This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകന്‍, കെ. (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശോകന്‍, കെ. (1933 - )

മലയാള സാഹിത്യകാരന്‍. 1933 ഏ. 17-ന് മയ്യനാട്ടു ജനിച്ചു. മലയാളം എം.എ. ബിരുദം നേടിയശേഷം കുറച്ചുകാലം പത്രപ്രവര്‍ത്തകനായിരുന്നു. 1957 മുതല്‍ മൂന്നു വര്‍ഷം മലയാളം ലക്സിക്കണ്‍ നിര്‍മാണസമിതിയില്‍ പ്രവര്‍ത്തിച്ചു. 1960-ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിതനായി. തുടര്‍ന്ന് ഇതേ വകുപ്പില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഔദ്യോഗിക ഭാഷാ കമ്മിഷന്‍ ചെയര്‍മാനായും കുറേക്കാലം ജോലി നോക്കിയിരുന്നു. പിന്നീട് കേരളാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി. 1988-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.

കെ.അശോകന്‍

നിരൂപണം, ഉപന്യാസം, ബാലസാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലായി അര ഡസനിലേറെ കൃതികള്‍ അശോകന്‍ രചിച്ചിട്ടുണ്ട്. നാടകാസ്വാദനം എന്ന കൃതിയില്‍ അനുകരണങ്ങളും അസലുകളുമായ ഏതാനും നാടകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍​പ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ പ്രശസ്തനാടകകൃത്തായ യൂജീന്‍ ഒനീലിന്റെ മുഖ്യ നാടകങ്ങളുടെ വിശകലനാത്മക പഠനങ്ങളാണ് ഒനീല്‍ അനുഭവം എന്ന ഗ്രന്ഥത്തിലുള്ളത്. ഒനീലിന്റെ ലോകത്തേക്കും അമേരിക്കന്‍ നാടകവേദിയിലേക്കുമുള്ള ഒരു മാനസിക യാത്രയാണ് ഈ ഗ്രന്ഥം. ഭാവദീപ്തി എന്ന കൃതി ഏതാനും ഉപന്യാസങ്ങളുടെ സമാഹാരമാണ്. മലയാളസാഹിത്യത്തിലെ ശ്രദ്ധേയരായ ഏതാനും നോവല്‍ രചയിതാക്കളെക്കുറിച്ച് അവരുടെ മുഖ്യകൃതികള്‍ അവലംബമാക്കി നടത്തിയ പഠനമാണ് നോവല്‍ മലയാളത്തില്‍ എന്ന കൃതി. തകഴി മുതല്‍ മുകുന്ദന്‍ വരെ, രാപ്പാടികള്‍, കുമാരനാശാന്‍ എന്നിവയാണ് ഇതര കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍