This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവരോധനമ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവരോധനമ്പി

പ്രാചീന കേരളത്തില്‍ രക്ഷാപുരുഷസ്ഥാനത്ത് അവരോധിതമാകുന്നവര്‍ക്കു നല്കപ്പെട്ടിരുന്ന സ്ഥാനനാമം. കേരളത്തെ കഴകമെന്നപേരില്‍ നാലു വിഭാഗങ്ങളായിതിരിച്ച് ഓരോ കഴകത്തിന്റെയും സകലമേലധികാരവും വഹിക്കുന്നത് ഓരോ രക്ഷാപുരുഷന്‍ ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്തിരുന്നു. ഈ നാലു കഴകവും കൂടി എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യം വഹിക്കുന്നു എന്ന നിലയില്‍ അവയ്ക്ക് ബ്രാഹ്മണ കഴകം, ക്ഷത്രിയ കഴകം, വൈശ്യകഴകം, ശൂദ്രകഴകം എന്നിങ്ങനെ പ്രത്യേക ജാതികളുടെ പേരും നല്കി. പെരിഞ്ചല്ലൂര്‍, പയ്യന്നൂര്‍, പറപ്പൂര്‍, ചെങ്ങനിയൂര്‍ എന്നീ പ്രദേശങ്ങളെ യഥാക്രമം ഈ കഴകങ്ങളുടെ തലസ്ഥാനങ്ങളായി നിശ്ചയിച്ചു. പെരിഞ്ചല്ലൂര്‍ ബ്രാഹ്മണ കഴകവും പയ്യന്നൂര്‍ ക്ഷത്രിയ കഴകവും പറപ്പൂര്‍ വൈശ്യകഴകവും ചെങ്ങനിയൂര്‍ ശൂദ്രകഴകവും ആയിട്ടാണ് സങ്കല്പിച്ചിരുന്നതെന്ന് കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഭരണസൌകര്യത്തിനായി കഴകത്തെ പല ഗ്രാമങ്ങളായി വിഭജിച്ചു; അങ്ങനെ കേരളമൊട്ടുക്ക് അറുപത്തിനാലു ഗ്രാമങ്ങളുണ്ടായി. ഓരോ ഗ്രാമത്തിലും 'കൂട്ടം' എന്ന പേരില്‍ സംഘടനകളുണ്ടായിരുന്നു. അവയിലെ ജനസംഖ്യ അനുസരിച്ച് അഞ്ഞൂറ്റവര്‍, മുന്നൂറ്റവര്‍, ഒന്നുകുറെ ആയിരത്തവര്‍ എന്നിങ്ങനെ അവയെ വിളിച്ചുവന്നു. രക്ഷാപുരുഷന്‍മാരെ അവരോധിച്ചു വാഴിക്കുന്ന കാര്യത്തില്‍ ബ്രാഹ്മണരില്‍ ചില പ്രത്യേക കുടുംബക്കാര്‍ക്കും സാമന്തരാജാക്കന്മാര്‍ക്കും പ്രാധാന്യം കല്പിച്ചു; ഈ രക്ഷാപുരുഷന്‍മാര്‍ക്ക് അവരോധനമ്പി എന്ന സ്ഥാനപ്പേരും ഉണ്ടായിരുന്നു. തൃക്കാരിയൂര്‍ ക്ഷേത്രത്തിലെ തൃക്കൊട്ടിലിന്‍ കീഴില്‍ കേരളത്തിലെ പ്രമാണിമാരെല്ലാവരും ചേര്‍ന്നാണ് അവരോധം നടത്തേണ്ടത്. മൂന്നു വര്‍ഷമായിരുന്നു ഓരോ രക്ഷാപുരുഷന്റെയും വാഴ്ചക്കാലം.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍