This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ടാമിറാ ഗുഹ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അള്‍ടാമിറാ ഗുഹ

Altamira cave

ചരിത്രാതീതകാലത്തെ ചിത്രങ്ങളും കൊത്തുപണികളുംകൊണ്ട് പ്രസിദ്ധിയാര്‍ജിച്ച പുരാവസ്തുഗവേഷണ പ്രധാനമായ ഒരു കേന്ദ്രം. സ്പെയിനിന്റെ ഉത്തരപ്രദേശത്ത് സാന്റാന്ദറില്‍നിന്നും 30 കി.മീ. പ. സ്ഥിതിചെയ്യുന്ന സാന്റില്ല നാ ദെല്‍മാര്‍ (Santilla-Na-Delmar) എന്ന ചെറുപട്ടണത്തിന്റെ സമീപമാണ് അള്‍ടാമിറാ ഗുഹ സ്ഥിതിചെയ്യുന്നത്.

1868-ല്‍ ഒരു വേട്ടക്കാരനാണ് കീഴ്ക്കാംതൂക്കായ ഒരു ചുണ്ണാമ്പുകല്‍ക്കുന്നിന്റെ നെറുകയിലുള്ള ഈ ഗുഹാമുഖം ആദ്യമായി കണ്ടെത്തിയത്. 1875-ല്‍ ഡോണ്‍ മാഴ്സെലിനോ ദെ സാവുത്തുലാ (Don Marcelino de Soutuola) എന്ന സ്പാനിഷ് എന്‍ജിനീയര്‍ ഇവിടം സന്ദര്‍ശിക്കുകയും പ്രാചീന ശിലോപകരണങ്ങളും ജന്തുക്കളുടെ അസ്ഥികളും ഇവിടെ കണ്ടെടുക്കുകയും ചെയ്തു. 1879-ലെ വേനല്ക്കാലത്ത് ഇദ്ദേഹം മകള്‍ മറിയയോടൊപ്പം വീണ്ടും ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയാണ് ബഹുവര്‍ണാഞ്ചിതമായ ചുമര്‍ചിത്രങ്ങള്‍ ഗുഹയുടെ മച്ചില്‍ ദര്‍ശിച്ചത്. പ്രധാനമായും മൃഗങ്ങളുടെ രൂപങ്ങള്‍ വരച്ചുചേര്‍ത്തിട്ടുള്ള ഈ ചുമര്‍ ചിത്രങ്ങള്‍ പ്രാചീനകാലത്തെ മനുഷ്യന്റെ കലാഭിരുചിയെ പ്രകാശിപ്പിക്കുന്നു.

അള്‍ടാമിറാ ഗുഹയിലെ ചുവര്‍ചിത്രം

മാഡ്രിഡ് സര്‍വകലാശാലയിലെ ഭൂവിജ്ഞാനീയ വകുപ്പിന്റെ പ്രൊഫസര്‍ വിലനോവ ഇ പിയറേയോടൊപ്പം മാഴ്സെലിനോ വീണ്ടും ഈ ഗുഹ സന്ദര്‍ശിച്ചു. അസ്ഥിയില്‍ കൊത്തിവച്ചിട്ടുള്ള അനേകം ജന്തുരൂപങ്ങള്‍ വിലനോവാ ഇവിടെ കണ്ടെത്തുകയും ഈ ഗുഹാചിത്രങ്ങളുടെയും കലാരൂപങ്ങളുടെയും പ്രാചീനതയെക്കുറിച്ച് ബോധവാനാവുകയും ചെയ്തു. ഈ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ അടങ്ങുന്ന ഒരു ചെറുഗ്രന്ഥം 1880-ല്‍ മാഴ്സെലിനോ പ്രസിദ്ധപ്പെടുത്തി. അതേവര്‍ഷംതന്നെ ലിസ്ബണില്‍ ചേര്‍ന്ന ഒരു അന്താരാഷ്ട്രസമ്മേളനത്തില്‍ വിലനോവ ഇവയെക്കുറിച്ചു വിവരിച്ചുവെങ്കിലും സ്പെയിനിലെയും മറ്റും വിദഗ്ധന്‍മാര്‍ ഇതിന്റെ പ്രാചീനതയെ ചോദ്യം ചെയ്കയാണുണ്ടായത്. ഈ ചിത്രങ്ങള്‍ അടുത്തകാലത്തു കൃത്രിമമായി ഉണ്ടാക്കപ്പെട്ടവയോ, അല്ലെങ്കില്‍ ബി.സി. 26-നും 19-നും ഇടയ്ക്കുണ്ടായ കാന്റാബ്രിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ വരച്ചുചേര്‍ത്തവയോ ആയിരിക്കണം എന്നതായിരുന്നു അവരുടെ അഭിപ്രായം. 1888-ല്‍ മാഴ്സെലിനോയും 1893-ല്‍ വിലനോവയും അന്തരിച്ചു. അധികം താമസിയാതെ ലാമൗത്തേ, കംബാറെല്ലാസ് തുടങ്ങിയ ഗുഹകളിലും ഇതേ രീതിയിലുള്ള പ്രാചീന ചിത്രങ്ങളും കൊത്തുപണികളും കണ്ടെത്തിയതിനെത്തുടര്‍ന്ന് അള്‍ടാമിറാഗുഹാചിത്രങ്ങളുടെ പ്രാചീനതയെക്കുറിച്ചു വീണ്ടും ചിന്തിക്കാന്‍ പുരാവസ്തുഗവേഷകര്‍ നിര്‍ബന്ധിതരായി. എമില്‍ കാര്‍ടേയില്‍ ഹക്ക് എന്ന ഫ്രഞ്ച് പണ്ഡിതന്‍ 1902-ല്‍ ഇവയെപ്പറ്റി മിയാ കുള്‍പാ ദ'അണ്‍ സ്കെപ്റ്റിക് (Mea culpa d'un Sce 'ptique) എന്ന പ്രസിദ്ധ ലേഖനം എഴുതുകയും ആബേ ഹെന്‍റി ബ്രിയുളുമൊത്ത് അള്‍ടാമിറാ സന്ദര്‍ശിക്കുകയും ചെയ്തു. ഹക്കിന്റെ ലേഖനവും ആബേ തയ്യാറാക്കിയ ചിത്രങ്ങളും, 1908-ല്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ദെ പാലിയന്റോളൊജി ഹുമ'യില്‍ പ്രസിദ്ധപ്പെടുത്തി.

അള്‍ടാമിറാ ഗുഹയ്ക്കു 270 മീ. നീളമുണ്ട്. ഇതിന്റെ മുന്‍വശത്തെ മുറിയില്‍നിന്നും ഓറിഗ്നേസിയന്‍, പൂര്‍വസോലുട്രിയന്‍, ഉത്തരമധ്യമ മഗ്ദെലിയന്‍ തുടങ്ങിയ കാലഘട്ടങ്ങളിലെ നിരവധി പുരാവസ്തുക്കള്‍ കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ബി.സി. 30,000-ത്തിനും 10,000-ത്തിനും ഇടയ്ക്കുള്ള കാലഘട്ടങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത് എന്ന് ഗവേഷകര്‍ ഊഹിക്കുന്നു. മധ്യമഗ്ദെലിയന്‍ കാലഘട്ടത്തില്‍ പാറവീണ് ഗുഹാമുഖം അടഞ്ഞിരിക്കണം. ഇതിനുചുറ്റും അബ്ബേവില്യന്‍, അക്വിലിയന്‍, മൌസ്റ്റിറിയന്‍ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഒരുവശത്തുള്ള വലിയ അറയിലാണ് ചുവര്‍ചിത്രങ്ങളില്‍ ഭൂരിഭാഗവും കാണപ്പെടുന്നത്. ഈ അറയ്ക്കു 18 മീ. നീളവും 9 മീ. വീതിയുമുണ്ട്. ഉയരം 1.15 മീ.-നും 2.65 മീ.-നും മധ്യേ ആണ്. ചിത്രങ്ങള്‍ക്ക് ചെമപ്പ്, കറുപ്പ്, വയലറ്റ് എന്നീ വര്‍ണങ്ങളാണ് കൊടുത്തിട്ടുള്ളത്. പാറകളുടെ മുഴകള്‍ മൃഗങ്ങളുടെ വിവിധ ചലനങ്ങളെ പ്രകാശിപ്പിക്കുവാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കാള, കാട്ടുപോത്ത്, കാട്ടുപന്നി, കുതിര, പേടമാന്‍ തുടങ്ങിയവയുടെ ധാരാളം ചിത്രങ്ങള്‍ ഇവിടെ കാണാം. മനുഷ്യരൂപം ചിത്രീകരിക്കുന്ന എട്ടു കൊത്തുപണികളും കൈയുടെ രൂപരേഖകളും കൈപ്പത്തിയുടെ അടയാളങ്ങളും ഈ അറയില്‍ കാണാം. മറ്റൊരു ചിത്രശേഖരത്തില്‍ വിരല്‍കൊണ്ടു വരച്ച ചിത്രങ്ങളും പലതരം കുതിരകള്‍, മാന്‍, കാട്ടുപൂച്ച, ആട് തുടങ്ങിയവയുടെ കൊത്തിവച്ചതും കറുപ്പുചായംകൊണ്ടു വരച്ചുചേര്‍ത്തതുമായ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ആകെക്കൂടി ഏതാണ്ട് 150 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗുഹാചിത്രശേഖരത്തെ 'സിസ്റ്റൈന്‍ ചാപ്പല്‍ ഒഫ് ക്വോര്‍ട്ടേനറി ആര്‍ട്ട്' എന്നാണ് ജോസഫ് ദെ ചെലറ്റി വിവരിച്ചത്.

ബ്രിയുള്‍ ഈ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ തോതൊപ്പിച്ചു തയ്യാറാക്കുകയും കാലഗണനാക്രമത്തില്‍ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗുഹയുടെ സംരക്ഷണം ഗവണ്‍മെന്റാണ് നിര്‍വഹിച്ചുപോരുന്നത്. നോ: അബ്ബേവില്യന്‍; ആദിമകല

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍