This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 5 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവന്തി

ഇന്ത്യന്‍പുരാണേതിഹാസങ്ങളിലും ചരിത്രത്തിലും പരാമൃഷ്ടമായ ഒരു രാജ്യം. കൊങ്കണപ്രദേശം ഉള്‍പ്പെട്ടിരുന്ന അപരാന്തസാമ്രാജ്യത്തിന്റെ ഒരു ഭാഗമാണ് അവന്തി എന്നു മാര്‍ക്കണ്ഡേയപുരാണത്തിലും പര്‍വതത്തിന് സമീപമുള്ള രാജ്യമാണ് അവന്തി എന്നു വാമനപുരാണത്തിലും പറയുന്നു. അവന്തി രണ്ടു ഘടകങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായും ഉത്തരഭാഗത്തിന്റെ തലസ്ഥാനം ഉജ്ജയിനിയും ദക്ഷിണ ഭാഗത്തിന്റേതു മാഹിഷ്മതിയും ആയിരുന്നതായും കരുതപ്പെടുന്നു. അവന്തിയെയും മാഹിഷ്മതിയെയും രണ്ടു വ്യത്യസ്ത ജനപദങ്ങളെന്ന നിലയിലാണ് മഹാഭാരതത്തില്‍ പരിഗണിക്കുന്നത്. അവന്തി രാജ്യത്തിന്റെ ഏതാനും ഭാഗങ്ങള്‍ 'മാളവം' എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ആധുനിക മാള്‍വയും നീമാറും മധ്യപ്രദേശിന്റെ ചില ഭാഗങ്ങളും ചേര്‍ന്ന ഒരു പൗരാണിക ജനപദമാണ് അവന്തി. ശ്രീബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായ അവന്തിരാജാവ് ചന്ദ്രപ്രദ്യോദനമഹാസേനന്റെ കാലത്ത് തലസ്ഥാനം ഉജ്ജയിനിയായിരുന്നുവെന്നു പാലി ഗ്രന്ഥങ്ങളില്‍ പറയുന്നു. കുറാറഖര, മഖരഖടാ, സുദര്‍ശനപുരം എന്നിവ അവന്തിയിലെ പ്രധാന നഗരങ്ങളായിരുന്നു. ബി.സി. 4-ാം ശ.-ത്തോടുകൂടി അവന്തി മഗധസാമ്രാജ്യത്തിന്റെ ഘടകമായിത്തീര്‍ന്നു.

ഹേഹയരാജവംശമായിരുന്നു അവന്തി ആദ്യം ഭരിച്ചിരുന്നത്. കാര്‍ത്തവീര്യാര്‍ജുനനായിരുന്നു ഈ വംശത്തിലെ പ്രശസ്തനായ രാജാവ്. ചരിത്രകാലമാകുമ്പോഴേക്കും മഹാസേനനു ശക്തമായ ഒരു ഭരണകൂടം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. ഇക്കാലത്ത് വത്സ, മഗധ, കോസലം തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി അവന്തി ശത്രുതയില്‍ കഴിഞ്ഞിരുന്നു. പാലകന്‍, വിശാഖയൂപന്‍, അജകന്‍, നന്ദിവര്‍ധനന്‍ എന്നിവര്‍ പ്രദ്യോദനന്റെ പിന്‍ഗാമികളായിരുന്നു. അവസാനത്തെ രാജാവായ നന്ദിവര്‍ധനനെ ശിശുനാഗന്‍മാര്‍ തോല്പിച്ചു. അവന്തി മഗധസാമ്രാജ്യത്തോടു ലയിപ്പിക്കുകയും ചെയ്തു.

അവന്തി നിരവധി വിദേശീയാക്രമണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ചന്ദ്രഗുപ്തന്‍ II (ഭ.കാ. 380-413) ഹൂണനേതാവ് തോരമാനന്‍ എന്നിവര്‍ അവന്തി കീഴ്പ്പെടുത്തി; ഹര്‍ഷവര്‍ധനനും (ഭ.കാ. 606-647) ഈ ശ്രമം തുടര്‍ന്നു. 1231-ല്‍ അടിമവംശത്തിലെ ഇല്‍തമിഷ് (ഇല്‍ത്തൂത്ത്മിഷ്) അവന്തി ആക്രമിച്ചു. 1310-ല്‍ അവന്തി പൂര്‍ണമായും ഡല്‍ഹി സുല്‍ത്താന്‍മാരുടെ അധികാരപരിധിയിലായി. 15-ാം ശ.-ത്തോടുകൂടി അവന്തിയുടെ ഭാഗമായ മാള്‍വ ഒരു സ്വതന്ത്ര മുസ്ലിം രാജ്യമായി. മാണ്ഡുവായിരുന്നു തലസ്ഥാനം. 1525-ല്‍ ഗുജറാത്തിലെ ബഹദൂര്‍ഷ മാള്‍വയെ തന്റെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. ഹുമായൂണും (1501-56) ഷേര്‍ഷയും (1486-1545) മാള്‍വയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. 1559-ല്‍ മാള്‍വയിലെ ഭരണാധിപനായ ബാസ്ബഹദൂറിനെ തോല്പിച്ചുകൊണ്ട് അക്ബര്‍ മാണ്ഡുവിന്റെമേല്‍ പൂര്‍ണ അധീശത്വം സ്ഥാപിക്കുകയുണ്ടായി; മാള്‍വയുടെ പദവിയും പ്രശസ്തിയും അതോടെ ക്ഷയോന്‍മുഖമായി.

പുരാതന ഇന്തോ-ആര്യന്‍ സംസ്കാരകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അവന്തി. ഒരു ജ്യോതിഃശാസ്ത്രപഠനകേന്ദ്രമെന്നനിലയില്‍ അവന്തി പ്രസിദ്ധമായിത്തീര്‍ന്നു. പില്ക്കാലത്ത് ഇതൊരു ബൌദ്ധകേന്ദ്രമായിത്തീര്‍ന്നു. 9-ാം ശ.-ത്തില്‍ സ്ഥാപിതമായ പരമാര രാജവംശം ഒരു കലാസാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ഉജ്ജയിനിയുടെ പ്രശസ്തി അഭംഗുരം നിലനിറുത്തുവാന്‍ ശ്രമിച്ചിരുന്നു. ഈ രാജവംശത്തില്‍പ്പെട്ട മുഞ്ജ രാജാവ് ഒരു കവിയും പണ്ഡിതനുമെന്നപേരില്‍ സുവിദിതനാണ്. കാളിദാസനുള്‍പ്പെടെ പല സംസ്കൃതകവികളും കലാകാരന്മാരും ഉജ്ജയിനിയില്‍ കേന്ദ്രീകരിച്ചിരുന്നതായി കരുതപ്പെടുന്നു.

(കെ.കെ. കുസുമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍