This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഴിമതിനിവാരണനിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഴിമതിനിവാരണനിയമം

രാജ്യഭരണകാര്യങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആളുകള്‍ നടത്തിയേക്കാവുന്ന അഴിമതികളെ തടയാനും അവരെ ശിക്ഷിക്കാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള നിയമം. ഇന്ത്യയില്‍ 'അഴിമതിനിവാരണനിയമം' 1947-ല്‍ പ്രാബല്യത്തില്‍ വന്നു.

സര്‍ക്കാരുദ്യോഗസ്ഥന്മാര്‍, മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇത്തരം ആളുകള്‍ തങ്ങളുടെ ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി ആര്‍ക്കെങ്കിലും അവിഹിതമായ ലാഭമോ ഗുണമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാന്‍ ശ്രമിക്കുകയോ, അതിനുവേണ്ടി നിയമാനുസൃതം ബാധ്യസ്ഥമായ പ്രവൃത്തി ചെയ്യാതിരിക്കുകയോ, അതിനു പ്രതിഫലം വാങ്ങുകയോ ചെയ്യുന്നത് അഴിമതിയാണ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 161-ാം വകുപ്പില്‍ വിവരിച്ചിട്ടുളള കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ അഴിമതിനിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറ്റകൃത്യങ്ങളാണ് ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അന്യായമായ പ്രതിഫലമോ സമ്മാനമോ വാങ്ങുകയോ, വാങ്ങാന്‍ ശ്രമിക്കുകയോ, പകരം എന്തെങ്കിലും ആനുകൂല്യങ്ങള്‍ ചെയ്യുകയോ, ചെയ്യാമെന്നു സമ്മതിക്കുകയോ, ഔദ്യോഗികകൃത്യങ്ങള്‍ ചെയ്യാതിരിക്കുകയോ, ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതു കുറ്റകരമാണ്. ഇത്തരം കുറ്റത്തിന് വാറണ്ടുകൂടാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം നല്കപ്പെട്ടിട്ടുണ്ട്; മൂന്നുവര്‍ഷത്തെ തടവോ പിഴയോ, രണ്ടും കൂടിയുള്‍പ്പെട്ട ശിക്ഷയോ വിധിക്കപ്പെടാവുന്നതുമാണ്.

ഒരുഉദ്യോഗസ്ഥന്‍ അനര്‍ഹമായ പ്രതിഫലം വാങ്ങുന്നതു തനിക്കുവേണ്ടിയല്ലെങ്കിലും ശിക്ഷാര്‍ഹമായ കുറ്റമാണ്. മേല്പറഞ്ഞവിധം ഏതെങ്കിലുമൊരുദ്യോഗസ്ഥനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനു പ്രതിഫലം വാങ്ങുന്ന ഏതൊരാളും ശിക്ഷയ്ക്കു വിധേയനാണ്. കൈക്കൂലി വാങ്ങുന്നയാള്‍ സര്‍ക്കാര്‍ ജീവനക്കാരനായിരിക്കണമെന്നില്ല.

സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ പ്രത്യക്ഷത്തിലുള്ള പ്രതിഫലം വാങ്ങാതെതന്നെ മറ്റൊരാള്‍ക്കു അവിഹിതമായ ലാഭമോ ഗുണമോ ഉണ്ടാക്കാന്‍ ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തുന്നതും അഴിമതിക്കുറ്റമാണ്. ഉദാഹരണമായി 'എ' എന്ന ഒരു മുന്‍സിഫ് തന്റെ ഒരു ബന്ധുവിന് 'ബി' എന്ന ആളുടെ ഫാക്ടറിയില്‍ ജോലി വാങ്ങിക്കൊടുക്കുകയും അതിനുപകരമായി തന്റെ കോടതിയില്‍ വിചാരണയിലിരിക്കുന്ന 'ബി'യുടെ കേസ് അയാള്‍ക്കനുകൂലമായി വിധിക്കുകയും ചെയ്യുന്നു എന്നു കരുതുക. ഇതു മുന്‍സിഫ് നടത്തുന്ന അഴിമതിക്കുറ്റമായി പരിഗണിക്കാം. അഴിമതി പല രൂപത്തിലുമാകാം. ഒരു ലൈസന്‍സ് കിട്ടുവാന്‍ ഒരാള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ സമര്‍പ്പിക്കുന്നു. ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷകന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യണമെന്ന് പ്രസ്തുത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയും അപേക്ഷകന്‍ അതു കൊടുക്കുകയും ചെയ്താല്‍ അഴിമതിക്കുറ്റമാണ്; പ്രസ്തുത ഉദ്യോഗസ്ഥന്‍ ശിക്ഷാര്‍ഹനുമാണ്.

കൈക്കൂലി വാങ്ങുന്നതുപോലെ കൈക്കൂലി കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇന്ത്യയില്‍ 1952 വരെ കൈക്കൂലി കൊടുക്കുന്നയാളിന് പ്രേരണക്കുറ്റം മാത്രമേ കല്പിച്ചിരുന്നുള്ളു. എന്നാല്‍ 1952-ലെ ക്രിമിനല്‍ ഭേദഗതിനിയമമനുസരിച്ച് കൈക്കൂലി കൊടുക്കുന്നത് വാങ്ങുന്നതിനു തുല്യമായ കുറ്റകൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭകളിലേക്കും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്കും നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അഴിമതിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പുയോഗങ്ങള്‍ കലക്കാന്‍ ശ്രമിക്കുക, വാഹനങ്ങള്‍ ഉപയോഗിച്ച് സമ്മതിദായകരെ പോളിങ് ബൂത്തുകളില്‍ എത്തിക്കുക തുടങ്ങിയവ അഴിമതിക്കുറ്റങ്ങളാണ്. ഇത്തരം അഴിമതികളില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചു ശിക്ഷകള്‍ നല്കപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയോ അയാളുടെ അംഗീകൃത ഏജന്റോ അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പുതന്നെ അസാധുവാക്കാനും കുറ്റവാളികള്‍ക്ക് അയോഗ്യത കല്പിക്കുവാനും തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കുന്ന സമ്മതിദായകരും ശിക്ഷാര്‍ഹരാണ്. തെരഞ്ഞെടുപ്പു സംബന്ധമായ അഴിമതിക്കുറ്റങ്ങള്‍ക്കു ശിക്ഷ വിധിക്കാന്‍ ഇംഗ്ളണ്ടിലും യു.എസ്സിലും എന്നപോലെ ഇന്ത്യയിലും പ്രത്യേകം നിയമങ്ങളുണ്ട്.

സ്വകാര്യവ്യക്തികള്‍ ഉദ്യോഗസ്ഥന്‍മാരുടെയോ ജനപ്രതിനിധികളുടെയോ പേരില്‍ തങ്ങള്‍ക്കുള്ള വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് നിയമവിധേയമല്ലാത്ത ഏതെങ്കിലും പ്രവൃത്തിചെയ്യുന്നതിനുവേണ്ടി കൈക്കൂലി വാങ്ങിയാലും അഴിമതിയാണ്; കള്ളപ്രമാണങ്ങള്‍ ചമച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചും മറ്റൊരാള്‍ക്ക് ആനുകൂല്യം ചെയ്യുന്നതും അഴിമതിയുടെ പരിധിയില്‍പ്പെടുന്നു. നിയമാവകാശമില്ലാത്ത ഉദ്യോഗസ്ഥന്‍മാര്‍ സ്വകാര്യബിസിനസുകള്‍ നടത്തുകയും മറ്റുജോലികള്‍ സ്വീകരിക്കുകയും മറ്റും ചെയ്യുന്നതും അഴിമതിക്കുറ്റമാണ്. സ്വകാര്യവ്യക്തികള്‍ തങ്ങള്‍ ഉദ്യോഗസ്ഥന്മാരാണെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ചെയ്യുന്ന പ്രവൃത്തികളും, ഔദ്യോഗികവേഷത്തില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്ന പ്രവൃത്തികളും ശിക്ഷാര്‍ഹമായ അഴിമതിയാണ്.

അഴിമതിക്കുറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നത് പ്രത്യേകം നിയുക്തമായ കോടതികളാണ്. കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കു തരംതാഴ്ത്തല്‍, സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍ മുതലായ ഔദ്യോഗിക ശിക്ഷകള്‍ വിധിക്കപ്പെടുന്നു.

നിലവിലുള്ള അഴിമതിനിവാരണനിയമം മൂലം ഉദ്യോഗസ്ഥന്മാരുടെ അഴിമതിക്കുറ്റങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മറ്റു പൊതുപ്രവര്‍ത്തകരുടെയും അഴിമതി തടയുന്നതിനും നിയമങ്ങളുണ്ട്. 1983 ഡി.-ല്‍ കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം അഴിമതി നിവാരണക്കമ്മിഷന്‍ നിലവില്‍വന്നു. 1987 ഡി.-ല്‍ കേരള പൊതുപ്രവര്‍ത്തകര്‍ (അന്വേഷണവും അന്വേഷണവിചാരണയും) നിയമവും സംസ്ഥാന നിയമസഭ പാസാക്കുകയുണ്ടായി. നോ: ഓംബുഡ്സ്മാന്‍; ലോകായുക്ത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍