This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍വാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍വാര്‍

രാജസ്ഥാനിലെ ഒരു നഗരം. തന്ത്രപ്രധാനമായ ഒരു സ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ പുരാതന നഗരം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സാരമായി വികസിച്ചിട്ടുണ്ട്. ആരവല്ലി നിരകളുടെ തുടര്‍ച്ചയായ മലകളാല്‍ മൂന്നു വശവും ചുറ്റപ്പെട്ട നിലയില്‍ സമുദ്രനിരപ്പില്‍നിന്നും സു. 305 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ തുറസ്സായ വശത്ത് പുരാതനമായ കോട്ടമതിലും അതോടനുബന്ധിച്ചുള്ള അഗാധമായ കിടങ്ങും കാണാം. നഗരത്തിനുള്ളില്‍ സവിശേഷങ്ങളായ നിരവധി വാസ്തുശില്പങ്ങള്‍ ഉണ്ട്. 16-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട രാജാബന്നീസിംഹന്റെ കൊട്ടാരം, താരംഗ് സുല്‍ത്താന്റെ ശവകുടീരം, രാജാബസ്താവര്‍സിംഹന്റെ സ്മാരകസ്തംഭം, അക്ബര്‍ ചക്രവര്‍ത്തിയാല്‍ നിര്‍മിക്കപ്പെട്ട (1579) ദൈരാമസ്ജിദ് തുടങ്ങിയവ ഇവയില്‍​പ്പെടുന്നു. നഗരത്തിന് വ.പ. ഏതാണ്ട് 300 മീ. ഉയരത്തില്‍ മലമുകളില്‍ ഒരു കോട്ടയുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ കാണാനുണ്ട്. 3 കി.മീ.ലേറെ നീളത്തിലുള്ള ഈ കോട്ടമതില്‍ അല്‍വാര്‍ രാജ്യം ഭരിച്ചിരുന്ന നികുംഭ് വിഭാഗക്കാര്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ഈ കോട്ടയും, നഗരത്തിനു പുറത്തുള്ള ബന്നീവിലാസ് ഗോപുരം, ലൈസ്ദാവൂന്‍ സൗധം എന്നീ ദൃശ്യങ്ങളും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പരവതാനികളും കംബളങ്ങളും നെയ്തുണ്ടാക്കുകയാണ് നഗരത്തിലെ പ്രധാന തൊഴില്‍. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുള്ള ലേഡി ഡഫറിന്‍ മഹിളാ-ആശുപത്രി സംസ്ഥാനത്തെ പ്രധാന ചികിത്സാകേന്ദ്രങ്ങളിലൊന്നാണ്.

അല്‍വാര്‍ ജില്ല. അല്‍വാര്‍ 1947-നു മുന്‍പ് ഇതേ പേരിലുള്ള ഒരു നാട്ടുരാജ്യമായിരുന്നു; ഒരു റവന്യൂ ജില്ലയും. വിസ്തീര്‍ണം 8,405 ച.കി.മീ. ജില്ലയുടെ കിഴക്കേപ്പകുതി ഫലഭൂയിഷ്ഠമായ സമതലങ്ങളാണ്; പ.ഭാഗം മലകള്‍ നിറഞ്ഞു നിമ്നോന്നതമാണെങ്കിലും താഴ്വരകള്‍ കൃഷിയോഗ്യമാണ്. ക്വാര്‍ട്ട്സ്, സ്ലേറ്റ് തുടങ്ങിയ ശിലാസമൂഹങ്ങള്‍ നിറഞ്ഞുകാണുന്ന മലനിരകള്‍ സമാന്തരങ്ങളായി കിടക്കുന്നു; ഏറ്റവും കൂടിയ ഉയരം 671 മീ. സാഭീ, രൂപാരേല്‍ എന്നീ നദികളുടെ പ്രഭവസ്ഥാനങ്ങള്‍ ഈ മലകളിലാണ്. രൂപാരേല്‍ നദിയില്‍ അണ കെട്ടി നിര്‍മിച്ചിട്ടുള്ള സീലിസേഠ് എന്ന കൃത്രിമത്തടാകം അതിമനോഹരമാണ്. അല്‍വാര്‍ നഗരത്തിന് ഉദ്ദേശം 14 കി.മീ. തെ.പ. ആയുള്ള ഈ തടാകത്തില്‍ നിന്നും ജലസേചനാര്‍ഥം രണ്ടു തോടുകള്‍ നിര്‍മിച്ചിട്ടുണ്ട്.

'സുദൃഢനഗരം' എന്നര്‍ഥം വരുന്ന ആല്‍പൂര്‍ എന്ന പദത്തിന്റെ തദ്ഭവമാണ് അല്‍വാര്‍ എന്നൊരഭിപ്രായമുണ്ട്. ആരവല്ലിയുമായി ബന്ധപ്പെട്ട അരവല്‍പ്പൂര്‍ ശബ്ദം ലോപിച്ച് അല്‍വാര്‍ ആയി എന്നാണ് മറ്റൊരഭിപ്രായം. ഈ പ്രദേശത്തെ ആദ്യം അധിവസിച്ച 'സാല്‍വാ' വര്‍ഗക്കാരില്‍ നിന്നും സാല്‍വായ് രാ, സാല്‍വാര്‍, ഹല്‍വാര്‍ എന്ന ക്രമത്തില്‍ ഒടുവില്‍ അല്‍വാര്‍ ആയിത്തീര്‍ന്നതാണെന്ന വാദത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതാപസിംഹന്‍ (1740-91) ആണ് അല്‍വാര്‍ രാജ്യത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ ദത്തുപുത്രനായ ബസ്താവര്‍സിംഹന്റെ കാലത്ത് രാജ്യവും തലസ്ഥാനനഗരവും ഒന്നുപോലെ അഭിവൃദ്ധിയിലേക്കു നീങ്ങി. 1803-ല്‍ ബ്രിട്ടീഷ് മേല്ക്കോയ്മ അംഗീകരിച്ച് നാട്ടുരാജ്യമായിത്തുടര്‍ന്നു. രാജസ്ഥാന്‍ സംസ്ഥാനരൂപവത്കരണത്തോടുകൂടി ഇവിടം അതില്‍ ലയിച്ച് ഒരു പ്രത്യേക ജില്ലയായിത്തീര്‍ന്നു. ജനസംഖ്യ: 29,90,862.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍