This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവകര്‍ത്തനം, സസ്യങ്ങളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവകര്‍ത്തനം, സസ്യങ്ങളില്‍

Pruning in plants

കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും നിയതമായ ആകൃതി രൂപപ്പെടുത്തുന്നതിനും വേണ്ടി കായികഭാഗങ്ങളെ (vegetative parts) നിയന്ത്രിതമായ രീതിയില്‍ മുറിച്ചുകളയുന്ന പ്രക്രിയ. ഫലവൃക്ഷങ്ങളിലും ഉദ്യാനസസ്യങ്ങളിലും അവകര്‍ത്തനം പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഫലവൃക്ഷങ്ങളുടെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നതുകൊണ്ട് മറ്റുഭാഗങ്ങള്‍ ശക്തിയാര്‍ജിക്കുകയും നന്നായി വളര്‍ന്നു കൂടുതല്‍ ഫലം തരികയും ചെയ്യും. ഉദ്യാനങ്ങളില്‍ അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്ന ചെടികള്‍ക്ക് ആകര്‍ഷകമായ രൂപങ്ങള്‍ നല്കുന്നതിനും വിവിധതരം ചെടികള്‍ ചേര്‍ത്തു നട്ടുവളര്‍ത്തുന്ന തരുവേലിപ്പടര്‍പ്പുകള്‍ക്കു നിശ്ചിതമായ ഉയരം നിലനിറുത്തുന്നതിനും അവകര്‍ത്തനം നടത്താറുണ്ട്.

ഫലവൃക്ഷങ്ങള്‍. ഓരോതരം ഫലവൃക്ഷങ്ങള്‍ക്കും അനുയോജ്യമായരീതിയില്‍ ആകൃതിയും പൊക്കവും നിയന്ത്രിക്കുന്നതിന് അവകര്‍ത്തനം നടത്തിവരുന്നു. വൃക്ഷങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും കനത്ത വിളവിനും ഇതാവശ്യമാണ്. കൂടാതെ തോട്ടങ്ങളിലെ കൃഷിപ്പണികളും വിളവെടുപ്പും സുകരമാക്കാനും ഇതു സഹായിക്കും. മിക്കവാറും എല്ലാത്തരം ഫലവൃക്ഷങ്ങളിലും തറനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരംവരെ ശിഖരങ്ങള്‍ ഒന്നും വളരാന്‍ അനുവദിക്കാറില്ല. അതിന്റെ മുകളിലുള്ള ഭാഗത്തുനിന്നും ഉണ്ടാകുന്ന മൂന്നുമുതല്‍ അഞ്ചുവരെയുള്ള മുഖ്യശിഖരങ്ങളെയും അവയില്‍നിന്നും വളരുന്ന അനവധി ഉപശിഖരങ്ങളെയും വളരുവാന്‍ അനുവദിക്കാം. വൃക്ഷങ്ങളുടെ എല്ലാ വശത്തും ഒരുപോലെ സൂര്യപ്രകാശം ലഭിക്കാനും അപ്രകാരം വൃക്ഷങ്ങളുടെ ഫലപുഷ്ടി വര്‍ധിപ്പിക്കാനും ഇത്തരം ആദ്യകാലാവകര്‍ത്തനം ഉപകരിക്കും.

വേരുകോതല്‍ (Roof Pruning). ഫലവൃക്ഷങ്ങളുടെ ഉത്പാദനകാലം നിയന്ത്രിക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും പലപ്പോഴും അവയുടെ ചെറുവേരുകള്‍ മുറിച്ചുകളയാറുണ്ട്. ഫലവൃക്ഷം പൂവിടുന്നതിന് ഏകദേശം ഒന്ന്-ഒന്നര മാസംമുന്‍പ് വൃക്ഷത്തിനു ചുറ്റും 30 സെ.മീ. താഴ്ചയില്‍ തടിയില്‍നിന്നും മുക്കാല്‍ മീറ്റര്‍ അകലത്തില്‍ ചാലുകള്‍ കീറുന്നു. ഈ ചാലുകളില്‍ കാണുന്ന ചെറുവേരുകള്‍ മുറിച്ചുമാറ്റും. അതിനുശേഷം വളങ്ങളും മേല്‍മണ്ണും ഇട്ട് ചാല്‍ നിറച്ച് സമൃദ്ധമായി ജലസേചനം നല്കും. പൂക്കാത്ത ഫലവൃക്ഷങ്ങളെ പൂവണിയിക്കാനും പൂക്കുന്നവയില്‍ കൂടുതല്‍ ഫലങ്ങള്‍ ഉത്പാദിപ്പിക്കാനും ഈ പ്രക്രിയ പ്രയോജനകരമാണ്.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍