This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിഗഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിഗഡ്

ഉത്തര്‍പ്രദേശിലെ ഒരു നഗരം. വിവിധ കാര്‍ഷികവിഭവങ്ങളുടെ വിപണനകേന്ദ്രവും നെയ്ത്തുവ്യവസായ കേന്ദ്രവുമാണ് ഇവിടം. ഈ നഗരത്തിന്റെ പ്രശസ്തി അലിഗഡ് സര്‍വകലാശാലയുടെ ആസ്ഥാനമെന്നനിലയ്ക്കാണ് (നോ: അലിഗഡ് സര്‍വകലാശാല). പുരാതന കലാശേഖരങ്ങളാല്‍ സമൃദ്ധമായി അലിഗഡ്നഗരം താഴുകള്‍, പിത്തളസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും കേള്‍വികേട്ടതാണ്.

അലിഗഡിന്റെ പഴയ പേര് കോയല്‍ എന്നായിരുന്നു. പഴയ കോട്ടയുടെ ഉള്ളിലായി ജീര്‍ണിച്ച ഹിന്ദുക്ഷേത്രങ്ങളുടെയും ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങള്‍ കാണാം. 1194-ല്‍ കുത്ബുദ്ദീന്‍ ഈ നഗരം കൈയടക്കി. 16-ാം ശ.-ത്തില്‍ ഇവിടം മുഹമ്മദ്ഗഡ് എന്നറിയപ്പെട്ടു; 1717-ല്‍ സാബിത്ഗഡ് എന്ന പേരിലായി. 1757-ല്‍ ജാട് വര്‍ഗക്കാരുടെ അധീനതയിലായതോടെ രാംഗഡ് എന്ന പേരിലറിയപ്പെട്ടു. പിന്നീട് ഈ നഗരം കീഴടക്കിയ നജഫ്ഖാന്‍ ആണ് ഇതിന് അലിഗഡ് എന്നു നാമകരണം ചെയ്തത്. 1759-ല്‍ സിന്ധിയ അലിഗഡില്‍ കോട്ടകൊത്തളങ്ങള്‍ ഉറപ്പിച്ച് നഗരത്തെ തന്റെ ശക്തിദുര്‍ഗമാക്കി. 1803-ല്‍ ലേക്പ്രഭു അലിഗഡിനെ ബ്രിട്ടീഷ് അധീനതയിലാക്കി.

നഗരത്തിലെ സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ച ഇസ്ലാംമതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. പഴയ കോട്ടയായ രാംഗഡിന്റെ മധ്യത്തിലുള്ള ജുമാമസ്ജിദിന്റെ ഉത്തുംഗഗോപുരങ്ങള്‍ മുസ്ലിം സംസ്കാരത്തിന്റെയും ശില്പകലയുടെയും പ്രതീകമാണ്. ജനസംഖ്യ വര്‍ധിച്ചതോടെ രാംഗഡിന്റെ വടക്കും കിഴക്കും ഭാഗങ്ങളിലേക്ക് അധിവാസം വ്യാപിച്ചിരിക്കുന്നു. അലിഗഡ് സര്‍വകലാശാലയുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ആസ്ഥാനം നഗരത്തിന്റെ വടക്കരികിലാണ്.

ഗ്രാന്‍ഡ് ട്രങ്ക് റോഡരികില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് ഉത്തരറെയില്‍വേയിലെ ഒരു പ്രധാന സ്റ്റേഷനാണ്. ഡല്‍ഹിയില്‍ നിന്നും 126.4 കി.മീ. ദൂരമേ ഉള്ളൂ; കൊല്‍ക്കത്തയിലേക്ക് 1402 കി.മീറ്ററും മുംബൈയിലേക്ക് 1446 കി.മീറ്ററും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള വിഭവങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്ന ഒരു ശരത്കാലപ്രദര്‍ശനവും ഉണ്ട്.

അലിഗഡ് ജില്ല. അലിഗഡ്നഗരം തലസ്ഥാനമായ ഈ ജില്ല ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പ.ഭാഗത്ത് ഗംഗ, യമുന എന്നീ നദികള്‍ക്കിടയ്ക്കായി സ്ഥിതിചെയ്യുന്നു. ജില്ലയുടെ അതിര്‍ത്തികള്‍ കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയുമാണ്. വിസ്തീര്‍ണം 5,040 ച.കി.മീ. ജനസംഖ്യ 3,296,758 (1991). ഭരണപരമായി ആഗ്രാ കമ്മിഷണറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഗംഗയ്ക്കും യമുനയ്ക്കും പുറമേ ജില്ലയുടെ ഉള്ളിലൂടെ ഒഴുകുന്ന കാളി, കര്‍വാന്‍ എന്നീ നദികളും കൂടിച്ചേര്‍ന്ന് ഈ പ്രദേശത്തെ ജലസേചിതമാക്കുന്നു. നദീതീരങ്ങള്‍ 'ഖാദര്‍' എന്നു വിളിക്കപ്പെടുന്ന താണ പ്രദേശങ്ങളാണ്; ഇവയില്‍ ഗംഗാതീരം ഫലഭൂയിഷ്ഠമാണ്. യമുനയുടെ തീരത്തെ മണല്‍ പ്രദേശം കൃഷിക്കുപയുക്തമല്ല. ഗോതമ്പ്, കടല, ജോവാര്‍, ബജ്റാ, മക്കാ തുടങ്ങിയ ധാന്യങ്ങളും കരിമ്പ്, പരുത്തി എന്നിവയുമാണ് പ്രധാന വിളകള്‍. കെട്ടിടനിര്‍മാണത്തിനുതകുന്ന കല്ലുവെട്ടാണ് നാട്ടിന്‍പുറങ്ങളിലെ മുഖ്യ വ്യവസായം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%BF%E0%B4%97%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍