This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശിഷ്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവശിഷ്ടം

Residual

ഭൂവിജ്ഞാനീയ സംബന്ധമായ ചില പ്രതിഭാസങ്ങളെ കുറിക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികപദം. അപക്ഷയ(weathering)ത്തിന്റെ ഭാഗമായി രാസപ്രവര്‍ത്തനശേഷിയുള്ള ദ്രാവകങ്ങള്‍ പൂര്‍വവര്‍ത്തിശില(basal rocks)കളെ വിഘടിപ്പിക്കുന്നു. ലേയത്വം കൂടിയ വിവിധ പദാര്‍ഥങ്ങള്‍ ഈ ദ്രാവകങ്ങളില്‍ ലയിച്ചു ദൂരീകരിക്കപ്പെടും. രാസപ്രവര്‍ത്തനത്തിനു വിധേയമാവാത്ത അലേയപദാര്‍ഥങ്ങള്‍ 'അവശിഷ്ട'ങ്ങളായി നിലകൊള്ളുന്നു. ചുണ്ണാമ്പുകല്‍പ്രദേശങ്ങളില്‍ ഇത്തരം അവശിഷ്ടശിലകള്‍ സാധാരണമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ മഴയും വേനലും ആവര്‍ത്തിച്ചുണ്ടാവുന്നതുനിമിത്തം ശിലകള്‍ രാസാപക്ഷയത്തിനു വിധേയമാകുന്നു; ലേയത്വം കുറഞ്ഞ അലുമിനിയം, ഇരുമ്പ് എന്നിവയുടെ ഹൈഡ്രോക്സൈഡുകള്‍, സിലിക, പലതരം കാര്‍ബണേറ്റുകള്‍, സല്‍ഫേറ്റുകള്‍ തുടങ്ങിയവ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള അപക്ഷയത്തിന് ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രോക്സൈഡുകള്‍ ഒഴിച്ചുള്ള എല്ലാ പദാര്‍ഥങ്ങളും വിധേയമാകുന്നു. ഇത്തരത്തിലുണ്ടാകുന്ന അവശിഷ്ടങ്ങളാണ് ചീങ്കല്ല്, ബോക്സൈറ്റ് എന്നിവ. ആഗ്നേയശിലകളും ഇത്തരത്തിലുള്ള ശിഥിലീകരണത്തിനു വിധേയങ്ങളാണ്; അവശിഷ്ടമാതൃകയിലുള്ള കളിമണ്ണ് ഈ രീതിയിലാണുണ്ടാകുന്നത്.

ചുറ്റുമുള്ള ശിലാസമൂഹങ്ങളില്‍നിന്നു ലക്ഷണത്തിലും പ്രകൃതിയിലും വിഭിന്നമായി ഒറ്റപ്പെട്ട് എഴുന്നു കാണുന്ന ഭൂരൂപങ്ങളെയും അവശിഷ്ടങ്ങളായി വ്യവഹരിക്കാറുണ്ട്. ഡെനുഡേഷന്റെയോ (denudation) അപരദനത്തിന്റെയോ ഫലമായി സംപിണ്ഡശിലകള്‍ (conglomerates) ഉള്‍ക്കൊണ്ടവയോ അല്ലാത്തവയോ ആയ അവശിഷ്ടകുന്നുകള്‍ ഉണ്ടാവാം; പൊതുവേ നിരപ്പായ പ്രദേശത്താണ് ഇവ കണ്ടുവരുന്നത്.

കാല്‍സിയത്തിന്റെ അംശം ധാരാളമുള്ള മണല്‍ക്കല്ലിലെ കാല്‍സിയം പെട്ടെന്നു ലയിക്കുന്നതിനാല്‍ മണല്‍ത്തരികള്‍ 'അവശിഷ്ട'മാവുന്നു. സംപിണ്ഡങ്ങളിലെ ചെറിയ തരികള്‍ പ്രവാഹജലം ഒഴുക്കിക്കൊണ്ടുപോവുമ്പോള്‍ ചരലും ഉരുളന്‍കല്ലുകളും അവശേഷിക്കുന്നു; ഇവയെ മാതൃശിലകളുടെ 'അവശിഷ്ട'ങ്ങളായി വിവക്ഷിക്കാറുണ്ട്.

(ആര്‍. ഗോപി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍