This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവനദ്ധവാദ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവനദ്ധവാദ്യങ്ങള്‍

തുകല്‍കൊണ്ടു പൊതിഞ്ഞോ മൂടിക്കെട്ടിയോ ഉണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ക്ക് പൊതുവേ പറയുന്ന പേര്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ തതം, അവനദ്ധം, ഘനം, സുഷിരം എന്നിങ്ങനെ സംഗീതവാദ്യങ്ങളെ നാലായി തരംതിരിച്ചിട്ടുണ്ട്. അമരകോശകര്‍ത്താവ് ഈ വാദ്യവിശേഷങ്ങളെ താഴെ പറയുംപ്രകാരം സോദാഹരണം വിവരിച്ചിരിക്കുന്നു.

'തരം ചൈവാവനദ്ധം ച

ഘനം സുഷിരമേവ ച

തതം വീണാദികം വാദ്യം

ആനദ്ധം മുരജാദികം

വംശാദികന്തു സുഷിരം

കാംസ്യതാളാദികം ഘനം' (അ. കോ. നാട്യവര്‍ഗം-4)

ആനദ്ധം = മുഖത്തില്‍ ബന്ധിക്കപ്പെട്ടത്; കൈകൊണ്ടടിക്കപ്പെടുന്നത്; പൊതിഞ്ഞത് എന്നിങ്ങനെയാണ് അര്‍ഥകല്പന ചെയ്തിരിക്കുന്നത്. ചെണ്ട, മൃദംഗം, തബല മുതലായ വാദ്യങ്ങള്‍ ഈ വകുപ്പില്‍പ്പെടുന്നു.

തരംതിരിവുകള്‍. ആദികാലം മുതല്‍തന്നെ എല്ലാ രാജ്യങ്ങളിലും ഓരോ തരത്തിലുള്ള ചര്‍മവാദ്യങ്ങള്‍ ഉപയോഗിച്ചുപോന്നിട്ടുണ്ട്. അംഗവിന്യാസരീതി, ആകൃതി തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കി പല തരത്തില്‍ ഇവയെ തരംതിരിക്കാവുന്നതാണ്.

1.അംഗവിന്യാസരീതി അനുസരിച്ച്. അങ്ക്യം, ആലിംഗ്യം, ഊര്‍ധ്വകം എന്നു വായിക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തി മൂന്നു വിധം, അങ്ക്യം-മടിയില്‍ വച്ചു വായിക്കുന്നത് (മൃദംഗം മുതലായവ), ആലിംഗ്യം-ആലിംഗനരീതിയില്‍ വായിക്കുന്നത് (മദ്ദളം), ഊര്‍ധ്വകം-നിര്‍ത്തിവച്ച് വായിക്കുന്നത് (തബല, മിഴാവ് മുതലായവ).

2. ആകൃതിഭേദം അനുസരിച്ച്. (i) ഒരു വളയത്തില്‍ പൊതിഞ്ഞത് - ഉദാ. ചന്ദ്രവളയം അഥവാ അമ്പിളിവളയം.

(ii) വീതി കുറഞ്ഞ ചട്ടത്തില്‍ തുകല്‍ പൊതിഞ്ഞത് - ഉദാ. ഗിഞ്ചിറ, തപ്പട്ട. ഇതില്‍ ഒരു ഭാഗത്തു മാത്രമേ തുകല്‍ പതിക്കുകയുള്ളു. അതിനാല്‍ ഇതിനെ ഏകമുഖവാദ്യം എന്നു പറയുന്നു. തപ്പ്, മുറിച്ചെണ്ട മുതലായവയില്‍ വീതികുറഞ്ഞ ചട്ടത്തിനു പകരം മരംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള അകംപൊള്ളയായ ഒരു കുറ്റി ഉപയോഗപ്പെടുത്തുന്നു.

(iii) കുറ്റിയുടെ രണ്ടു ഭാഗത്തും തുകലുള്ളത്-ഉദാ. ചെണ്ട, മൃദംഗം മുതലായവ. ഇവയെ ദ്വിമുഖവാദ്യങ്ങള്‍ എന്നു പറയുന്നു.

(iv) മുകള്‍ഭാഗം വീതി കൂടിയതും കീഴ്പ്പോട്ട് വീതി കുറഞ്ഞതും - ഉദാ. ഡമരു, നഗരാവ്, ഇടുപിടി (കിടിപിടി).

ചില വകഭേദങ്ങള്‍: (a) കുറ്റി വര്‍ത്തുളാകൃതി(cylindrical)യില്‍ ആയത് - ഉദാ. ചെണ്ട, പറ. (b) കുറ്റിയുടെ നടുക്ക് വണ്ണം കൂടിയതും അറ്റത്തു വണ്ണം കുറഞ്ഞതും - ഉദാ. മൃദംഗം, മദ്ദളം. (c) അറ്റത്തു വീതി കൂടിയതും നടുക്കു വണ്ണം കുറഞ്ഞതും - ഉദാ. ഇടയ്ക്ക, തുടി, തിമില.

3.കൊട്ടുവാനുള്ള ഉപകരണം അനുസരിച്ച്. (a) ആതതം (കൈകൊണ്ടു മാത്രം കൊട്ടുന്നത്)-മൃദംഗം, മദ്ദളം, തിമില, മിഴാവ്. (b) വിതതം (കോലുകൊണ്ടു മാത്രം കൊട്ടുന്നത്)-ഇടയ്ക്ക. (c) ആതത-വിതതം (കോലുകൊണ്ടും കൈകൊണ്ടും കൊട്ടുന്നത്)-ചെണ്ട, തകി(വി)ല്‍.

4.കൊട്ടുന്ന ഭാഗം അനുസരിച്ച്. (a) ഒരു ഭാഗത്തു മാത്രം കൊട്ടുന്നത്-തിമില, മിഴാവ്. (b) രണ്ടു ഭാഗത്തും കൊട്ടുന്നത്-മൃദംഗം, മദ്ദളം, ചെണ്ട.

നിര്‍മാണരീതി. ഈ വാദ്യങ്ങളെ പൊതിയുവാന്‍ പല തരത്തിലുള്ള തോലു(ചര്‍മം)കള്‍ ഉപയോഗപ്പെടുത്തുന്നു. ആട്, പശു, പോത്ത് എന്നിവയുടെ തോലാണ് സാധാരണ ഉപയോഗിക്കുക. ഉടുമ്പിന്റെ തോലാണ് ഗിഞ്ചിറയ്ക്ക് ഉപയോഗപ്പെടുത്തുന്നത്. ശ്രീലങ്കയില്‍ കുരങ്ങിന്റെ തോല് ഒരുതരം വാദ്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഓരോ രാജ്യത്തും അവിടവിടെയുള്ള മൃഗങ്ങളുടെ ചര്‍മങ്ങള്‍ ആണ് ഉപയോഗിച്ചുവരുന്നത്.

മൃദംഗം, മദ്ദളം തുടങ്ങിയ വാദ്യങ്ങള്‍ക്ക് ഒരു തലയ്ക്കല്‍ 'ചോറ്' തേച്ചു പിടിപ്പിക്കുന്ന പതിവുണ്ട്. ഇത് ഒരുതരം മണ്ണും (പുരാണകിട്ടം) കരിയും പശയുംകൂടി ചോറിനോടു ചേര്‍ത്തു കുഴച്ച് പാകം വരുത്തിയ ശേഷം തേച്ചുപിടിപ്പിച്ചു മിനുസപ്പെടുത്തുകയാണ് ചെയ്യുന്നത്. തവില്‍ വാദ്യത്തില്‍ ഇതു തോലിന്റെ ഉള്‍ഭാഗത്ത് ചെയ്യുന്നതിനാല്‍ പുറമേ കാണുകയില്ല. ചെണ്ടയുടെ വലന്തലയില്‍ ക്രമേണ ചുരുങ്ങിവരുന്ന വൃത്താകൃതിയില്‍ ഉള്ള തോലുകള്‍ ഒട്ടിക്കുന്നു. അതു ചോറു തേയ്ക്കുന്നതിനു പകരമാണ്.

ഈ വാദ്യങ്ങളുടെ കുറ്റികള്‍ക്കു പലതരം മരങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പ്ലാവ്, അയനി, കൊന്ന, രക്തചന്ദനം, കരിങ്ങാലി, പന മുതലായവയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇരുമ്പ്, ചെമ്പ്, പിത്തള എന്നിവയും ചിലയിനം വാദ്യങ്ങളുടെ കുറ്റികള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. പണ്ട് മൃദംഗത്തിന്റെ കുറ്റി മണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. മണ്ണ് (മൃത്) അതിന്റെ അംഗമായതിനാല്‍ അതിനു മൃത് + അംഗം = മൃദംഗം എന്ന പേര്‍ സിദ്ധിച്ചു എന്നു പറയപ്പെടുന്നു. കേരളത്തിലെ ചില പുരാതന ക്ഷേത്രങ്ങളില്‍ മിഴാവിനു മൃദംഗം എന്ന സംസ്കൃത സംജ്ഞ നല്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതു മിക്കവാറും ലോഹനിര്‍മിതമാണ്.

സാധാരണ അവനദ്ധവാദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ മുഖങ്ങളാണ് ഉണ്ടാവുക. ഇതില്‍നിന്നു വ്യത്യസ്തമായി ഒന്നുരണ്ടു വാദ്യങ്ങള്‍ ഉണ്ട്. മൂന്നു മുഖങ്ങളുള്ള പണവം എന്ന ഒരു വാദ്യത്തിന്റെ ചിത്രങ്ങള്‍ ചില പ്രാചീന ശില്പങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പഞ്ചമുഖവാദ്യം എന്നൊന്ന് തമിഴകത്തെ ചില മഹാക്ഷേത്രങ്ങളില്‍ ചില വിശേഷദിവസങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്നു. മിഴാവു പോലെയുള്ള ഈ ഉപകരണത്തിന് അഞ്ചു മുഖങ്ങളുള്ളതുകൊണ്ട് ഈ പേരു ലഭിച്ചു.

അവനദ്ധവാദ്യങ്ങള്‍ വായിക്കുന്നതു വിരല്‍, കൈപ്പത്തി, കോല് എന്നിവകൊണ്ടാണ്. കേരളത്തിലെ 'ഈഴറ', തമിഴ്നാട്ടിലെ 'ഉറുമൈ' എന്നീ രണ്ടു വാദ്യങ്ങള്‍ ഒരു കോലുകൊണ്ട് ഉരച്ച് ശബ്ദം ഉണ്ടാക്കുന്നു. തുകലിന്റെ പുറത്ത് തേച്ചുപിടിപ്പിച്ചിട്ടുള്ള പശയുടെ മുകളിലാണ് കോല്‍ ഉരസി മൂളിക്കുന്നത്. ചില പാശ്ചാത്യവാദ്യങ്ങളില്‍ ഒരു കെട്ട് നേരിയ ഉരുക്കുകമ്പികള്‍ കൊണ്ട് ഉരസി വലിക്കാറുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അവനദ്ധവാദ്യങ്ങളുടെ കൂട്ടത്തില്‍ ബാസ് ഡ്രം (Bass drum), ടിംപനി (Timpani), ടാംബോറിന്‍ (Tamborine), കെറ്റില്‍ ഡ്രം (Kettle drum) എന്നിവ പ്രധാനമാണ്.

ആചാരാനുഷ്ഠാനങ്ങളില്‍. അവനദ്ധവാദ്യങ്ങളില്‍ പലതും ദേവചിഹ്നങ്ങളായും രാജചിഹ്നങ്ങളായും ഉപയോഗിച്ചുവന്നിരുന്നു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകള്‍ക്കു മുന്‍പിലായി കിടിപിടി (ഇടുപിടി), പഞ്ചവാദ്യം, ചെണ്ട മുതലായവ വായിക്കാറുണ്ട്. രാജാക്കന്‍മാര്‍ എഴുന്നള്ളുന്നതിനു മുന്‍പില്‍ നഗരാവ്, വീരമദ്ദളം മുതലായവ ഉപയോഗിച്ചിരുന്നു. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും, രാവിലെയും വൈകിട്ടും നഗരാവ് കൊട്ടുന്ന പതിവുണ്ടായിരുന്നു. ഒരു പഠാണി (വടക്കേ ഇന്ത്യന്‍ മുസ്ലിം) ആണ് തിരുവനന്തപുരത്ത് ഇതു കൊട്ടിയിരുന്നത്. മുഗള്‍ചക്രവര്‍ത്തിമാരുടെ കോട്ടപ്പടിക്കല്‍ നടത്താറുള്ള 'നൌബാത്ത്' എന്ന നവവാദ്യവൃന്ദത്തിലെ പ്രധാനപ്പെട്ട ഒരു ഇനമാണ് നഗരാവുകള്‍. 'നൌബാത്ത്' നടത്തുന്ന സ്ഥലത്തിനു നൗബാത്ത്ഖാന എന്നു പറയുന്നു. ഈ പാരമ്പര്യത്തെ ആദരിച്ചായിരിക്കണം തിരുവനന്തപുരത്ത് നഗരാവ് വായിക്കാന്‍ ഒരു പഠാണിയെ നിയോഗിച്ചത്.

കൊച്ചിയിലെ എല്ലാ രാജകീയ ചടങ്ങുകളിലും വീരമദ്ദളം നിര്‍ബന്ധമായിരുന്നു.

മധുരയിലെ തിരുമലനായ്ക്കന്‍ ശ്രീവില്ലിപ്പുത്തൂര്‍ ദേവരുടെ ഉച്ചനൈവേദ്യം കഴിഞ്ഞ ശേഷമേ ആഹാരം കഴിച്ചിരുന്നുള്ളു. മധുരയില്‍നിന്ന് 80 കി.മീ. അകലെയുള്ള ശ്രീവില്ലിപ്പുത്തൂരില്‍നിന്ന് ഉള്ള വഴിയില്‍ കേള്‍വിപ്പാട് അകലത്തില്‍ പ്രത്യേകം മണ്ഡപങ്ങള്‍ സ്ഥാപിച്ച് അവിടെ നഗരാവുകാരെ താമസിപ്പിച്ചിരുന്നു. ഉച്ചനൈവേദ്യം കഴിയുന്ന ഉടനേ ശ്രീവില്ലിനഗരാവുകാരന്‍ വാദ്യം മുഴക്കുന്നു. അടുത്തുള്ള ആള്‍ അയാളുടെ നഗരാവടിക്കും. അങ്ങനെ കേട്ടുകേട്ട് പുത്തൂര്‍ ഉള്ള മധുര തിരുമലനായ്ക്കന്റെ 'മഹല്‍' കോട്ടവാതുക്കലുള്ള വാദകന്‍ തന്റെ നഗരാവ് കൊട്ടും. അഞ്ചുമിനിട്ടിനകം ഈ വിധം രാജാവിനെ ശ്രീവില്ലിപ്പുത്തൂരിലെ ഉച്ചപ്പൂജയുടെ വിവരം അറിയിക്കുവാന്‍ കഴിഞ്ഞിരുന്നു.

ആഫ്രിക്കയിലെ ചില കറുത്ത വര്‍ഗക്കാര്‍ ദൂരത്തുള്ള അവരുടെ കൂട്ടുകാരുമായി ആശയവിനിമയം ചെയ്യാന്‍ വാദ്യഘോഷങ്ങള്‍ ഉപയോഗിക്കുക പതിവായിരുന്നു. ഇങ്ങനെ അവര്‍ക്കു ഘോരവനങ്ങളില്‍ക്കൂടെ വേഗത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ സാധിച്ചിരുന്നു. ഇതിനുപയോഗിക്കുന്ന വാദ്യവിശേഷങ്ങളെ സംസാരിക്കുന്ന ചെണ്ടകള്‍ (talking drums) എന്ന് ഭംഗ്യന്തരേണ പറയാറുണ്ട്. രാജകീയ വിളംബരങ്ങള്‍ പ്രസിദ്ധം ചെയ്യാനും ശത്രുക്കളുടെ വരവ് മുതലായവ അറിയിക്കുവാനും മറ്റും അവനദ്ധവാദ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പതിവ് മിക്ക ജനപദങ്ങളിലും ഉണ്ടായിരുന്നു.

ചില പ്രാചീന പരാമര്‍ശങ്ങള്‍. വേദത്തില്‍ 'ഭൂമിദുന്ദുഭി' എന്ന ഒരു വാദ്യത്തെക്കുറിച്ചു പ്രതിപാദിച്ചുകാണുന്നു. ഇതു യാഗങ്ങള്‍ ചെയ്യുന്ന സമയത്ത് ചില സന്ദര്‍ഭങ്ങളില്‍ കൊട്ടുവാനുള്ളതാണ്. ഭൂമിയില്‍ ഒരു വലിയ കുഴി കുഴിച്ച് അതിന്റെ മുകള്‍ഭാഗത്ത് ഒരു തോല്‍ വലിച്ച് മൂടി അതിന്റെ മീതെ കൊട്ടാറുണ്ടായിരുന്നുവത്രെ. യുദ്ധത്തില്‍ പടയോട്ടത്തിന് ഉപയോഗപ്പെടുത്തിയിരുന്ന ദുന്ദുഭി എന്ന വാദ്യം ശത്രുനാശത്തിനുവേണ്ടി അഥര്‍വവേദമന്ത്രങ്ങള്‍ ഓതി വായിക്കുന്ന പതിവ് ഉണ്ടായിരുന്നു. പുരാണങ്ങളിലും ഇതിഹാസകാവ്യങ്ങളിലും പട്ടിക വളരെ നീണ്ടതാണ്. ഇക്കൂട്ടത്തില്‍ മുരജം, ഭേരി, പടഹം, പണവം, ആഡംബരം, ഡിംഡിമം, ഝര്‍ഝരം, ദുര്‍ദുരം, ഭാണ്ഡവാദ്യം, പുഷ്കരം തുടങ്ങി വിവിധ വാദ്യങ്ങളുടെ പേരുകള്‍ കാണാന്‍ കഴിയും.

ഭേരി മുഴക്കി ജയം ആഘോഷിക്കുന്നതുകൊണ്ട് സാധാരണഭാഷയില്‍ 'ജയഭേരി' അടിക്കുക എന്ന ശൈലി പ്രചാരത്തില്‍ വന്നു.

ദേവാലയങ്ങളിലും കൊട്ടാരങ്ങളിലും 'പള്ളി' ഉണര്‍ത്തുവാനായി തവില്‍ (നാഗസ്വരത്തിന്റെകൂടെ), ഇടയ്ക്ക, മദ്ദളം, നഗരാവ് മുതലായവ ഉപയോഗപ്പെടുത്തുന്നു. പാണന്‍മാര്‍ തുകിലുണര്‍ത്തുപാട്ടിന് ഉടുക്ക് ഉപയോഗിക്കുന്നു. 'പ്രാതഃകാല നാന്ദിപടഹം' എന്ന വാദ്യം പള്ളിയുണര്‍ത്തുവാന്‍ ഉപയോഗിച്ചിരുന്നു എന്നു കാണുന്നു. തമിഴ്നാട്ടില്‍ മുരശ് എന്ന വാദ്യം അത് ഉപയോഗിക്കുന്ന സന്ദര്‍ഭത്തിന് അനുസരിച്ച് ന്യായമുരശ്, ത്യാഗമുരശ്, വീരമുരശ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. ആധുനികകാലത്ത് പ്രയോഗത്തിലുള്ളവയും ഇല്ലാത്തവയും ആയ പല അവനദ്ധവാദ്യങ്ങളെയും പറ്റി ഉണ്ണൂനീലിസന്ദേശത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്:

'ശൗണ്ഡീവേണുസ്തനി ശബരികാപങ്കിതം

രാവണന്‍ കൈ

സാരംഗം നന്തുണിനിറമെഴും തണ്ണിവീണാപിനാകം'.

തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടില്‍

തകില്‍ മുരശു പറ പടഹ തുടികളോടു ശംഖവും

തമ്മിട്ടവും നക്രമദ്ദളം, വീണയും-എന്നും പ്രസ്താവിച്ചുകാണുന്നു.

'തദനു പുട പുഴങ്ങീ തപ്പുവില്‍പ്പാട്ടുകൂടെ' എന്നും

'.....ഒക്കദിക്കുഞ്ജരാണാം

ചെവി പൊടിപെടുമാന്‍മാറദ്ഭുതം തപ്പുകൊട്ടി' എന്നും ചന്ദ്രോത്സവത്തില്‍ കാണുന്നു.

കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍നിന്നും രണ്ട് ഉദ്ധരണികള്‍ ചേര്‍ക്കുന്നു.

(i)തിത്തിയിടയ്ക്കയുടുക്കും തിമിലക-

ളൊത്തും മദ്ദളമെത്രതരത്തില്‍

കാളം ചേങ്ങില ചെണ്ടകള്‍ തിമിലകള്‍

നീളം കുറയും കൊമ്പും കുഴലും

അമ്പിളിവളയം തമ്പേറെന്നിവ,

മേളം കൊണ്ടു ജഗത്തു മുഴങ്ങി. (ബാണയുദ്ധം)

(ii)തപ്പുമദ്ദളമിടയ്ക്കയുടുക്കുകള്‍

തിത്തി വീണ മുഖവീണാ മുരശും-

ചേങ്ങില തിമില നല്ല മൃദംഗം

ചെണ്ട കടുന്തുടി കണ്ഠം ജാലം

ഡിണ്ഡിമമംക്യമിടയ്ക്കയുടുക്കുകള്‍

മണ്ഡുകഝല്ലരി ഝര്‍ഝരവാദ്യം (സ്യമന്തകം)

രാമായണം, മഹാഭാരതം മുതലായ പുരാണങ്ങളിലും ചില ബുദ്ധമതഗ്രന്ഥങ്ങളിലും പ്രതിപാദിച്ചുകാണുന്ന അവനദ്ധവാദ്യങ്ങളുടെ കൂട്ടത്തില്‍ മൃദംഗം, ഭേരി, പണവം, ആനകം, ഗോമുഖം, പേശി, ക്രകചം, ഡിംഡിമം, പുഷ്കരം, മുരജം, കുംഭമുഖം, ഡക്കാ, ദുര്‍ദുരം, ഝര്‍ഝരം, മഡ്ഡുക, ആഡംബരം, പടഹം, മദ്ദളം, ഡമരു, വനസ്പതി, മഡ്ഡുക എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.

ചിലപ്പതികാരം എന്ന തമിഴ് ഗ്രന്ഥത്തില്‍ പേരികൈ, മത്തളം, കുടമുഴ, തന്നുമൈ, മോന്തൈ, പെരുംപറൈ, പാകം, കണ്‍വിടുന്തുമ്പ്, പടകം, ചല്ലികൈ, തക്കൈ, തടാരി, നിശാലം, അടക്കം, ഉപാങ്കം, ഇടകൈ, കരടികൈ, കണപ്പറൈ, അന്തരി, തുടുമണി, തകുണിച്ചം, തുടി, ഉടുക്കൈ, തിമിലൈ, ഡമരുകം, മുഴാവ്, ചിറുപറൈ, വിരലേറ്, താഴികൈപറൈ തുടങ്ങിയ അവനദ്ധവാദ്യങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സംഗീതോപകരണങ്ങളില്‍നിന്നും മധ്യപൗരസ്ത്യദേശത്തു പ്രാചീനകാലം മുതലേ പ്രയോഗത്തിലിരുന്നിട്ടുള്ള വാദ്യോപകരണങ്ങളെക്കുറിച്ച് ഏതാണ്ടൊരു രൂപം കിട്ടുന്നതാണ്. അവയെ പ്രധാനമായി ഊത്തുവാദ്യം (ഉദാ. കാഹളം, കുഴല്‍), കമ്പിവാദ്യം (ഉദാ. കിന്നരം, വീണകള്‍), കൊട്ടുവാദ്യം (ഉദാ. കൈത്താളം, തപ്പ്) ഇങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ അവനദ്ധവാദ്യങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതായി തപ്പും ചതുരത്തപ്പും മാത്രമേയുള്ളു.

സംഗീതത്തിലാകട്ടെ മിക്കവാറും താളത്തിനാണ് അവനദ്ധവാദ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ചിലതു താളം പിടിക്കുവാന്‍ മാത്രം ഉപവാദ്യമായി ഉപയോഗപ്പെടുത്തുന്നു. ഉദാ. ഇടുപിടി (കിടിപിടി), മൃദംഗം, ചെണ്ട മുതലായവയില്‍ വിന്യാസങ്ങള്‍ വായിക്കപ്പെടുന്നു. ഇവ വായിക്കുവാന്‍ താളത്തിനൊത്ത ചില സംജ്ഞാശബ്ദങ്ങള്‍ വായ്ത്താരിയായി ചൊല്ലി പഠിപ്പിക്കുന്നു. ഇവയെ വായ്ത്താരി ജതികള്‍, ചൊല്‍ക്കെട്ടുകള്‍ എന്നിങ്ങനെ പറയാറുണ്ട്.

ചില വാദ്യങ്ങളില്‍ ഒരു ചിലമ്പല്‍ ശബ്ദത്തിനുവേണ്ടി പനയുടെ ആര്, ഈര്‍ക്കില്‍ മുതലായവ തുകലിനോട് ചേര്‍ത്തു ഘടിപ്പിക്കാറുണ്ട്. തുകലില്‍ തട്ടുമ്പോള്‍ ഈ നാരുകള്‍ ചിലമ്പുന്ന ഒരു ശബ്ദം പുറപ്പെടുവിക്കും. മൃദംഗത്തിലും ഇടയ്ക്കയിലും ഇതു കാണാം. ചില പാശ്ചാത്യവാദ്യങ്ങളില്‍ തുകലിനു തൊട്ട് ഉള്‍ഭാഗത്ത് ബലമേറിയ ചരടുകള്‍ (guts) വലിച്ചുകെട്ടാറുണ്ട്. മുകളിലത്തെ തുകലില്‍ അടിക്കുമ്പോള്‍ താഴെയുള്ള തുകല്‍ സ്പന്ദിക്കുകയും ആ സ്പന്ദനം ഈ ചരടില്‍ തട്ടുന്നതുകൊണ്ട് 'ചിലമ്പല്‍ ശബ്ദം' ഉണ്ടാവുകയും ചെയ്യുന്നു.

അവനദ്ധവാദ്യങ്ങള്‍ സാധാരണ താളത്തിനാണു പ്രയോഗിക്കപ്പെടുന്നതെങ്കിലും ചിലത് തനി സംഗീതാലാപനത്തിനും ഉപയോഗപ്പെടുത്താറുണ്ട്. ഇടയ്ക്കയില്‍ സാധാരണ ഏതു കീര്‍ത്തനവും വായിക്കാന്‍ കഴിയും. ഉത്തരേന്ത്യയില്‍ 'തബലതരംഗം' എന്ന ഒരു വാദ്യമുണ്ട്. 10 മുതല്‍ 24 വരെ തബലകള്‍ ഓരോ സ്വരത്തിനു പാകത്തില്‍ ശ്രുതി ചേര്‍ത്ത് തൊട്ടുതൊട്ട് ചാപാകൃതിയില്‍ വയ്ക്കുന്നു. അതിനു മുന്നില്‍ ഒരു കലാകാരന്‍ ഇരുന്നു കൈകള്‍ കൊണ്ട് ഈ തബലകളില്‍ തട്ടി സ്വരസമൂഹങ്ങള്‍ വായിച്ച് പാട്ടായി രൂപാന്തരപ്പെടുത്തുന്നു.

സംഗീതരത്നാകരം, സംഗീതമകരന്ദം മുതലായ പ്രാചീന സംഗീതശാസ്ത്രഗ്രന്ഥങ്ങളില്‍ പലതരം അവനദ്ധവാദ്യങ്ങള്‍ നിര്‍മിക്കുവാനുള്ള കണക്കുകളും അവ വായിക്കുവാന്‍ ഉപയോഗിക്കുന്ന വായ്ത്താരികളും വിവരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന അവനദ്ധവാദ്യങ്ങള്‍ ഇവയാണ്:

ആന്ധ്ര. അബ്സം, അകറാ, ബിലോഡികുണ്‍ഡി, ബുറാ, ബുഡുബുഡുകെ, ബുഡബുക്കലു, റൗന്‍സാ, പംബ, ജമകു, ബുറാകതാഡക്കി, ഗോഗ്ഒഡ്‍രജന്‍, ഗുമേള, ഗുമ്മട്ടി, കിറിഡി, നഗുലജോഡു, പറ, തപ്പഡ്ഗുണ്ടു, തുഡുമിതുറുബ്ളി.

അസം. ദാഗര്‍, ധോള്‍, നഗര.

ഉത്തര്‍പ്രദേശ്. ഖഞ്ജാരി, വറുറുക്ക്, താഷാ, നഗരാ, ധോള്‍, തുംബാ, പ്രേംതാളാ, ധമുവാ, ദന്‍ഗര്‍, നഗരി, റൗട്ടി.

ഒറീസ. ഡമരു, ഖഞ്ചാരു, ചംഗു, ഖുമേറാ, തസാ, തുംസാ, തിക്രം, മദല്‍, ഖോന്, സുര്‍മദല്‍.

കേരളം. പാണിമരം, ചെണ്ട, അച്ചന്‍ചെണ്ട, മുറിച്ചെണ്ട, പറ, ഇടയ്ക്ക, തുടി, തിമില, തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, വീരമദ്ദളം, മിഴാവ്, കിടിപിടി, ഈഴുവറ, ഡമാണം, വീരാണം, തപ്പ്, ചെട്ടിവാദ്യം, ഉടുക്ക്, നഗരാവ്, മൃദംഗം, തകില്‍, തമ്പേ(മ്പോ)റ്, പുള്ളുവന്‍കുടം, പുള്ളുവന്‍വീണ, തടലി, ഉരുട്ടുചെണ്ട, വീക്ക്ചെണ്ട, വെള്ളത്തകില്‍, പെരുംപറ, ചന്ദ്രവളയം, ചെറുപറ, ഡമരുകം, ഗണപറ, തടരി, തുടുവി, തമുക്ക്.

ഗുജറാത്ത്. ഡമരു, ഡക്ലു, ബഞ്ചാരി, ഘാംഗ്, ഡഫ്, ഹല്‍ജി, നൌബത്, ദോഗ്ളാ, നാല്‍, ധോള്‍, ബഗ്‍ലു, ബിലോ-ദിഗുണ്‍ഡി, ദഫാരി, ദുന്ദുഭി, ഘുമേറാ, നഗരു, തബല, തിജ്രി, ട്രാന്‍സൊ, തുര്‍.

ഗോവ. സമല്‍, ഘുമ്മട്ട്, മഞ്ജായി.

ജമ്മു-കാശ്മീര്‍. തഷാ, നഗരാ, ലേഖാള്‍, ദഫിള്‍, ഘടാ, സന്നാദോള്‍.

തമിഴ്നാട്. അറബ്ചട്ടി, കുടുകുടുപ്പെ, ചന്ദ്രപ്പിറൈ, സൂര്യപ്പിറൈ, ടക്ക, ടക്കി, ടമരം, ടകോരവാദ്യം, ടമരു, ദവാണ്ടെ, തെപ്പു, ധെങ്ഗ, ധങ്ഗി, ധോലക്, ധോല്‍കി, ഗുമ്മട്ടി, ജക്കി, ജമിഡികൈ, കഞ്ചിറ, കോടാങ്കി, കുടമുഴ, കുണ്ഡലം, മൃദംഗം, മുട്ടു, നഗരൈ, പമ്പൈ, പഞ്ചമുഖവാദ്യം, ഉഡല്‍, രാംദോലു, രുംജ, ശുദ്ധമദ്ദളം, തമ്മട്ടം, തവില്‍, ഉടുക്കൈ, ഉറുമി, വീരവണ്ടി, ചെണ്ടപ്പറൈ, പേരെയ് ഉഡല്‍, തപ്പ്, തമുക്കു, വാറുതമുക്കു.

ത്രിപുര. ധോലക്, ഖാം.

നാഗാലാന്‍ഡ്. കാക്സിജ്, കാപഡിയ, കാനഗരാ, പോംഗ്.

പശ്ചിമബംഗാള്‍. ധോള്‍, മരുല്‍, ഘോല്‍, ബീഹാര്‍, ദങ്ക, മന്ദിര.

ബിഹാര്‍. റഞ്ചി, ധമക്, ധൂമക്, മന്ദര്‍, ധോലക്, ചംഗു, ഡുമ്, മദല്‍, മാണ്ടര്‍, മൃദംഗ്, നഗര.

മണിപ്പൂര്‍. പജ്, ഖോല്‍.

മധ്യപ്രദേശ്. ഖഞ്ചാരി, ഡ്രം, ധിമുകി, ധോലക്, ചംഗ്, ഖുതുര്‍മന്ദര്‍, മണ്ഡല, മണ്ഡര്‍, മൃദംഗ്, മടിമന്ദര്‍, നഗടാ.

മഹാരാഷ്ട്ര. ഡഫാരി, ഡഫ്, റാന്‍ഖള്‍ഗി, നാല്‍, ധോല്‍, ചൊണാക്, ചംഗ്, ഘുമ്മട്ട്, ഹല്‍ഗി.

കര്‍ണാടക. ടക്കി, ഖഞ്ചരി, ധമ്മട്ടെ, ബിഡി, കനക ധമ്മട്ടെ, തസ്സേ, ചെണ്ടെ, ഉറുമറി, ധമറുക, ഗുമ്മട്ടെ പാഞ്ജ്, കരടിഡിം, കരടിവാദ്യം, നഗരി, തമ്മാട്ടെ.

രാജസ്ഥാന്‍. ഡമരു, ഡക്ക് (ദേരു), ഖഞ്ചാരി, ഖേറ്, ചംഗ്, ഡഫ്, പാനുജികെമെട്ടെ, ഘുണ്ടി, തഷാ, നഗരാ, മദല്‍, ധോലക്, നടന്‍കിധോലക്, രാവലോന്‍കിമഡല്‍, ഭാപാജ്, ധമാമാ, നഗരാനിഷാന്‍, നാര്‍ഹുന്‍കാര്‍ണിയോ.

ലഡാക്ക്. ദമരു.

ലക്ഷദ്വീപ്. കലാശി.

ഹിമാചല്‍പ്രദേശ്. ഡഫ്ര, ഹോലാക്.

ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്നവയും വലുപ്പത്തില്‍ അല്പം ചില വ്യത്യാസത്തോടുകൂടിയവയുമായ ചര്‍മവാദ്യങ്ങള്‍ നിരവധിയുണ്ട്. മരം, ലോഹം എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ടതും അകം പൊള്ളയായതുമായ കുറ്റികളില്‍ തുകല്‍ മൂടിക്കെട്ടിയാണ് ഇവ ഉണ്ടാക്കുന്നത്. എന്നാല്‍ അപൂര്‍വം ചിലതിന്റെ കുറ്റി മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്. ഉദാ. മഞ്ചായി, ധോലക്, ടോരു, ഖാം തുടങ്ങിയവ. പ്രാദേശികമായിട്ടല്ലാതെ അഖിലേന്ത്യാവ്യാപകമായി പ്രചാരത്തിലുള്ള അവനദ്ധവാദ്യങ്ങളില്‍ പ്രധാനമായിട്ടുള്ളത് ഖഞ്ജാരി ആണ്. ധോലക്, ഡമരു, നഗര, ധോള്‍ തുടങ്ങിയവയും ഇന്ത്യയില്‍ സാര്‍വത്രികമായി ഉപയോഗപ്പെടുത്തി വരുന്നു.

(എല്‍.എസ്. രാജഗോപാലന്‍; വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍