This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവര്‍ണത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവര്‍ണത

Achromatism

പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍തിരിയാതെ പ്രിസത്തിലൂടെയോ ലെന്‍സിലൂടെയോ അപവര്‍ത്തന (refraction) വിധേയമാക്കുന്ന പ്രതിഭാസം. പ്രകാശം ഒരു മാധ്യമത്തില്‍ നിന്നു സാന്ദ്രതാവ്യത്യാസമുള്ള മറ്റൊന്നിലേക്കു കടക്കുമ്പോള്‍ അതിന്റെ പഥത്തിനു വിചലനം (deviation) സംഭവിക്കുന്നു. ഇതിന്റെ പരിമാണം മാധ്യമങ്ങളുടെ സ്വഭാവത്തെയും പ്രകാശത്തിന്റെ വര്‍ണത്തെ (തരംഗദൈര്‍ഘ്യത്തെ)യും ആശ്രയിച്ചിരിക്കുന്നു. ഇതാണ് അപവര്‍ത്തനം.

ധവളപ്രകാശം വിവിധ വര്‍ണങ്ങളുടെ ഒരു മിശ്രിതമാണ്. അത് ഒരു പ്രിസ(prism)ത്തിലൂടെ അപവര്‍ത്തന വിധേയമാകുമ്പോള്‍ അതിന്റെ ഘടകവര്‍ണങ്ങള്‍ക്കു വ്യത്യസ്ത തോതിലുള്ള വിചലനം സംഭവിക്കുന്നു. തന്‍മൂലം പ്രകാശഘടകങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. ഇതിനെ പ്രകാശപ്രകീര്‍ണനം (dispersion) എന്നു പറയുന്നു.

പ്രകാശം ലെന്‍സിലൂടെ അപവര്‍ത്തനവിധേയമാകുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ലെന്‍സിന്റെ ഫോക്കസ്ദൂരം (focal length) പ്രകാശത്തിന്റെ വര്‍ണത്തെ ആശ്രയിച്ചാണിരിക്കുന്നത്. അഭികേന്ദ്രദൂരം, തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പിനു കൂടുതലും തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനു കുറവും ആണ്. ആയതിനാല്‍ വെളുത്ത പ്രകാശത്തില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കുമ്പോള്‍ വ്യത്യസ്ത വര്‍ണങ്ങള്‍ വ്യത്യസ്ത ബിന്ദുക്കളില്‍ ഫോക്കസ് ചെയ്യപ്പെടുന്നു. ഇതുകാരണം ലെന്‍സിലൂടെ വീക്ഷിക്കപ്പെടുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം വര്‍ണാങ്കിതവും തന്‍മൂലം അവ്യക്തവും ആയിരിക്കും. പ്രതിബിംബത്തിന്റെ ഈ ന്യൂനതയെ വര്‍ണവിപഥനം (Chromatic aberration) എന്നു പറയുന്നു. ഏതു പ്രകാശികോപകരണത്തിലും ഒറ്റ ലെന്‍സോ പ്രിസമോ മാത്രം ഉപയോഗിക്കുമ്പോള്‍ പ്രതിബിംബത്തിന് ഈ ന്യൂനത ഉണ്ടായിരിക്കും. വിദൂരവസ്തുക്കളെപ്പറ്റിയുള്ള വസ്തുനിഷ്ഠമായ പഠനത്തിനു പ്രത്യേകിച്ചും ഇതൊരു വിഘാതമാണ്. ക്രൗണ്‍ ഗ്ലാസ് (Crown glass) മാത്രം പ്രചാരത്തിലിരുന്ന കാലത്ത് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി, പ്രകാശത്തിന്റെ അപവര്‍ത്തനത്തിനു പകരം പ്രതിഫലന (reflection)ത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന പ്രകാശികോപകരണത്തെ ആശ്രയിക്കേണ്ടിവന്നു. എന്നാല്‍ പിന്നീട് ഫ്ളിന്റ് ഗ്ലാസ് (Flint glass) നിലവില്‍ വന്നപ്പോള്‍ അനുയോജ്യമായ ഫോക്കസ് ദൂരമുള്ള ഒരു ക്രൌണ്‍ ഗ്ളാസ് ലെന്‍സും ഒരു ഫ്ളിന്റ് ഗ്ലാസ് ലെന്‍സും (ഒന്ന് ഉത്തല-convex-ലെന്‍സും മറ്റേത് അവതല-concave-ലെന്‍സും ആയിരിക്കണം) ഒന്നിച്ചുചേര്‍ത്ത് ഉപയോഗിച്ചാല്‍ വര്‍ണവിപഥനം അപ്രത്യക്ഷമാകുമെന്നും അവര്‍ണത സൃഷ്ടിക്കപ്പെടുമെന്നും കാണുകയുണ്ടായി. ഈ ലെന്‍സ് യുഗ്മകം അവര്‍ണക ലെന്‍സ് (Achromatic lens) എന്നറിയപ്പെടുന്നു. എല്ലാ നല്ല പ്രകാശികോപകരണങ്ങളിലും അക്രോമാറ്റിക് ലെന്‍സുകളാണ് ഉപയോഗിക്കുന്നത്. പ്രിസത്തിലും അവര്‍ണത സൃഷ്ടിക്കാന്‍ ഈ തത്ത്വം ഉപയോഗപ്പെടുത്തിവരുന്നു. നോ: അക്രോമാറ്റിക് ലെന്‍സ്

(എം.എന്‍. ശ്രീധരന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍