This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിഞ്ഞോണിലെ മാസ്റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിഞ്ഞോണിലെ മാസ്റ്റര്‍

Master of Avignon

ഫ്രാന്‍സിലെ ഒരു നഗരമായ അവിഞ്ഞോണിലെ 'പിയെത്ത' (Pieta) നിര്‍മിച്ച അജ്ഞാതനായ ശില്പി. കുരിശ്ശില്‍നിന്നും ഇറക്കിയ ക്രിസ്തുവിന്റെ ജഡം വിശുദ്ധമാതാവ് മടിയില്‍ താങ്ങിക്കൊണ്ടിരിക്കുന്നനിലയില്‍ രൂപംകൊടുത്തിട്ടുള്ള ഒരു കലാശില്പമാണ് വിശ്വവിഖ്യാതമായ 'പിയെത്ത'. 'മാസ്റ്റര്‍' (Master) എന്ന പദത്തിനു പാശ്ചാത്യ ചിത്രകാരന്മാരുടെ ഇടയില്‍ പ്രത്യേകമായ ഒരര്‍ഥമാണുള്ളത്. അന്യാദൃശമായ രചനാപാടവംകൊണ്ട് അനുഗൃഹീതരായ പ്രഗല്ഭകലാകാരന്മാരെക്കുറിക്കുന്ന പദമായിട്ടാണ് പൊതുവേ ഈ സംജ്ഞ ഉപയോഗിക്കപ്പെട്ടുവന്നത്. ഡച്ച്-ഫ്ലമിഷ് കലാകേന്ദ്രങ്ങളിലെ ചിത്രകാരന്മാരുടെ ഔദ്യോഗികസമിതികളില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവരെ കുറിക്കുന്നതിനും ഈ പദം പ്രത്യേകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു മാസ്റ്റര്‍പീസി(masterpiece)ന്റെ രചയിതാവായിട്ടുള്ള ഏതൊരു കലാകാരനെയും 'മാസ്റ്റര്‍' എന്നു വിളിക്കാറുണ്ട്. ശിഷ്യന്മാരെ സ്വന്തം സ്റ്റുഡിയോവില്‍ പ്രവേശിപ്പിച്ചു ശിക്ഷണം നല്കുന്ന യൂറോപ്യന്‍ സമ്പ്രദായത്തില്‍, 13-ാം ശ. മുതല്‍ 17-ാം ശ. വരെയുള്ള കാലഘട്ടത്തില്‍, ആചാര്യസ്ഥാനം വഹിച്ചിരുന്നവരെ 'ഓള്‍ഡ് മാസ്റ്റേഴ്സ്' എന്നും ചെറിയതോതില്‍ ചിത്രരചനാഭ്യസനം നല്കിപ്പോന്ന ഗുരുക്കന്മാരെ 'ലിറ്റില്‍ മാസ്റ്റേഴ്സ്' എന്നും വിളിച്ചുവന്നു. പ്രശസ്ത ചിത്രങ്ങളുടെ പിന്നില്‍ അജ്ഞാതരായി കഴിയുന്ന ചിത്രകാരന്മാരെ ഇന്ന ചിത്രത്തിന്റെ കര്‍ത്താവ് എന്ന അര്‍ഥത്തില്‍ അതതു ചിത്രങ്ങളുടെ നാമത്തോടോ അവ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരോടോ 'മാസ്റ്റര്‍' സംജ്ഞ ചേര്‍ത്ത് ഇന്ന ചിത്രത്തിന്റെ അഥവാ ഇന്ന സ്ഥലത്തെ ഇന്ന ചിത്രത്തിന്റെ 'മാസ്റ്റര്‍' എന്നു പറഞ്ഞ് അനുസ്മരിച്ചുവന്നിരുന്നു. ഇങ്ങനെയാണ് അവിഞ്ഞോണിലെ പ്രസ്തുത 'പിയെത്താ'യുടെ അജ്ഞാതരചയിതാവ് 'അവിഞ്ഞോണിലെ മാസ്റ്റര്‍' എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നതിനിടയായത്. 1450 അടുപ്പിച്ച് വിരചിതമെന്നു കരുതപ്പെട്ടുവരുന്ന ഒന്നാണ് ഈ കലാശില്പം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍