This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്ളര്‍ (ആളാര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അള്ളര്‍ (ആളാര്‍)

മലപ്പുറം ജില്ലയില്‍ നിവസിക്കുന്ന ഒരു കൂട്ടം ഗോത്രവര്‍ഗക്കാര്‍. പെരുന്തല്‍മണ്ണ താലൂക്കില്‍ നെന്മാനി, മാന്നാര്‍മല, അമിനിക്കാട്, തഴിക്കോട്, മാങ്കോട് എന്നിവിടങ്ങളിലും അമിനിക്കാട് മലയുടെ വടക്കന്‍ ചരിവുകളിലുമാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. പരന്ന മൂക്ക്, തടിച്ച ചുണ്ടുകള്‍, നീണ്ട ബാഹുക്കള്‍, ചുരുണ്ട മുടി, ഒത്ത ഉയരം, തവിട്ടു നിറം എന്നിവ ഇക്കൂട്ടരുടെ പ്രത്യേകതയാണ്. പുരുഷന്മാര്‍ മുടിയും താടിമീശയും വളര്‍ത്തുക പതിവായിരുന്നു. കുറുമ്പികള്‍ എന്നു വിളിക്കപ്പെടുന്ന സ്ത്രീകള്‍ കല്ലുമാലകള്‍, മോതിരങ്ങള്‍, മൂക്കുത്തി, വള എന്നിവ ധരിക്കുന്നു. ഇവര്‍ മലയാള ഭാഷ സംസാരിക്കുന്നു. എന്നാല്‍ ഉച്ചാരണത്തിന് ഒരു സവിശേഷതയുണ്ട്. ഇടയ്ക്കിടെ തമിഴ്, തുളുവാക്കുകളും പ്രയോഗിക്കുന്നു. മാംസഭുക്കുകളാണിവര്‍. എന്നാല്‍ മാട്ടിറച്ചി കഴിക്കാറില്ല. നെല്ലരിയാണ് മുഖ്യാഹാരം.

നായാടികളായി ചുറ്റിത്തിരിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ പലയിടങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. മുളകളും കമ്പുകളും ഉപയോഗിച്ചുണ്ടാക്കുന്ന കൂരകള്‍ പുല്ലോ വയ്ക്കോലോ കൊണ്ട് മേയുന്നു. ഉയരമുള്ള കുന്നുകളുടെ ചരിവുകളാണ് കുടിലുകള്‍ കെട്ടാന്‍ തിരഞ്ഞെടുക്കുന്നത്. കോടാലി, വെട്ടുകത്തി, വലകള്‍, കൂന്താലി, ചൂണ്ടകള്‍ മുതലായവയാണ് പണിയായുധങ്ങള്‍. മണ്‍പാത്രങ്ങളാണ് വീട്ടുപകരണങ്ങള്‍. ഇവയില്‍ പലതും അള്ളര്‍ സ്വന്തമായി ഉണ്ടാക്കുന്നവയാണ്.

ഭക്ഷ്യവസ്തുക്കളും വനവിഭവങ്ങളും ശേഖരിക്കുകയെന്നതാണ് അനിവാര്യമായ ജീവിതരീതി. പ്രാകൃതരായ നായാടിവര്‍ഗത്തിന്റെ സവിശേഷതകള്‍ ഇവരുടെ നിത്യജീവിതത്തില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഭക്ഷണശേഖരണം, വേട്ടയാടല്‍, പക്ഷിമൃഗാദികളെ കുരുക്കില്‍പ്പെടുത്തി പിടിക്കുക എന്നിവയാണ് മുഖ്യതൊഴിലുകള്‍.

ഇവര്‍ കാട്ടില്‍നിന്നും മെഴുകും തേനും ശേഖരിക്കുന്നു. കൂടാതെ മുളകള്‍, തടികള്‍, വിറക് എന്നിവയും ശേഖരിച്ച് വില്ക്കുന്നു. തടികള്‍ എരിച്ച് കരിയുണ്ടാക്കുവാനും ഇവര്‍ സമര്‍ഥരാണ്.

പിതൃക്കളോടൊപ്പം മലകളെയും നദികളെയും ശിലകളെയും ഇവര്‍ ആരാധിക്കുന്നു. മഞ്ചാടിക്കുരു ഇവരുടെ ആരാധ്യവസ്തുവാണ്. 'മലക്കുറത്തി' എന്നൊരു ദേവതയെയും ഇവര്‍ ആരാധിക്കുന്നുണ്ട്. വ്യത്യസ്തമായ നിരവധി വിശ്വാസാചാരങ്ങള്‍ ഇവര്‍ വച്ചുപുലര്‍ത്തുന്നു. തനതായ പാട്ടുകളും നൃത്തങ്ങളുമുണ്ടിവര്‍ക്ക്. ചിലര്‍ സ്വന്തമായി ഓടക്കുഴലുകളും പെരുമ്പറകളും ഉണ്ടാക്കുന്നു. മന്ത്രവാദത്താല്‍ ദുര്‍ദേവതകളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

വിവാഹത്തിന്റെയും ലൈംഗികതയുടെയും കാര്യത്തില്‍ താരതമ്യേന സ്വതന്ത്രമായ വീക്ഷണമാണ് ഇവര്‍ക്കുള്ളത്. പ്രായമായ പെണ്‍കുട്ടിയെ അവളെ ആവശ്യപ്പെടുന്ന ഒരു പുരുഷനു വിവാഹം കഴിപ്പിച്ചുകൊടുക്കും. എന്നാല്‍ വധുവിനെ കിട്ടാന്‍ അവളുടെ പിതാവിന് ഒരു നിശ്ചിത തുക (ഏറ്റവും കുറഞ്ഞത് 5 ക.) കൊടുക്കണം. വിവാഹശേഷവും ദമ്പതികള്‍ വധൂഗൃഹം സന്ദര്‍ശിക്കുമ്പോഴെല്ലാം ഒരു നിശ്ചിതതുക (2 ക.) കൊടുക്കുകയും വേണം. പ്രായംചെന്നവരുടെ സാന്നിധ്യത്തില്‍ വധൂവരന്മാര്‍ അന്യോന്യം ആഹാരം കഴിപ്പിക്കുകയെന്നതാണ് വിവാഹത്തിന്റെ മുഖ്യമായ ചടങ്ങ്. ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും ഇവരുടെയിടയില്‍ നിലവിലുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും ഇവര്‍ക്കിടയില്‍ സാധാരണമാണ്. കുട്ടികള്‍ക്കു നാമകരണം ചെയ്യുന്നത് അച്ഛനായിരിക്കും. അതു സാധ്യമാകാതെവന്നാല്‍ അമ്മാവന്‍ അതു നിര്‍വഹിക്കുന്നു. ഗൃഹനാഥന്‍ മരിച്ചാല്‍ മൂത്തപുത്രന്‍ കുടുംബത്തിന്റെ സംരക്ഷണാവകാശം ഏറ്റെടുക്കും. മൃതദേഹം ആഴമുള്ള കുഴികളില്‍ മറവുചെയ്യുകയാണ് പതിവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍