This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഗോങ്കിയന്‍ വര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഗോങ്കിയന്‍ വര്‍ഗം

Algonkian Tribe

വടക്കേ അമേരിക്കയില്‍ ഗാറ്റിനോ നദീതടങ്ങളില്‍ പാര്‍ത്തിരുന്ന ഒരു വിഭാഗം അമേരിന്ത്യര്‍. അമേരിക്കയിലെ ആദിവാസികളുടെ ഏറ്റവും ശ്രേഷ്ഠമായ ഗോത്രങ്ങളിലൊന്നാണിത്. അല്‍ഗോങ്കിയന്‍ എന്ന പേര് ക്രമേണ ക്യൂബക്കിലെയും ഒന്റോറിയയിലെയും ജനവര്‍ഗങ്ങളിലേക്കുകൂടി വ്യാപിക്കുകയും ഒടുവില്‍ അവരെല്ലാം അംഗങ്ങളായുള്ള ഭാഷാവര്‍ഗത്തിന്റെയാകെ പേരായിത്തീരുകയും ചെയ്തു.

അല്‍ഗോങ്കിയന്‍ വര്‍ഗക്കാരുടെ ആധുനിക പ്രതിനിധികള്‍ ഭാഷാപരമായി മൂന്നു വിഭാഗത്തില്‍പ്പെടുന്നു; ഉത്തര അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള ബ്ളാക്ക്ഫീറ്റുകള്‍; മധ്യപശ്ചിമഭാഗത്തുള്ള ക്രീ-ഒജിബ്വകള്‍; വ.കിഴക്കേ അറ്റത്തുള്ള വബനാകികള്‍. ഇവരില്‍ വബനാകികള്‍ ആണ് മുഖ്യവിഭാഗം.

പുരാതനകാലത്ത് അല്‍ഗോങ്കിയന്‍ഭാഷ സംസാരിച്ചിരുന്ന ജനവര്‍ഗക്കാര്‍ മറ്റു ഭാഷക്കാരെ അപേക്ഷിച്ചു വളരെക്കൂടുതലായിരുന്നു. അധിവാസസ്ഥലത്തിന്റെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടുനിന്നത്. അമേരിക്കന്‍ കോളനികളുടെ ചരിത്രത്തില്‍ അല്‍ഗോങ്കിയന്‍വര്‍ഗക്കാര്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. അമേരിന്ത്യരും വെള്ളക്കാരും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ നിര്‍ണായകശക്തികളായി വര്‍ത്തിച്ചിരുന്നു. ആദ്യകാലത്തെ കുടിയേറ്റക്കാരില്‍ അല്‍ഗോങ്കിയന്‍ഭാഷയും സംസ്കാരവും ചെലുത്തിയ സ്വാധീനം കുറവല്ല.

ഹഡ്സണ്‍ ഉള്‍ക്കടലിനു തെക്കും കിഴക്കും തെ.പടിഞ്ഞാറും ഭാഗങ്ങളില്‍ ക്രീ-ഒജീബ്വ വിഭാഗക്കാര്‍ നിവസിക്കുന്നുണ്ട്. 18-ാം ശ.-ത്തില്‍ അന്യംനിന്നുപോയ ബിയോതുക് വര്‍ഗക്കാര്‍ (ന്യൂഫൗണ്ട്‍ലന്‍ഡ്) സംസാരിച്ചിരുന്നതും ഒരു അല്‍ഗോങ്കിയന്‍ ഭാഷയാണ്. ന്യൂ ഇംഗ്ളണ്ടിലെ തീരദേശജില്ലകളില്‍ പാര്‍ത്തിരുന്ന ആദിവാസികളുടെ ഭാഷയും അല്‍ഗോങ്കിയന്‍ ആയിരുന്നു. കത്തോലിക്കര്‍ അല്‍ഗോങ്കിയരെ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയും അവരോട് ഏറ്റുമുട്ടുകയും ചെയ്തു. അമേരിക്കന്‍ കോളനികളില്‍ ബൈബിള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത് (1663) അല്‍ഗോങ്കിയന്‍ ഭാഷയിലായിരുന്നു.

കാനഡയിലെ വനാന്തരങ്ങളിലും ലാബ്രഡോര്‍ ഉപദ്വീപിലും പാര്‍ത്തിരുന്ന അല്‍ഗോങ്കിയര്‍ നായാട്ടുകാരായിരുന്നു. ഇക്കൂട്ടരാണ് ഹഡ്സണ്‍ ഉള്‍ക്കടലിന്റെ തീരപ്രദേശങ്ങളിലെത്തിയ വെള്ളക്കാരുമായി ആദ്യം സമ്പര്‍ക്കം പുലര്‍ത്തിയത്. അവര്‍ വെള്ളക്കാരുമായി രോമവ്യാപാരത്തില്‍ ഏര്‍പ്പെട്ടു. ബര്‍ച്ചു മരപ്പട്ടകൊണ്ട് വള്ളമുണ്ടാക്കാന്‍ വെള്ളക്കാരായ പരിഷ്കൃതര്‍ ആദ്യമായി അഭ്യസിച്ചത് അവരില്‍നിന്നാണ്. ഉത്തരസമതലങ്ങളില്‍ പാര്‍ത്തിരുന്ന അല്‍ഗോങ്കിയര്‍ കാട്ടുപോത്തുകളെ വേട്ടിയാടിയിരുന്നു. വന്‍തടാകങ്ങളുടെ തെക്കന്‍ഭാഗങ്ങളില്‍ പാര്‍ത്തുവന്നവര്‍ മൃഗവേട്ടയും മീന്‍പിടിത്തവും നടത്തിവന്നു. കൃഷിയിലും അവര്‍ തത്പരരായിരുന്നു; ചോളമായിരുന്നു മുഖ്യാഹാരം. ആദ്യകാലകുടിയേറ്റക്കാരെ ധാന്യകൃഷി അഭ്യസിപ്പിച്ചത് ഇവരായിരുന്നു. അല്‍ഗോങ്കിയന്‍ ഭാഷയുടെ സ്വാധീനത അമേരിക്കയിലെ ഇംഗ്ളീഷില്‍ തെളിഞ്ഞുകാണാം. അമേരിക്കന്‍ ഇംഗ്ളീഷ് പ്രാദേശിക ഭാഷകളില്‍നിന്നും കടംകൊണ്ടിട്ടുള്ള വാക്കുകളില്‍ ഏറിയകൂറും അല്‍ഗോങ്കിയന്‍ ആണ്. 130-ല്‍ അധികം വരുന്ന അവയില്‍ പലതും പതിനേഴാം ശതകത്തിനു മുന്‍പുതന്നെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

അല്‍ഗോങ്കിയര്‍ ഭൂരിപക്ഷവും കത്തോലിക്കാമത വിശ്വാസികളാണ്.

(ഡോ. പുത്തന്‍കളം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍