This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്വചികിത്സ

കുതിരയ്ക്കു വരാറുള്ള രോഗങ്ങളെയും അവയുടെ ചികിത്സയെയുംപറ്റി സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലത്ത് ഹിന്ദുവൈദ്യശാസ്ത്രത്തിന്റെ കീര്‍ത്തി അത്യുച്ചസ്ഥിതിയിലായിരുന്നു. ആ കാലത്തിനു മുന്‍പുതന്നെ മൃഗചികിത്സാശാസ്ത്രവും ഇന്ത്യയില്‍ പ്രയോഗത്തിലിരുന്നതായി കാണുന്നു. ചന്ദ്രവംശത്തിലെ ആദികാലരാജക്കന്‍മാരില്‍ ഒരാളായ (പാണ്ഡവവംശത്തില്‍ വളരെ മുന്‍പ് ജീവിച്ചിരുന്ന) നളന്‍ അശ്വങ്ങളെ വളര്‍ത്തുന്നതില്‍ അതിവിദഗ്ധനായിരുന്നുവെന്നും അദ്ദേഹത്തിനു കുതിരയെ സംബന്ധിച്ചിടത്തോളം പൂര്‍ണജ്ഞാനം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അതേ വംശത്തില്‍ പിന്നീടു ജനിച്ച പാണ്ഡവരില്‍ ഒരാളായ നകുലന്‍ മൃഗചികിത്സാശാസ്ത്രത്തില്‍ വിദഗ്ധനായിരുന്നു; മാത്രമല്ല, ആ വിഷയത്തില്‍ വളരെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റേതെന്നു വിശ്വസിക്കപ്പെടുന്ന അശ്വചികിത്സ എന്ന ഒരു ഹസ്തലിഖിതഗ്രന്ഥം നേപ്പാളിലുണ്ട്; ഇത് 13-ാം ശ.-ത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു. ഏകദേശം ഇതേ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് ജയദത്തന്റെ അശ്വവൈദ്യകം. ഈ രണ്ടു ചികിത്സാപുസ്തകങ്ങളും ലഭ്യമാണ്.

ശ്രീബുദ്ധന്റെ കാലത്ത് (ബി.സി. ആറാം ശ.) വൈദ്യശാസ്ത്രത്തിനു വേണ്ടത്ര പ്രോത്സാഹനം കിട്ടിയതോടൊപ്പം മൃഗചികിത്സയ്ക്കും ശ്രദ്ധേയമായ സ്ഥാനം ലഭിച്ചിരുന്നു.

മലയാളഭാഷയില്‍ ലഭ്യമായ അശ്വചികിത്സ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വവും രചനാകാലവും ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.

'കുതിരെയപ്പരിചോടുഭരിക്കുവാന്‍

ചതുരമായൊരുപായമറിഞ്ഞിടാന്‍

മധുരമായോരു കേരളഭാഷയാ

മതിയിലുള്ള മരുന്നു പറഞ്ഞിടാം'

എന്നാണ് ഈ ഗ്രന്ഥത്തില്‍ കാണുന്ന ആമുഖപദ്യം.ഒട്ടകചികിത്സ എന്ന അനുബന്ധത്തോടെ അവസാനിക്കുന്ന ഈ ഗ്രന്ഥത്തില്‍ കുതിരയ്ക്കുവരുന്ന വിവിധ രോഗങ്ങളെയും ചികിത്സകളെയുംപറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഭാഷാരീതികൊണ്ട് ഈ ഗ്രന്ഥം അധികം പഴക്കമുള്ളതാണെന്നു കരുതാന്‍ നിവൃത്തിയില്ല.

(പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍