This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശിഷ്ടപര്‍വതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവശിഷ്ടപര്‍വതം

Residual Mountain

വ്യാപകമായ അപരദന(erosion)ത്തെ അതിജീവിച്ച് പര്‍വതാകാരത്തില്‍ എഴുന്നു കാണുന്ന ഒറ്റപ്പെട്ട ഭൂരൂപങ്ങള്‍. സാധാരണയായി ഇത്തരം പര്‍വതങ്ങളുടെ പ്രത്യേകതകള്‍ മൂന്നാണ്: ഒന്നാമത് അവ സമീപപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയരത്തില്‍ എഴുന്നു നില്ക്കുന്നു; രണ്ടാമത് അവയ്ക്ക് ഇടുങ്ങിയ ഒരു ശിഖരവും തൂക്കായി ചരിഞ്ഞ പാര്‍ശ്വങ്ങളുമുണ്ട്; അനേകം ഇടുങ്ങിയ താഴ്വരകളും അവയ്ക്കു മധ്യത്തായി നീണ്ട തിണ്ടുകളും ഉള്‍ക്കൊണ്ടു കാണുന്നു എന്നതാണ് മൂന്നാമത്തെ പ്രത്യേകത.

പര്‍വതങ്ങളുടെ ഉദ്ഗമം രണ്ടു വിധത്തിലാകാം; വിവര്‍ത്തനിക (tectonic) പ്രക്രിയകളുടെ ഫലമായി മടങ്ങി ഉയര്‍ന്നവയായോ, അപരദനം മൂലം സമീപസ്ഥശിലകള്‍ക്കു നശീകരണം സംഭവിക്കുമ്പോള്‍ വിനാശത്തിനു വഴിപ്പെടാതെ അവശിഷ്ടമായോ ആണ് പര്‍വതങ്ങള്‍ രൂപംകൊള്ളുന്നത്. ഇവയില്‍ രണ്ടാമത്തെ ഇനമാണ് അവശിഷ്ടപര്‍വതങ്ങള്‍. പ്രോത്ഥാന (upheaval) വിധേയമാവുന്ന ഓരോ പ്രദേശവും അപരദനത്തിനു വഴിപ്പെടുന്നു. കാഠിന്യത്തിന്റെ ഏറ്റക്കുറവനുസരിച്ച് അപരദനത്തിന്റെ തോതും വ്യത്യസ്തമായിരിക്കും. നര്‍മശില(soft rocks)കള്‍ വിഘടിപ്പിക്കപ്പെട്ട് വഹിച്ചു നീക്കപ്പെടുമ്പോള്‍ കഠിനശിലകള്‍ യഥാരൂപത്തില്‍ ശേഷിക്കുന്നു.

പൂര്‍ണമായും മേല്പറഞ്ഞതുപോലെ രൂപംകൊണ്ട പര്‍വതങ്ങള്‍ വിരളമാണ്. പര്‍വതനസമയത്തു മറ്റു പല സഹായകഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടാവും. കാനഡയില്‍ ക്യൂബെക് സംസ്ഥാനത്തെ ലാറെന്‍ഷ്യന്‍ പര്‍വതങ്ങള്‍ ഭാഗികമായി അവശിഷ്ടപര്‍വതങ്ങളാണ്.

(ഡോ. പി.കെ. രാജേന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍