This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവ്യയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവ്യയം

വ്യയം (ക്ഷയം) ഇല്ലാത്തത്, നാശമില്ലാത്തത്, പരബ്രഹ്മം എന്നൊക്കെയാണ് പദത്തിന്റെ അര്‍ഥം; മലയാള ഭാഷാവ്യാകരണത്തില്‍ ദ്യോതകം എന്ന ഇനത്തില്‍​പ്പെട്ട പദങ്ങളുടെ ഒരു വിഭാഗം. അവ്യയങ്ങള്‍ ആദ്യകാലത്ത് ദ്യോതകങ്ങളായിരുന്നു. പിന്നീട് അക്ഷരലോപം വന്നും വിഭക്തികള്‍ ചേര്‍ക്കാതെ പ്രയോഗിച്ചും അവയുടെ വാചകത്വം നഷ്ടപ്പെട്ടു. ഉദാ. എന്ന, എങ്കിലും, ആയ, കുറിച്ച്, പറ്റി മുതലായവ. രാമന്‍ എന്ന കുട്ടി. ഇവിടെ രാമന്‍, കുട്ടി എന്നീ പദങ്ങള്‍ക്ക് അഭേദത്വം ദ്യോതിപ്പിക്കുന്ന 'എന്ന' എന്ന പദം അവ്യയമാണ്. 'എന്‍' എന്ന ധാതുവിന്റെ പേരെച്ചരൂപമാണ് 'എന്ന'; എന്നാല്‍ അത് 'മുത്തശ്ശി പറഞ്ഞ കഥ' എന്നതിലെപ്പോലെ ഒരു ക്രിയയെ ശരിക്കും കുറിക്കുന്നില്ല; അതുകൊണ്ട് ഇത് അവ്യയമാകുന്നു. 'എന്‍' എന്ന ഖിലധാതുവിന്റെ ധര്‍മം, വസ്തുസ്ഥിതികളെ നിരൂപണം ചെയ്യുക എന്നതാണ്; അതാണ് 'നിരൂപകക്രിയ'. അതുപോലെ വസ്തുസ്ഥിതികളുടെ സ്വഭാവം ഏതുതരത്തില്‍ ആവുന്നു എന്ന് എടുത്തുകാണിക്കുന്ന 'ആവുക' ക്രിയയെ 'സമ്പത്തിക്രിയ' എന്നു വിളിക്കുന്നു. ഉദാ. സുന്ദരിയായ ശകുന്തള. നിരൂപകക്രിയയുടെയും സമ്പത്തിക്രിയയുടെയും പറ്റുവിനകളില്‍-പേരെച്ചവിനയെച്ചങ്ങളില്‍-ഉള്ള മിക്ക രൂപങ്ങളും അവ്യയങ്ങളാണ്. 'മഴപെയ്തില്ല, എങ്കിലും തണുപ്പുണ്ട്' എന്ന വാക്യത്തില്‍ സാഹചര്യത്തിന്റെ പൊരുത്തക്കേടിനെ ദ്യോതിപ്പിക്കുന്ന 'എങ്കിലും' എന്ന പദം അവ്യയമാണ്. ഇത് 'എന്‍' ധാതുവിന്റെ സംഭാവകവിനയെച്ചമായിരിക്കാം; എന്നാല്‍ ഒരു ക്രിയയെ പൂര്‍ണമായും കുറിക്കുന്നില്ലാത്തതിനാല്‍ അവ്യയമാകുന്നു.

ദ്യോതകമായിത്തീര്‍ന്ന ചില നാമരൂപങ്ങളും ക്രിയാരൂപങ്ങളുമാണ് 'അവ്യയം' എന്ന വിഭാഗത്തില്‍​പ്പെടുന്നത് എന്നു ചുരുക്കിപ്പറയാം. 'കവിത കുറിച്ച് വച്ചു' എന്ന വാക്യത്തില്‍ 'കുറിക്കുക' എന്ന ക്രിയയുടെ മുന്‍വിനയെച്ചമാണ് 'കുറിച്ച്' എന്നത്. എന്നാല്‍ കവിതയെക്കുറിച്ച് സംസാരിച്ചു എന്നിടത്ത് 'കുറിച്ച്' എന്നത് ദ്യോതകമാകയാല്‍ അവ്യയം ആകുന്നു. ഗതി, ഘടകം, വ്യാക്ഷേപകം എന്നീ വിഭാഗങ്ങള്‍ അവ്യയത്തിനുണ്ട്.

വിഭക്ത്യാദിരൂപഭേദം വരാത്ത പദം എന്നാണ് സംസ്കൃതവ്യാകരണത്തില്‍ അവ്യയപദത്തിനര്‍ഥം. ഉദാ. അന്തര്‍, അപദിശം, അലം, അസി, അസ്മി, ഉച്ചൈ, തത്ര, തദാ, പൃഥക് ഇത്യാദി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍