This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശോഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:28, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവശോഷണം

Absorption

ഒരു പദാര്‍ഥം മറ്റൊരു പദാര്‍ഥത്തെ തന്നിലേക്കു വലിച്ചെടുക്കുന്ന പ്രക്രിയ. സ്പോഞ്ച് (sponge) ജലത്തെയും ഒപ്പുകടലാസ് (blotting paper) മഷിയെയും വലിച്ചെടുക്കുന്നത് അവശോഷണത്തിനു ദൃഷ്ടാന്തങ്ങളാണ്. വര്‍ണവസ്തുക്കള്‍ക്കു പ്രകാശവുമായുള്ള പ്രവര്‍ത്തനം, ദീപനവിധേയമായ ആഹാരം കുടലിന്റെ ഭിത്തികളിലൂടെ ശരീരത്തിനകത്തേക്കു പ്രവേശിക്കല്‍, സസ്യങ്ങള്‍ വേരുകള്‍വഴി വെള്ളവും വളവും വലിച്ചെടുക്കല്‍ എന്നിവയെല്ലാം അവശോഷണം തന്നെ. ദ്രവങ്ങള്‍ വാതകങ്ങളെ അവശോഷിപ്പിക്കുന്നു എന്നു പറയുമ്പോള്‍ ആ ദ്രവങ്ങളില്‍ ആ വാതകങ്ങള്‍ അലിഞ്ഞുചേരുന്നു എന്നാണ് അര്‍ഥം. ഉദാഹരണമായി ജലം അമോണിയാവാതകത്തെ ധാരാളമായി അവശോഷണം ചെയ്യുന്നു എന്നു പറയാറുണ്ട്; അമോണിയാവാതകം ധാരാളമായി ജലത്തില്‍ കലരുന്നു എന്നാണ് ഇതിനര്‍ഥം. വിവിധ വാതകങ്ങളുടെ ജലാവശോഷണം അഥവാ ജലലേയത്വം വിവിധ അളവിലാണ്. 0°Cല്‍ നൈട്രജന്‍ എന്ന വാതകം ജലത്തില്‍ 1:002 എന്ന തോതില്‍ അവശോഷിതമാകുന്നു. അതേ താപനിലയിലും മര്‍ദത്തിലും അമോണിയാവാതകം 1:1050 എന്ന തോതില്‍ അവശോഷണം ചെയ്യപ്പെടുന്നു. മര്‍ദം കൂടുന്നതിനും താപനില കുറയുന്നതിനും അനുസരിച്ച് അവശോഷണം അധികമാകുന്നു.

ചില ഖരവസ്തുക്കള്‍ വാതകങ്ങളെ അവശോഷണം ചെയ്യാറുണ്ട്. മരക്കരി പ്രസിദ്ധമായ അത്തരം ഒരു അവശോഷകമാണ്. അമോണിയ, ക്ളോറിന്‍, ഫോസ്ജീന്‍ മുതലായ വാതകങ്ങളെ അതു ധാരാളമായി വലിച്ചെടുക്കുന്നു. വാതകാവശോഷണശേഷി ഉള്ളതുകൊണ്ട് മരക്കരി ഒരു ഗന്ധഹാരകം (de-odorant) ആയി ഉപയോഗിക്കപ്പെടുന്നുണ്ട്. അതിതപ്തം (superheated) ആയ ജലബാഷ്പംകൊണ്ടു തപിപ്പിച്ച മരക്കരിക്ക് അവശോഷണശേഷി കൂടുതലാണ്. ഉത്തേജിതമായ ഇത്തരം മരക്കരി വാതകമുഖംമൂടികളില്‍ (gas-masks) ഉപയോഗിക്കാറുണ്ട്. പ്ലാറ്റിനം ബ്ലാക്ക് (Platinum black) നല്ല ഒരു വാതകാവശോഷകമാണ്. ഇത് ഹൈഡ്രജന്‍-ഓക്സിജന്‍ മിശ്രിതത്തില്‍ വച്ചാല്‍ ഈ വാതകങ്ങള്‍ അവശോഷിക്കപ്പെടുന്നു. അപ്പോള്‍ ഇവയുടെ തന്‍മാത്രകങ്ങള്‍ തമ്മില്‍ തമ്മില്‍ വളരെ അടുക്കുവാനും താപം ഉന്‍മുക്തമാകുവാനും ഇടവരുന്നു. വര്‍ധിച്ച ഈ താപനില അവശേഷിച്ച വാതകമിശ്രത്തെ കത്തിക്കുകയും ചെയ്യുന്നു.

അവശോഷണം അധിശോഷണത്തില്‍നിന്നു ഭിന്നമാണ്. ഖരവസ്തുവിന്റെ പ്രതലത്തിലാണ് അധിശോഷണം നടക്കുന്നത്. എന്നാല്‍ അവശോഷണം പ്രതലത്തില്‍ മാത്രമല്ല, വസ്തുവിന്റെ അന്തര്‍ഭാഗങ്ങളിലും നടക്കും. അധിശോഷണത്തെ അനുഗമിക്കുന്ന പ്രക്രിയയാണ് അവശോഷണം.

പ്രകാശം. വിദ്യുത്കാന്തതരംഗങ്ങള്‍ (ഉദാ. പ്രകാശം, താപം) ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ അവശോഷണവിധേയമാകാറുണ്ട്. പ്രകാശത്തിന് ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ തീവ്രതക്കുറവ് സംഭവിക്കുന്നു. മാധ്യമത്തിലെ തന്‍മാത്രകളോ അണുക്കളോ പ്രകാശോര്‍ജത്തെ അവശോഷണം ചെയ്യുന്നു എന്നതാണ് ഇതിനു കാരണം. സുതാര്യം (transparent) എന്നു കരുതപ്പെടുന്ന പദാര്‍ഥങ്ങള്‍ കൂടുതല്‍ ഘനത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ദൃശ്യപ്രകാശം സാരമായ അവശോഷണംകൂടാതെ കടന്നുപോകുന്നു. പക്ഷേ, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് എന്നീ മേഖലകളില്‍ മിക്ക വസ്തുക്കളും ശക്തിയായ അവശോഷണം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുതാര്യവസ്തുക്കള്‍ വേണ്ടത്ര ഘനത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ അവ അവശോഷണം പ്രദര്‍ശിപ്പിക്കുന്നതായി കാണാം. വളരെ സുതാര്യമായി തോന്നുന്ന ശുദ്ധജലം വളരെ ആഴമുള്ള സംഭരണികളില്‍ എടുത്തശേഷം വീക്ഷിക്കുകയാണെങ്കില്‍ നീലനിറമുള്ളതായി കാണപ്പെടുന്നു. അതായത്, പ്രകാശത്തിന്റെ ചുവപ്പുഭാഗത്തെ അത് അവശോഷണം ചെയ്യുന്നു. കൃത്യമായി പറഞ്ഞാല്‍ തികച്ചും സുതാര്യമായ വസ്തുക്കളൊന്നും പ്രകൃതിയിലില്ല.

ലാംബെര്‍ട്ട് നിയമം (Lambert's law) അനുസരിച്ച് തുല്യഘനമുള്ള ഓരോ അടുക്കും ആനുപാതികമായി പ്രകാശത്തെ അവശോഷണം ചെയ്യുന്നു. ഒരേതരത്തിലുള്ള തന്‍മാത്രകളുടെ അടുക്കുകള്‍ പരിഗണിക്കുകയാണെങ്കില്‍ ലാംബെര്‍ട്ട് നിയമം

എന്ന രൂപത്തിലെഴുതാം. ഇവിടെ I എന്നത് x ദൂരം സഞ്ചരിച്ചശേഷം പ്രകാശത്തിനുള്ള തീവ്രത(intensity)യും I0 അടുക്കിലേക്കു പ്രവേശിക്കുന്ന പ്രകാശത്തിന്റെ ആദിമ തീവ്രതയും ആണ്. ഒരു പദാര്‍ഥത്തില്‍ ഒരു പ്രത്യേക തരംഗദൈര്‍ഘ്യത്തിന് k ഒരു സ്ഥിരാങ്കമായിരിക്കും. ഒരു ലായനിയുടെ അവശോഷണം അതിന്റെ ഗാഢത(concentration) യെ ആശ്രയിച്ചിരിക്കുന്നു. ലായിനികളുടെ അവശോഷണം പ്രകാശിപ്പിക്കുന്ന നിയമത്തിനു ബീര്‍ നിയമം (Beer's law) എന്നാണ് പേര്. ഇതിനെ,

എന്നെഴുതാം. ഇവിടെ c = ഗാഢത; a = മാത്രാഗാഢത(unit concentration)യ്ക്കുള്ള അവശോഷണാങ്കം; x = പ്രകാശം ലായനിയില്‍ സഞ്ചരിക്കുന്ന ദൂരം.

ഓരോ വസ്തുവും അതിന്റെ അഭിലക്ഷണീയ തരംഗദൈര്‍ഘ്യമുള്ള (characteristic wave length) പ്രകാശത്തെ ശക്തിയായി അവശോഷണം ചെയ്യുന്നു. ധവളപ്രകാശത്തെ സോഡിയം ബാഷ്പത്തിലൂടെ കടത്തിവിട്ടശേഷം ഒരു സ്പെക്ട്രോസ്കോപ് ഉപയോഗിച്ച് പരിശോധിച്ചാല്‍ സന്തത സ്പെക്ട്ര(continuous spectrum) ത്തിന്റെ മഞ്ഞമേഖല(5893 A°)യില്‍ വളരെ അടുത്തടുത്തായി രണ്ടു കറുപ്പുരേഖകള്‍ കാണാവുന്നതാണ്. ഇവയെ സോഡിയത്തിന്റെ അവശോഷണരേഖകള്‍ (absorption lines) എന്നും ഇപ്രകാരമുള്ള സ്പെക്ട്രത്തെ അവശോഷണ സ്പെക്ട്രമെന്നും പറയുന്നു. ഇതുപോലെതന്നെ സൂര്യപ്രകാശത്തെ സ്പെക്ട്രോസ്കോപ് ഉപയോഗിച്ചു പരിശോധിക്കുമ്പോഴും സന്തത സ്പെക്ട്രത്തില്‍ അനേകം കറുത്ത രേഖകള്‍ കാണപ്പെടുന്നുണ്ട്. ഫ്രോണ്‍ഹോഫര്‍ രേഖകള്‍ (Fraunhofer lines) എന്നു വിളിക്കുന്ന ഇവ സൌരാന്തരീക്ഷത്തിലുള്ള വിവിധ മൂലകങ്ങളുടെയും അയോണുകളുടെയും അഭിലക്ഷണീയ അവശോഷണ രേഖകളാണ്.

പ്രകൃതിയില്‍ കാണപ്പെടുന്ന വസ്തുക്കളുടെ സ്വാഭാവികനിറം അവശോഷണത്തെയും ആശ്രയിച്ചിരിക്കുന്നു. ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തനം (refraction), ആന്തരിക പ്രതിഫലനം (internal reflection) എന്നിവകഴിഞ്ഞ് പുറത്തേക്കു വരുമ്പോള്‍ ശക്തമായ അവശോഷണംമൂലം അവയില്‍ നിന്നും ചില വര്‍ണങ്ങള്‍ അപ്രത്യക്ഷമായിരിക്കും. ചില വര്‍ണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതലായി അവശോഷണം ചെയ്യപ്പെടുന്നതുകൊണ്ടാണ് ചായങ്ങള്‍ക്കെല്ലാം നിറമുണ്ടാകുന്നത്.

ശബ്ദം. ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴോ ഉപരിതലങ്ങളില്‍നിന്നും പ്രതിഫലിപ്പിക്കപ്പെടുമ്പോഴോ ശബ്ദതരംഗങ്ങള്‍ക്ക് ഊര്‍ജനഷ്ടം സംഭവിക്കുന്നു. മാധ്യമത്തിലോ അതിന്റെ അതിര്‍ത്തികളിലോ ശബ്ദതരംഗങ്ങളുടെ ഊര്‍ജം അവശോഷണം ചെയ്യപ്പെടുന്നതാണ് ഇതിനുകാരണം. അവശോഷണംമൂലം ശബ്ദോര്‍ജം താപീയോര്‍ജമായി രൂപാന്തരപ്പെടുന്നു. മാധ്യമത്തിലുണ്ടാകുന്ന ഊര്‍ജനഷ്ടത്തിനുകാരണം ശ്യാനത (viscosity), താപസംവഹനം (heat conduction), തന്‍മാത്രാവിനിമയം (molecular exchange) എന്നിവയാണ്. ഉപരിതലങ്ങള്‍ ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അവശോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു മാധ്യമത്തിന്റെ ഉപരിതലം അവശോഷണം ചെയ്യുന്ന ശബ്ദോര്‍ജത്തിന്റെയും ഉപരിതലത്തില്‍ പതിക്കുന്ന ശബ്ദോര്‍ജത്തിന്റെയും അനുപാതമാണ് അവശോഷണാങ്കം (absorption coefficient). മിനുസമുള്ള പ്രതലത്തെക്കാള്‍ പരുക്കനോ നിറയെ ദ്വാരങ്ങളുള്ളതോ ആയ പ്രതലങ്ങള്‍ക്ക് അവശോഷണാങ്കം കൂടുതലാണ്. തിയെറ്ററുകള്‍, ആഡിറ്റോറിയങ്ങള്‍ എന്നിവ നിര്‍മിക്കുമ്പോള്‍ പ്രതിധ്വനി ഒഴിവാക്കാനായി തട്ടുകളും ചുമരുകളും നല്ല ശബ്ദാവശോഷകങ്ങളെക്കൊണ്ടു പൊതിയുന്നു. ഒരു മാധ്യമത്തില്‍ത്തന്നെ ശബ്ദതരംഗങ്ങളുടെ ആവൃത്തി മാറുന്നതിനനുസരിച്ച് അവശോഷണവും വ്യത്യാസപ്പെടുന്നുണ്ട്. വായുവിലെ ആര്‍ദ്രത, കാര്‍ബണ്‍ ഡൈയോക്സൈഡ് വാതകത്തിന്റെ അളവ് ഇവ കൂടുന്നതനുസരിച്ച് അവശോഷണം വര്‍ധിക്കുന്നു.

താരാന്തരീയം (Interstellar). ജര്‍മന്‍ വാനശാസ്ത്രഞ്ജന്‍ ജെ. ഹാര്‍ട്ട്മാന്‍ (J.Hartmann) 1904-ല്‍ ഡെല്‍ട്ടാ ഓറിയോണിസ് എന്ന നക്ഷത്രത്തെ പഠിക്കുമ്പോള്‍ അതിന്റെ സ്പെക്ട്രത്തില്‍ ഒരു പ്രത്യേകത കണ്ടെത്തി. സ്പെക്ട്രത്തിലെ മറ്റു രേഖകള്‍ പ്രദര്‍ശിപ്പിക്കുന്ന ഡോപ്ലര്‍ നീക്കം (Doppler shift) ഇല്ലാത്ത സോഡിയത്തിന്റെ ഒരു അവശോഷണരേഖ ഇദ്ദേഹം കണ്ടു. പിന്നീട് ഡോപ്ലര്‍നീക്കമില്ലാത്ത ഇത്തരം അവശോഷണരേഖകള്‍ മറ്റു നക്ഷത്രങ്ങളുടെ പ്രകാശത്തിലും കണ്ടുപിടിക്കപ്പെട്ടു. ഓറിയണ്‍ താരാവ്യൂഹത്തിലെ പല നക്ഷത്രങ്ങളുടെയും സ്പെക്ട്രത്തിലെ മറ്റു രേഖകള്‍ക്കെല്ലാം ഡോപ്ലര്‍നീക്കം ഉണ്ടായിരുന്നെങ്കിലും ഒരു കാല്‍സ്യം രേഖയ്ക്കു വ്യതിയാനമൊന്നും കണ്ടില്ല. അമേരിക്കന്‍ വാനശാസ്ത്രജ്ഞനായ വി.എം. സ്ളീഫര്‍ 1909-ല്‍ ഇതിനൊരു വിശദീകരണം കണ്ടെത്തി. താരാന്തരീയവാതകങ്ങളുടെ ഒരു മേഘപടലം താരങ്ങള്‍ക്കും ഭൂമിക്കും ഇടയിലായിട്ടുണ്ട് എന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാതകങ്ങള്‍ അവയിലെ പരമാണുക്കളുടെ അഭിലക്ഷണീയരേഖകള്‍ താരപ്രകാശത്തില്‍ നിന്നും അവശോഷണം ചെയ്യുന്നു. Ca,Na,K,Fe എന്നീ മൂലകങ്ങള്‍ ഈ വാതകത്തിലുണ്ടെന്ന് അവശോഷണം തെളിയിക്കുന്നു. CH,CN,CH+ എന്നീ റാഡിക്കലുകളുടെ അവശോഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. താരാന്തരീയ പൊടിപടലങ്ങള്‍ താരാപ്രകാശത്തെ നമ്മുടെ ദൃഷ്ടിയില്‍ നിന്നും മറയ്ക്കുന്നു. താരാപ്രകാശത്തിനു പ്രകീര്‍ണനം (scattering) സംഭവിക്കുന്നതുകൊണ്ട് ഈ പൊടിപടലം ഒരു ചുവന്ന അരിപ്പപോലെ പ്രവര്‍ത്തിക്കുന്നു. നോ: അധിശോഷണം.

(ഡോ. സി.പി. ഗിരിജാവല്ലഭന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%B6%E0%B5%8B%E0%B4%B7%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍