This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകശിലാശാസനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:08, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അശോകശിലാശാസനങ്ങള്‍

Rock Edicts of Asoka

വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറതുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും അശോകന്‍ കൊത്തിവയ്പിച്ച ശാസനങ്ങള്‍. ഇവ തയ്യാറാക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ 13-ഉം 14-ഉം ഭരണവര്‍ഷങ്ങളിലാണ്. 14 വര്‍ഷം നീണ്ടുനിന്ന മതപ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുശേഷം തന്റെ മതപരമായ ആശയങ്ങളും ബുദ്ധധര്‍മത്തെപ്പറ്റിയുള്ള വിശകലനങ്ങളും മാനവസമൂഹത്തിനുതകത്തക്കവണ്ണം ഒരിക്കലും നാശം വരാതെ പരിരക്ഷിക്കാന്‍ അശോകന്‍ ആഗ്രഹിച്ചതിന്റെ ഫലമാണ് ഈ ശിലാശാസനങ്ങള്‍. ഇവയിലെ ലേഖനങ്ങളുടെ (Inscriptions) ഭാഷ 'പ്രാകൃത' മാണ്. പഞ്ചനദ (പഞ്ചാബ്) പ്രദേശങ്ങളിലെ രണ്ടു ശാസനങ്ങള്‍ മാത്രം 'ഖരോഷ്ടി' ലിപിയിലും മറ്റുള്ളവയെല്ലാം 'ബ്രാഹ്മി' ലിപിയിലുമാണ് എഴുതപ്പെട്ടിട്ടുള്ളത്. മഗധസാമ്രാജ്യത്തിന്റെ വ.പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഗ്രീക്കുകാരുടെയും പേര്‍ഷ്യക്കാരുടെയും അറബികളുടെയും സിറിയക്കാരുടെയും രാജ്യങ്ങള്‍ക്കു സമീപമായതുകൊണ്ടായിരിക്കാം ആ നാട്ടുകാര്‍ക്കു വായിക്കാന്‍ എളുപ്പമുള്ള ഖരോഷ്ടിയില്‍ അവിടെയുള്ളവ എഴുതിവച്ചത്; ബ്രാഹ്മി ഇപ്പോഴത്തെ ദേവനാഗരിയുടെ മാതൃലിപിയാണ്.

ഗര്‍നാര്‍ നഗരത്തിലെ അശോകശിലാ ശാസനം

സ്തംഭശാസനങ്ങള്‍ സാമ്രാജ്യത്തിനുള്ളിലും ശിലാലിഖിതങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളിലുമാണ് അധികമായി കാണപ്പെടുന്നത്. ശിലാശാസനങ്ങളുടെ വിഷയം എല്ലാ രാജ്യക്കാരും ഗ്രഹിക്കേണ്ടതായ ശാശ്വതധര്‍മങ്ങളും, സ്തംഭങ്ങളിലുള്ളവ അശോകന്റെ പ്രജകളെ പ്രത്യേകം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയുമാണ്. പ്രാന്തപ്രദേശങ്ങളിലെ ലേഖങ്ങള്‍ മഹാക്ഷേത്രങ്ങളുടെയും പുണ്യതീര്‍ഥങ്ങളുടെയും രാജപാതകളുടെയും പരിസരങ്ങളിലാണ്. ആജീവികന്മാര്‍ക്ക് ദാനം ചെയ്തിട്ടുള്ളവയാണെന്നു കാണിക്കുന്ന ചിലത് ഗുഹാഭിത്തികളില്‍ കൊത്തിവച്ചിട്ടുള്ളതായി കാണാം. ആകെ ആറെണ്ണമുള്ളതില്‍ മൂന്ന് ഗുഹാലേഖനങ്ങള്‍ അശോകന്റെ അനന്തരഗാമിയായ ദശരഥന്റെ വകയും സ്തംഭലേഖകളില്‍

ഒന്ന് അശോകന്റെ ദ്വിതീയ രാജ്ഞി 'കാരുവാകി'യുടെ വകയും ആകുന്നു.

വിതരണം. ഈ ശിലാലേഖങ്ങള്‍ക്ക് അശോകന്‍ കൊടുത്തിട്ടുള്ള പേര്‍ 'ധമ്മലിപികള്‍' എന്നാണ്. ഇവയില്‍ പ്രധാനമായവയാണ് ശിലകളില്‍ രേഖപ്പെടുത്തിയിട്ടുള്ള 14 ശാസനങ്ങള്‍. ഇവ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 സ്ഥലങ്ങളില്‍ കാണപ്പെടുന്നു. ഇവയിലാദ്യത്തേത് പെഷാവറില്‍ ഷാബാസ്ഗര്‍ഹിയിലുള്ളതാകാന്‍ ഇടയുണ്ട്. അശോകന്റെ സാമ്രാജ്യത്തിലുള്‍​പ്പെട്ടിരുന്ന ഒരു ഗ്രീക്ക് നഗരിയായ പോലുഷയുടെ ഇന്നത്തെ പേരാണ് ഷാബാസ്ഗര്‍ഹി. ഈ ശിലാലേഖനം ചരിത്രകാരന്മാരുടെ ചിന്തയ്ക്കു വിഷയമാക്കിയത് ജനറല്‍ കോര്‍ട്ട് എന്ന ആംഗ്ലേയ സൈനികനേതാവായിരുന്നു. ബുദ്ധമതാനുയായികളുടെ ഒരു തീര്‍ഥാടനകേന്ദ്രമാണ് ഈ നഗരം. ഹസാരജില്ലയിലെ മന്‍സേരഗ്രാമത്തിലാണ് രണ്ടാമത്തെ ശാസനം. ഡെറാഡൂണില്‍ മൂന്നാമത്തെ പതിപ്പും സ്ഥിതിചെയ്യുന്നു. 1800-ല്‍ ഫാറസ്റ്റ് എന്ന ചരിത്രാന്വേഷിയാണ് ഇതു കണ്ടുപിടിച്ചത്. ഗിര്‍നാര്‍ നഗരത്തിലാണ് 4-ാമത്തെ പതിപ്പ്; 1822-ല്‍ കേണല്‍ ടോസ് അത് കണ്ടെത്തി. ഇവിടത്തെ പാറയില്‍ത്തന്നെ രുദ്രദമന്റെയും (എ.ഡി. 150) സ്കന്ദഗുപ്തന്റെയും (457) ലിഖിതങ്ങള്‍ കാണുന്നു. കലിംഗരാജ്യാതിര്‍ത്തിയില്‍ രണ്ടു ശാസനങ്ങള്‍ ഉണ്ട്. ധൗളിയില്‍ അശ്വത്ഥാമാ എന്ന ശിലയിലും ഋഷികുല്യാനദിക്കരികെ ജൗഗധക്കോട്ടയിലെ ഒരു വലിയ ശിലയിലുമാണ് ഇവ. ഇവയ്ക്കു പുറമേ ചെറിയ ശിലകളിലും ഇദ്ദേഹം തന്റെ ശാസനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. അവയിലൊന്ന് ബീഹാറിലെ ചന്ദ്രന്‍പിര്‍ക്കുന്നില്‍ ഉണ്ടാക്കിയ ഗുഹയിലാണ്; ജബല്‍പൂരിനടുത്ത രൂപനാഥ് പാറയിലാണ് മറ്റൊന്ന്. ഹില്‍സാഗിര്‍ കുന്നില്‍ മൂന്നാമത്തേതും. ലെവിസ്റൈസ് എന്ന പണ്ഡിതന്‍ ഈ ശാസനത്തിന്റെ മൂന്നു പ്രതികള്‍ കര്‍ണാടകത്തിലെ സിദ്ധപുരം, ജതിംഗരാമേശ്വരം, ബ്രഹ്മപുരി എന്നിവിടങ്ങളില്‍ കണ്ടെത്തി; മസ്കിയില്‍ 1915-ല്‍ മറ്റൊന്നും കണ്ടെത്തി.

സ്തംഭങ്ങളും ഗുഹകളും. സ്തംഭശാസനങ്ങളില്‍ ആദ്യമായി കണ്ടുപിടിക്കപ്പെട്ടത് ഡല്‍ഹിയിലെ സിവാലിക്ക് സ്തംഭമാണ്. ഈ സ്തംഭം ഡല്‍ഹിയിലേക്ക് മാറ്റിയത് (1356) ഫിറൂസ്ഷാ തുഗ്ലക്ക് ആയിരുന്നു. 7 ശാസനങ്ങളാണിതിലുള്ളത്. മീററ്റിലായിരുന്ന രണ്ടാമത്തെ സ്തംഭവും ഫിറൂസ്ഷാ തുഗ്ലക്ക് ഡല്‍ഹിയിലേക്കു മാറ്റി. മൂന്നാമത്തേത് അലഹാബാദില്‍ സ്ഥിതിചെയ്യുന്നു; ഇതില്‍തന്നെയാണ് സമുദ്രഗുപ്തന്റെ പ്രശസ്തിയും രേഖപ്പെടുത്തിയിരിക്കുന്നത്. ലൗറിയ-അരാരാജ് സ്തംഭം, ലൗറിയ-നന്ദന്‍ഗര്‍ സ്തംഭം, കേഷര്‍ സ്തംഭം എന്നിവ ഉത്തര ബിഹാറിലെ ചമ്പാരനിലാണ്. അലഹാബാദ് സ്തംഭശാസനത്തില്‍ ത്തന്നെ മറ്റു രണ്ടു ശാസനങ്ങളും കാണാം; മധ്യേന്ത്യയിലെ സാഞ്ചിയില്‍ വേറൊന്നും. ഭഗവാന്‍പൂര്‍ പട്ടണത്തിനു വ. രുമ്മിന്‍ദീ ക്ഷേത്രപരിസരത്താണ് ലഘുസ്തംഭങ്ങളില്‍വച്ച് ഏറ്റവും പ്രധാനമായവ. 'ബുദ്ധഭഗവാന്‍ ഇവിടെ ജാതനായി' എന്നു ലേഖനം ചെയ്തിരിക്കുന്നതുകൊണ്ട് ലുംബിനിത്തോട്ടം ഇവിടെയായിരുന്നിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു. ഗയയ്ക്കു വ. ബരാബര്‍, നാഗാര്‍ജുന ഗുഹകള്‍ സ്ഥിതിചെയ്യുന്നു. നാലു ബരാബര്‍ ഗുഹകളില്‍ മൂന്നെണ്ണത്തിലും അശോകമുദ്രകള്‍ കാണാം.

ധര്‍മപ്രചാരണമായിരുന്നു അശോകന്റെ വ്രതം. തന്റെ പ്രജകളുടെയിടയില്‍ സന്‍മാര്‍ഗതത്ത്വങ്ങള്‍ പ്രചരിപ്പിക്കണമെന്നു മാത്രമാണ് ചക്രവര്‍ത്തിക്കു നിഷ്കര്‍ഷയുണ്ടായിരുന്നത്. സര്‍വജാതിമതസ്ഥര്‍ക്കും ഒരുപോലെ ആദരണീയമായ തത്ത്വങ്ങളാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. ഗുരുജനങ്ങളെ ആദരിക്കുക, പണ്ഡിതന്മാരെ ബഹുമാനിക്കുക, ബന്ധുക്കളോട് ഔദാര്യം കാണിക്കുക, അനാവശ്യമായി ഹിംസ ചെയ്യാതിരിക്കുക, ന്യായമായും മര്യാദയായും ഭൂതദയയോടെയും പെരുമാറുക ഇവയാണ് ധര്‍മാചരണത്തിന്റെ അംശങ്ങളായി അശോകന്‍ ഗണിച്ചിരുന്നത്. അശോകന്റെ ചില ശാസനങ്ങളുടെ വിവര്‍ത്തനമാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

ശാസനങ്ങള്‍. 1. 'ഈ ധമ്മലിപി ദേവന്‍മാര്‍ക്കു പ്രിയനും പ്രിയദര്‍ശിയുമായ രാജാവിനാല്‍ എഴുതിക്കപ്പെട്ടതാകുന്നു-ഇവിടെ ജീവികളെ കൊല്ലുകയോ ബലികഴിക്കുകയോ അരുത്. ഉല്ലാസകരമായ ആഘോഷങ്ങള്‍ നടത്തുകയുമരുത്; കാരണം ദേവപ്രിയനായ പ്രിയദര്‍ശി രാജാവ് ഈ തരത്തിലുള്ള സമ്മേളനങ്ങളില്‍ പല ദോഷങ്ങളും കാണുന്നു. എന്നാല്‍ ചിലതരം സമ്മേളനങ്ങള്‍ വിശിഷ്ടങ്ങളാണെന്നു ദേവന്‍മാര്‍ക്കു പ്രിയനും പ്രിയദര്‍ശിയുമായ രാജാവ് വിചാരിക്കുന്നു.

പണ്ടു ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവിന്റെ അടുക്കളയില്‍ കറികള്‍ ഉണ്ടാക്കുന്നതിനു പ്രതിദിനം അനേകായിരം ജീവികളെ കൊന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ധമ്മലിപി എഴുതിക്കുന്ന കാലത്തു മൂന്നു ജന്തുക്കള്‍-രണ്ടു മയിലും ഒരു മാനും-മാത്രം കൊല്ലപ്പെടുന്നു. ഇതില്‍ത്തന്നെ മാനിനെ പതിവായി കൊല്ലാറില്ല. മേലില്‍ ഈ മൂന്നു ജീവികളെപ്പോലും കൊന്നുകൂടാ.'

2. 'ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവ് കീഴടക്കിയ സര്‍വദേശങ്ങളിലും, അപ്രകാരംതന്നെ അയല്‍രാജ്യക്കാരായ ചോളര്‍, പാണ്ഡ്യര്‍, സത്യപുത്രര്‍, കേരളപുത്രര്‍, താമ്രപര്‍ണി, ഗ്രീക്കുരാജാവായ അന്തിയോകന്‍, ഈ അന്തിയോകന്റെ സാമന്തരാജാക്കന്മാര്‍, ഇവരുടെ രാജ്യങ്ങളിലും രണ്ടു തരം ചികിത്സാക്രമം ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവു നടപ്പാക്കി: മനുഷ്യര്‍ക്കുള്ള ചികിത്സയും മൃഗങ്ങള്‍ക്കുള്ള ചികിത്സയും.

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉപയോഗമുള്ള ഔഷധച്ചെടികള്‍ ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം അവ അന്യദേശങ്ങളില്‍ നിന്നു വരുത്തി നട്ടുവളര്‍ത്തിയിട്ടുണ്ട്. അതുപോലെതന്നെ കിഴങ്ങുകളും കായ്കളും കിട്ടാത്ത സ്ഥലങ്ങളിലെല്ലാം പുറമേനിന്നു കൊണ്ടുവന്നു കൃഷി ചെയ്യിച്ചിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനായി വഴിയരികില്‍ വൃക്ഷങ്ങള്‍ നടുവിക്കുകയും കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അനേകം ശതവര്‍ഷങ്ങളായി ജന്തുഹിംസ, ജന്തുക്കളോടുള്ള ക്രൂരത, ബന്ധുക്കളോടും ശ്രമണന്‍മാരോടും ബ്രാഹ്മണരോടും ഉള്ള അനാദരം ഇവ വര്‍ധിക്കുവാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവിന്റെ ധര്‍മാചരണം നിമിത്തം സമരഭേരീഘോഷങ്ങളുടെ സ്ഥാനത്ത് ധര്‍മപ്രഖ്യാപനത്തിന്റെ ശബ്ദം കേള്‍ക്കുന്നു. വിമാനങ്ങള്‍, രഥങ്ങള്‍, ആനകള്‍, ദീപാവലികള്‍, എഴുന്നള്ളിപ്പുകള്‍ ഇങ്ങനെ പലകാഴ്ചകളും ജനങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്നു. അനേകം ശതാബ്ദങ്ങളായി ആചരിക്കാതെ വിട്ടിരുന്ന അഹിംസ, ഭൂതദയ, ബന്ധുജനസൗജന്യം, ബ്രാഹ്മണശ്രമണബഹുമാനം, മാതൃപിതൃശുശ്രൂഷ ഇവയെല്ലാം ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവിന്റെ ധര്‍മാനുശാസനം ഹേതുവായി ഇപ്പോള്‍ ജനങ്ങള്‍ ആചരിച്ചുവരുന്നു.........'

3. 'വളരെക്കാലമായിട്ട് (രാജാവ്) എല്ലാ സമയത്തും ഭരണകാര്യത്തില്‍ ഏര്‍​പ്പെടുകയോ നിവേദനങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നു:

ഏതു നേരത്തും-ഭക്ഷണം കഴിക്കുമ്പോഴായാലും അന്തഃപുരത്തിലായാലും ശയനമുറിയിലായാലും പ്രക്ഷാളനസ്ഥലത്തായാലും, ഏതു സ്ഥലത്തുവച്ചും പ്രതിവേദകന്മാര്‍ (വാര്‍ത്തകള്‍ ഉണര്‍ത്തിക്കുന്നവര്‍) ജനങ്ങളുടെ ആവശ്യങ്ങളെ എന്നെ അറിയിക്കണം. ഏതു സ്ഥലത്തുവച്ചും ഞാന്‍ ജനങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കും.

ദാപകനോ (ദാനം ചെയ്യാന്‍ നിയമിതനായ ഉദ്യോഗസ്ഥന്‍) ശ്രാവകനോ (വിളംബരം പ്രസിദ്ധം ചെയ്യാനുള്ള ഉദ്യോഗസ്ഥന്‍), ഞാന്‍ വാക്കാല്‍ കൊടുത്ത കല്പനകളെ സംബന്ധിച്ചും അടിയന്തര കാര്യങ്ങള്‍ക്കു മഹാമാത്രന്മാന്‍ (ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍) കൊടുക്കുന്ന കല്പനകളെ സംബന്ധിച്ചും അഭിപ്രായവ്യത്യാസമോ സംശയമോ ഉണ്ടാകുന്നതായാല്‍, പരിഷത് (ഭരണസഭ) ഏതു നേരത്തും ഏതു സ്ഥലത്തുവച്ചും അക്കാര്യം എന്നെ അറിയിക്കണം.

ഞാന്‍ ഇപ്രകാരം കല്പിക്കുന്നു: ഭരണവിഷയത്തില്‍ എനിക്കുള്ള ജാഗ്രതയും കാര്യനിര്‍വഹണപ്രാപ്തിയും തൃപ്തികരമായി തോന്നുന്നില്ല. സര്‍വജനങ്ങളുടെയും ഹിതത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ വിചാരം. ഇതിന്റെ സാധ്യതയ്ക്ക് അടിസ്ഥാനം എന്റെ ജാഗ്രതയും ശുഷ്കാന്തിയോടുകൂടിയ കാര്യനിര്‍വഹണവുമാണ്. സര്‍വജനങ്ങളുടെയും ഹിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയല്ലാതെ എനിക്കു മറ്റൊന്നും ചെയ്യാനില്ല. എന്തിനു ഞാന്‍ ഇപ്രകാരം ചെയ്യുന്നു? ജീവികളോട് എനിക്കുള്ള കടമ ചെയ്തുതീര്‍ക്കാനും ചിലര്‍ക്കെങ്കിലും ഇഹപരലോകസുഖങ്ങള്‍ കൈവരുത്തുന്നതിനുംതന്നെ. ഈ ധമ്മലിപി എഴുതിയിരിക്കുന്നത് ഈ ഉദ്ദേശത്തോടുകൂടിയാണ്. ഇത് ദീര്‍ഘകാലം നിലനില്ക്കട്ടെ. ഇപ്രകാരം എന്റെ പുത്രന്‍മാരും അവരുടെ സന്തതികളും സകല ജനങ്ങളുടെയും ഹിതത്തിനായി പ്രയത്നിക്കട്ടെ. ആത്യന്തികമായ പ്രയത്നം കൂടാതെ ഇതു സാധ്യമല്ല.'

4. 'ദേവപ്രിയനായ പ്രിയദര്‍ശി രാജാവ് ആഗ്രഹിക്കുന്നു, തന്റെ രാജ്യത്ത് സര്‍വമതസ്ഥരും ഒരുമിച്ചു താമസിക്കണമെന്ന്. കാരണം, തങ്ങളുടെ ആശകളും ഇഷ്ടാനിഷ്ടങ്ങളും, എത്രതന്നെ വ്യത്യസ്തങ്ങളും ഉച്ചനീചങ്ങളുമായാലും, എല്ലാ ജനങ്ങളും ഇന്ദ്രിയസംയമനവും മനഃശുദ്ധിയും വേണമെന്നാഗ്രഹമുള്ളവരാണ്. ചിലര്‍ ധര്‍മനിയമങ്ങളെ പൂര്‍ണമായും ചിലര്‍ ഭാഗികമായും അനുസരിക്കുവാന്‍ ശ്രമിക്കുന്നു. വലിയ ദാനങ്ങള്‍ ചെയ്‍വാന്‍ സാധിക്കാത്തവര്‍ക്കുപോലും ഇന്ദ്രിയസംയമം, മനഃശുദ്ധി, കൃതജ്ഞത, ദൃഢഭക്തി എന്നിവ തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്.'

5. 'ധര്‍മദാനം, ധര്‍മപ്രചാരണം, ധര്‍മബന്ധം (ധര്‍മത്തില്‍ അധിഷ്ഠിതമായ പരസ്പരബന്ധം) ഇവയ്ക്കു തുല്യമായി യാതൊരു ദാനവുമില്ല.

ഇതിന്റെ ഫലമായി, ദാസന്‍മാരോടും (അടിമകള്‍) ഭൃത്യന്‍മാരോടും ഉദാരമായ പെരുമാറ്റം, ഗുരുജനശുശ്രൂഷ, മിത്രങ്ങള്‍, സഖാക്കള്‍, ശ്രമണര്‍, ബ്രാഹ്മണര്‍ ഇവര്‍ക്കു ദാനംകൊടുക്കല്‍, ജന്തുഹിംസ വര്‍ജിക്കല്‍-എന്നിവ ഉണ്ടാകുന്നു. ഇതു ശ്രേഷ്ഠമാണ്, ഇതു കര്‍ത്തവ്യമാണ് എന്നു പിതാവും പുത്രനും സഹോദരനും യജമാനനും സ്നേഹിതനും സഖാവും ബന്ധുവും അയല്‍വാസിയും ഉപദേശിക്കണം.

ഇപ്രകാരം പ്രവര്‍ത്തിക്കുന്നവന് ഈ ലോകത്തില്‍ സുഖം ഉണ്ടാകുന്നു. മാത്രമല്ല, ഈ ദാനത്തിന്റെ ഫലമായി അനന്തപുണ്യവും ലഭിക്കുന്നു.'

6. 'ദേവപ്രിയനും പ്രിയദര്‍ശിയുമായ രാജാവ് ഏതു മതത്തില്‍ പ്പെട്ടവരെയും സന്ന്യാസിമാരെയും ഗൃഹസ്ഥന്മാരെയും ദാനംകൊണ്ടും പലവിധ ഉപചാരങ്ങള്‍കൊണ്ടും ബഹുമാനിക്കുന്നു.

എന്നാല്‍ ദേവപ്രിയന്‍ ദാനങ്ങളും പൂജകളും സര്‍വമതക്കാരുടെയും അഭിവൃദ്ധി(ആധ്യാത്മികമായ അഭിവൃദ്ധി)യോളം വിലയുള്ളതായി കരുതുന്നില്ല. ഐശ്വര്യം പലതരത്തിലും സാധിക്കാം. അതിനെല്ലാം ഏകമൂലം വാചംയമിത്വമാണ്. അതായത് അന്യമതത്തിന് ആക്ഷേപമാകത്തക്കവണ്ണം സ്വമതത്തെ പ്രശംസിക്കയോ, സന്ദര്‍ഭമോ സാംഗത്യമോ കൂടാതെ അന്യമതത്തെ നിന്ദിക്കുകയോ ചെയ്യാതിരിക്കുക തന്നെ. സന്ദര്‍ഭം കിട്ടുമ്പോള്‍ അന്യമതക്കാരെ യഥായോഗ്യം ബഹുമാനിക്കകൂടി ചെയ്യണം. ഇങ്ങനെ ചെയ്യുന്നവന്‍ സ്വമതക്കാരെ ഉയര്‍ത്തുകയും അന്യമതക്കാരെ സഹായിക്കയും ചെയ്യുന്നു. ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവന്‍ സ്വമതത്തിനു നാശവും അന്യമതദ്വേഷവും ചെയ്യുന്നു. എല്ലാ മതങ്ങളും തുല്യശ്രേഷ്ഠതയുള്ളതാണ്. ഈ അടിസ്ഥാനത്തില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ക്കു ശരിയായ ധര്‍മം ഗ്രഹിക്കാനും അനുസരിക്കാനും സാധിക്കും. ദേവപ്രിയന്റെ ആഗ്രഹം ഇതാണ്-എല്ലാ മതക്കാരും മതവിഷയത്തില്‍ പാണ്ഡിത്യമുള്ളവരും ധര്‍മസിദ്ധാന്തങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവരും ആയിരിക്കണം. അവര്‍ ചെല്ലുന്നേടത്തെല്ലാം ഈ തത്ത്വം പ്രഖ്യാപനം ചെയ്യണം. ദാനങ്ങളും പൂജകളും എല്ലാ മതക്കാരുടെയും അഭിവൃദ്ധിയോളം ശ്രേഷ്ഠമായി ദേവപ്രിയന്‍ കരുതുന്നില്ല. ഈ കാര്യം നിര്‍വഹിക്കുന്നതിനു ധര്‍മമഹാമാത്രന്മാര്‍, വനിതാക്ഷേമപാലകന്മാര്‍, ഗോശാലാപരിശോധകന്‍മാര്‍ തുടങ്ങിയ പല ഉദ്യോഗസ്ഥന്‍മാരെയും നിയമിച്ചിട്ടുണ്ട്.

7. മസ്കി ശിലാലേഖനത്തിന്റെ മാതൃക ഇതാണ്. 'ദേവന്മാര്‍ക്കു പ്രിയനായ അശോകന്റെ വിളംബരം: ഞാന്‍ ബുദ്ധശാക്യന്റെ അനുയായിയായിട്ട് രണ്ടര സംവത്സരത്തിനു മേലായി. സംഘത്തില്‍ ചേര്‍ന്നശേഷം എനിക്കു ശരിയായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. പണ്ട് ജംബുദ്വീപില്‍ മനുഷ്യരോടുകൂടി ചേരാതിരുന്ന ദേവന്മാര്‍ ഇപ്പോള്‍ മനുഷ്യരോടു ചേര്‍ന്നിരിക്കുന്നു. ധമ്മയുക്തനായ ഏതു നിസ്സാരനും ഈ കാര്യം സാധ്യമാണെന്നാണ് ഇതിന്റെ സാരം. വലിയവര്‍ക്കു മാത്രമേ ഇതു സാധിക്കുകയുള്ളു എന്നു വിചാരിക്കരുത്.'

8. ഒരു സ്തംഭലേഖനത്തിന്റെ മാതൃക താഴെ കൊടുക്കുന്നു.

'ദേവപ്രിയന്‍ പ്രിയദര്‍ശി രാജാവ് ഇപ്രകാരം പറയുന്നു: എന്റെ പട്ടാഭിഷേകം കഴിഞ്ഞ് 2 വര്‍ഷമായപ്പോള്‍ ഈ ധമ്മലിപി ഞാന്‍ എഴുതിച്ചു. പരമമായ ധര്‍മതത്പരത, പരമവീക്ഷണം, പരമസേവനം, പാപഭയം, പരമോത്സവം ഇവകൊണ്ടല്ലാതെ ഈ ലോകത്തിലും പരലോകത്തിലും സുഖം ഉണ്ടാകുന്നതല്ല.

എന്റെ അനുശാസനംകൊണ്ട് ധര്‍മതത്പരതയും ധര്‍മപ്രേമവും നാള്‍ക്കുനാള്‍ വര്‍ധിച്ചിട്ടുണ്ട്. ഇനിയും വര്‍ധിക്കും. വലിയവരും ഇടത്തരക്കാരുമായ എന്റെ പ്രവര്‍ത്തകന്‍മാര്‍ ധര്‍മമനുസരിക്കുകയും ചപലന്മാരെ സമുദ്ധരിക്കുന്നതിന് എന്റെ കല്പന നടത്തുകയും ചെയ്യുന്നു. പ്രാന്തദേശങ്ങളിലുള്ള മഹാമാത്രന്മാരും അപ്രകാരം തന്നെ ചെയ്യുന്നു. ധര്‍മാനുസൃതമായ രക്ഷണം, ധര്‍മാനുസൃതമായ കാര്യനിര്‍വഹണം, ധര്‍മാനുസൃതമായ സുഖം, ധര്‍മാനുസൃതമായ സംയമം'-എന്നിവയാണ് ധമ്മലിപികള്‍. നോ: അശോകന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍