This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവധൂതഗീത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:12, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവധൂതഗീത

ദത്താത്രേയനും കാര്‍ത്തികനും തമ്മില്‍ നടന്ന ആധ്യാത്മിക വിഷയകമായ സംവാദം അടങ്ങിയിട്ടുള്ള കൃതി. എട്ട് അധ്യായങ്ങളുള്ള ഒരു വിശിഷ്ടഗ്രന്ഥമാണ് ഇത്. ഈശ്വരാനുഗ്രഹംകൊണ്ടുവേണം മനുഷ്യര്‍ക്ക് സംസാരഭയനിവാരണത്തിന് ഉതകുന്ന അദ്വൈതജ്ഞാനം ഉണ്ടാകുവാന്‍ എന്നുള്ള ഉപക്രമത്തോടെയാണ് ഇത് ആരംഭിക്കുന്നത്. നാമരൂപങ്ങളില്ലാത്തതും നിത്യനിഷ്കളങ്കവും അപരിച്ഛിന്നവുമായ തത്ത്വമാണ് ഞാന്‍ എന്നും അദ്വൈതഭാവനയുണ്ടാകുന്നതിനു ദ്വൈതഭാവനകളെ നിശ്ശേഷം നശിപ്പിക്കണമെന്നുമുള്ള സംഗതി പ്രഥമാധ്യായത്തില്‍ ദത്താത്രേയന്‍ ഉപദേശിക്കുന്നുണ്ട്. അങ്ങനെ യോഗിയായവന്‍ ഏതു ഭാവത്തില്‍ ഏതു സ്ഥലത്തുവച്ച് മരിക്കുന്നതായാലും 'ഘടാകാശം' ബൃഹദാകാശത്തിലെന്നപോലെ ലയിച്ചുചേരുന്നു. അദ്വൈതഭാവനയുള്ളവനു വര്‍ണാശ്രമസ്ഥിതിയുണ്ടാകാന്‍ നിവൃത്തിയില്ലെന്ന് ഇതില്‍ എടുത്തുപറയുന്നുണ്ട്. അതുകൊണ്ടാണ് അവധൂതന്‍ അതിവര്‍ണാശ്രമിയാണെന്ന് പറയപ്പെടുന്നത്.

രണ്ടാമധ്യായത്തില്‍ 'മാനത്വമേയത്വസമത്വവര്‍ജിതം' ആയ പരമമായ അദ്വൈതസത്യം അതിമനോഹരമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മൂന്നും നാലും അധ്യായങ്ങളില്‍ സ്വരൂപനിര്‍ണയമാണ്. സമദൃഷ്ടികഥനം അഞ്ചാമധ്യായത്തിലും, മോക്ഷനിരൂപണം ആറാം അധ്യായത്തിലും കാണാം. അവധൂതസന്ന്യാസിയുടെ വൃത്തിവിശേഷങ്ങള്‍ ഏഴാം അധ്യായത്തില്‍ വിവരിക്കുന്നു. ശങ്കരാചാര്യരുടെ മോഹമുദ്ഗരം എന്ന കൃതി ഇതിലെ ചില ഭാഗങ്ങളോടു സാദൃശ്യം വഹിക്കുന്നതായി കാണുന്നു. എട്ടാം അധ്യായത്തില്‍ 'അവധൂതന്‍' എന്ന ചതുരക്ഷരിയുടെ അര്‍ഥവും മദ്യം, മഹിള എന്നിവയുടെ നിന്ദനവും സമര്‍ഥമായി പ്രകാശിതമായിരിക്കുന്നു. അവധൂതപദത്തിലെ 'അ'കാരത്തിന് 'ആനന്ദത്തില്‍ സ്ഥിതിചെയ്യുന്നവന്‍' എന്നും 'വ'കാരത്തിനു വാസനകളെ വര്‍ജിച്ചവന്‍ എന്നും, 'ധൂ'കാരത്തിന് ചിത്തവികാരം സര്‍വവും വെടിഞ്ഞ് (ധൂതചിത്തന്‍) പരിശുദ്ധനായവന്‍ എന്നും, 'ത'കാരത്തിന് തമോഹംകാരമുക്തനായി തത്ത്വചിന്തയില്‍ മുഴുകിയവന്‍ എന്നും ആണുപോല്‍ അര്‍ഥങ്ങള്‍. മദ്യപാനവും മദിരാഭോഗവും സന്ന്യാസവൃത്തിക്കു കടകവിരുദ്ധമാണെന്നു പറയുന്ന ദിക്കില്‍ രസകരമായ ചില കല്പനകള്‍ കാണാം. 'ശര്‍ക്കര, തേന്‍, അരിമാവ് എന്നിങ്ങനെ മൂന്നുവിധം വസ്തുക്കളില്‍നിന്നും മൂന്നുവിധം സുര(മദ്യം) എടുക്കാറുണ്ട്. ആ മദ്യവിശേഷങ്ങളെല്ലാം വര്‍ജ്യമാണ്. സ്ത്രീ നാലാമതൊരുതരം സുരയാണ്. പുരുഷന്‍ നെയ്‍ക്കുംഭംപോലെയും സ്ത്രീ അഗ്നികുണ്ഡംപോലെയും ആകയാല്‍ പുരുഷന് സ്ത്രീസംസര്‍ഗംകൊണ്ട് അഗ്നിസംഗത്താല്‍ നെയ്യിനെന്നപോലെ സര്‍വനാശം സംഭവിക്കുന്നു. ചുരുക്കത്തില്‍ ആത്മോന്നതിയിലേക്കുള്ള പ്രയാണത്തില്‍ മദ്യവും കാമാസക്തിയും മാര്‍ഗവിഘ്നങ്ങളാണെന്ന് ഉദ്ബോധിപ്പിക്കലാണ് ഇതിന്റെ വ്യക്തമായ ലക്ഷ്യം.

ഈ ഉപദേശങ്ങളെല്ലാം സംവാദരൂപത്തില്‍ കാര്‍ത്തികന്‍ എന്നയാള്‍ക്കു നല്കുന്ന ദത്താത്രേയന്‍ അനസൂയയുടെയും അത്രിമഹര്‍ഷിയുടെയും പുത്രനായി അവതരിച്ച വിഷ്ണുതന്നെയാണെന്നു വിശ്വസിക്കപ്പെടുന്നു. ഭാഗവതപുരാണത്തില്‍ ദത്താത്രേയനും യദു എന്ന രാജാവും തമ്മില്‍ നടന്നതായ ഒരു സംഭാഷണം ശ്രീകൃഷ്ണന്‍ ഉദ്ധവനോട് ഉപദേശമധ്യത്തില്‍ (സ്കന്ധം II, അ. 7. 8. 9) പറഞ്ഞുകൊടുക്കുന്നുണ്ട്. അതില്‍ ദത്താത്രേയന്‍ ലോകത്തിലുള്ള നിരവധി വസ്തുക്കളില്‍നിന്നു വിവിധതത്ത്വങ്ങള്‍ എങ്ങനെ പഠിച്ചു എന്നും ആ വഴിക്ക് ഗുരൂപദിഷ്ടമായ ആത്മജ്ഞാനം അനുക്രമം എങ്ങനെ ദൃഢമായിത്തീര്‍ന്നു എന്നും പ്രസ്താവിച്ചിരിക്കുന്നു. അതില്‍പ്പറഞ്ഞ അനേകം സംഗതികള്‍ അവധൂതഗീതയില്‍ ഭംഗ്യന്തരേണ വര്‍ണിതങ്ങളായി കാണുന്നുണ്ട്. നോ: അവധൂതന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍