This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകചക്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശോകചക്രം

ബൗദ്ധസിദ്ധാന്തങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളെ ആവിഷ്കരിക്കത്തക്കവിധം ചിത്രീകൃതമായ ധമ്മചക്രം. ഭാരതീയ സംസ്കാരത്തിന്റെ ഉത്തമപ്രതീകമാണ് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ചിഹ്നത്തില്‍ അങ്കിതമായ അശോകചക്രം-അഥവാ ധമ്മചക്രം. ശ്രീബുദ്ധന്‍ ആവിഷ്കരിച്ച് പ്രചരിപ്പിച്ച ഈ ചക്രത്തില്‍ പുരാതന ഭാരതീയസംസ്കാരത്തിന്റെ എല്ലാ ധാരകളെയും പ്രതീകാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

ബോധ്ഗയയില്‍വച്ച് രാജകുമാരനായ സിദ്ധാര്‍ഥനു ബോധോദയമുണ്ടായി ശ്രീബുദ്ധനായിത്തീര്‍ന്നു. അനന്തരം താന്‍ ഉപദര്‍ശിക്കുകയും സമന്വയിക്കുകയും ചെയ്ത സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം ജനപദങ്ങളിലേക്കിറങ്ങി. വാരാണസിയിലെ സാരനാഥില്‍വച്ചാണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്; അവിടെവച്ച് ധമ്മചക്രത്തിനു രൂപം നല്കപ്പെട്ടു.

ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന അശ്വഘോഷന്റെ കൃതികളില്‍ ധമ്മചക്രത്തിന്റെ സവിശേഷതകള്‍ വിവരിക്കപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയായ സൗന്ദരനന്ദത്തിന്റെ മൂന്നാം സര്‍ഗത്തില്‍ ധമ്മചക്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്:

'അഥ ധമ്മചക്രമൃതനാഭി

ധൃതിമതിസമാധിനേമിമത്

തത്ര വിനയനിയമാരമൃഷിര്‍

ജഗതോ ഹിതായ പരിഷദ്യവര്‍ത്തയത്'.

ശ്രീബുദ്ധന്‍ ആവിഷ്കരിച്ച ധമ്മചക്രത്തിന്റെ ഘടകങ്ങള്‍ ഈ ശ്ലോകത്തില്‍നിന്ന് വ്യക്തമാകുന്നു. പ്രതീകാത്മകമായ ഈ ആശയത്തിന്റെ ചിത്രീകരണം താഴെ ചേര്‍ത്തിരിക്കുന്നു.

ബൗദ്ധസിദ്ധാന്തത്തിന്റെ അടിസ്ഥാനശിലകളായ സത്യപ്രമാണങ്ങളെ ഈ ധമ്മചക്രം അനാവരണം ചെയ്യുന്നു. ദുഃഖം അസ്തി, ദുഃഖകാരണം അസ്തി, ദുഃഖനിരോധം അസ്തി, ദുഃഖനിരോധോപായം അസ്തി-ഇവയാണ് ആ ആര്യസത്യങ്ങള്‍. അതായത് ദുഃഖം സ്ഥായിയായ സത്യമാണ്, ആ ദുഃഖത്തിനു കാരണമുണ്ട്. അതിനെ നിരോധിക്കുവാന്‍ കഴിയും, അതിന് ഉപായങ്ങളുമുണ്ട്. ഈ ഉപായങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ധൃതി, മതി, സമാധി എന്നീ ഗുണങ്ങള്‍. സ്‍ഥൈര്യം, ബുദ്ധിപരിപാകത, ആത്മതപസ്യ എന്നിവ ദുഃഖങ്ങളെ നിരോധിക്കുന്നു; ദുഃഖകാരണങ്ങളെ അകറ്റുന്നു. വിനയനിയമങ്ങളാണ്-ജീവിതത്തില്‍ അനുഷ്ഠേയങ്ങളായ ശിക്ഷണവിധികളാണ്-ഈ ചക്രത്തിന്റെ ആരക്കാലുകള്‍. ആരവും നേമിയും ഋതനാഭിയാകുന്ന പരമസത്യബിന്ദുവില്‍ ദൃഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

ചക്രമെന്ന പദത്തിനു സംഘം, അനുസ്യൂതപ്രവര്‍ത്തനം എന്നീ അര്‍ഥങ്ങളുണ്ട്. അതിനാല്‍ ധമ്മചക്രത്തെ നിരന്തരവും സംഘടിതവുമായ ധാര്‍മിക പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷപ്രതീകമായി പരിഗണിക്കാം.

ബൗദ്ധസിദ്ധാന്തങ്ങള്‍ ദേശാന്തരങ്ങളിലും അതിവേഗത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി. ശ്രീലങ്ക, കമ്പൂച്ചിയ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ അവ പരക്കെ സ്വീകാര്യമായി. ബിംബിസാരന്‍, അജാതശത്രു, പ്രസേനജിത്ത്, അശോകന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ ബുദ്ധമതപ്രചാരണം ജീവിതവ്രതമായി അംഗീകരിച്ചു. ഇക്കാര്യത്തില്‍ ഏറ്റവുമധികം കഠിനാധ്വാനം ചെയ്തത് അശോകചക്രവര്‍ത്തി(ഭ.കാ. ബി.സി. 273?-232)യാണ്. ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ധമ്മചക്രം സാര്‍വത്രികമായി. ക്രമേണ ധമ്മചക്രം അശോകചക്രം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

സാരനാഥ് സ്തംഭാഗ്രമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചിട്ടുള്ളത്. പരസ്പരം ഉടല്‍ ഉരുമ്മി നാലു ദിക്കുകളിലേക്കു നോക്കിനില്ക്കുന്ന നാലു സിംഹങ്ങള്‍; അതിനു താഴെ നാല് അശോകചക്രങ്ങള്‍; അശോകചക്രങ്ങള്‍ക്കിടയ്ക്ക് ആന, കുതിര, കാള, സിംഹം എന്നിവയുടെ രൂപങ്ങള്‍; ഇവയാണ് സ്തംഭാഗ്രത്തിലെ മുഖ്യഘടകങ്ങള്‍. സിംഹങ്ങള്‍ താങ്ങിനിര്‍ത്തിയിരുന്ന ലോഹനിര്‍മിതമായ ഒരു വലിയ അശോകചക്രം ഈ സ്തംഭത്തിലുണ്ടായിരുന്നത് ഇപ്പോള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

രാഷ്ട്രീയാധികാരശക്തിയുടെ ഉറച്ച പിന്തുണയോടെ മാത്രമേ ധമ്മതത്ത്വങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പറ്റുകയുള്ളു എന്ന ആശയത്തെ ധ്വനിപ്പിക്കുവാന്‍വേണ്ടിയായിരിക്കാം, ജാഗ്രതയോടെ കാവല്‍ നില്ക്കുന്ന സിംഹങ്ങളുടെ സംരക്ഷണയില്‍ ധമ്മചക്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

നൈതികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ ശക്തി, ധാര്‍മിക മാര്‍ഗങ്ങളിലൂടെയുള്ള സാമൂഹിക പുരോഗതി, ആത്മീയോന്നമനം, ധര്‍മസംഹിതകളുടെ കുറ്റമറ്റ നിര്‍വഹണം, മനുഷ്യസ്നേഹം എന്നീ ആശയങ്ങളെ പ്രതീകാത്മകഭംഗിയോടെ പ്രകടിപ്പിക്കുന്ന അശോകചക്രം, ഈ തത്ത്വങ്ങള്‍ നടപ്പില്‍വരുത്താന്‍ പ്രതിജ്ഞാബദ്ധമായ സ്വതന്ത്രഭാരതത്തിന്റെ കൊടി അടയാളവുമാണ്. സാരനാഥിലെ അശോകസ്തംഭാഗ്രം സ്വതന്ത്രഭാരതത്തിന്റെ അധികാരമുദ്ര ആയി സ്വീകരിക്കണമെന്നു വാദിച്ചതും അതു പ്രായോഗികമാക്കിയതും ജവാഹര്‍ലാല്‍ നെഹ്രു (1889-1964) ആണ്.

24 ആരക്കാലുകളോടെ അനുസ്യൂതം കറങ്ങുന്ന ഈ ചക്രം ഇന്ത്യയുടെ പാരമ്പര്യം, സംസ്കാരം, ആധ്യാത്മിക പ്രാഭവം, ഭൗതികപുരോഗതിക്കുള്ള ത്വര എന്നിവയെ കുറിക്കുന്നു.

ഇന്ത്യാഗവണ്‍മെന്റ് ധീരതയ്ക്കു നല്കുന്ന ഒരു ബഹുമതിമുദ്ര അശോകചക്രം എന്ന പേരില്‍ അറിയപ്പെടുന്നു. അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സൈനികര്‍ക്കു സമ്മാനിക്കുന്ന ഈ മെഡലിലെ അശോകചക്രം സ്വര്‍ണം പൂശിയതും പച്ചനിറമുള്ള പട്ടുറിബണില്‍ ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. നോ: അശോകന്‍, അശോക ശിലാശാസനങ്ങള്‍

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍