This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവന്തിവര്‍മന്‍ (ഭ.കാ. 855 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവന്തിവര്‍മന്‍ (ഭ.കാ. 855 - 83)

കാശ്മീരിലെ ഉത്പലവംശജനായ ആദ്യത്തെ രാജാവ്. രാഷ്ട്രീയാസ്വാസ്ഥ്യം നിലനിന്നിരുന്ന കാലത്തായിരുന്നു അവന്തിവര്‍മന്‍ രാജാവായത്. ഇദ്ദേഹത്തിന്റെ ഭരണംകൊണ്ട് അവിടെ സമാധാനവും ഐശ്വര്യവും പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞു. നിരവധി സംസ്കൃതപണ്ഡിതന്മാര്‍ അവന്തിവര്‍മന്റെ കൊട്ടാരത്തില്‍ വസിച്ചിരുന്നു. സംസ്കൃതസാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്കിയിട്ടുള്ള രത്നാകരനും ആനന്ദവര്‍ധനനും ഇക്കൂട്ടത്തില്‍പ്പെടുന്നു. അവന്തിവര്‍മന്റെ മന്ത്രിമാരില്‍ മുഖ്യനായിരുന്ന സൂയന്‍ ശില്പശാസ്ത്രത്തിലും വാസ്തുവിദ്യയിലും നിപുണനായിരുന്നു. അവന്തിവര്‍മന്റെ സ്ഥാനാരോഹണത്തിന് ഇദ്ദേഹത്തിന്റെ സഹായവും ഉണ്ടായിരുന്നു. വെള്ളപ്പൊക്കനിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തും, മഹാപദ്മതടാകത്തെ നിയന്ത്രിച്ചും, കാശ്മീരില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൃഷിക്കുപയുക്തമാക്കാന്‍ സാധിച്ചത് ജലസേചനവിദഗ്ധന്‍ ആയിരുന്ന സൂയന്റെ ശ്രമഫലമായാണ്. ആഭ്യന്തരസുസ്ഥിരത ഉറപ്പിച്ചതിനുശേഷം അവന്തിവര്‍മന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അനേകം ക്ഷേത്രങ്ങളും സ്മാരകങ്ങളും ഇദ്ദേഹം പണിയിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവന്തിപുരംപട്ടണം സ്ഥാപിച്ചതും അവന്തിവര്‍മനാണ്.

ഗംഗാതീരത്തിലെ മൌഖാരിവംശത്തിലും അവന്തിവര്‍മന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു. (എ.ഡി. 6-ാം ശ.).

(കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍