This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവയവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവയവം

Organ

ഒരു പ്രത്യേകധര്‍മം നിര്‍വഹിക്കുന്ന വ്യതിരിക്ത ശരീരഭാഗം. പരസ്പരബദ്ധമായ ഒരു പറ്റം കലകള്‍ (tissues) ചേര്‍ന്നതാണ് ഓരോ അവയവവും. ഒന്നോടൊന്നു കൂടിച്ചേരാതെ വേറിട്ടുനില്ക്കുന്നത് എന്നാണ് 'അവയവ' ശബ്ദത്തിന്റെ അര്‍ഥം. ജീവന്റെ എല്ലാ പ്രത്യേക സ്വഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും ചെറിയ ഘടകമാണ് കോശം. ഒരേ ധര്‍മമുള്ള കോശങ്ങളുടെ സമൂഹത്തെ കല എന്നു വിളിക്കുന്നു. അവയവം എന്നത് കുറേക്കൂടി ബൃഹത്തായ ഒരു ഘടനാവിശേഷമാണ്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയുന്ന ഇത് രണ്ടോ അതിലധികമോ കലകള്‍ ചേര്‍ന്നുണ്ടാകുന്നു. ഒരു ശരീരധര്‍മം നിര്‍വഹിക്കാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം അവയവങ്ങളാണ് അവയവവ്യൂഹം എന്ന പേരിലറിയപ്പെടുന്നത്. ഉദാഹരണത്തിന് അന്നനാളി, ആമാശയം, കരള്‍ തുടങ്ങിയ അവയവങ്ങള്‍ ചേര്‍ന്നു ദഹനേന്ദ്രിയവ്യൂഹം രൂപംകൊള്ളുന്നു. രക്തപര്യയനവ്യൂഹത്തിലെ അവയവങ്ങളാണ് ഹൃദയം, ധമനികള്‍, സിരകള്‍, കാപ്പിലറികള്‍ എന്നിവ. ഇല, തണ്ട്, വേര് എന്നിവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ശരീരഭാഗങ്ങളാണ്; പുഷ്പങ്ങള്‍ പ്രജനനാവയവങ്ങളും.

പരിണാമം. അവയവങ്ങള്‍, വിശേഷിച്ചും മൃഗങ്ങളില്‍, ഘടനയുടെ കാര്യത്തില്‍ വൈവിധ്യം നിറഞ്ഞവയാണ്. തലമുറകളിലൂടെ ആവര്‍ത്തിക്കപ്പെട്ട പ്രകൃതിനിര്‍ധാരണത്തിന്റെ (natural selection) ഫലമാണിത്. അവയവങ്ങള്‍ കുറവും ലളിതവുമായിരിക്കുമ്പോള്‍ ഒരേ അവയവത്തിനു പല ധര്‍മങ്ങളുണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സാധാരണഗതിയില്‍ ഓരോ പ്രത്യേകധര്‍മത്തിനും പ്രത്യേകാവയവങ്ങളോ അവയവഭാഗങ്ങളോ ഉള്ളതായാണ് കണ്ടുവരുന്നത്. പരിണാമചരിത്രത്തില്‍ ഏറ്റവും മുകളിലത്തെ പടിയില്‍ എത്തിനില്ക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതു വളരെ ശരിയായിരിക്കുന്നു. ദഹനേന്ദ്രിയത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ് അമീബയിലും മറ്റു പ്രോട്ടോസോവ(Protozoa)കളിലും കാണുന്നത്. സ്പോഞ്ചുകളിലും (Sponges) മണ്ണിരകളിലും ഇതു കുറേക്കൂടി പുരോഗമിച്ചിരിക്കുന്നു. പരിണാമഫലമായി ഉയര്‍ന്ന ജന്തുക്കളിലും മനുഷ്യനിലും വിവിധഭാഗങ്ങളുള്ള ഭിന്നാവയവങ്ങള്‍ ചേര്‍ന്നാണ് ദഹനേന്ദ്രിയവ്യൂഹം രൂപംകൊണ്ടിരിക്കുന്നത്.

ശരീരത്തില്‍ അവയവങ്ങളുടെ സ്ഥാനം അവയുടെ ധര്‍മത്തിന് ഏറ്റവും അനുയോജ്യമായവിധത്തിലായിരിക്കും. അവയവങ്ങളുടെ ആകൃതി, ഘടന, രൂപം എന്നിവ നിര്‍ണയിക്കുന്നതും പ്രധാനമായി അവയുടെ ധര്‍മംതന്നെ. അണ്ഡവിഭജനാരംഭത്തോടെ പ്രാവര്‍ത്തികമാകുന്ന പല യാന്ത്രികതത്ത്വങ്ങളും തുടര്‍ച്ചയായ പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാലങ്ങളുടെ സമമിതിയെയും ക്രമീകരണത്തെയും നിയന്ത്രിച്ചുവരുന്നു. സമമിതി രണ്ടുതരമുണ്ട്: സസ്യങ്ങളിലും താഴ്ന്നതരം ജീവികളിലും കാണപ്പെടുന്ന ആരീയസമമിതിയും (radial or axial symmetry), ആര്‍ത്രോപ്പോഡുകളിലും കശേരുകികളിലും (Vertebrates) കാണപ്പെടുന്ന ദ്വിപാര്‍ശ്വസമമിതിയും (bilateral symmetry). എന്നാല്‍ ബാഹ്യമായി കാണുന്ന ദ്വിപാര്‍ശ്വസമമിതി പലപ്പോഴും ആന്തരികാവയവങ്ങളെ ബാധിക്കാറില്ല. ചില പ്രോട്ടോസോവകളില്‍ ഗോളാകാര (spherical) സമമിതിയും കാണുന്നുണ്ട്.

ധര്‍മങ്ങള്‍. ഒരു അവയവത്തിന്റെ രൂപവത്കരണത്തിനു സഹായിക്കുന്ന ഓരോ കലയ്ക്കും പ്രത്യേക സ്ഥാനവും ധര്‍മവും ഉണ്ടായിരിക്കും. ഒരു പ്രത്യേക കലയ്ക്കായിരിക്കും ആ അവയവത്തിന്റെ പരമമായ ധര്‍മത്തിന്റെ ചുമതല. മറ്റു കലകള്‍ അതിന്റെ സഹായകഘടകങ്ങളായിരിക്കും. ദഹനേന്ദ്രിയവ്യൂഹം പരിശോധിച്ചാല്‍ ദഹനവും അവശോഷണവും പോഷകകോശങ്ങള്‍ (nutritive cells) നിര്‍വഹിക്കുന്നതായി കാണാം. ആഹാരത്തെ മുന്നോട്ടു നയിക്കുന്ന മാംസപേശികള്‍, ദഹനത്തിനുശേഷം പോഷകവസ്തുക്കള്‍ വലിച്ചെടുത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന രക്തക്കുഴലുകള്‍, പലതരം കോശങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന നാഡീകല, നാനാതരം കോശങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന സംയോജകകല (connective tissue) ഇവയൊക്കെ സഹായഘടകങ്ങളാണ്. മറ്റൊരു അവയവമായ കണ്ണില്‍ നാഡികളുടെ ഒരു മിശ്രപാളിയായ (complex layer of nerve elements) ദൃഷ്ടിപടലം (retina) ആണ് പ്രധാനഭാഗം. പ്രകാശരശ്മികള്‍ ദൃഷ്ടിപടലത്തില്‍ പതിച്ച് നാഡികളെ (nerves) ഉത്തേജിപ്പിക്കുന്നു. നാഡീ-ആവേഗങ്ങള്‍ (nerve impulses) തലച്ചോറിലെത്തിക്കുന്ന നാഡീതന്തുക്കള്‍ (nerve fibres), പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേക്കു കേന്ദ്രീകരിക്കുന്ന സുതാര്യകാചം (lens), കണ്ണിനെ പരിരക്ഷിക്കുകയും വിവിധ കലകളെ ഒന്നിച്ചു ചേര്‍ക്കുകയും ചെയ്യുന്ന സംയോജകകല, കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും കണ്ണിലേക്കു വീഴുന്ന പ്രകാശരശ്മികളുടെ അളവ് നിയന്ത്രിക്കുന്നതുമായ മാംസപേശികള്‍, രക്തക്കുഴലുകള്‍ എന്നിവയാണ് കണ്ണിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങള്‍.

വിവിധതരം അവയവങ്ങള്‍. വിഭിന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്തസ്വഭാവികളായ ജന്തുക്കളുടെ അവയവങ്ങള്‍ക്കു വൈവിധ്യമുണ്ടായിരിക്കും. ഉദാഹരണത്തിന് ജലജീവികളുടെ ചലനാവയവങ്ങള്‍ പത്ര(fin)ങ്ങളായിരിക്കുമ്പോള്‍, പക്ഷികളില്‍ അതേ അവയവം ചിറകു(wing)കളായും കരയില്‍ ജീവിക്കുന്നവയില്‍ കാലുകളും കൈകളുമായും രൂപാന്തരപ്പെട്ടിരിക്കുന്നു. കശേരുകികളുടെ പാര്‍ശ്വാംഗങ്ങള്‍ (lateral appendages) ഓടുക, ചാടുക, നീന്തുക, പറക്കുക, പിടിച്ചു തൂങ്ങുക തുടങ്ങിയ കൃത്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപഭേദം പ്രാപിക്കുന്നതിനു തെളിവാണ് ഇത്. മനുഷ്യന്റെ കൈ, പക്ഷികളുടെ ചിറക്, കുതിരയുടെ മുന്‍കാലുകള്‍, തിമിംഗലത്തിന്റെ ഫ്ളിപ്പറുകള്‍ (flippers) എന്നിവ വ്യത്യസ്തമാണെന്നു തോന്നാമെങ്കിലും ഇവയുടെ എല്ലുകള്‍, സിരകള്‍, മാംസപേശികള്‍, നാഡികള്‍ എന്നിവ സൂക്ഷ്മമായി പഠിക്കുമ്പോള്‍ ഇവയുടെ ഘടനാസാമ്യം ബോധ്യമാകും. ഈ സാമ്യം പൊതുവായ ഒന്നില്‍നിന്നു രൂപമെടുക്കുന്നതുകൊണ്ടുള്ളതാകാം. പലപ്പോഴും ഇവയുടെ ധര്‍മവും ഒരേതരത്തിലാകുന്നു (ഉദാ. നായ്, തവള, പല്ലി ഇവയുടെ മുന്‍കാലുകള്‍). മനുഷ്യന്റെ കൈ, പക്ഷിയുടെ ചിറക്, മാനിന്റെ മുന്‍കാലുകള്‍ എന്നിവ ഒരേ സമയത്ത് വ്യത്യസ്തരീതിയിലുള്ള കൃത്യങ്ങള്‍ നിര്‍വഹിക്കുന്നു. സസ്യങ്ങളിലും ഈ സ്ഥിതിവിശേഷം കാണാം. വരണ്ട ഭൂമിയില്‍ വളരുന്ന ചെടികളിലെ മുള്ളുകള്‍ സാധാരണ ചെടികളില്‍ കാണുന്ന ഇലകള്‍ക്കോ ശാഖകള്‍ക്കോ പകരമുള്ളവയാകാം. ഡാന്‍ഡെലിയോണ്‍ (Dandelion) പൂവും പൈന്‍ മരത്തിന്റെ കോണും ഉദ്ഭവപരമായി ഒന്നുതന്നെ (homologous structure).

അവശോഷാവയവങ്ങള്‍. അപ്പെന്‍ഡിക്സ് (Vermiform appendix), സീക്കം (Caecum) തുടങ്ങിയ അവയവങ്ങള്‍ മനുഷ്യനില്‍ വളരെ ചെറുതായും ഉപയോഗശൂന്യമായും ആണ് കാണപ്പെടുന്നത്. മുയല്‍ തുടങ്ങിയ ചില ജന്തുക്കളില്‍ ഇവ വളരെ വികസിച്ച അവസ്ഥയിലും ദഹനേന്ദ്രിയവ്യൂഹത്തിലെ പ്രവര്‍ത്തനക്ഷമമായ ഒരു ഭാഗമായും കാണാം. നിമേഷകപടലം (nictitating membrane) അഥവാ മൂന്നാമത്തെ കണ്‍പോള മനുഷ്യനില്‍ കാണപ്പെടുന്നില്ല. പക്ഷേ പക്ഷികള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ (Amphibians) എന്നിവയില്‍ ഇതു കൂടുതല്‍ വികസിച്ചിരിക്കുന്നു. ചെവികളും വാലുകളും ചലിപ്പിക്കുന്നതിനുള്ള മാംസപേശികള്‍ പല കശേരുകികളിലും നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കിലും മനുഷ്യനില്‍ പ്രായേണ പ്രവര്‍ത്തനശൂന്യമാണ്. മുന്‍തലമുറക്കാരില്‍ ഉണ്ടായിരുന്നതും ഉപയോഗരാഹിത്യം മൂലം ശോഷിച്ചുപോയതുമായ ഈ അവയവങ്ങള്‍ പാരമ്പര്യസിദ്ധിമൂലമാണ് കാണാനിടയാകുന്നത്. മനുഷ്യനില്‍ കാണുന്ന 150-ഓളം 'അവശോഷാവയവങ്ങള്‍' (vestigial organs) പരിണാമസിദ്ധാന്തത്തിനു തെളിവായി നിലനില്ക്കുന്നു. ഭ്രൂണത്തിലും ഇപ്രകാരമുള്ള അവശോഷാവയവങ്ങള്‍ കാണാം. ഉരുളക്കിഴങ്ങിന്റെ 'കണ്ണി'ന് അടുത്തുകാണുന്ന സൂക്ഷ്മമായ ഇലകള്‍, കള്ളിച്ചെടിയുടെ മുള്ളുകള്‍ എന്നിവ സസ്യങ്ങളിലെ അവശോഷാവയവങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരേതരത്തില്‍ ഉദ്ഭവിച്ച അവയവങ്ങളില്‍ കാണുന്ന ഉപരിപ്ളവമായ വ്യത്യാസങ്ങളും അവയുടെ ധര്‍മങ്ങളിലുള്ള വ്യത്യാസങ്ങളും ജൈവപരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

അവയവവ്യൂഹങ്ങള്‍. മനുഷ്യനില്‍ പ്രധാനമായി എട്ട് അവയവവ്യൂഹങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അസ്ഥിവ്യൂഹം, പേശീവ്യൂഹം എന്നിവ ശരീരത്തിനു താങ്ങും സംരക്ഷണവും ചലനക്ഷമതയും നല്കുന്നു; ദഹനേന്ദ്രിയവ്യൂഹം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകപദാര്‍ഥങ്ങളെ ശരീരത്തിലേക്ക് അവശോഷണം ചെയ്യത്തക്കവണ്ണം രൂപാന്തരപ്പെടുത്തുന്നതിനും രക്തചംക്രമണവ്യൂഹം ഓക്സിജന്‍, പോഷകസാധനങ്ങള്‍ എന്നിവയുടെ സംവഹനത്തിനും വിസര്‍ജ്യവസ്തുക്കളുടെ നിഷ്കാസനത്തിനും സഹായിക്കുന്നു. ശ്വസനേന്ദ്രിയവ്യൂഹം ശ്വാസകോശങ്ങള്‍ക്കകത്തുവെച്ച് വാതകങ്ങളുടെ പരസ്പരമാറ്റം നടക്കുന്നതിനും ശബ്ദം പുറപ്പെടുവിക്കുന്നതിനും സഹായിക്കുന്നു. വിസര്‍ജനേന്ദ്രിയവ്യൂഹം ശാരീരികപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിസര്‍ജ്യപദാര്‍ഥങ്ങള്‍ പുറംതള്ളുവാന്‍ ഉപകരിക്കുന്നു. പ്രജനനവ്യൂഹം വംശവര്‍ധനവിനു കാരണമാകുന്നു; നാഡീവ്യൂഹം, അന്തഃസ്രാവിവ്യൂഹം എന്നിവ എല്ലാ വ്യൂഹങ്ങളുടെയും പരസ്പരസഹകരണത്തിനു സഹായിക്കുന്നു.

അപ്രധാനാവയവങ്ങള്‍. സവിശേഷവും എന്നാല്‍ പരിമിതവുമായ ധര്‍മങ്ങളുള്ള ചില 'അപ്രധാനാവയവ'ങ്ങളും (lesser organs) ശരീരത്തില്‍ കാണപ്പെടുന്നു. ഇവയെ സംബന്ധിച്ച പ്രധാന കണ്ടുപിടിത്തങ്ങള്‍ നടത്തിയവരുടെ പേരുകളുമായി ബന്ധപ്പെട്ടാണ് ഇവ അറിയപ്പെടുന്നത്. ജേക്കബ്സണ്‍ അവയവം (Jacobson's Organ); മനുഷ്യനില്‍ അപുഷ്ടമായി കാണപ്പെടുന്നതെങ്കിലും നാല്ക്കാലികളില്‍ വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഘ്രാണേന്ദ്രിയം (organ of smell); കോര്‍ട്ടി അവയവം (Organ of Corti); ചെവിയിലെ കോക്ളിയാര്‍ നാള(cochlear duct)ത്തില്‍ കാണപ്പെടുന്നതും ശബ്ദഗ്രഹണസംബന്ധിയുമായ ഒരു അവയവം. 'സ്പൈറല്‍ അവയവം' എന്നും ഇതിനു പേരുണ്ട്); ഗോള്‍ഗി അവയവം (Organ of Golgi); സ്നായു (tendon) വിനടുത്ത് പേശിയുടെ ഉപരിഭാഗത്തായി കാണപ്പെടുന്ന ഒരു അഗ്രാവയവം) തുടങ്ങിയവ അപ്രധാനാവയവങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

(ഡോ. കെ. ലളിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%AF%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍