This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാതചക്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാതചക്രം

തീക്കൊള്ളി വേഗം ചുഴറ്റുമ്പോഴുണ്ടാകുന്ന അഗ്നിരേഖാചക്രം. തീക്കൊള്ളി ചക്രാകാരമല്ലെങ്കിലും അതു വട്ടത്തില്‍ ചുഴറ്റുന്നതുകൊണ്ട് ചക്രാകൃതിയാണെന്ന ഭ്രമം കാണികള്‍ക്കുണ്ടാകുന്നു. ചലിപ്പിക്കുന്നതിനനുസരിച്ച് ഉണ്ടാകുന്ന ദീര്‍ഘം, കോണം മുതലായ ആകൃതികളും അപ്രകാരംതന്നെ. ഇങ്ങനെ പലവിധത്തില്‍ ചലിപ്പിക്കുന്ന അലാതത്തില്‍ പലവിധം ആകൃതികള്‍ തോന്നുകയും ചലനം നിര്‍ത്തുമ്പോള്‍, അഥവാ ചലനം മാത്രമാണ് തോന്നലിനു കാരണമെന്നറിയുമ്പോള്‍, ആ തോന്നല്‍ (ഭ്രമജ്ഞാനം) ഇല്ലാതാകുകയും ചെയ്യും. അലാതചക്രത്തിന്റെ ഈ ഉദാഹരണം അദ്വൈതവാദികള്‍ സ്വമതസിദ്ധാന്തത്തിന് പ്രയോജനപ്പെടുത്താറുണ്ട്. മാണ്ഡൂക്യോപനിഷത്തിന് കാരികയെഴുതിയ ഗൌഡപാദാചാര്യന്‍ ഗ്രന്ഥത്തിന്റെ നാലാമത്തെ പ്രകരണത്തിന് അലാതശാന്തിപ്രകരണം എന്നാണു പേര്‍ ഇട്ടിട്ടുള്ളത്. പരമമായ സത്യം അദ്വൈതമാണെന്നും അതില്‍ വാസ്തവത്തില്‍ ദ്വൈതം ഇല്ലെന്നും ദ്വൈതം ആധാരമായ അദ്വൈതത്തില്‍ത്തന്നെ അജ്ഞാനംകൊണ്ടു തോന്നുകയാണു ചെയ്യുന്നത് എന്നും സമര്‍ഥിക്കുവാനാണ് അലാതചക്രദൃഷ്ടാന്തംകൊണ്ട് ആചാര്യന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

'ഋജുവക്രാദികാഭാസം

അലാതസ്പന്ദിതം യഥാ

ഗ്രഹണഗ്രാഹകാഭാസം

വിജ്ഞാനസ്പന്ദിതം തഥാ.'

ഋജു (നേരെയുള്ളത്), വക്രം മുതലായ തോന്നല്‍ എപ്രകാരം അലാതത്തിന്റെ സ്പന്ദിതം (ഇളക്കം) കൊണ്ടാണോ അപ്രകാരം ഗ്രഹണം എന്നും ഗ്രാഹകന്‍ എന്നും ഉള്ള ദ്വൈതദര്‍ശനം വിശേഷജ്ഞാനത്തിന്റെ (നിര്‍വിശേഷജ്ഞാനത്തിന്റെ അല്ല) സ്പന്ദിതം (ഇളക്കം, അസ്ഥിരത) കൊണ്ടാണ് എന്നു സാരം. നിര്‍വിശേഷജ്ഞാനത്തിനേ സ്ഥിരതയുള്ളു. വിശേഷജ്ഞാനം യഥാര്‍ഥജ്ഞാനമുണ്ടാകുമ്പോള്‍ നശിക്കുന്നതാകകൊണ്ട് സ്ഥിരതയില്ലാത്തതാണ്. നോ: അദ്വൈതം

(വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍