This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അളിയസന്താനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അളിയസന്താനം

മരുമക്കള്‍ അനന്തരാവകാശികളാകുന്ന പിന്തുടര്‍ച്ചാനിയമക്രമം. സന്താനങ്ങള്‍ അമ്മയുടെ കുടുംബത്തിലെ അംഗങ്ങളാണ്; അവര്‍ക്ക് പിതാവിന്റെ കുടുംബത്തില്‍ കാര്യമില്ല; അതിലെ വസ്തുക്കള്‍ക്ക് അവകാശവുമില്ല. പിതാവിന്റെ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ മക്കളല്ല; മരുമക്കളാണ്. കര്‍ണാടകസംസ്ഥാനത്തിന്റെ ഭാഗമായ തെക്കന്‍ കാനറാ പ്രദേശത്തിലെ ഹിന്ദുക്കളാണ് അളിയസന്താനനിയമം അനുവര്‍ത്തിക്കുന്നത്. ഇവിടെ സ്ഥിരതാമസമാക്കിയ ചില ജൈനമതക്കാരുടെ പിന്തുടര്‍ച്ചാക്രമവും ഇതാണ്. കര്‍ണാടക സംസ്ഥാനത്തിന്റെ തൊട്ടടുത്തുകിടക്കുന്ന മലബാര്‍ പ്രദേശത്തെ ചില കുടുംബങ്ങളിലും ഈ അവകാശക്രമം നിലവിലിരിക്കുന്നു.

അളിയസന്താനത്തിനു കേരളത്തിലെ മരുമക്കത്തായവുമായി സാദൃശ്യമുണ്ട്. മരുമക്കത്തായമെന്ന മലയാളവാക്കിനു പകരമാണ് കര്‍ണാടകക്കാര്‍ ഈ പദം ഉപയോഗിക്കുന്നത്. അളിയന്റെ, അതായത്, സഹോദരീഭര്‍ത്താവിന്റെ (സഹോദരിയുടെയും) സന്താനങ്ങള്‍ക്കാണ് പിന്തുടര്‍ച്ചാവകാശം എന്നാണ് ഈ ശൈലി വിവക്ഷിക്കുന്നത്. മരുമക്കത്തായത്തിലെന്നപോലെ അവിഭക്തമായ കുടുംബം, സ്ത്രീകള്‍ വഴിക്കുള്ള പിന്തുടര്‍ച്ചാവകാശം, നിയമസാധുത്വമില്ലാത്ത വിവാഹബന്ധം എന്നീ പ്രത്യേകതകള്‍ അളിയസന്താനത്തിലും കാണാം. എന്നാല്‍ രണ്ടു പ്രധാനകാര്യങ്ങളില്‍ 'അളിയസന്താനം' മരുമക്കത്തായത്തില്‍ നിന്നും വ്യത്യസ്തമാണ്: മരുമക്കത്തായ സമ്പ്രദായത്തില്‍ തറവാട്ടിലെ ഏറ്റവും പ്രായംകൂടിയ പുരുഷനാണ് കാരണവരാകുക; തറവാടു ഭരിക്കാന്‍ കഴിവുള്ള പുരുഷന്റെ അഭാവത്തില്‍ മാത്രമേ സ്ത്രീകള്‍ക്കു കാരണവസ്ഥാനം കിട്ടുകയുള്ളു. അളിയസന്താനത്തിലാണെങ്കില്‍, തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ അംഗത്തിന്, പുരുഷനായാലും സ്ത്രീ ആയാലും കാരണവസ്ഥാനമുണ്ട്. മറ്റൊരു വ്യത്യാസം സ്വയാര്‍ജിതവസ്തുവിന്‍മേലുള്ള പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ചതാണ്. മരുമക്കത്തായത്തില്‍ പുരുഷന്റെ സ്വയാര്‍ജിതമായ പ്രത്യേകസ്വത്ത് അയാളുടെ മരണശേഷം തറവാട്ടില്‍ ലയിക്കുന്നു. അളിയസന്താനത്തില്‍ ഈ വിധത്തിലുളള സ്വത്ത് തറവാട്ടില്‍ ലയിക്കുന്നില്ല. മരിച്ചയാളിന്റെ ഏറ്റവും അടുത്ത അവകാശിക്ക്, അതായത് ഭാഗിനേയന്, ലഭിക്കുന്നു.

അളിയസന്താനവ്യവസ്ഥയിലെ വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികബന്ധത്തിനുവേണ്ടിയുള്ള താത്കാലികമായുള്ള ഒരു ഏര്‍പ്പാടു മാത്രമായിരുന്നു. ഈ ബന്ധത്തിനു നിയമസാധുതയോ നിയമപരമായ ബാധ്യതകള്‍ ഉണ്ടാക്കുന്നതിനുള്ള കഴിവോ ഇല്ലായിരുന്നു. സ്ത്രീയുടെ ഇഷ്ടപ്രകാരം ഏതവസരത്തിലും വിവാഹബന്ധം വേര്‍പെടുത്താവുന്നതേയുള്ളു. അളിയസന്താനത്തിലെ ചട്ടങ്ങളെ ക്രോഡീകരിച്ചും ആവശ്യമുള്ള ചില ഭേദഗതികള്‍ വരുത്തിയും തമിഴ്നാട് നിയമസഭ നിര്‍മിച്ച നിയമമാണ് 1949-ലെ മദ്രാസ് അളിയസന്താന നിയമം (Madras Aliyasanthana- 1949).

(കെ. ശ്രീകണ്ഠന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍