This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവാര്‍ഡ്

Award

ഏതെങ്കിലും മധ്യസ്ഥസമിതിയുടെയോ മറ്റു വിധികര്‍ത്താക്കളുടെയോ മുന്‍പാകെ തീരുമാനത്തിനു സമര്‍പ്പിക്കപ്പെടുന്ന നിശ്ചിത വിവാദസംഗതിയെ സംബന്ധിച്ച തീര്‍പ്പിന് അവാര്‍ഡ് എന്നു പറയുന്നു. അവാര്‍ഡ് കക്ഷികളെ സംബന്ധിക്കുന്നതും തര്‍ക്കവിഷയത്തെ ആസ്പദമാക്കിയുള്ളതും ആയിരിക്കണം. അത് എപ്പോഴും വ്യക്തവും കക്ഷികള്‍ക്കു നിര്‍വഹിക്കത്തക്കതും നിയമവിധേയവുമായിരിക്കേണ്ടതാണ്.

ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമ്മതത്തോടുകൂടി തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടിയാണ് മധ്യസ്ഥ തീരുമാനമുണ്ടാകുന്നത്. ഉഭയകക്ഷികളുടെ കരാറിന്മേല്‍ തര്‍ക്കവിഷയം ഒരു മൂന്നാംകക്ഷിയുടെ മുന്‍പില്‍ തീര്‍പ്പിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്നു. മൂന്നാംകക്ഷിയുടെ പ്രവര്‍ത്തനലക്ഷ്യം തര്‍ക്കകക്ഷികളെ നയപരമായി ഒരു ഒത്തുതീര്‍പ്പിനുവേണ്ടി പ്രേരിപ്പിക്കുകയാണ്. മൂന്നാംകക്ഷിക്ക് നിര്‍ബന്ധം ചെലുത്തേണ്ട കാര്യമില്ല.

അവാര്‍ഡുകള്‍ രണ്ടു തരത്തിലുണ്ട്: ഒന്ന്, അന്താരാഷ്ട്ര മധ്യസ്ഥനിയമം അനുസരിച്ചുള്ളത്; മറ്റേത് സ്വകാര്യമധ്യസ്ഥസമിതിയുടെ തീരുമാനം അനുസരിച്ചുള്ളത്.

രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാകാറുള്ള തര്‍ക്കപ്രശ്നങ്ങള്‍ക്കു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അന്താരാഷ്ട്രമധ്യസ്ഥത. ഇവിടെയും തര്‍ക്കരാജ്യങ്ങളുടെ സമ്മതത്തോടും അവരവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു സഹകരണത്തോടുകൂടിയും രൂപീകരിക്കപ്പെടുന്ന ഒരു ട്രൈബ്യൂണലിന്റെ തീരുമാനത്തിനായി തര്‍ക്കപ്രശ്നങ്ങള്‍ സമര്‍പ്പിക്കുന്നു. ട്രൈബ്യൂണലിന്റെ തീരുമാനത്തിന്റെ ഫലമായി ഉണ്ടാകുന്ന അവാര്‍ഡ് അംഗീകരിക്കുന്നതിന് അന്താരാഷ്ട്രനിയമം അനുസരിച്ച് ബന്ധപ്പെട്ട രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. തര്‍ക്കകക്ഷികളായ രാജ്യങ്ങള്‍ അവരവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്ന ജഡ്ജിമാരാണ് ട്രൈബ്യൂണലില്‍ അംഗങ്ങളായിരിക്കുന്നത്.

അന്താരാഷ്ട്രമധ്യസ്ഥതകളും സ്വകാര്യമധ്യസ്ഥതകളും തമ്മില്‍ വ്യത്യാസമുണ്ട്. അന്താരാഷ്ട്രമധ്യസ്ഥ സ്ഥാപനങ്ങളുടെ നടപടികളും ചട്ടങ്ങളും അവാര്‍ഡുകളും സാര്‍വദേശീയനിയമങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും. സ്വകാര്യമധ്യസ്ഥസമിതികളുടെ പ്രവര്‍ത്തനം പ്രാദേശികവും സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ തര്‍ക്കപരിഹാരത്തിനായുള്ള ഒരുപാധിയും മാത്രമായിരിക്കും. നോ: അന്താരാഷ്ട്രനിയമം; ട്രൈബ്യൂണല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍