This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിദ്യ

പഠിപ്പില്ലായ്മ, അജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളില്‍ സാധാരണ പ്രയോഗിക്കപ്പെടുന്ന ഈ പദം അനാദിയും ഭാവരൂപവും വിദ്യകൊണ്ടു നീക്കാവുന്നതുമായ തത്ത്വം എന്ന വിവക്ഷയിലാണ് വേദാന്തികള്‍ വ്യവഹരിക്കുന്നത്. ബ്രഹ്മത്തെപ്പോലെതന്നെ അവിദ്യയും അനാദി ആണെങ്കിലും, ബ്രഹ്മം ഒന്നുകൊണ്ടും നിവര്‍ത്യം (നീക്കപ്പെടാവുന്നത്) അല്ല. പക്ഷേ, അവിദ്യ, വിദ്യ (ജ്ഞാനം) കൊണ്ടു നിവര്‍ത്യമാണ്. ഇതാണ് ബ്രഹ്മത്തിനും അവിദ്യയ്ക്കും തമ്മിലുള്ള അന്തരം. വിദ്യയുടെ അഭാവമാണ് അവിദ്യ എന്നു തെറ്റിദ്ധരിക്കാതിരിക്കുവാനാണ് അതു ഭാവരൂപമാണ് എന്നു പറയുന്നത്. 'ഞാന്‍ അജ്ഞനാണ്', 'ഞാന്‍ സുഖമായി ഉറങ്ങി; ഒന്നും അറിഞ്ഞില്ല' എന്നും മറ്റുമുള്ള അനുഭവങ്ങള്‍ക്കു വിഷയമാകുന്നത് ഭാവരൂപമായ അജ്ഞാനമാണ്; ജ്ഞാനത്തിന്റെ അഭാവമല്ല. ഈ അടിസ്ഥാനത്തിലാണ് അവിദ്യ ഭാവരൂപമാണെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ബ്രഹ്മജ്ഞാനമുണ്ടാകുമ്പോള്‍ അവിദ്യ നീങ്ങിപ്പോകുന്നതുകൊണ്ടാണ് അതു നിവര്‍ത്യമാണെന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അജ്ഞാനം, മായ, പ്രകൃതി എന്നിങ്ങനെ വേറെ വിവക്ഷകളിലും അവിദ്യ എന്ന പദം വ്യവഹരിക്കപ്പെടാറുണ്ട്.

അവിദ്യയ്ക്ക് ആശ്രയമേത് വിഷയമേത് എന്ന കാര്യങ്ങളെക്കുറിച്ച് വേദാന്തികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിവരണപ്രസ്ഥാനമെന്നും ഭാമതീപ്രസ്ഥാനമെന്നും ഉള്ള രണ്ടു ചിന്താധാരകളും അവിദ്യയുടെ വിഷയം ബ്രഹ്മമാണ് എന്ന കാര്യത്തില്‍ യോജിക്കുന്നു. എന്നാല്‍ വിവരണാചാര്യനായ പ്രകാശാത്മയതി അവിദ്യയുടെ ആശ്രയം ബ്രഹ്മം തന്നെ എന്നു പറയുമ്പോള്‍, ഭാമതീകാരനായ വാചസ്പതിമിശ്രന്‍ ജീവനെ അവിദ്യയ്ക്ക് ആശ്രയമായി പ്രതിപാദിച്ചിരിക്കുന്നു.

അവിദ്യയെ വാചസ്പതിമിശ്രന്‍, മൂലാവിദ്യയെന്നും തൂലാവിദ്യയെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന് ഉപാദാനകാരണമായ അവിദ്യയാണ് മൂലാവിദ്യ. ഇതു ബ്രഹ്മജ്ഞാനംകൊണ്ടു മാറ്റാവുന്നതാണ്. എന്നാല്‍ ശുക്തിരജതം, രജ്ജൂസര്‍പ്പം മുതലായ പ്രാതിഭാസിക പദാര്‍ഥങ്ങള്‍ക്ക് ഉപാദാനകാരണമാണ് തൂലാവിദ്യ. അതാതു വിഷയങ്ങളെക്കുറിച്ചുള്ള വ്യാവഹാരികജ്ഞാനംകൊണ്ട് ഇതു മാറ്റാന്‍ കഴിയും. വിവരണാചാര്യന്‍ ഇപ്രകാരമൊരു വിഭജനം അവിദ്യയ്ക്കു നല്കുന്നില്ല.

അവിദ്യ സത്വരജസ്തമോഗുണാത്മകമാണ്. ഈ മൂന്നു ഗുണങ്ങളുടെ സാമ്യാവസ്ഥയാണ് അവിദ്യ. ആവരണം, വിക്ഷേപം എന്നിങ്ങനെ രണ്ടു ശക്തികള്‍ ഇതിനുള്ളതായി വേദാന്തികള്‍ പറയുന്നു. ആവരണശക്തി താമസമാണെങ്കില്‍, വിക്ഷേപശക്തി രാജസമാണ്. അവിദ്യയുടെ അംശങ്ങളായ തമസ്സിനോടും രജസ്സിനോടും ചേര്‍ന്ന സത്വഗുണത്തിന്റെ പ്രവര്‍ത്തനം വ്യാവഹാരികജ്ഞാനത്തിനു കാരണമാകുന്നു.

അവിദ്യ പ്രപഞ്ചത്തിന്റെ ഉപാദാനകാരണമാകയാല്‍ അവിദ്യയുടെ പരിമാണം ആണ് ജഗത്ത് എന്നു പറയപ്പെടുന്നു. പ്രാരബ്ധകര്‍മങ്ങളുടെ സമ്പൂര്‍ണനാശംകൊണ്ട് രജസ്സും തമസ്സും നീങ്ങി സത്ത്വം ശുദ്ധമായി പ്രകാശിക്കുമ്പോള്‍ ബ്രഹ്മജ്ഞാനം ഉണ്ടാവുകയും അപ്പോള്‍ അവിദ്യ നിവാരണം ചെയ്യപ്പെടുകയും ചെയ്യും. മായ എന്ന അര്‍ഥത്തില്‍ അവിദ്യ എന്ന പദം പ്രയോഗിക്കുന്നതിനു 'സംസാരകാരണമായ അവിദ്യയും' എന്ന അധ്യാത്മരാമായണഭാഗം ഉദാഹരണമാണ്.

സാംഖ്യശാസ്ത്രത്തിലും യോഗശാസ്ത്രത്തിലും അവിദ്യ പഞ്ചക്ലേശങ്ങളില്‍ പ്രഥമവും പ്രധാനവുമായ ഒന്നായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അവിദ്യ, അസ്മിത (ഞാനെന്ന ഭാവം), രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് പഞ്ചക്ലേശങ്ങള്‍.

നോ: അദ്വൈതം; അഷ്ടാംഗയോഗം; സാംഖ്യശാസ്ത്രം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍