This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഹംബ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഹംബ്ര

Alhambra

ദക്ഷിണ സ്‍പെയിനിലെ ഗ്രാനഡയില്‍ നസ്രിദ്വംശത്തിലെ (1232-1492) ഭരണാധികാരികള്‍ സ്ഥാപിച്ച കോട്ടയും കൊട്ടാരവും. ദാരൊ നദിക്കു സമീപം സ്ഥിതിചെയ്യുന്ന മോന്ത് ദ് ലാ അസാബികാ (Monte de la Asabica) എന്ന ചെറുകുന്നിലാണ് ഈ കൊട്ടാരവും അതിനു ചുറ്റുമുള്ള കോട്ടയും സ്ഥിതിചെയ്യുന്നത്. 'കലാത്ത് അല്‍ഹംറ' (ചുവപ്പു കോട്ട) എന്ന അറബി വാക്കില്‍നിന്നാണ് അല്‍ഹംബ്ര എന്ന പദത്തിന്റെ നിഷ്പത്തി. പുറംകോട്ടയുടെ നിറം ചുവപ്പാണ്.

'സിംഹസഭാതല'ത്തിനുള്ളിലെ ചിത്രപ്പണികള്‍

ഇബിന്‍ അല്‍ അഹ്‍മര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഇബ്നുയൂസഫ് ഇബ്നൂനസര്‍ (1232-73) 1248-ല്‍ അല്‍ഹംബ്ര എന്ന ഈ കൊട്ടാരത്തിന്റെ പണി ആരംഭിക്കുകയും പൗത്രനായ മുഹമ്മദ് III 1314-ല്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 1354-ല്‍ നിര്യാതനായ യൂസഫ് I കൊട്ടാരം ചിത്രവേലകള്‍കൊണ്ട് അലംകൃതമാക്കി. മുസ്ലിംഭരണം സ്പെയിനില്‍ അവസാനിച്ചതോടെ (1492) ഈ സൌധത്തിന്റെ മനോഹാരിത മങ്ങിത്തുടങ്ങി. ഗ്രാനഡയില്‍ കസ്തീലിലെ സേന പ്രവേശിച്ചതോടെ നസ്രിദ്വംശത്തിലെ അവസാന രാജാവായിരുന്ന അബുഅബ്ദുല്ലയും കുടുംബാംഗങ്ങളും അഭയം തേടിയിരുന്ന അല്‍ഹംബ്രയില്‍നിന്ന് 1492 ജനു. 2-ന് ഒഴിഞ്ഞുപോയി. കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോയ അവസരത്തില്‍ തന്റെ പൂര്‍വികന്‍മാര്‍ പണികഴിപ്പിച്ച കോട്ടയും കൊട്ടാരവും അവസാനമായി നിന്നു നോക്കിയ ഉയര്‍ന്ന പ്രദേശം 'മൂറിന്റെ അവസാന ദീര്‍ഘനിശ്വാസം' (El-Ultimo Suspiro del Moro) എന്ന് അറിയപ്പെടുന്നു. ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ നാവികപര്യടനത്തിനുവേണ്ട ധനസഹായം ചെയ്യണമെന്ന് ഇസബല്ല രാജ്ഞിയോട് അഭ്യര്‍ഥിച്ചതും അല്‍ഹംബ്രയില്‍ വച്ചായിരുന്നു. ചാള്‍സ് V (1516-56) ഈ കൊട്ടാരത്തിന്റെ ചിലഭാഗങ്ങള്‍ പുതുക്കിപ്പണിതു. 1526-ല്‍ മറ്റൊരു കൊട്ടാരം പണിയുന്നതിനായി ഈ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ പെദ്രൊ ദെ മച്ചുക്ക പൊളിച്ചുമാറ്റി. 1590-ലെ അഗ്നിബാധയില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വെന്തുനശിച്ചു. 1821-ലെ ഭൂകമ്പവും അതിനു ചില നാശനഷ്ടങ്ങള്‍ വരുത്തി. ഫെര്‍ഡിനന്റ് VII ഈ കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തുതീര്‍ക്കാന്‍ 1830-ല്‍ ജോസ് കോണ്‍ട്രറാസിനെ ഭരമേല്പിച്ചു. കോണ്‍ട്രറാസ് 1847-ല്‍ നിര്യാതനായതിനെത്തുടര്‍ന്ന് പുത്രനായ റാഫേലും പൗത്രനായ മരിയാനോയുംകൂടി ആ പണി തുടര്‍ന്നു നടത്തി.

ശില്പവിശേഷങ്ങള്‍. അതിമനോഹരമായ ഒരു പ്രദേശത്താണ് അല്‍ഹംബ്ര സ്ഥിതിചെയ്യുന്നത്. റോസ്, ഓറഞ്ച്, മിര്‍ട്ടില്‍ തുടങ്ങിയ ചെടികള്‍ ഇതിനോടു ചേര്‍ന്ന ഉദ്യാനത്തില്‍ സമൃദ്ധിയായി വളര്‍ന്നിരുന്നു; 1812-ല്‍ ഡ്യൂക്ക് വില്യം കൊണ്ടുവന്ന ഇംഗ്ലീഷ് എമ് മരങ്ങള്‍ ഇവിടെ ഇടതൂര്‍ന്നു വളര്‍ന്ന് കാനനപ്രതീതി ഉളവാക്കി.

അല്‍ഹംബ്രയില്‍ മുസ്ലിങ്ങള്‍ നിര്‍മിച്ചത് ഒരു കോട്ടയും കൊട്ടാരവും കീഴ്ജീവനക്കാര്‍ക്കു താമസിക്കാനുള്ള വസതികളുമാണ്. വ.പ. ഉയര്‍ന്ന ഒരു സ്ഥലത്താണ് സംരക്ഷിതദുര്‍ഗത്തിന്റെ ഏറ്റവും പഴക്കംചെന്ന ഭാഗങ്ങള്‍ പണിതുയര്‍ത്തിയിരുന്നത്; അതിന്റെ വലിയ പുറം മതിലുകളും ഗോപുരങ്ങളുംമാത്രമേ അവശേഷിച്ചിട്ടുള്ളു. അതിനും അപ്പുറത്താണ് യഥാര്‍ഥത്തില്‍ അല്‍ഹംബ്ര എന്നു സാധാരണ വിളിക്കപ്പെട്ടുവരുന്ന കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഈ രാജകൊട്ടാരങ്ങള്‍ക്കും അപ്പുറത്താണ് ഔദ്യോഗിക വസതികള്‍.

ഉദ്യാനത്തിലേക്കു താഴെനിന്നുള്ള പ്രവേശനദ്വാരത്തിന് 'മാതളപ്പഴങ്ങളുടെ കവാടം' എന്നു പറയുന്നു. ഇതു 16-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ഒരു വിജയസ്മാരകമാണ്. അവിടെനിന്നും മുകളിലേക്ക് പടികള്‍ കെട്ടിയിട്ടുള്ള ഒരു വഴിയുണ്ട്. അതു കടന്നുപോകുന്നിടത്ത് അല്‍ഹംബ്രയുടെ പ്രധാന പ്രവേശനദ്വാരത്തിനെതിരെ ഒരു ജലധാരായന്ത്രം സ്ഥാപിച്ചിരിക്കുന്നു (1554). ഈ കവാടത്തിനു 'ന്യായാധിപന്‍മാരുടെ കവാടം' എന്നാണ് പറയുക. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഈ വാതായനത്തിന്റെ മുകളില്‍ ചതുരാകൃതിയിലുള്ള ഒരു ഗോപുരം പണിയപ്പെട്ടിട്ടുണ്ട്. മുസ്ലിം ഭരണാധിപന്‍മാര്‍ ഇതു നീതിന്യായകോടതിയായി ഉപയോഗിച്ചിരുന്നു.

ധ്യാനാഗാരത്തില്‍ക്കൂടി കടന്നുപോകുന്ന ആധുനികമാര്‍ഗം മിര്‍ട്ടില്‍ ശാലയിലേക്കു നയിക്കുന്നു. ഈ ശാല 42.672 മീ. നീളവും 22.555 മീ. വീതിയുമുള്ളതാണ്. ഇതിന്റെ മാര്‍ബിള്‍ തറയുടെ നടുവിലായി ഒരു കുളം നിര്‍മിച്ചിട്ടുണ്ട്; അതില്‍ നിറയെ സുവര്‍ണമത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ആ കുളത്തിന്റെ വശങ്ങളില്‍ ചുറ്റുമായി മിര്‍ട്ടില്‍ചെടികളും നട്ടിരുന്നു. വടക്കും തെക്കും വശങ്ങളില്‍ ഗ്യാലറികള്‍ ഉണ്ട്. തെ.വശത്തെ ഗ്യാലറിയുടെ ഉയരം 8.23 മീ. ആണ്. മാര്‍ബിള്‍കൊണ്ടു നിര്‍മിക്കപ്പെട്ടിട്ടുള്ള സ്തംഭപംക്തികള്‍ കൊണ്ടാണ് ഇതു താങ്ങിനിറുത്തിയിരുന്നത്.

സ്ഥാനപതിശാലയാണ് അല്‍ഹംബ്രയിലെ ഏറ്റവും വലുപ്പംകൂടിയ അറ; 11.298 മീ. സമചതുരമായിട്ടാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. അതിന്റെ താഴികക്കുടത്തിന് 22.96 മീ. ഉയരമുണ്ട്. ഈ മുറിയില്‍ പ്രധാന വാതിലിന് അഭിമുഖമായിട്ടാണ് സുല്‍ത്താന്റെ സിംഹാസനം; രാജകീയ സ്വീകരണമുറിയായി ഇത് ഉപയോഗിച്ചുവന്നു.

'സിംഹസഭാതല'മാണ് അല്‍ഹംബ്രയിലെ മറ്റൊരു ഭാഗം. ദീര്‍ഘവൃത്താകൃതിയിലുള്ള ഈ അറയുടെ ഏറ്റവും കൂടിയനീളം 35.357 മീ-ഉം വീതി 20.117 മീ-ഉം ആണ്. 124 വെണ്ണക്കല്‍തൂണുകള്‍ താങ്ങിനിര്‍ത്തിയിട്ടുള്ള ഉയരം കുറഞ്ഞ ഗ്യാലറികള്‍കൊണ്ടു ചുറ്റപ്പെട്ടതാണ് ഈ അറ. തറയില്‍നിന്ന് 1.5 മീ. ഉയരത്തില്‍ മഞ്ഞയും നീലയും നിറത്തിലുള്ള ഓടുകള്‍ പടുത്തിട്ടുണ്ട്. ഇതിനു മുകളിലും താഴെയുമായി നീലയും സ്വര്‍ണവും നിറത്തിലുള്ള ഇനാമല്‍പൂശിയ വരകള്‍കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. സഭാതലത്തിലേക്കു തള്ളിനില്ക്കുന്ന ഒരു മേല്‍വിതാനവും ഇതിനുണ്ട്. അതിന്റെ മുകളില്‍ താഴികക്കുടവും വശങ്ങളില്‍ ലതാവലയങ്ങളുടെ ആകൃതിയില്‍ കൊത്തിയുണ്ടാക്കിയ ഭിത്തികളുമാണുള്ളത്. സഭാതലത്തിന്റെ മധ്യഭാഗത്ത് അലബാസ്റ്റിനില്‍ കടഞ്ഞെടുത്തിട്ടുള്ള ഒരു വലിയ തളികയും അതിനെ താങ്ങിനില്ക്കുന്ന വെണ്ണക്കല്ലില്‍ നിര്‍മിതമായ 12 സിംഹപ്രതിമകളും ചേര്‍ന്നുള്ള ജലധാരായന്ത്രവും കാണാം.

ചരിത്രപ്രധാനമായ മറ്റൊരു മുറിയും ഇക്കൂട്ടത്തിലുണ്ട്; അതു ചതുരാകൃതിയിലുള്ളതും ഉയര്‍ന്ന താഴികക്കുടത്തോടുകൂടിയതും കമ്പികള്‍ നെടുകെയും കുറുകെയും പണിതുചേര്‍ത്തു ജ്യാമിതീയരൂപങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്രപ്പണികള്‍ നിറഞ്ഞ ജനാലകളോടുകൂടിയതുമാണ്. ഈ മുറിയിലാണ് ഗ്രാനഡയിലെ അവസാനത്തെ രാജാവായിരുന്ന ബയോദ്ദില്‍ (അബുഅബ്ദുല്ല) അവിടത്തെ പ്രമുഖ കുടുംബങ്ങളിലെ നേതാക്കന്‍മാരെയും മറ്റ് അഭിജാതന്‍മാരെയും വിരുന്നിനു ക്ഷണിച്ച് കൂട്ടക്കൊല നടത്തിയത്. ഇതിന്റെ മേല്ക്കൂര നീലം, ധൂസരം, ചുവപ്പ്, സുവര്‍ണം എന്നീ നിറങ്ങള്‍കൊണ്ടു മോടിപിടിപ്പിച്ചിരിക്കുന്നു. ഇതിന്റെ എതിര്‍വശത്തായി 'രണ്ടു സഹോദരിമാരുടെ ശാല' സ്ഥിതിചെയ്യുന്നു. അതില്‍ നിരത്തിയിട്ടുള്ള രണ്ടു വലിയ വെണ്ണക്കല്‍പ്രതിമകളില്‍നിന്നാണ് ഈ ശാഖയ്ക്ക് ഈ പേരു ലഭിച്ചത്. ഈ ശാലയുടെ നടുക്കും ഒരു ജലധാരായന്ത്രം സ്ഥാപിച്ചിട്ടുണ്ട്. തേനീച്ചക്കൂടിന്റെ ആകൃതിയില്‍ ഒന്നിനൊന്നു ഭിന്നമായ 500-ല്‍പ്പരം അറകളോടുകൂടിയ ഒരു താഴികക്കുടമാണ് ഇതിന്റെ കൂരയിലുള്ളത്. ഇത് ഇസ്ലാമിക വാസ്തുവിദ്യാശൈലിയുടെ ഉത്കൃഷ്ടമായ ഒരു മാതൃകയായി പരിഗണിക്കപ്പെട്ടുവരുന്നു. ഇതിലെ ജംഗമസാധനങ്ങളില്‍ മുസ്ലിങ്ങളുടെ മണ്‍പാത്രനിര്‍മാണത്തിന്റെ ആദ്യഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു മണ്‍പാത്രം ഇന്നും സൂക്ഷിക്കപ്പെട്ടുവരുന്നു. 1320-ല്‍ നിര്‍മിക്കപ്പെട്ടിതാണിതെന്നു കരുതപ്പെടുന്നു.

അല്‍ഹംബ്രയുടെ ചുറ്റുമുള്ള കെട്ടിടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ശില്പിയുടെ ഉദ്യാനം' എന്നു വിളിക്കുന്ന ബാഹ്യാഗാരമാണ്. 13-ാം ശ.-ത്തിന്റെ അവസാനം നിര്‍മിച്ചതെന്നു കരുതപ്പെട്ടുവരുന്ന ഒരു മന്ദിരമാണിത്; ഇതു പല പ്രാവശ്യം പുതുക്കിപ്പണിതിട്ടുണ്ട്. 'രക്തസാക്ഷികളുടെ മന്ദിരം' എന്നൊരു കെട്ടിടംകൂടി ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നതായുണ്ട്. അല്‍ഹംബ്രയുടെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന ക്രൈസ്തവരായ അടിമകള്‍ പാര്‍ത്തിരുന്ന ഭൂഗര്‍ഭ അറകള്‍ ഉള്‍ക്കൊള്ളുന്ന കുന്നിന്റെ മുകളിലാണ് ഈ സൗധം പണിയപ്പെട്ടിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍