This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയസ് II (1169 - 1183)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:26, 21 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലക്സിയസ് II (1169 - 1183)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. മാനുവല്‍ കൊംനേനസ് ഒന്നാമന്റെയും അന്ത്യോഖ്യയിലെ റയ്മോണ്ട് രാജകുമാരന്റെ പുത്രി മേരിയുടെയും പുത്രനായി 1169-ല്‍ അലക്സിയസ് കോംനേനസ് ജനിച്ചു. പിതാവ് 1180 സെപ്. 14-ന് നിര്യാതനായി. തുടര്‍ന്ന് 11 വയസ്സുമാത്രം പ്രായമുള്ള അലക്സിയസ് II ചക്രവര്‍ത്തിയായി; മാതാവായ മേരി റീജന്റായി ഭരണം ആരംഭിച്ചു. മാനുവലിന്റെ ഒരു ബന്ധുവായ അലക്സിയസ് എന്നൊരാളെ 'പ്രോട്ടോസെബസ്റ്റസ്' (പ്രതിനിധി) ആയി പുതിയ റീജന്റ് നിയമിച്ചു. ഇദ്ദേഹത്തിന്റെ ഭരണം പൊതുജനങ്ങള്‍ക്കു ഹിതമായില്ല. അലക്സിയസ് ചക്രവര്‍ത്തിയുടെ സഹോദരിയായ മേരിയും അവരുടെ ഭര്‍ത്താവായ മോണ്ട് ഫെറാറ്റിലെ റാനിയറും കൂടി ഈ ഭരണം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. 1182 മേയില്‍ തലസ്ഥാനത്തുടനീളം കലാപമുണ്ടായി. ഈ അവസരം തനിക്കനുകൂലമായി പ്രയോജനപ്പെടുത്താന്‍ മാനുവല്‍ Iന്റെ (1143-80) സഹോദരനായ അന്‍ഡ്രോണിക്കസ് കൊംനേനസ് എത്തി; 'പ്രോട്ടോസെബസ്റ്റസായ' അലക്സിയസിനെ ബന്ധനസ്ഥനാക്കിയശേഷം അന്ധനാക്കി. ചക്രവര്‍ത്തിയായ അലക്സിയസ് IIന്റെ രക്ഷാകര്‍തൃത്വം ആന്‍ഡ്രോണിക്കസ് ഏറ്റെടുത്തു. രാജമാതാവായ മേരിയെ വധിക്കാനുള്ള കല്പനയില്‍പ്പോലും അലക്സിയസ് ചക്രവര്‍ത്തിക്ക് ഒപ്പുവയ്ക്കേണ്ടിവന്നു. 1183-ല്‍ അന്‍ഡ്രോണിക്കസ് സഹചക്രവര്‍ത്തിയായി; അധികം വൈകാതെ അലക്സിയസ് വധിക്കപ്പെട്ടു (1183). അദ്ദേഹത്തിന്റെ യുവവിധവയായ ആഗ്നസിനെ (ഫ്റാന്‍സിലെ ലൂയി VII-ന്റെ പുത്രി) അന്‍ഡ്രോണിക്കസ് വിവാഹം കഴിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍