This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയസ് I (1048 - 1118)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിയസ് I (1048 - 1118)

Alexius I

ബൈസാന്തിയന്‍ ചക്രവര്‍ത്തി. ജോണ്‍ കൊംനേനസിന്റെ മൂന്നാമത്തെ പുത്രനായി 1048-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനിച്ചു. ഏഷ്യാമൈനര്‍, ഗ്രീസ് എന്നിവിടങ്ങളിലെ ആക്രമണങ്ങളില്‍ പങ്കെടുത്ത് വിജയം നേടി. പട്ടാളക്കാരുടെ പ്രീതി സമ്പാദിച്ച അലക്സിയസ് 1081 ഏ. 4-ന് ബൈസാന്തിയന്‍ ചക്രവര്‍ത്തിയായി. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളെ എതിരിടാനുള്ള കരുത്ത് ചക്രവര്‍ത്തിയായ സീസഫോറസ് IIIന് (1078-81) ഇല്ലാതിരുന്നതിനാലായിരുന്നു അലക്സിയസിനെ തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. പുതിയ ചക്രവര്‍ത്തി നോര്‍മന്‍കാരില്‍നിന്നും തെസ്സിലി വീണ്ടെടുക്കുകയും ത്രെയിസിലെ പെഷ്നേഗുകളെയും കുമാന്‍കാരെയും പുറത്താക്കുകയും ചെയ്തു; ഏഷ്യാമൈനറിലെ തുര്‍ക്കികള്‍ക്കെതിരായി യുദ്ധം നയിച്ചു. 1096-ല്‍ ഒന്നാം കുരിശുയുദ്ധം കഴിഞ്ഞു മടങ്ങുന്നവര്‍ ഇദ്ദേഹത്തെ ശല്യപ്പെടുത്തിയെങ്കിലും, അവരെ ഇദ്ദേഹം പുറത്താക്കി. അധഃപതിക്കാന്‍ തുടങ്ങിയ ബൈസാന്തിയന്‍ സാമ്രാജ്യത്തെ കുറച്ചുകാലംകൂടി സംരക്ഷിച്ചു എന്നതാണ് അലക്സിയസിന്റെ നേട്ടം. ഇടപ്രഭുക്കന്മാരെ അമര്‍ച്ച ചെയ്യുവാന്‍ ഇദ്ദേഹം ഉന്നത പുരോഹിതവര്‍ഗത്തെ കരുവാക്കി. പാശ്ചാത്യ ക്രിസ്ത്യാനികള്‍ക്ക് ഇദ്ദേഹം സമ്മതനായിരുന്നില്ല. കഴിവുള്ള ഭരണാധികാരി, സൈന്യാധിപന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളിലും പ്രശസ്തിയാര്‍ജിച്ച അലക്സിയസ് I, 1118-ല്‍ അന്തരിച്ചു. ഇദ്ദേഹത്തെക്കുറിച്ച്, ഇദ്ദേഹത്തിന്റെ പുത്രിയും പ്രശസ്ത ചരിത്രകാരിയുമായ അന്നാ കൊംനേന ഒരു ജീവചരിത്രഗ്രന്ഥം (The Alexiad) രചിച്ചിട്ടുണ്ട്. നോ: ബൈസാന്തിയന്‍ സാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍