This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവദാനസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവദാനസാഹിത്യം

സംസ്കൃതത്തില്‍ ജാതകകഥകളോടു സാദൃശ്യമുള്ളതും അവയോടു ബന്ധപ്പെട്ടതുമായ ഒരു സാഹിത്യവിഭാഗം. 'അവദാനം' അഥവാ 'അപദാനം' എന്ന ശബ്ദത്തിനു പ്രശസ്തകര്‍മം എന്നാണര്‍ഥം. സംസ്കൃതഭാഷയിലുള്ള ബുദ്ധമതസംഹിതയിലെ പന്ത്രണ്ടു ധര്‍മപ്രവചനങ്ങളില്‍ ഏഴാമത്തേതാണ് ബുദ്ധാവദാനം. ഈ ഗണത്തില്‍പ്പെട്ട വിപുലമായൊരു സാഹിത്യം ഒരു കാലത്തുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്നാല്‍ അവയില്‍ ഏറ്റവും ചെറിയൊരു ശതമാനം മാത്രമേ നഷ്ടപ്പെടാതെ കൈയെഴുത്തു ഗ്രന്ഥങ്ങളിലൂടെ ലഭിച്ചിട്ടുള്ളു. അവയില്‍ പൂര്‍ണരൂപത്തില്‍ അച്ചടിച്ച നാലു കൃതികളുണ്ട്: ദിവ്യാവദാനം, ജാതകമാല, അവദാനകല്പലത, അവദാനശതകം എന്നിവ. ഈ ഗ്രന്ഥങ്ങളും കല്പദ്രുമാവദാനമാല എന്ന മറ്റൊരു കൃതിയിലെ ഒരു കഥയും മറ്റുള്ളവയിലെ ചില കഥാഭാഗങ്ങളുംകൂടി പ്രകാശിതമായിട്ടുണ്ട്. ഈ സാഹിത്യശാഖയില്‍ നിഷ്ണാതരായവരെ 'അവദാനാര്‍ഥകോവിദന്‍'മാരെന്നും 'ആവദാനികന്‍'മാരെന്നുമൊക്കെ അഭിധാനം ചെയ്തിരുന്നു.

അവദാനസാഹിത്യത്തിനു ജാതകസാഹിത്യവുമായി ഗാഢബന്ധമുണ്ട്; ഒരു വ്യത്യാസം മാത്രം; ജാതകകഥകള്‍ ബോധിസത്വനെന്ന നിലയിലുള്ള ശ്രീബുദ്ധന്റെ പൂര്‍വജന്‍മകഥകളാണ്; അവദാനങ്ങളാകട്ടെ, സാക്ഷാല്‍ ബുദ്ധന്റെ കഥകളും. എന്നാല്‍ അവദാനകഥകളില്‍ പലതിലും ജാതകകഥകളുടെ സംക്രമണം കാണാം. അവദാനകഥകളിലെ മുഖ്യമായ പ്രമേയം മനുഷ്യന്റെ കര്‍മഫലങ്ങളുടെ ദൃഷ്ടാന്തീകരണമാണ്. അവയ്ക്കൊരു ധാര്‍മികമായ ലക്ഷ്യമുണ്ട്. കര്‍മഫലങ്ങളുടെ കാഠിന്യം ബുദ്ധനിലും ബൌദ്ധസിദ്ധന്മാരിലുമുള്ള ഭക്തിയാല്‍ ലഘൂകരിക്കപ്പെടുന്നുവെന്ന് അവയില്‍ സമര്‍ഥിച്ചിരിക്കുന്നു. ചിലപ്പോള്‍ ബുദ്ധന്‍ തന്നെയായിരിക്കും കഥാഖ്യാതാവ്; അപ്പോള്‍ ആഖ്യാനം ഉത്തമപുരുഷനിലല്ല, പ്രഥമപുരുഷനിലായിരിക്കുമെന്നു മാത്രം. സന്‍മാര്‍ഗോപദേശങ്ങള്‍, അദ്ഭുതങ്ങളുടെ വിവരണങ്ങള്‍ തുടങ്ങിയവ അവയില്‍ ഇടയ്ക്കിടയ്ക്കു കാണാം. സാഹിത്യഗുണം പ്രായേണ നിസ്സാരമാണെങ്കിലും അവയുടെ ചരിത്രപരമായ പ്രാധാന്യം ഗണനീയമാണ്.

അവദാനങ്ങളും ജാതകങ്ങളും ബുദ്ധമതതത്ത്വപരമായി ഉന്നതനിലവാരത്തിലുള്ള കൃതികളല്ല. ഉത്കൃഷ്ടമായ തത്ത്വചിന്തയ്ക്കോ അവഗാഢമായ ധ്യാനത്തിനോ അവ വക നല്കുന്നില്ല. അതുകൊണ്ടാവാം സിംഹളത്രിപിടകത്തില്‍ ജാതകം, അവദാനം, പ്രേതവസ്തു, വിമാനവസ്തു, ബുദ്ധവംശം, ചര്യാപിടകം, സ്ഥവിരഗാഥ തുടങ്ങിയവയ്ക്കൊന്നിനും സ്ഥാനമില്ലാതെ പോയത്. എന്നാല്‍ സിംഹളരുടെ സംസ്കൃതത്തിലുള്ള വിനയപിടകം, സൂത്രപിടകം എന്നിവയില്‍ അവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

കൃതികള്‍. അവദാനസാഹിത്യത്തെ പൊതുവേ മൂന്നു ഗണങ്ങളായി വിഭജിക്കാം: രണ്ടെണ്ണം ധര്‍മസംഹിതാസംബന്ധങ്ങളാണ്; ഒരെണ്ണം ധര്‍മസംഹിതാനന്തരകൃതിയും. ആദ്യം പറഞ്ഞവ വിനയപിടകം, സൂത്രപിടകം എന്നീ ഗ്രന്ഥങ്ങളിലെ ഉപാഖ്യാനങ്ങളിലും ദൃഷ്ടാന്തങ്ങളിലുമാണ് കാണുന്നത്. അത്തരത്തിലൊന്നാണു ദിവ്യാവദാനം; രണ്ടാമത്തെ ഗണത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവയാണ് അവദാനവും ജാതകവും; മൂന്നാമത്തേതാകട്ടെ പില്ക്കാലത്തുണ്ടായ എല്ലാ അവദാനസമാഹാരങ്ങളാലും പ്രതിനിധാനം ചെയ്യപ്പെടുന്നു.

ഈ സമാഹാരങ്ങളില്‍വച്ച് ഏറ്റവും പഴക്കമുള്ള അവദാനശതകം ഹീനയാന അഥവാ സ്ഥവിരവാദപ്രസ്ഥാനത്തിലുള്ള ഒരു സംസ്കൃത കൃതിയാണ്. ആഖ്യാനം പൊതുവേ രസാവഹമാണെങ്കിലും അതിന്റെ സാഹിത്യഗുണം സമുന്നതമെന്നു പറഞ്ഞുകൂടാ. അവദാനശതകത്തിലെ 83-ാം അവദാനത്തില്‍ 'ദീനാരം' എന്ന നാണയത്തെക്കുറിച്ചു പ്രസ്താവമുള്ളതിനാല്‍ അതു ക്രിസ്തുവര്‍ഷാരംഭത്തിനു ശേഷം രചിക്കപ്പെട്ടതാണെന്നൂഹിക്കാം. എ.ഡി. 3-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ അതാദ്യമായി ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു; തിബറ്റന്‍ ഭാഷയിലും ഫ്രഞ്ചിലുമുണ്ട് ഇതിന്റെ വിവര്‍ത്തനങ്ങള്‍.

അവദാനശതകം പത്തു 'വര്‍ഗ'ങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഓരോ വര്‍ഗത്തിലും പത്തു കഥ വീതമുണ്ട്. ഒന്നും മൂന്നും വര്‍ഗങ്ങളില്‍ 'ബുദ്ധതത്ത്വ'ത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; രണ്ടും നാലും, ബുദ്ധന്റെ പൂര്‍വജന്മത്തെ പരാമര്‍ശിക്കുന്നു; ആ നിലയ്ക്ക് അവ ജാതകങ്ങളോടു സാമ്യം വഹിക്കുന്നു. അഞ്ചാം വര്‍ഗം പ്രേതകഥകളാണ്; ദുരിതാനുഭവങ്ങളുടെ ഹേതുക്കളുദാഹരിക്കുന്ന കഥകള്‍. എല്ലാ കഥയ്ക്കുമുണ്ട് ഒടുക്കമൊരു സന്മാര്‍ഗപാഠം. സുകൃതംകൊണ്ടു സ്വര്‍ഗം നേടിയവരുടെ കഥകളാണ് ആറാം വര്‍ഗത്തില്‍. ഏഴു മുതല്‍ പത്തുവരെയുള്ള വര്‍ഗങ്ങളില്‍ നായകന്മാരെ ആര്‍ഹതന്മാരായി ഉയര്‍ത്തുന്ന കര്‍മങ്ങളുടെ വര്‍ണനയാണ്. ഏഴാം വര്‍ഗത്തില്‍ നായകന്‍മാരെല്ലാം ശാക്യന്‍മാര്‍; എട്ടാമത്തേതില്‍ മുഖ്യപാത്രങ്ങളെല്ലാം സ്ത്രീകള്‍. പത്താം വര്‍ഗത്തിലെ കഥകള്‍ പൂര്‍വജന്‍മത്തിലെ ദുഷ്കര്‍മങ്ങളുടെ ഫലങ്ങള്‍ വിവരിക്കുന്നു. അതീതബുദ്ധന്‍മാരില്‍ ഒരാളെ പൂജിക്കാന്‍ അവസരം ലഭിക്കയാല്‍ സുകൃതിനിയായിത്തീര്‍ന്ന കുവലയ എന്ന നര്‍ത്തകിയുടെ കഥ, അമ്മയോടു ചെയ്ത അപരാധത്തിന് ചുട്ടുപഴുത്ത ഇരുമ്പുചക്രം തലയില്‍ വഹിച്ചുകൊണ്ട് 66,000 കൊല്ലം നരകത്തില്‍ കഴിയുക എന്ന ശിക്ഷ ഏറ്റുവാങ്ങിയ മൈത്രകന്യകന്റെ കഥ, ബുദ്ധന്റെ ഭൌതികാവശിഷ്ടത്തെ അര്‍പ്പിച്ചതിന് അജാതശത്രുവിനാല്‍ വധിക്കപ്പെട്ടശേഷം ദേവലോകത്ത് പുനര്‍ജന്‍മം ലഭിക്കുന്ന ശ്രീമതിയുടെ കഥ എന്നിവ ഈ സമാഹാരത്തില്‍ ഉള്ളവയാണ്.

ബുദ്ധന്റെ വര്‍ത്തമാനജന്‍മത്തിലെയും പൂര്‍വജന്‍മത്തിലെയും 107 അപദാനങ്ങളുടെ സമാഹാരമാണ് ക്ഷേമേന്ദ്രന്റെ അവദാനകല്പലത. അവയോട് ഒരെണ്ണംകൂടി എഴുതിച്ചേര്‍ത്ത് അദ്ദേഹത്തിന്റെ പുത്രന്‍ സോമേന്ദ്രന്‍ അതൊരു മംഗളസംഖ്യയായ 108 ആക്കിയിട്ടുണ്ട്. അതിന്റെ പ്രസ്താവനയില്‍ സോമേന്ദ്രന്‍ പറയുന്നു, സജ്ജനാനന്ദന്‍ എന്ന ഭിക്ഷുവിന്റെയും മഹാകവിയുടെ സുഹൃത്തായ നക്കന്റെയും അഭ്യര്‍ഥനയാദരിച്ചാണ് തന്റെ പിതാവ് ഈ കൃതി രചിക്കാന്‍ തുടങ്ങിയത് എന്ന്. ക്ഷേമേന്ദ്രന്‍ മൂന്ന് അവദാനങ്ങളെഴുതിക്കഴിഞ്ഞപ്പോള്‍ അത് ശ്രമാവഹമായ ഒരു കൃത്യമാണ് എന്നു കണ്ട് ആ ഉദ്യമത്തില്‍നിന്നു പിന്‍മാറി. എന്നാല്‍ സ്വപ്നത്തില്‍ ബുദ്ധഭഗവാന്‍ അദ്ദേഹത്തിനു പ്രത്യക്ഷനായി ആ കൃതി മുഴുമിക്കണമെന്നുപദേശിച്ചുവത്രെ. അതനുസരിച്ച് ക്ഷേമേന്ദ്രന്‍ ഒരു ബുദ്ധമതപണ്ഡിതനായ ആചാര്യവീരഭദ്രന്റെ സഹായത്തോടുകൂടി 1052-ല്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. എഴുപതു സംവത്സരങ്ങള്‍ക്കു ശേഷം അതു തിബറ്റന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

കുറേക്കൂടി സാഹിത്യമൂല്യമുള്ള ഒരു കൃതിയാണ് ദിവ്യാവദാനം; അതും എ.ഡി. ഒന്നാം ശതകത്തിനു മുന്‍പുള്ളതാവാന്‍ തരമില്ല. ഭാഷ ലളിതമാണ്. ഇടയ്ക്കിടയ്ക്കു ഗാഥകളും ശ്ലോകപദങ്ങളും തിരുകിയിട്ടുണ്ട്. ജാതകത്തിന്റെയും അവദാനത്തിന്റെയും ഒരു സമ്മിശ്രരൂപമാണ് മഹാവസ്തു എന്ന കൃതി. അതും ക്രിസ്ത്വബ്ദം പ്രഥമ ശതകത്തിലുദ്ഭവിച്ചതായിരിക്കണം. മറ്റു സംഗതികള്‍ക്കു പുറമേ ശ്രീബുദ്ധന്റെ ജീവിതകഥയും അതിലുണ്ട്. വേറൊരു കൃതിയായ ലളിതവിസ്തരവും ശ്രീബുദ്ധന്റെ ജീവചരിത്രവിവരണമാണ്. സാഹിത്യഭംഗിയൊന്നും വിശേഷിച്ചു പറയാനില്ലാത്ത അതിലെ ഗദ്യത്തിനിടയ്ക്കു ദീര്‍ഘങ്ങളായ പദ്യഭാഗങ്ങളുമുണ്ട്. ബുദ്ധാവദാനകഥകള്‍ ആലംബമാക്കി രചിച്ചിട്ടുള്ള മഹാകാവ്യങ്ങളാണ് ശിവസ്വാമിയുടെ കച്ഫിണാദ്യുദയം, അശ്വഘോഷന്റെ സൗന്ദരനന്ദം എന്നിവ.

മറ്റുള്ള അവദാനകൃതികളില്‍ പ്രധാനമായവ കല്പദ്രുമാവദാനം, ഭദ്രകല്പാവദാനം, അശോകാവദാനം, വിചിത്രകര്‍ണികാവദാനം, രത്നാവദാനമാല, ദ്വാത്രിംശത്യവദാനമാല എന്നിവയാകുന്നു.

മതപരമായ പ്രാധാന്യമുള്ളവയെങ്കിലും അവദാനകഥകളെയും ജാതകകഥകളെയും സംസ്കൃതാലങ്കാരികന്‍മാര്‍ ഗൗനിച്ചിട്ടില്ല. എന്നാല്‍ പല അവദാനകഥകളും ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാമഞ്ജരിയില്‍ കടന്നുകൂടിയിട്ടുണ്ട്.

അവദാനശതകം ഹോളണ്ടിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ പ്രൊഫ. ജെ.എസ്. സ്പെയര്‍ പ്രസാധനം ചെയ്ത് 1906-ല്‍ ബിബ്ളിയോത്തിക്കാ ബുദ്ധിക്കാ എന്ന വിപുലഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്തില്‍ പ്രസിദ്ധം ചെയ്യുകയുണ്ടായി. ശുദ്ധപാഠനിര്‍ണയനത്തില്‍ അദ്ദേഹം നേപ്പാളി ഭാഷയിലും ദേവനാഗരിയിലുമുള്ള നാലു ഗ്രന്ഥങ്ങള്‍ക്കു പുറമേ തിബറ്റന്‍, ചൈനീസ്, ഫ്രഞ്ച് വിവര്‍ത്തനങ്ങളും, മുന്‍പു പറഞ്ഞ അവദാനഗ്രന്ഥങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നോ: ജാതകകഥകള്‍

(പ്രൊഫ. പി.സി. ദേവസ്യ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍