This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവാറുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവാറുകള്‍

Avars

മംഗോളിയന്‍-ടര്‍ക്കിഷ് വംശജരായ ഒരു ജനത. എ.ഡി. 6-ാം ശ.-ത്തിന്റെ മധ്യത്തോടെ ഇവര്‍ യൂറോപ്പില്‍ കടന്നു; ആറും ഏഴും ശ.-ങ്ങളില്‍ ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ബൈസാന്തിയന്‍ രേഖകളില്‍ അവാറുകള്‍ 'അബറോയ്' എന്നും സ്ലോവോണിക് രേഖകളില്‍ 'ഓബ്രി' എന്നും അറിയപ്പെട്ടുപോന്നു.

ജസ്റ്റിനിയന്‍ ഒന്നാമനുമായി രാഷ്ട്രീയസഖ്യം നിലനിന്നിരുന്നകാലത്ത് (558) അലാന്‍സിനു സമീപമുള്ള കാക്കസസ് പ്രദേശത്താണ് ഇവര്‍ വസിച്ചിരുന്നത്. അവര്‍ അവിടെ നവാഗതരായിരുന്നു. ജൂവാന്‍ ജൂവാന്‍ വര്‍ഗക്കാരുമായി സാദൃശ്യമുള്ളവരാണ് ഇവരെന്നു പറയപ്പെടുന്നു. ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഇവര്‍ പിന്നീട് ഡാല്‍മേഷ്യ, തുറിംഗിയാ എന്നീ പ്രദേശങ്ങള്‍ കൈക്കലാക്കി. ഇവര്‍ ലൊംബാര്‍ഡുകളുമായി ചേര്‍ന്നു ബൈസാന്തിയത്തിന്റെ സഖ്യക്കാരായ ഗെപിഡെ രാജവംശത്തെ കീഴ്പ്പെടുത്തി (567). ഖഗാന്റെ നേതൃത്വത്തില്‍ കരിങ്കടല്‍ മുതല്‍ ബാള്‍ട്ടിക്ക് സമുദ്രംവരെ നീണ്ടുകിടക്കുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു. അവാറുകള്‍ ബൈസാന്തിയരെയും മെറോവിംഗരെയും യുദ്ധത്തില്‍ തോല്പിച്ചു.

സംഖ്യാബലത്തില്‍ താരതമ്യേന കുറവായ ഇക്കൂട്ടര്‍ മറ്റുള്ളവരെ കൊള്ളയടിച്ചും അധീശത്വം പുലര്‍ത്തിയും കഴിഞ്ഞുവന്നു. സ്ലാവുകള്‍, ബള്‍ഗേറിയക്കാര്‍ എന്നിവരെയും ഇക്കൂട്ടര്‍ കുറേക്കാലം കീഴടക്കിഭരിച്ചു. എട്ടാം ശ.-ത്തില്‍ തങ്ങള്‍ ആക്രമിച്ച ശക്തികളുടെതന്നെ ആക്രമണത്തിനു അവാറുകള്‍ വിധേയരായി; അങ്ങനെ അവാറുകളുടെ ശക്തി നശിച്ചു. 791-ലും 795-ലും 796-ലും കാറല്‍മാന്‍ ചക്രവര്‍ത്തി ഇവരെ ആക്രമിച്ചു. 9-ാം ശ.-ത്തോടെ ഒരു ജനത എന്ന നിലയില്‍ അവാറുകള്‍ ചരിത്രത്തില്‍ നിന്നും തിരോധാനം ചെയ്തു. എന്നാല്‍ ഡാന്യൂബിന്റെ പോഷകനദിയായ എര്‍ലാവിന്റെ താഴ്​വരപ്രദേശത്തെ, 10-ാം ശ.-ത്തിന്റെ അവസാനംവരെ 'അവാറുകളുടെ നാട്' എന്നു വിളിച്ചുവന്നിരുന്നു.

തങ്ങള്‍ കുടിയേറിപ്പാര്‍ത്ത പ്രദേശങ്ങളില്‍ ഇവര്‍ കോട്ടകെട്ടിയിരുന്നതായി പറയുന്നുണ്ട്. ഈ കോട്ടകളിലാണ് മധ്യയൂറോപ്യന്‍ പ്രദേശങ്ങളില്‍നിന്നും കൊള്ളയടിച്ച പണ്ടങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഫ്രാങ്കിഷ്സേന പിന്നീട് ഈ കോട്ടകള്‍ ആക്രമിക്കുകയും പണ്ടങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. ഈ കോട്ടകളുടെ അവശിഷ്ടങ്ങള്‍ ഡാന്യൂബിന്റെയും തൈസിന്റെയും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ കണ്ടിരുന്നുവെന്നു പറയപ്പെടുന്നു.

ലെസ്ഘിയന്‍ വര്‍ഗത്തിന്റെ ഒരു ശാഖയ്ക്കും അവാര്‍ എന്നു പേരുണ്ട്. നോ: ലെസ്ഘിയന്‍വര്‍ഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍