This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവാമി ലീഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവാമി ലീഗ്

ബാംഗ്ലദേശ് റിപ്പബ്ലിക്കിലെ പ്രമുഖ രാഷ്ട്രീയ കക്ഷി. ബാംഗ്ലദേശ് സ്വതന്ത്രമായതിനുശേഷം ആദ്യം പ്രസിഡന്റും പിന്നീട് പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്‍മാനായിരുന്നു അവാമിലീഗ് കക്ഷിയുടെ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി സില്‍ഹുര്‍ റഹ്‍മാനും, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അബ്ദുര്‍ റസാക്കും. പ്രധാനമന്ത്രിപദവും അവാമിലീഗ് കക്ഷിയുടെ പ്രസിഡന്റു പദവിയും ഒരാളില്‍ത്തന്നെ നിക്ഷിപ്തമാകാന്‍ പാടില്ലെന്ന് അവാമിലീഗിന്റെ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെങ്കിലും ഈ രണ്ടു സ്ഥാനങ്ങളും ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ വഹിച്ചിരുന്നത് പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു. 1974 ജനു. 18-ന് ആരംഭിച്ച അവാമിലീഗ് കൌണ്‍സില്‍ എ.എച്ച്.എം. ഖമറുസ്മാനെ അവാമിലീഗിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ആരംഭം. ബാംഗ്ലദേശ് സ്വതന്ത്രമാകുന്നതിനു മുന്‍പ് കിഴക്കന്‍ പാകിസ്താനില്‍ അവാമിലീഗ് രൂപവത്കരിച്ചത് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്രവര്‍ദി ആണ്. കിഴക്കന്‍ പാകിസ്താന്‍ മുഖ്യമന്ത്രിയായിരുന്ന ഖ്വാജാ നാസിമുദ്ദീന്‍ പാകിസ്താന്‍ ഗവര്‍ണര്‍ ജനറല്‍ പദവി സ്വീകരിച്ച് കറാച്ചിയിലേക്കു പോയപ്പോള്‍ കിഴക്കന്‍ പാകിസ്താന്‍ ലീഗ് നിയമസഭാകക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്; എന്നാല്‍ മുസ്ലിം ലീഗുകക്ഷിക്ക് സ്വതന്ത്രമായി ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നല്കാതെ നൂറുല്‍ അമീന്‍ മുഖ്യമന്ത്രിയായി നിയമിക്കപ്പെടേണ്ടതാണെന്ന് ഗവര്‍ണര്‍ ജനറല്‍ കിഴക്കന്‍ പാകിസ്താന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്കി. ഈ രാഷ്ട്രീയപ്രതിസന്ധിയില്‍, മുന്‍പു കിഴക്കന്‍ പാകിസ്താന്‍ മുഖ്യമന്ത്രിപദത്തിനു ഖ്വാജാ നാസിമുദ്ദീനുമായി മത്സരിച്ചു പരാജയപ്പെട്ട എച്ച്.എസ്. സുഹ്രവര്‍ദി അവാമി മുസ്ലിംലീഗ് എന്ന പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചു.

1949-50 കാലഘട്ടത്തിലാണ് അവാമി മുസ്ലിംലീഗ് പാകിസ്താനില്‍ രൂപവത്കൃതമായത്. പാകിസ്താന്‍ മുസ്ലിംലീഗില്‍ നിന്നു പല കാരണങ്ങളാല്‍ വിട്ടുപോയ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ രാഷ്ട്രീയകക്ഷിക്ക് രൂപംകൊടുത്തത്. 'അവാമി മുസ്ലിംലീഗ്' എന്ന പേരില്‍ നിന്നു പിന്നീട് 'മുസ്ലിം' എന്ന പദം വിട്ടുകളഞ്ഞു. 1956-58 കാലഘട്ടത്തില്‍ കിഴക്കന്‍ പാകിസ്താനില്‍ അധികാരത്തിലിരുന്നതുകൊണ്ട് അവാമിലീഗിനു പല നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിച്ചു; കിഴക്കന്‍ പാകിസ്താന് പ്രാദേശികസ്വയംഭരണം നല്കണമെന്നു വാദിച്ചിരുന്നതുകൊണ്ട് ജനസ്വാധീനം വളര്‍ത്തുവാനും സാധിച്ചു. ഇടത്തരക്കാരും മുതലാളിവര്‍ഗവും ഈ കക്ഷിയെ സഹായിച്ചിരുന്നു. പടിഞ്ഞാറന്‍ പാകിസ്താനിലെ മുതലാളിവര്‍ഗത്തിന്റെ സാമ്പത്തിക ഞെരുക്കലുകളില്‍ നിന്നു രക്ഷപ്രാപിക്കുവാന്‍ അവാമിലീഗ് കിഴക്കന്‍ പാകിസ്താനില്‍ ശക്തിപ്രാപിക്കേണ്ടത് അവരുടെയും ആവശ്യമായിരുന്നു.

ഐക്യമുന്നണി. 1953-ല്‍ രൂപമെടുത്ത ഐക്യമുന്നണി(United Front)യിലെ പ്രമുഖ ഘടകകക്ഷി അവാമിലീഗായിരുന്നു. മുസ്ലിംലീഗിന്റെ നേതാവായിരുന്ന എച്ച്.എസ്. സുഹ്രവര്‍ദി അവാമിലീഗിന്റെ വളര്‍ച്ചയ്ക്കു ആദ്യകാലങ്ങളില്‍ പ്രധാന കാരണക്കാരനായി. 1956 സെപ്.-ല്‍ കേന്ദ്രത്തില്‍ ഒരു കൂട്ടുമന്ത്രിസഭ രൂപവത്കരിക്കാന്‍ അവാമിലീഗ് നേതാവായ അദ്ദേഹം ക്ഷണിക്കപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രിയായതോടുകൂടി അദ്ദേഹം മുസ്ലിംലീഗിന്റെ വിദേശനയമാണ് സ്വീകരിച്ചത്. ഇത് അവാമിലീഗില്‍ അഭിപ്രായഭിന്നത ഉളവാക്കുകയും മൗലാനാ ഭാഷാനി അവാമിലീഗില്‍ നിന്നു രാജിവച്ചു മറ്റൊരു രാഷ്ട്രീയകക്ഷിക്കു രൂപം നല്കുകയും ചെയ്തു. അവാമിലീഗിന് ഇത് ഒരു കനത്ത നഷ്ടമായിത്തീര്‍ന്നു.

അധികാരത്തില്‍. 1958 ജൂണ്‍ 18-ന് കിഴക്കന്‍ പാകിസ്താനില്‍ അധികാരത്തിലിരുന്ന അവാമിലീഗ് ഗവണ്‍മെന്റ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ഭരണം നടപ്പില്‍ വന്നു; എന്നാല്‍ 1958 സെപ്. 20-ന് അവാമിലീഗ് വീണ്ടും അധികാരത്തിലെത്തി. പടിഞ്ഞാറന്‍ പാകിസ്താനിലെ രാഷ്ട്രീയാനിശ്ചിതത്വവും കിഴക്കന്‍ പാകിസ്താനിലെ അരക്ഷിതാവസ്ഥയും പട്ടാളഭരണത്തില്‍ കലാശിച്ചു. 1958 ഒ. 7-ന് പ്രസിഡന്റ് ഇസ്കന്തര്‍ മിര്‍സ പാകിസ്താനില്‍ പട്ടാളഭരണം പ്രഖ്യാപിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇസ്കന്തര്‍ മിര്‍സയ്ക്കുപകരം സൈന്യാധിപനായ മുഹമ്മദ് അയൂബ്ഖാന്‍ പാകിസ്താന്‍ പ്രസിഡന്റായി. അയൂബ്ഖാനു ശേഷം പാകിസ്താന്‍ പ്രസിഡന്റായിത്തീര്‍ന്ന ജനറല്‍ യാഹ്യാഖാന്‍ 1970 മാ. 30-ന് ലീഗല്‍ ഫ്രെയിംവര്‍ക്ക് ഓര്‍ഡര്‍ (Legal Frame Work Order) പുറപ്പെടുവിച്ചു. പാകിസ്താനില്‍ കേന്ദ്ര, പ്രാദേശിക നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുതീയതികള്‍ പ്രഖ്യാപിച്ചു. അതിനു മുന്‍പുതന്നെ രാഷ്ട്രീയകക്ഷികള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചിരുന്നു.

ആറിനപരിപാടി. രാഷ്ട്രീയകക്ഷികള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം ലബ്ധമായതോടുകൂടി കിഴക്കന്‍ പാകിസ്താനില്‍ അവാമിലീഗ് പ്രബല രാഷ്ട്രീയകക്ഷിയായിത്തീര്‍ന്നു. ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍, കിഴക്കന്‍ പാകിസ്താനു സ്വയംഭരണാവകാശം നല്കണമെന്ന് ആവശ്യപ്പെട്ടു (1966); അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആറിനപരിപാടിയുടെ അടിസ്ഥാനത്തില്‍ 1970 ഡി.-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അവാമിലീഗ് മത്സരിച്ചു. ആറിന പരിപാടി താഴെപറയുന്നവയാണ്.

1. 1940-ലെ ലാഹോര്‍പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ഫെഡറേഷന്റെ രൂപവത്കരണത്തിനു ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യണം; പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍മേല്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പരമാധികാരത്തിലുള്ള പാര്‍ലമെന്ററി ഭരണസംവിധാനം ഏര്‍​പ്പെടുത്തണം.

2. രണ്ടു വിഷയങ്ങള്‍-രാജ്യരക്ഷയും വിദേശകാര്യവും മാത്രമേ ഫെഡറല്‍ ഗവണ്‍മെന്റ് കൈകാര്യം ചെയ്യാവൂ; അവശിഷ്ടാധികാരങ്ങള്‍ ഫെഡറല്‍ ഘടകസംസ്ഥാനങ്ങള്‍ക്കായിരിക്കണം;

3. പരസ്പരം മാറ്റാവുന്ന (convertible) രണ്ടു നാണ്യവ്യവസ്ഥകളോ രണ്ടു റിസര്‍വു ബാങ്കുകളോടുകൂടിയ ഒരു നാണ്യവ്യവസ്ഥയോ ഉണ്ടാക്കി ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്കുള്ള നാണയത്തിന്റെ ഒഴുക്ക് അവസാനിപ്പിക്കണം;

4. റവന്യൂപിരിവിനും നികുതിചുമത്തലിനുമുള്ള അധികാരം ഫെഡറല്‍ ഘടകങ്ങള്‍ക്കായിരിക്കണം; രണ്ടു ഘടകങ്ങളില്‍ നിന്നു കേന്ദ്രത്തിന്റെ ചെലവിലേക്കായി ഘടകങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം സ്വീകരിക്കണം;

5. കിഴക്കന്‍ പാകിസ്താന്റെ ഭദ്രതയ്ക്കായി ഒരു സമാന്തരസേനയെ സംഘടിപ്പിക്കണം.

6. രണ്ടു വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കത്തക്കരീതിയിലുള്ള നിയമനിര്‍മാണപരിപാടികള്‍ ഏര്‍​പ്പെടുത്തണം.

പാകിസ്താന്റെ ഇരുഭാഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കുവാനും രാഷ്ട്രീയ തുല്യത നേടുവാനുമുള്ള പരിപാടികളാണ് ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് തെരഞ്ഞെടുപ്പുപരിപാടിയായി അംഗീകരിച്ചത്. എന്നാല്‍ ഈ പരിപാടികളെ പാകിസ്താനിലെ ഇതര രാഷ്ട്രീയകക്ഷികള്‍ എതിര്‍ത്തു.

തെരഞ്ഞെടുപ്പ്. 1970 ഡി.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവാമിലീഗ് മുകളില്‍ പറഞ്ഞ പരിപാടികളുടെ അടിസ്ഥാനത്തില്‍ മത്സരിക്കുകയും കേന്ദ്രനിയമസഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ജയിച്ചുവരികയും ചെയ്തു. കിഴക്കന്‍ പാകിസ്താന്‍ പ്രവിശ്യാ നിയമസഭയിലെ ബഹുഭൂരിപക്ഷം സീറ്റുകളും അവാമിലീഗ് നേടി (300-ല്‍ 298). കേന്ദ്രനിയമസഭയിലേക്കു 300 അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ 160 സീറ്റുകള്‍ അവാമിലീഗിനു ലഭിച്ചു. സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരുന്ന 13 സീറ്റില്‍ 6 സീറ്റും അവാമിലീഗ് നേടി.

ഇങ്ങനെ കേന്ദ്രത്തില്‍ ഒരു ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ അര്‍ഹത നേടിയ നിലയില്‍ പാകിസ്താന്റെ കേന്ദ്രനിയമസഭയിലും അവാമിലീഗ് നിര്‍ണായക ഭൂരിപക്ഷം നേടിയിരുന്നു. അന്നത്തെ പാകിസ്താന്‍ പ്രസിഡന്റായിരുന്ന ജനറല്‍ യാഹ്യാഖാന്‍, ഷെയ്ഖ് മുജീബുര്‍ റഹ്‍മാനെ പാകിസ്താന്റെ ഭാവിപ്രധാനമന്ത്രിയെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു (1971 ജനു. 14). 1971 ഫെ. 16-ന് അവാമിലീഗ് നിയമസഭാകക്ഷി നേതാവായി ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറന്‍ പാകിസ്താനില്‍ നിര്‍ണായകഭൂരിപക്ഷം (81 സീറ്റ്) നേടിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിനേതാവായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും അവാമിലീഗ് നേതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‍മാനും പ്രസിഡന്റ് യാഹ്യാഖാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു; കേന്ദ്ര, പ്രാദേശിക നിയമസഭകള്‍ സമ്മേളിക്കുന്ന തീയതി മാറ്റിവയ്ക്കപ്പെട്ടു. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ നേരിട്ട പരാജയമാണ് ഇതിനുകാരണം.

ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്റെ ആറിനപരിപാടികളെ പാകിസ്താനിലെ ഇതര രാഷ്ട്രീയ കക്ഷികളും പ്രസിഡന്റും അനുകൂലിച്ചില്ല. 1971 മാ. 1-ന് സമ്മേളിക്കാനിരുന്ന കി. പാകിസ്താന്‍ അസംബ്ലി മാറ്റിവയ്ക്കുകയും അവിടത്തെ ഗവര്‍ണറായിരുന്ന വൈസ് അഡ്മിറല്‍ എസ്.എം. അഹ്സാനെ പിരിച്ചുവിടുകയും ചെയ്തു. മുജീബുര്‍ റഹ്‍മാന്‍ അസംബ്ലി സമ്മേളിക്കുന്ന തീയതി മാറ്റിയതില്‍ പ്രതിഷേധിക്കുന്നതിനായി ഡാക്കയില്‍ പൊതുപണിമുടക്കിനാഹ്വാനം നല്കി; തുടര്‍ന്നു നിശാനിയമം നടപ്പിലായി. മാ. 3-ന് നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു; ഒരു രാഷ്ട്രീയ സമ്മേളനത്തിനുള്ള യാഹ്യാഖാന്റെ ക്ഷണം മുജീബുര്‍ റഹ്‍മാന്‍ തിരസ്കരിച്ചു. മാ. 5-ന് പട്ടാളക്കാരുടെ നടപടികളുടെ ഫലമായി 300-ല്‍പ്പരം അവാമിലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ദേശീയ അസംബ്ലി 1971 മാ. 25-ന് സമ്മേളിക്കുന്നതാണെന്നു പ്രസിഡന്റ് യാഹ്യാഖാന്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ നികുതി നല്കരുതെന്ന് ഷെയ്ഖ് മൂജീബ് അഭ്യര്‍ഥിക്കുകയും നിയമലംഘനപരിപാടി പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്മാര്‍ തന്നില്‍നിന്ന് ഉത്തരവുകള്‍ സ്വീകരിക്കണമെന്ന് മാ. 8-ന് അദ്ദേഹം പ്രഖ്യാപനം നടത്തി. പുതിയ പട്ടാളമേധാവിയായി കി. പാകിസ്താനില്‍ നിയമിതനായ ലെഫ്ടനന്റ് ജനറല്‍ ടിക്കാഖാനെ സത്യപ്രതിജ്ഞ ചെയ്യിക്കുവാന്‍ കി. പാകിസ്താനിലെ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. പട്ടാള ഗവണ്‍മെന്റിന്റെ ഉത്തരവുകള്‍ ഉദ്യോഗസ്ഥന്മാരും ജനങ്ങളും തള്ളിക്കളഞ്ഞു. മാ. 15-ന് ഏകപക്ഷീയമായി ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ കി. പാകിസ്താന്‍ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നല്കി. അന്നുതന്നെ പ്രസിഡന്റ് യാഹ്യാഖാന്‍ ഡാക്കയില്‍ എത്തി; പിന്നാലെ (മാ. 21) പീപ്പിള്‍സ് പാര്‍ട്ടിനേതാവായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും.

അന്തിമവിജയം. പ്രസിഡന്റ് യാഹ്യാഖാനും രാഷ്ട്രീയ നേതാക്കന്മാരും തമ്മിലുള്ള ചര്‍ച്ചകള്‍ മാ. 25 വരെ തുടര്‍ന്നു. ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ സഹായകമായില്ല. ഇസ്ലാമാബാദില്‍ യാഹ്യാഖാന്‍ തിരിച്ചെത്തിയ ഉടന്‍തന്നെ കി. പാകിസ്താനില്‍ ടിക്കാഖാന്റെ നേതൃത്വത്തിലുള്ള പട്ടാളം ഭീകരവാഴ്ച ആരംഭിച്ചു. ഷെയ്ഖ് മുജീബുര്‍ റഹ്‍മാനെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും അവാമിലീഗിനെ നിരോധിക്കുകയും ചെയ്തു. മുജീബുര്‍ റഹ്‍മാന്‍ ബംഗ്ലാദേശ് എന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിന്റെ ജനനം പ്രഖ്യാപിച്ചു. പാകിസ്താന്‍ പട്ടാളം ഷെയ്ഖ് മുജീബുര്‍ റഹ്‍മാനെ തടവുകാരനാക്കി പടിഞ്ഞാറന്‍ പാകിസ്താനിലേക്കു കൊണ്ടുപോയി. പാകിസ്താന്‍ പട്ടാളത്തിന്റെ ക്രൂരകൃത്യങ്ങള്‍മൂലം ഒരു കോടിയില്‍പ്പരം ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധങ്ങള്‍ ശിഥിലമാകുകയും 1971 ഡി. 3-ന് പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. 16 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ബംഗ്ലാദേശിലെ 'മുക്തിബാഹിനി'യും ഇന്ത്യന്‍സേനയും വിജയിക്കുകയും കി. പാകിസ്താന്റെ സൈന്യാധിപനായ ജനറല്‍ നിയാസി ഡി. 16-ന് കീഴടങ്ങുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പരിണതഫലമായി സുല്‍ഫിക്കര്‍ അലി ഭൂട്ടോ പാകിസ്താന്‍ പ്രസിഡന്റായി; യാഹ്യാഖാന്‍ വീട്ടുതടങ്കലിലുമായി. പാകിസ്താന്‍ ജയിലില്‍നിന്നും ലണ്ടനില്‍ കൊണ്ടുപോയി സ്വതന്ത്രനാക്കപ്പെട്ട ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ ഡാക്കയില്‍ എത്തിച്ചേര്‍ന്നു. സ്വതന്ത്രമായിത്തീര്‍ന്ന ബംഗ്ലാദേശ് റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റും പിന്നീട് പ്രഥമ പ്രധാനമന്ത്രിയുമായി അവാമി ലീഗ് കക്ഷിനേതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1973 മാ. 7-ന് ബംഗ്ലാദേശില്‍ ആദ്യമായി നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൊത്തം 300 സീറ്റില്‍ 293 സീറ്റും നേടിയ അവാമി ലീഗ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്നു. 1974-ലെ കൊടുംവരള്‍ച്ചയും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും കടുത്തക്ഷാമത്തിനിടയാക്കി. 1974 ഡി. 28-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രസിഡന്‍ഷ്യന്‍ ഭരണരീതി നിലവില്‍ വരികയും ചെയ്തു. 1975 ആഗ. 15-ന് മുജീബുര്‍ റഹ്‍മാനും കുടുംബാംഗങ്ങളും ഏതാനും പട്ടാള ഉദ്യോഗസ്ഥന്മാരാല്‍ ക്രൂരമായി വധിക്കപ്പെട്ടു. ആ വര്‍ഷം തന്നെ ന. 3-ന് അവാമിലീഗിന്റെ മറ്റു നാലു പ്രമുഖ നേതാക്കള്‍ കൂടി കൊല ചെയ്യപ്പെട്ടു. മുജീബുര്‍ റഹ്‍മാന്റെ മക്കളായ ഷെയ്ക്ക് ഹസീനയും ഷെയ്ക്ക് രഹാനയും ഒരു സാംസ്കാരിക സംഘത്തോടൊപ്പം ജര്‍മനിയില്‍ ആയിരുന്നതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഷെയ്ക്ക് ഹസീന പിന്നീട് ഇന്ത്യയില്‍ അഭയം തേടി. തുടര്‍ന്ന് അവാമി ലീഗിലെ വിമതരുടെ പങ്കാളിത്തത്തോടെ ഖൊണ്ടേക്കര്‍ മുഷ്ത്താക്കിന്റെ നേതൃത്വത്തില്‍ പുതിയ ഗവണ്മെന്റിനു രൂപംനല്കി.

തുടര്‍ന്ന് മുഷ്ത്താക്കിനെ പുറംതള്ളി മേജര്‍ ജനറല്‍ സിയാവുര്‍ റഹ്‍മാന്‍ ഭരണാധികാരമേറ്റെടുത്തു. അവാമിലീഗിന്റെ നേതാക്കള്‍ ഒളിവില്‍പോയതു കാരണം പാര്‍ട്ടി പ്രവര്‍ത്തനം നിലച്ചമട്ടായി. 1976-ല്‍ ബീഗം ഡോറാ താജ്ജൂദ്ദിന്റെയും മറ്റും നേതൃത്വത്തില്‍ അവാമി ലീഗിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും നേതാക്കള്‍ ഒളിവില്‍ നിന്നുപുറത്തുവരികയും ചെയ്തു. 1977-ല്‍ ഏകകക്ഷി ഭരണത്തെ അനുകൂലിക്കുന്നതിനെ സംബന്ധിച്ച് അവാമി ലീഗില്‍ അഭിപ്രായഭിന്നത രൂപംകൊണ്ടു. 1978-ല്‍ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മാലിക് ഉകില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും മിസാന്‍ ചൗധരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മറ്റൊരു അവാമിലീഗ് രൂപീകരിക്കുകയും ചെയ്തു.

1981-ല്‍ മാലിക് ഉകിലിന്റെ നേതൃത്വത്തിലുള്ള മുഖ്യ അവാമി ലീഗില്‍ അഭിപ്രായ ഭിന്നതകള്‍ രൂപം കൊള്ളുകയും അതിന്റെ ഫലമായി മുജിബുര്‍ റഹ്‍മാന്റെ മകളായ ഷെയ്ക് ഹസീനാ വാജദിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. 1983-ല്‍ സ്റ്റുഡന്റ്സ് ലീഗിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അവാമിലീഗിലെ ആഭ്യന്തരകലഹം രൂക്ഷമാവുകയും ഏതാനും നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നു പുറന്തള്ളപ്പെടുകയും ചെയ്തു.

1981-ല്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‍മാന്റെ വധത്തെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത ജനറല്‍ എര്‍ഷാദിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ത്തന്നെ അവാമിലീഗ് മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഖ്യം ചേര്‍ന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും 76 സീറ്റുകള്‍ നേടുകയും ചെയ്തു. എര്‍ഷാദിന്റെ പതനത്തെത്തുടര്‍ന്ന് 1991-ല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വീണ്ടും നടന്നു. അവാമിലീഗിനു കൂടുതല്‍ വോട്ട് ലഭിച്ചെങ്കിലും ഭരിക്കുവാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. 1993-ല്‍ പാര്‍ട്ടിയുടെ നയപരിപാടികളോടു വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഡോ. കമല്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുകയും പുതിയൊരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. 1996 ഫെ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍നിന്നും മറ്റു പ്രതിപക്ഷപാര്‍ട്ടികളോടൊപ്പം അവാമിലീഗും വിട്ടുനിന്നു. ബി.എന്‍.പി.(ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി)യുടെ നേതൃത്വത്തില്‍ അധികാരമേറ്റ ഭരണകൂടം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.

1996 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 146 സീറ്റുകള്‍ നേടി അവാമി ലീഗ് വിജയമുറപ്പിക്കുകയും ചില ചെറുകക്ഷികളുടെ സഹായത്തോടെ ഷെയ്ക് ഹസീനയുടെ നേതൃത്വത്തില്‍ പുതിയ ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു ഈ വിജയം. അവാമി ലീഗിന്റെ വിജയത്തോടെ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയും ചെയ്തു. ഇന്ത്യയുമായി ഗംഗാജലം പങ്കുവയ്ക്കുന്ന പ്രശ്നത്തില്‍ ഏറെക്കാലമായി നിലനിന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. സാമ്പത്തികനില മെച്ചപ്പെട്ടു. വിലക്കയറ്റം നിയന്ത്രിച്ചു. എന്നാല്‍ ദരിദ്രപക്ഷ നടപടികളും മതനിരപേക്ഷ നിലപാടുകളും, ഒപ്പം ഭരണതലത്തിലെ അഴിമതികളും സമ്പന്നരിലും ഇടത്തരക്കാരിലും മത തീവ്രവിഭാഗങ്ങളിലും അസംതൃപ്തിയുണ്ടാക്കി. അവര്‍ അവാമി ലീഗിനെതിരെ തിരിഞ്ഞു. സൈന്യത്തിലെ അസംതൃപ്തവിഭാഗവും അവര്‍ക്കു പിന്തുണ നല്‍കി. അവാമി ലീഗിന്റെ നിരവധി നേതാക്കള്‍ ബോംബേറിലും ഗ്രനേഡാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടു. ഷെയ്ക്ക് ഹസീന പോലും പല തവണ വധശ്രമത്തിനു വിധേയയായി. എങ്കിലും കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ അധികാരം വിട്ടൊഴിഞ്ഞത്. 2001 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കൂടുതല്‍ നേടാനായെങ്കിലും എതിരാളികളുടെ സംയുക്ത മുന്നണിക്കു മുന്‍പില്‍ വിജയിക്കാനായില്ല. എന്നാല്‍ അധികാരമേറ്റെടുത്ത ബീഗം ഖാലിദാസിയയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ധീരോദാത്തമായ സമരം നയിക്കാന്‍ അവാമി ലീഗിനു കഴിഞ്ഞു. ഇതിനു വിലയായി അവര്‍ക്കു നല്‍കേണ്ടിവന്നത് പ്രമുഖരായ നിരവധി നേതാക്കളുടെ ജീവനാണ്. 2006 ഒടുവില്‍ ബീഗം ഖാലിദാസിയ അധികാരമൊഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് എന്നു നടക്കും എന്നു പറയാനാവാത്ത സ്ഥിതിയാണ്. ബംഗ്ലാദേശില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നിരോധിച്ച അവസ്ഥയിലാണ്. നോ: ഇന്ത്യാ-പാകിസ്താന്‍ യുദ്ധങ്ങള്‍; പാകിസ്താന്‍; ബംഗ്ലാദേശ്; മുജീബുര്‍ റഹ്‍മാന്‍; ഷെയ്ഖ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍