This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവധാനം

Attention

ഒരു പ്രേരകസഞ്ചയത്തെ (stimuli) ഗ്രഹിക്കാന്‍ വ്യക്തിയെ തയ്യാറാക്കുന്ന പ്രവര്‍ത്തനോന്‍മുഖമായ സവിശേഷത.

സാഹചര്യം, മുന്‍പരിചയം, അഭിപ്രേരണ (aptitude), അഭിരുചി (interest) തുടങ്ങിയ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തി, പ്രേരകസഞ്ചയത്തെ തിരഞ്ഞെടുക്കുകയാണ് അവധാനത്തിലൂടെ ചെയ്യുന്നത്. ഇതിനു നിദാനമായി വസ്തുനിഷ്ഠഘടകങ്ങളും (objective factors) ആത്മനിഷ്ഠഘടകങ്ങളും (subjective factors) ഉണ്ട്. ഗാഢത, വലുപ്പം, ചലനം, ആവര്‍ത്തനം, രൂപഭംഗി, പുതുമ തുടങ്ങി വസ്തുവിന്റെ പ്രകൃതിയെ സംബന്ധിച്ചുള്ളവയാണ് വസ്തുഘടകങ്ങള്‍. ഒരേ സാഹചര്യത്തില്‍ ഗാഢത കൂടിയ പ്രേരകം (ഉദാ. ഉച്ചസ്വരം) ഗാഢത കുറഞ്ഞ പ്രേരകത്തെ(നേര്‍ത്ത സ്വരം)ക്കാള്‍ അവധാനം (ശ്രദ്ധ) പിടിച്ചുപറ്റുന്നു. വലുപ്പമുളള വസ്തുക്കള്‍ വലുപ്പം കുറഞ്ഞവയെക്കാളും, ചലിക്കുന്നവ അചലവസ്തുക്കളെക്കാളും ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഒരുവന്റെ ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചി, വൈകാരിക നില, അഭിപ്രേരണ തുടങ്ങിയവയാണ് ആത്മനിഷ്ഠഘടകങ്ങള്‍. മറ്റാരുടെയും ദൃഷ്ടിയില്‍പ്പെടാത്ത ചിത്രശലഭങ്ങള്‍ ജീവശാസ്ത്രജ്ഞന്റെ ദൃഷ്ടിയില്‍പ്പെടുന്നു. മാനസികവൈഷമ്യം അനുഭവിക്കുമ്പോഴോ, കാമാതുരനായിരിക്കുമ്പോഴോ സ്വന്തം നിലപാടിന് അനുസരണമായി സാധാരണനിലയില്‍ ഒട്ടും ശ്രദ്ധിക്കാത്ത പല വസ്തുക്കളും ശ്രദ്ധയില്‍ തുളച്ചുകയറുന്നത് ആത്മനിഷ്ഠഘടകങ്ങള്‍ അവധാനത്തില്‍ ചെലുത്തുന്ന സ്വാധീനതയ്ക്ക് ഉത്തമോദാഹരണങ്ങളാണ്.

ഒരു സമയത്ത് ഒരു വസ്തുവിലോ പ്രവൃത്തിയിലോ മാത്രമേ ശ്രദ്ധ ചെലുത്താന്‍ കഴിയുകയുള്ളുവെങ്കിലും, ഒന്ന് സ്വയംചാലിതമാണെങ്കില്‍ രണ്ടു പ്രവൃത്തികള്‍ ഒരേ സമയത്തു ചെയ്യാവുന്നതാണ്. തയ്യല്‍ക്കാരനു കാലുകൊണ്ട് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനും കൈകൊണ്ട് അതേ അവസരത്തില്‍ത്തന്നെ തുണി തള്ളി നീക്കാനും സാധിക്കുന്നു. ദീര്‍ഘകാലപരിചയം ഒരു പ്രവൃത്തി സ്വയംചാലിതമാക്കുന്നു.

ഒരു വ്യക്തിക്ക് ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് അവധാനം മാറ്റാന്‍ കഴിയും എന്നതിനെ ശാസ്ത്രീയമായി തിട്ടപ്പെടുത്താന്‍ കഴിയും. വ്യക്തിയുടെ അവധാനവിസ്തൃതി (span of attention) അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിനു റ്റാക്കിസ്റ്റോസ്കോപ്പ് (Tachistoscope) എന്നു പറയുന്നു. അവധാനപ്രക്രിയയെ ബാധിക്കുന്ന ശൈഥില്യങ്ങളെ (distractions) സംബന്ധിച്ച പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. അവധാനത്തിന് എതിരെയുള്ള സംഗതികള്‍ ചിലരെ അസ്വസ്ഥരാക്കുകയും അവരില്‍ പ്രവര്‍ത്തനമാന്ദ്യം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. മറ്റു ചിലരുടെ കാര്യത്തില്‍ പ്രതിബന്ധങ്ങള്‍ ചൊടിപ്പിക്കുന്നവയാണ്; ആകയാല്‍ അധികശ്രമത്തിന് അവര്‍ പ്രേരിതരാകുന്നു. ആ പ്രവര്‍ത്തനം കൂടുതല്‍ ഫലമുളവാക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

അവധാനപ്രക്രിയയുടെ നാഡീശാസ്ത്രപരമായ ഗവേഷണവും മസ്തിഷ്കസംവിധാനങ്ങളുടെ പഠനവും പുതിയ വെളിച്ചം നല്കിയിട്ടുണ്ട്. മസ്തിഷ്കസംവിധാനങ്ങളുടെ പ്രതികരണങ്ങളും നേത്രം, ശ്രവണം തുടങ്ങിയ ബോധേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന നാഡീമാംസപേശികളുടെ പ്രതികരണങ്ങളും അവധാനപ്രക്രിയയില്‍ സ്വാധീനത ചെലുത്തുന്നു. മനുഷ്യരുടെ പ്രതികരണപ്രക്രിയയ്ക്കു മുഖ്യപ്രാധാന്യം കൊടുത്തുകൊണ്ട് അവധാനത്തെ പഠിക്കാന്‍ ചില ശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചു. അവധാനം ബോധാവസ്ഥ(consciousness)യുടെ ഘടനയിലുള്ള സവിശേഷതയാണെന്ന ടിച്നര്‍, വില്യം ജയിംസ് എന്നിവരുടെ പ്രാചീന വീക്ഷണത്തെ അവര്‍ ചോദ്യം ചെയ്തു. എങ്കിലും നേരത്തേ നടന്നിട്ടുള്ള പഠനങ്ങളും ചില സമീപനരീതികളും ഇന്നും പ്രയോഗത്തില്‍ ഇരിക്കുന്നു. പെന്‍സില്‍ വാങ്ങാന്‍ കടയില്‍ ചെല്ലുന്ന ആളിന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്നതു പെന്‍സില്‍ ആയിരിക്കും. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ പ്രതികരണം നടത്താന്‍ ഒരാളെടുക്കുന്ന സമയത്തെ അവധാനത്തിന്റെ അളവായി കണക്കാക്കാമെന്നു ടിച്നര്‍ (Titchner) സ്ഥാപിച്ചു. നിര്‍വിഘ്നം തുടര്‍ന്നുപോകാത്തതും ഇടവിട്ടുള്ളതുമായ ഒരു മാനസികപ്രക്രിയയാണ് അവധാനം എന്നാണ് വൂണ്‍ട് (Wundt) സിദ്ധാന്തിച്ചിരുന്നത്. എന്നാല്‍ അവധാനം പ്രത്യേകം പ്രത്യേകമുള്ള പ്രക്രിയകളാണെന്നാണ് ആധുനികഗവേഷകരുടെ പക്ഷം.

പ്രമാണയോഗ്യമായ നിബന്ധനത്തിലെ (classical conditioning) ഒരു പ്രതികരണം, ഉപകരണപരമായ നിബന്ധനത്തിലെ (operand conditioning) നേരിട്ട് അളക്കാവുന്ന പ്രതികരണം, വിവേചനപ്രക്രിയ (discrimination performance) അപഗ്രഥനം ചെയ്യാനുള്ള സിദ്ധാന്തപരമായ ഒരു കല്പനാനിര്‍മിതി (construct) എന്നിങ്ങനെ ജീവികളുടെ പ്രതികരണങ്ങളെ നിരീക്ഷിക്കാനുതകുന്ന മൂന്നു വ്യത്യസ്ത സമീപനങ്ങള്‍ ഇന്നു നിലവിലുണ്ട്. പാവ്ലോവിന്റെ പ്രമാണയോഗ്യമായ നിബന്ധിപ്പ് പരീക്ഷണങ്ങളും മസ്തിഷ്കപര്യവേക്ഷണങ്ങളും നിരീക്ഷണ പ്രതികരണങ്ങള്‍ക്കു (observing response) വ്യത്യസ്ത ഗാഢതകളാണുള്ളതെന്നു തെളിയിക്കുന്നതായി ലിന്‍ഡ് സിലി പറയുന്നു. ബേക്കര്‍, ബെര്‍ലിന്‍ (1960), ബട്‍ലര്‍, അറ്റ്കിന്‍സണ്‍ (1961), ഹോളണ്ട് (1958) തുടങ്ങിയവരുടെ പരീക്ഷണങ്ങള്‍, അവധാനത്തെ ദൃഷ്ടി ഒരു വസ്തുവില്‍ ഊന്നുന്നതിനോടു തുലനം ചെയ്യാവുന്നതല്ലെന്ന് തെളിയിക്കുന്നു. നല്കപ്പെടുന്ന അടയാളങ്ങള്‍ (signals) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തോല്‍വി അടയുന്നത് ഒരുവന്റെ അവധാനത്തില്‍ വരുന്ന പരാജയമായി കണക്കാക്കാമെന്നു ജാഗ്രതയെ (vigilance) പ്പറ്റിയുള്ള പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തിയുടെ നിര്‍ണയനപ്രക്രിയ പതിനഞ്ചു മിനിറ്റിനു ശേഷം കുറയുന്നതായും പഠനങ്ങള്‍ കാണിക്കുന്നു. ഫ്രാങ്ക്മാന്‍, ആഡംസ് എന്നിവര്‍ ജാഗ്രതാസിദ്ധാന്തങ്ങളെ പുനരവലോകനം ചെയ്തിട്ടുണ്ട്.

ഒരാള്‍ നിരീക്ഷിക്കുന്ന പ്രതികരണങ്ങളെ ശരീരശാസ്ത്രപരമായും മനോ-ഭൗതികസംഭവമായും (psycho-physical event) അപഗ്രഥിച്ച് അവ അയാളുടെ മറ്റു പെരുമാറ്റങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കുകയാണ് അവധാനത്തെ സംബന്ധിച്ച ആധുനിക പഠനങ്ങളുടെ അടിസ്ഥാനപ്രശ്നം. അവധാനത്തിനു നിദാനമായ മസ്തിഷ്കഭാഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു. ശാരീരികവും വ്യവഹാരപരവുമായ സമീപനരീതികള്‍ അവധാനത്തെപ്പറ്റിയുള്ള ഗവേഷണപഠനങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു. നോ: അഷ്ടാവധാനി

(ഡോ. സുലോചനന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍