല്‍ അശ്വത്ഥാമാവെന്ന് അശരീരിവാക്യനിര്‍ദേശമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടു. പിതാവിന്റെ അടുക്കല്‍ ആയുധാഭ്യാസം ചെയ്തു സര്‍വലോകസംഹാരക്ഷമമായ ബ്രഹ്മശിരസ് എന്ന അസ്ത്രം ഉള്‍​പ്പെടെ അനേകം ദിവ്യാസ്ത്രങ്ങള്‍ ഗ്രഹിച്ചു. ആരെക്കാളും ശക്തനായിത്തീരാന്‍ ദ്വാരകയില്‍ ചെന്നു ശ്രീകൃഷ്ണനോട് ചക്രായുധം ആവശ്യപ്പെടുകയുണ്ടായി. യുധിഷ്ഠിരന്റെ രാജസൂയത്തില്‍ അതിഥികളെ സ്വീകരിക്കാന്‍ നിന്നവരിലൊരാള്‍ അശ്വത്ഥാമാവായിരുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവപക്ഷത്തു ചേര്‍ന്നു യുദ്ധം ചെയ്ത് വമ്പിച്ച നാശനഷ്ടങ്ങള്‍ പ്രതിയോഗികള്‍ക്ക് വരുത്തി. ഒരുദിവസം കൃഷ്ണാര്‍ജുനന്‍മാരെയും ആഗ്നേയാസ്ത്രംകൊണ്ട് മോഹിപ്പിച്ചു. യുദ്ധത്തില്‍ ശല്യര്‍, ദ്രോണര്‍, ഭീഷ്മര്‍, കര്‍ണന്‍ എന്നീ മഹാരഥന്മാര്‍ മരിച്ചുകഴിഞ്ഞ് ഒടുവില്‍ മാരകമായ മുറിവേറ്റു ദുര്യോധനനും നിലംപതിച്ചപ്പോള്‍ കൗരവപക്ഷത്ത് അവശേഷിച്ച വീരന്‍മാര്‍ അശ്വത്ഥാമാവ്, കൃപന്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരാണ്. ധര്‍മവിരുദ്ധമായ ആയുധപ്രയോഗം കൊണ്ട് തന്റെ പിതാവിനെ വധിക്കയും ഉറ്റമിത്രത്തെ വീഴ്ത്തുകയും ചെയ്ത എതിരാളികളെ സംഹരിക്കുമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് അശ്വത്ഥാമാവ് കൗരവസേനയുടെ ആധിപത്യം കൈയേറ്റു. കൃപകൃതവര്‍മാക്കളെ പാണ്ഡവശിബിരത്തിന്റെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തിയിട്ട് അകത്തേക്കു ചാടിക്കടന്ന് ഇദ്ദേഹം ഉറങ്ങിക്കിടന്ന തന്റെ പിതൃഘാതകനായ ധൃഷ്ടദ്യുമ്നനെ ആദ്യമായി താഴെ വലിച്ചിട്ട് ചവുട്ടിക്കൊന്നു. ശിഖണ്ഡിയെയും ദ്രൗപദിയുടെ അഞ്ചു പുത്രന്മാരെയും പാഞ്ചാലന്മാരെയും വാളിനിരയാക്കി. തുടര്‍ന്നു ശിബിരത്തില്‍ ഉണ്ടായിരുന്ന സേനകളെയും സേനാംഗങ്ങളെയും മുഴുവന്‍ വധിച്ച് സംഹാരക്രിയ പൂര്‍ത്തിയാക്കി. പ്രഭാതമായപ്പോള്‍ അശ്വത്ഥാമാവും കൂട്ടുകാരും ദ്രൗപദീപുത്രന്‍മാരുടെയും ധൃഷ്ടദ്യുമ്നന്റെയും ശിരസ്സുകള്‍ ആസന്നമരണനായ ദുര്യോധനന്റെ മുന്‍പില്‍ കാഴ്ചവച്ചു; തങ്ങള്‍ പാണ്ഡവര്‍ ചെയ്ത അപകാരങ്ങള്‍ക്കെല്ലാം പകരം വീട്ടിയെന്ന സന്തോഷവാര്‍ത്ത അറിയിച്ചു. അതുകേട്ട് തന്റെ ഉത്തമസുഹൃത്ത് ആശ്വാസത്തോടുകൂടി സ്വര്‍ഗതി പ്രാപിക്കുന്നതുകണ്ടു കൃതകൃത്യനായി, ഭാഗീരഥീതീരത്തു കൃഷ്ണദ്വൈപായനന്റെ (വ്യാസന്‍) അടുത്തുചെന്നു കൂടി.

പാണ്ഡവസേനയുടെ വിനാശവൃത്താന്തമറിഞ്ഞു ദുഃഖിതനും ക്രുദ്ധനുമായ ഭീമസേനന്‍ വില്ലും അമ്പും എടുത്ത് തേരിലേറി നകുലനെ സാരഥിയാക്കിക്കൊണ്ട് അശ്വത്ഥാമാവിനെ തേടിപ്പിടിച്ചു വധിക്കാന്‍ പുറപ്പെട്ടു; ശത്രു അജയ്യനാണെന്നറിവുള്ള കൃഷ്ണനും അര്‍ജുനനും പിന്തുടര്‍ന്നു ചെന്നു. ആക്രമണസന്നദ്ധരായിവരുന്ന പ്രതിയോഗികളെക്കണ്ട് അശ്വത്ഥാമാവ് സര്‍വവിനാശകരമായ ബ്രഹ്മശിരോസ്ത്രം 'അപാണ്ഡവായ' (പാണ്ഡവവംശം മുടിയാന്‍) എന്നു പറഞ്ഞ് പ്രയോഗിച്ചു. ദ്രോണര്‍ ഉപദേശിച്ചുകൊടുത്തിരുന്ന അതേ അസ്ത്രം പ്രതിവിധിയായി അര്‍ജുനനും പ്രയോഗിച്ചു. സര്‍വത്ര അഗ്നിപ്രളയമായി. നാരദനും കൃഷ്ണദ്വൈപായനനും ലോകരക്ഷാര്‍ഥം രണ്ടസ്ത്രങ്ങള്‍ക്കും നടുവില്‍ വന്നുനിന്നു. അര്‍ജുനന്‍ അവരെ കണ്ട് അസ്ത്രം പിന്‍വലിച്ചു. എന്നാല്‍ അശ്വത്ഥാമാവ് തന്റെ അസ്ത്രം ഉത്തരയുടെ ഗര്‍ഭത്തിലേക്കു തിരിച്ചുവിട്ടു. ഗര്‍ഭസ്ഥശിശു ഇതുമൂലം മരിച്ചെങ്കിലും കൃഷ്ണന്റെ അനുഗ്രഹത്താല്‍ പുനരുജ്ജീവിച്ചു (ഗര്‍ഭത്തില്‍വച്ച് ഇപ്രകാരം പരീക്ഷിക്കപ്പെട്ടതുകൊണ്ടാണ് ആ കുട്ടിക്ക് പിന്നീട് പരീക്ഷിത്ത് എന്നു പേരുവന്നത്). ആ ഹീനകൃത്യത്തിന്റെ പേരില്‍ കൃഷ്ണന്‍ അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു: 'നീ മൂവായിരം കൊല്ലം ആരോടും സംസര്‍ഗം കൂടാതെ നിസ്സഹായനായി ഭൂമിയില്‍ തെണ്ടിത്തിരിയും. എല്ലാ വ്യാധികളും പിടിപെട്ട് ചോരയും ചലവും ഒലിപ്പിച്ച് അലഞ്ഞുനടക്കും.' അശ്വത്ഥാമാവ് പശ്ചാത്താപഭരിതനായി തന്റെ ചൂഡാമണി പാണ്ഡവര്‍ക്കു വിട്ടുകൊടുത്തിട്ട് എല്ലാവരും നോക്കിനില്ക്കെ മനസ്സിടിവോടുകൂടി കാടുകയറി. ശത്രുക്കളുടെ സമൂലവിച്ഛേദം ലക്ഷ്യമാക്കിക്കൊണ്ട് എന്നും ലോകത്തില്‍ അഭംഗുരം നിലനില്ക്കുന്ന വിദ്വേഷത്തിന്റെ പ്രതീകമാണ് അശ്വത്ഥാമാവ്.

2. ഭാരതയുദ്ധത്തില്‍ പങ്കെടുത്ത മാളവരാജാവായ ഇന്ദ്രവര്‍മന്‍ കയറിയിരുന്ന ആനയുടെ പേരും അശ്വത്ഥാമാവെന്നായിരുന്നു. ഭീമസേനനാണ് അതിനെ വധിച്ചത്. (മഹാഭാരതം, ദ്രോണപര്‍വം, 190-ാം അധ്യായം, 15-ാം ശ്ലോകം).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍