This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിമാരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിമാരകം

ഭാസപ്രണീതമെന്നു ഗണിക്കപ്പെടുന്ന ആറങ്കത്തിലുള്ള ഒരു നാടകം. തിരുവിതാംകൂര്‍ സംസ്കൃത ഗ്രന്ഥപ്രകാശനകാര്യാധ്യക്ഷനായിരുന്ന ടി. ഗണപതിശാസ്ത്രിയുടെ സംശോധനയ്ക്കു വിധേയമായി തിരുവനന്തപുരം സംസ്കൃത ഗ്രന്ഥാവലിയില്‍ 20-ാം നമ്പര്‍ ഗ്രന്ഥമായി 1912-ല്‍ ഇതു പ്രസിദ്ധീകരിക്കപ്പെട്ടു. അവിമാരകന്‍ എന്ന രാജകുമാരനെ കഥാനായകനാക്കി രചിച്ചിട്ടുള്ള കൃതിയാകയാല്‍ അവിമാരകം എന്നു ഗ്രന്ഥനാമമുണ്ടായി.

ദീര്‍ഘതപസ് എന്ന ബ്രഹ്മര്‍ഷിയുടെ ശാപത്താല്‍ മാതാപിതാക്കന്മാര്‍ക്കൊപ്പം ചണ്ഡാലരൂപനായിത്തീര്‍ന്ന സൗവീരരാജപുത്രനായ അവിമാരകന്‍ സ്വമാതുലനായ കുന്തിഭോജന്റെ നഗരത്തില്‍ പ്രച്ഛന്നവാസം ചെയ്യുമ്പോള്‍ മാതുലപുത്രിയായ കുരംഗിയെ ഒരു മദയാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചു. ഈ ധീരകൃത്യത്തെപ്പറ്റി കേട്ട കുന്തിഭോജന് ആ യുവാവിന്റെ പേരില്‍ ബഹുമാനം തോന്നി. അയാള്‍ ചണ്ഡാലന്‍ അല്ലായിരുന്നെങ്കില്‍ തന്റെ മകളെ അയാള്‍ക്കു വിവാഹം കഴിച്ചുകൊടുക്കാമായിരുന്നുവെന്നുപോലും രാജാവു ചിന്തിച്ചു. അവിമാരകനും രാജകുമാരിക്കും പ്രഥമദര്‍ശനത്തില്‍ത്തന്നെ സംജാതമായ ചക്ഷുഃപ്രീതി ഗാഢാനുരാഗമായി വളര്‍ന്നു. അവിമാരകന്‍ കുരംഗീധാത്രിയുടെ സഹായത്തോടുകൂടി ഒരു രാത്രി കുമാരിയുടെ അന്തഃപുരത്തില്‍ കടന്നു; സംശയം തോന്നി അന്വേഷണത്തിന് ഉദ്യുക്തരായ കന്യാപുരരക്ഷികളുടെ പിടിയില്‍​പ്പെടാതെ പുറത്തുപോകാന്‍ അവിമാരകനു സാധിച്ചു; എങ്കിലും, കുരംഗിയോടു വേര്‍പെട്ടതില്‍ ദുഃഖിതനായും പുനഃസമാഗമസാധ്യതയില്‍ നിരാശനായും ഒരു പര്‍വതശൃംഗത്തില്‍നിന്നും കീഴ്പ്പോട്ടു ചാടി പ്രാണത്യാഗം ചെയ്യാന്‍ അയാള്‍ ഒരുമ്പെട്ടു. തത്സമയം യദൃച്ഛയാ പര്‍വതത്തിലെത്തിയ ഒരു വിദ്യാധരന്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കി. ധരിക്കുന്ന ആള്‍ അദൃശ്യനായിത്തീരുന്ന ഒരു ദിവ്യാംഗുലീയകം അവിമാരകനു കൊടുത്തു. അതു വിരലിലിട്ടുകൊണ്ട് അയാള്‍ അന്തഃപുരത്തില്‍ നിര്‍ബാധം പ്രവേശിച്ചു കുമാരീസംഗമസുഖം അനുഭവിച്ചുകൊണ്ടു കഴിഞ്ഞുകൂടി. തന്റെ ജാമാതൃസ്ഥാനത്തേക്ക് ഉദ്ദേശിച്ചിരുന്ന അവിമാരകന്റെ ആകസ്മിക തിരോധാനത്താല്‍ വ്യാകുലനായി കാശിരാജപുത്രനായ മറ്റൊരു ഭാഗിനേയനു മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ കുന്തിഭോജന്‍ ഇതിനിടയ്ക്ക് നിശ്ചയിച്ചു. സൗവീരരാജാവും കുടുംബവും തന്റെ രാജ്യത്തുതന്നെ ഗൂഢമായി പാര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കാശിരാജാവില്‍നിന്നും അറിയാനിടയായി; ഈ ഘട്ടത്തില്‍ സമാഗതനായ നാരദനില്‍നിന്ന് അവിമാരകന്റെ വൃത്താന്തവും പുറത്തായി. കാശിരാജമഹിഷി സുദര്‍ശന പ്രസവിച്ച ഉടനെ തന്റെ പുത്രനെ തന്റെ സഹോദരിയും അനപത്യദുഃഖിതയുമായ സൗവീരരാജമഹിഷി സുചേതനയ്ക്കു കൊടുത്തകാര്യം നാരദന്‍ രാജാവിനെ ഓര്‍മപ്പെടുത്തി. കുരംഗിയെയും അവിമാരകനെയും നാരദന്‍ അന്തഃപുരത്തില്‍ നിന്നും വരുത്തി കുന്തിഭോജസൗവീരരാജാദിസമക്ഷം അവരെ ആശീര്‍വദിച്ചനുഗ്രഹിച്ചു. ഇതാണ് കഥാസാരം. ഇതിലെ

'ഭവന്ത്വരജസോ ഗാവഃപരചക്രം പ്രശാമ്യതു

ഇമാമപി മഹീം കൃത്സ്നാം രാജസിംഹഃ

പ്രശാസ്തുതഃ'

എന്ന ഭരതവാക്യം പ്രതിജ്ഞായൗഗന്ധരായണം, അഭിഷേകം എന്നീ ഭാസനാടകങ്ങളിലും കാണുന്നുണ്ട്. നോ: ഭാസന്‍; ഭാസനാടകചക്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍